ADVERTISEMENT

പ്രെഗ്‌നൻസി ടെസ്റ്റിൽ രണ്ടു വര കാണുമ്പോൾ മുതൽ, ജനിക്കാൻ പോകുന്ന കുഞ്ഞിനു വേണ്ടിയുള്ള കരുതൽ തുടങ്ങുന്നവരാണ് മാതാപിതാക്കളിൽ പലരും. വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ലിംഗം ഏതെന്നു ഗർഭത്തിലേ അറിയാൻ അനുവദിക്കുന്ന നിയമം നമ്മുടെ നാട്ടിൽ ഇല്ലാത്തതു നന്നായി. അതുകൂടി ഉണ്ടായിരുന്നെങ്കിൽ പെൺകുഞ്ഞാണെന്നു തിരിച്ചറിയുന്ന നിമിഷം മുതൽ അവളെ കെട്ടിച്ചു വിടുന്നതിനെക്കുറിച്ചുള്ള ആകുലതകളാകും മാതാപിതാക്കളുടെ മനസ്സിൽ നിറയുക. പെൺകുഞ്ഞിനോടു സ്നേഹക്കുറവുണ്ടായിട്ടല്ല ഈ ആകുലത. പെൺകുഞ്ഞാണെങ്കിൽ എന്തോ വലിയ കരുതൽ വേണമെന്നും വലിയ ബാധ്യതയാണ് തങ്ങളെ കാത്തിരിക്കുന്നതെന്നുമുള്ള ചിന്തയാണ് മിക്ക രക്ഷിതാക്കൾക്കും.

‘നാളെ ഒരുത്തനു കൊടുക്കാനുള്ളതല്ലേ’

പിറന്നുവീഴുന്ന പെൺകുഞ്ഞിനെ നോക്കി ‘നാളെ ഒരുത്തനു കൊടുക്കാനുള്ളതല്ലേ’ എന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേരംപോക്കു വർത്തമാനങ്ങൾ അവൾക്കു വേണ്ടി വീണ്ടും സമ്പാദിക്കാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നു. പെൺകുഞ്ഞ് ഭാവിയിലേക്കുള്ള ഒരു വിൽപനച്ചരക്കാണെന്നും ആണൊരുത്തനു വേണ്ടിയാണ് ജനിക്കുന്നതും വളരുന്നതും എന്നുമുള്ള കാഴ്ചപ്പാടാണ് പലർക്കും. 

ജനിക്കുന്നത് ആണാണെങ്കിൽ കുഴപ്പമില്ല. പക്ഷേ പെണ്ണാണെങ്കിലോ? ഹൊ! അവിടെത്തീരും ആ അച്ഛന്റെയും അമ്മയുടെയും സമാധാനം. അവളുടെ ഓരോ പിറന്നാളും കഴിയുന്തോറും മനസ്സിൽ തീ ആളിപ്പടർന്നുകൊണ്ടേയിരിക്കും. എന്തിന്? ‘എനിക്കുള്ളതെല്ലാം എന്റെ മോൾക്കാണ്’ എന്ന് ഗമയോടെ പറഞ്ഞ്, അവൾ വളരുന്നതിനു മുൻപേ, അവളുടെ വരനു കൊടുക്കാനുള്ളതു നിശ്ചയിച്ചു കാത്തിരിക്കും മാതാപിതാക്കൾ. ഒടുവിൽ വിവാഹപ്രായമെന്ന് സമൂഹം പറയുന്ന പ്രായത്തിൽ എത്തുമ്പോൾ അളന്നു തൂക്കി വച്ചിരിക്കുന്ന പൊന്നും പണവും കൊടുത്ത് കെട്ടിച്ചയയ്ക്കും. അവളുടെ കഴുത്തിലും കാതിലും നോക്കി പലരും ചോദിക്കുന്നതും പറയുന്നതും ‘എന്തുകിട്ടി, എന്ത് കൊടുത്തു’ എന്നു മാത്രം.

താലിച്ചരട് കൊലക്കയറായി മാറരുത്

ഇന്ന് പലയിടത്തും കൊലക്കയറിന്റെ ലളിതരൂപമായി മാറുകയാണ് താലിച്ചരട്. കിട്ടിയ പണത്തിന്റെയും പൊന്നിന്റെയും അളവും തൂക്കവും നോക്കി തൃപ്തി വരാതാകുമ്പോൾ പ്രാണൻ പോകും വരെ വരിഞ്ഞു മുറുക്കുന്ന കൊലക്കയർ. അതുപക്ഷേ ഒരു ഊരാക്കുടുക്കല്ലെന്നു പെൺകുട്ടികൾ പലരും തിരിച്ചറിയുന്നില്ല. മാതാപിതാക്കളിൽനിന്ന് അവർക്കു ലഭിക്കുന്ന ഉപദേശവും അങ്ങനെയാകും. ഭർതൃവീട്ടിൽനിന്ന് നെഞ്ചു തകർന്ന് മരണഭയത്തോടെ വിളിക്കുന്ന മകളോട് ‘‘മോളേ അഡ്ജസ്റ്റ് ചെയ്യ്, ദാമ്പത്യജീവിതത്തിൽ ഇതു പതിവാ’’ എന്നു പറയുന്ന മാതാപിതാക്കളാണ് നമുക്കു ചുറ്റും കൂടുതലും. ‘നാട്ടുകാർ എന്തു പറയും’ എന്നുള്ള ദുരഭിമാനത്തിന്റെ വിലകെട്ട ചിന്തയാൽ പിന്തിരിഞ്ഞു നടക്കുന്നവരാണ് കൂടുതലും. ‘ഇങ്ങു പോരൂ’ എന്ന മാതാപിതാക്കളുടെ വിളിക്കായി കാത്തു നിൽക്കുന്നവർക്കു മുന്നിൽ സ്വന്തം വീട്ടിലെ വാതിലുകളും കൊട്ടിയടയ്ക്കപ്പെടുമ്പോഴാണ് ദുരന്തങ്ങൾ സംഭവിക്കുന്നത്.

നിങ്ങളുടെ ജീവിതം എങ്ങനെ വേണമെന്ന് നിങ്ങൾ തീരുമാനിക്കുക

ആരോടും ഒന്നും പറയാതെ സർവംസഹ എന്നു സ്വയം മുദ്രകുത്തേണ്ട. ഭൂമിയോളം ക്ഷമിക്കേണ്ട. നിങ്ങളുടെ ജീവിതം എങ്ങനെ വേണമെന്നു നിങ്ങൾ തീരുമാനിക്കുക. വിവാഹമോചനം വധശിക്ഷ കിട്ടുന്ന കുറ്റമാണെന്ന് ആരു പറഞ്ഞു? അതു കുറ്റമല്ല, അനീതിയിൽ നിന്നുള്ള രക്ഷയാണ്. ചവിട്ടും തൊഴിയും കൊണ്ട്, ആട്ടും തുപ്പും സഹിച്ച് ആരുടെയും കാൽക്കീഴിൽ നരകതുല്യം ജീവിച്ചു തീർക്കേണ്ടതല്ല നിങ്ങളുടെ ജീവിതം. മറ്റുള്ളവരുടെ ഇഷ്ടത്തിനും അഭിപ്രായങ്ങൾക്കും വഴങ്ങി അവരെ തൃപ്തരാക്കി ജീവിക്കാനല്ല പെണ്ണ് ജനിക്കുന്നതും വളരുന്നതുമെന്നു മനസ്സിലാക്കുക.

വിസ്മയുടെ പഠന കാലത്തെ പാഠപുസ്തകങ്ങളും സ്റ്റെതസ്കോപ്പും സൂക്ഷിച്ചിരിക്കുന്ന മുറിയിൽ അമ്മ സജിത. ചിത്രം: അരവിന്ദ് വേണുഗോപാൽ
വിസ്മയുടെ പഠന കാലത്തെ പാഠപുസ്തകങ്ങളും സ്റ്റെതസ്കോപ്പും സൂക്ഷിച്ചിരിക്കുന്ന മുറിയിൽ അമ്മ സജിത. ചിത്രം: അരവിന്ദ് വേണുഗോപാൽ

മുഖം നോക്കാതെ ‘നോ’ പറയാൻ പെൺകുട്ടികൾ പഠിക്കണം. നിങ്ങൾക്കു വിലയിട്ട്, നിങ്ങളെ വിൽപനച്ചരക്ക് ആയി കാണുന്നവർ ആരൊക്കെയാണോ അവരോടൊക്കെ ശക്തമായിത്തന്നെ നോ പറയണം. പെണ്ണുകാണാൻ വരുന്നവർ സ്ത്രീധനം ആവശ്യപ്പെട്ടാൽ, കുടിച്ചുകൊണ്ടിരിക്കുന്ന ചായയുടെ പൈസ മുമ്പിൽ വച്ചിട്ട് ഇറങ്ങിപ്പോകാൻ മുഖത്തു നോക്കി പറയണം‌. വിവാഹം എന്നത് പെണ്ണിന്റേയോ അവളുടെ വീട്ടുകാരുടേയോ മാത്രം ആവശ്യമല്ല. ആണിനും ഒരു കുടുംബം വേണം എന്നുള്ളതു കൊണ്ടാണല്ലോ വിവാഹത്തിനൊരുങ്ങുന്നത്. ഒരു പെൺകുട്ടിയെ പഠിപ്പിച്ചു വളർത്തി വലുതാക്കി ജോലിക്കാരിയാക്കി വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നത് കെട്ടുന്ന ചെറുക്കനും അവന്റെ വീട്ടുകാർക്കും ആജീവനാന്തം പണക്കൊഴുപ്പോടെ ജീവിക്കാൻ വേണ്ടിയാണോ? സ്ത്രീധനതുക മുമ്പില്‍ കണ്ട് മനസ്സിൽ പദ്ധതികൾ പണിതുകൂട്ടുന്നവരെ മനുഷ്യരെന്നു വിളിക്കുന്നതെങ്ങനെ?

ഇനി മാതാപിതാക്കളോട്, 

നിങ്ങളുടെ പെൺമക്കൾക്ക് ഇട്ടുമൂടാൻ പൊന്നും പണവും കൊടുക്കുന്നതിനു പകരം, ജീവിച്ചു തുടങ്ങും മുൻപേ അവളെ മണ്ണിട്ടുമൂടേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. പ്രാണൻ പകുത്തു നൽകി സ്നേഹിച്ച മകളെ മറ്റൊരു കുടുംബത്തിലേക്ക് അയയ്ക്കുമ്പോൾ നെഞ്ചു പൊട്ടിക്കരയുന്ന മാതാപിതാക്കൾ എന്തേ അവള്‍ ഭർതൃവീട്ടിലെ പ്രയാസങ്ങൾ പറഞ്ഞു കരയുമ്പോൾ ആ കണ്ണീരിനെ നിസാരവൽക്കരിക്കുന്നത്? അവൾ നേരിടുന്ന ശാരീരിക, മാനസിക പീഡനങ്ങളെ സ്വഭാവികമായി കാണുന്നത്? ബന്ധം പിരിഞ്ഞു നിൽക്കുന്ന പെണ്ണിനെക്കുറിച്ച് നാട്ടുകാർ എന്തുപറയുമെന്ന അബദ്ധ ചിന്തയാണ് അവളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരുന്നതിൽനിന്നു പല മാതാപിതാക്കളെയും പിന്നോട്ടു വലിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ മകളുടെ പ്രശ്നങ്ങൾ കേട്ടു പരിഹാരം കണ്ടെത്താത്തവർ സഹികെട്ട് ജീവനൊടുക്കിയ അവളുടെ മൃതദേഹം കെട്ടിപ്പിടിച്ചു നിലവിളിച്ചതുകൊണ്ട് എന്തു പ്രയോജനം? 

സമൂഹത്തെപ്പേടിച്ച്, ദുരഭിമാനത്തിന്റെ പേരിൽ ‘എങ്ങനെയെങ്കിലും പിടിച്ചു നിൽക്ക്’ എന്നു പറഞ്ഞ് ഓരോ തവണയും നിങ്ങൾ അവളെ അവന്റെ വീട്ടിലേക്കു മടക്കിയയയ്ക്കുമ്പോൾ അവൾക്കുള്ള കുഴി നിങ്ങള്‍ തന്നെ ഒരുക്കിത്തുടങ്ങുകയാണ്. നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടിയല്ല, നിങ്ങൾ നിങ്ങളുടെ മകളെ വളർത്തുന്നതും പഠിപ്പിക്കുന്നതും വിവാഹം കഴിപ്പിക്കുന്നതും. അവളുടെ സന്തോഷകരമായ ജീവിതം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഓരോ നിമിഷവും അവളുടെ സുരക്ഷ ഉറപ്പു വരുത്തുക കൂടി ചെയ്യണം.നിങ്ങളും മടക്കി അയച്ചാൽ പിന്നെ സാരിത്തുമ്പിൽ തൂങ്ങിയാടാൻ ആയിരിക്കും അവർ മനസ്സിനെ പാകപ്പെടുത്തുക. മാറോടണച്ചു വളർത്തിയത് ഒടുവിൽ കൊലയ്ക്കു കൊടുക്കാൻ ആണോ?

ഭർതൃ പീഡനത്തെ തുടർന്നു നിങ്ങളുടെ മകൾ ജീവനൊടുക്കിയാൽ ഒറ്റവരി അനുശോചനത്തോടെ തോളിൽ തട്ടി നാട്ടുകാർ മടങ്ങും. എന്നാൽ അവളുടെ മരണം കാലത്തിന് ഉണക്കാൻ പറ്റാത്ത മുറിവായി എന്നും നിങ്ങളുടെ ഹൃദയങ്ങളിൽ ചോര ചിന്തിക്കൊണ്ടേയിരിക്കും. അവളെ കല്യാണം കഴിപ്പിക്കുന്നതോർത്ത് ആകുലപ്പെടുന്നതിനു പകരം അവൾക്കു നല്ല വിദ്യാഭ്യാസം നൽകി, സ്ഥിരവരുമാനമുള്ള ആളാക്കി സ്വയംപര്യാപ്തയാക്കാനാണ് ശ്രമിക്കേണ്ടത്.

 

കിരൺ കുമാറിനുള്ള വിധി കുറിക്കപ്പെടുമ്പോൾ കണ്ണീരോടെ പലരും വിസ്മയയെ ഓർക്കും. അപ്പോഴും സ്ത്രീധനം എന്ന ദുരചാരത്തോട് ‘നോ’ പറയാൻ എത്ര പേർ തീരുമാനിക്കും എന്നത് ചോദ്യചിഹ്നമായി അവശേഷിക്കും. ഇനിയും കിരണിനെപ്പോലെയുള്ളവരെ സമൂഹം ജനിപ്പിക്കാതിരിക്കട്ടെ. വിസ്മയമാർ കണ്ണീർപ്പൂക്കളായി മാറാതിരിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT