ADVERTISEMENT

മലയാള സിനിമയിലെ സ്ത്രീകഥാപാത്രങ്ങൾക്ക് വളരെ ആഴത്തിലുള്ള യാത്രയുണ്ടായിരിക്കുന്നു. പൊതുബോധത്തിൽനിന്ന് ഉയർന്നു വന്നിട്ടുള്ള കാഴ്ചപ്പാടുകളുടെ പരിണിതഫലമാണത്. അതിന് എത്ര ഉച്ചത്തിൽ പലരും മുറവിളി കൂട്ടിയിരിക്കുന്നു! നിലവിളിച്ചിരിക്കുന്നു! പണ്ടൊക്കെ സിനിമയിലെ സ്ത്രീകഥാപാത്രങ്ങൾക്ക് ഒച്ചയുയർത്താനുള്ള അവകാശമുണ്ടായിരിക്കുക എന്നാൽ വളരെ അപൂർവമായിരുന്നു എന്ന് കാണാം. ഇത്തരുണത്തിൽ ‘ഗോഡ്ഫാദറി’ലെ ആനപ്പാറ അച്ചാമ്മ ഒരു രസകരമായ കഥാപാത്രമായിരുന്നു എന്നു പറയേണ്ടി വരും. ജനകീയ സിനിമകളുടെ കാര്യമാണ് പറയുന്നത്. നാട്ടിൻപുറങ്ങളിൽ ഏറ്റവും റിയലിസ്റ്റിക്കായി കാണുന്ന ചില അമ്മാമ്മമാരുടെ ശൈലിയുണ്ട് അച്ചാമ്മയ്ക്ക്. മലയാള സിനിമയിൽ അതൊരു അപൂർവതയായിരുന്നു. സ്ത്രീധനത്തിനു വേണ്ടി മരുമക്കളെ ഉപദ്രവിച്ചും അല്ലെങ്കിൽ അവർ കാരണം അപമാനിക്കപ്പെട്ടുമൊക്കെ കാലം കഴിച്ചു പോന്ന അമ്മമാരിൽനിന്നു വ്യത്യസ്തമായിരുന്നു അച്ചാമ്മയെന്ന സ്ത്രീ. മക്കളെയും കൊച്ചു മക്കളെയും വയസ്സായപ്പോഴും വരച്ച വരയിൽ നിർത്തുന്ന (ഒരേ സമയം ടോക്സിക് പേരന്റിങ് എന്നും പറയാവുന്ന) ഒരു സ്ത്രീ. അന്നത്തെ കാലത്ത് ഇത്തരം ഇടപെടലുകൾ വിഷമയമായിരുന്നു എന്ന രീതിയിൽ ചർച്ചകൾ ഉയർന്നു വന്നിട്ടില്ല എന്നുമോർക്കണം. 

കാലം മാറി, കഥയും കഥാപാത്രങ്ങളും മാറി. വില്ലൻ അല്ലെങ്കിൽ സിനിമയുടെ കഥാഗതിയെ പാടേ മാറ്റി മറിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ രംഗത്തു വന്നു കഴിഞ്ഞിരിക്കുന്നു. നേരത്തേയത് അപൂർവ കാഴ്ചയായിരുന്നെങ്കിൽ ഇപ്പോൾ മിക്ക സിനിമകളും അത്തരം കഥാപാത്രങ്ങളെ വഹിക്കുന്നുണ്ട്. പുതിയ എഴുത്തുകാരും സംവിധായകരും അത്തരം വിഷയത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നു എന്നതാണ് കാര്യം. നൈറ്റ് ഡ്രൈവ്, പത്താം വളവ്, കഡാവർ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ അഭിലാഷ് പിള്ള പറയുന്നു.

‘‘സ്ത്രീകൾക്കാണ് എന്റെ സിനിമകളിലെല്ലാം ഞാൻ പ്രാധാന്യം കൊടുക്കാൻ ശ്രമിക്കുക. ഒരുപാട് അടരുകളുണ്ട് സ്ത്രീകൾക്ക്. ഊഹിക്കുന്നതിലും കൂടുതൽ ആഴത്തിലുള്ള കഥകൾ ഓരോ സ്ത്രീയിലുമുണ്ട്. അതൊക്കെ കണ്ടെത്താനും അതിനെ നമുക്ക് വേണ്ട രീതിയിൽ കഥയിൽ ഉപയോഗിക്കാനുമാകണം.’’അഭിലാഷ് എഴുതിയ മൂന്ന് ചിത്രങ്ങളിലും കഥാഗതിയെ മുന്നോട്ടു കൊണ്ടുപോകുന്നത് മൂന്ന് വ്യത്യസ്ത തലത്തിൽപ്പെട്ട സ്ത്രീകളാണ്. അതായത് ഒരൊറ്റയാളുടെ എഴുത്തിൽത്തന്നെ സ്ത്രീകൾക്ക് കൊടുക്കാൻ ആഗ്രഹിക്കുന്ന പ്രാധാന്യമാണ് അത്.

സ്ത്രീയായ ഫൊറൻസിക് ഉദ്യോഗസ്ഥർ നിരവധിയുണ്ട്. ഡോ. ഷേർളി വാസു എഴുതിയ ‘പോസ്റ്റ്‌മോർട്ടം ടേബിൾ’ ഇപ്പോഴും മലയാളത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന, ക്രൈമുമായി ബന്ധപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. കേരളത്തിലെ വിവാദമായ പല കേസുകളിലും ഷേർളി വാസു തന്റെ നിരീക്ഷണവും ഫൊറൻസിക് അറിവും കൊണ്ട് പ്രതികളെ പുറത്ത് കൊണ്ട് വരാനും സഹായിച്ചിട്ടുണ്ട്. പക്ഷേ ഒരു സിനിമയിലേക്കു വരുമ്പോൾ അത്തരത്തിൽ മലയാളിയായ ഒരു ഫൊറൻസിക് ഉദ്യോഗസ്ഥയെ കണ്ടത് ജൂഡ് ആന്റണിയുടെ സാറാസ് എന്ന ചിത്രത്തിലാണ്. പ്രാധാന്യമുള്ള വേഷമായിരുന്നില്ലെങ്കിലും അത്തരത്തിലുള്ള ഒരു കഥാപാത്രത്തെ സ്ത്രീവേഷത്തിൽ സ്ഥാപിക്കുക എന്നൊരു മാറ്റമാണുണ്ടായത്. അതിനു ശേഷം വന്ന പാപ്പൻ എന്ന സുരേഷ് ഗോപി ചിത്രത്തിലും ആശാ ശരത് മികച്ച ഫൊറൻസിക് ഉദ്യോഗസ്ഥയായി വന്നു. മാത്രമല്ല കഥാഗതിയെപ്പോലും മാറ്റി മറിക്കാൻ തക്ക പ്രാധാന്യമുള്ള ഒരു കഥാപാത്രമായി അവർ മാറുകയും ചെയ്തു. അഭിലാഷ് പിള്ളയുടെ തന്നെ കഡാവർ എന്ന ചിത്രത്തിൽ ഒരു ഫൊറൻസിക് ഡോക്ടറാണ് പ്രധാന താരം. ഭദ്ര എന്ന സർക്കാർ ഫൊറൻസിക് ഉദ്യോഗസ്ഥയായി അഭിനയിച്ചത് അമല പോൾ ആണ്. മറ്റുള്ളതിൽനിന്നു വ്യത്യസ്തമായി ഇവിടെ കേസ് കണ്ടെത്തുന്നതും കേസിന്റെ വിഷയത്തിൽ പ്രധാനമായ ഷിഫ്റ്റ് ഉണ്ടാക്കുന്നതും ഭദ്രയാണ്. 

സ്ത്രീയാണ്, അതുകൊണ്ട് ഇതൊന്നും പറ്റില്ല എന്ന ആശയമൊക്കെ കാലഹരണപ്പെട്ടു കഴിഞ്ഞു. മലയാള സിനിമയും കാലത്തിനൊപ്പം സഞ്ചാരം തുടരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീ, പുരുഷൻ എന്നിങ്ങനെ വ്യത്യസ്‌തതകളൊന്നുമില്ലാതെ അഭിനേതാക്കൾ അവരവർക്ക് നൽകുന്ന വേഷങ്ങൾ ഏറ്റവും ഭംഗിയാക്കുന്നുണ്ട്, അതിനൊപ്പം അവരെ തേടി ശക്തമായ കഥാപാത്രങ്ങളുമെത്തുന്നു. എടുത്തു പറയാൻ നിരവധി ഉദാഹരണങ്ങളുണ്ട്. മറ്റൊരു പ്രധാനപ്പെട്ട സ്ത്രീമാറ്റം സൗന്ദര്യ കാഴ്ചപ്പാടുകളിലാണ്. നിറം എന്നത് നായികയാവാൻ വേണ്ടുന്ന ഒരു കാരണമായിരുന്നെങ്കിൽ ഇന്ന് അത്തരം ചിന്തകൾക്ക് വ്യത്യാസമുണ്ട്. നായികയായി മാത്രമല്ല കഥയിലെ പ്രധാന കഥാപാത്രങ്ങൾക്ക് പോലും നിറം എന്നത് ഇപ്പോൾ സൗന്ദര്യത്തിന്റെ അടയാളമാകുന്നില്ല. ഏറ്റവും റിയലിസ്റ്റിക്കായി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണിപ്പോൾ. കാഴ്ചക്കാർക്കും അവർ തങ്ങളിൽ ഒരാൾ തന്നെയാണല്ലോ എന്ന ചിന്ത കൂടിയിരിക്കുന്നു. ജിയോ ബേബി അവതരിപ്പിച്ച ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിൽ അവതരിപ്പിക്കപ്പെട്ട സ്ത്രീകഥാപാത്രങ്ങളും സംസ്ഥാന സർക്കാർ അവാർഡ് കിട്ടിയ തിങ്കളാഴ്ച നിശ്ചയം എന്ന സെന്ന ഹെഗ്ഡെ ചിത്രത്തിലെ നായികമാരും എല്ലാം സ്വാഭാവിക അഭിനയത്തിന്റെ വക്താക്കളായിരുന്നു. സൗന്ദര്യമെന്നത് സിനിമയിൽ അഭിനയിക്കുന്നവരിലല്ല, അതിന്റെ കഥയിലാണെന്ന് ഈ സിനിമകളൊക്കെ പറഞ്ഞു വയ്ക്കുന്നുണ്ട്. ആ മാറ്റം സംഭവിച്ചത് അതിലെ സ്ത്രീ കഥാപാത്രങ്ങളുടെ അവതരണത്തിൽക്കൂടി തന്നെയാണ്. 

ഇനി മാറേണ്ടത് ചില സിനിമാക്കാരും അതിലും കൂടുതൽ പ്രേക്ഷകരുമാണ്. സ്ത്രീ എന്നാൽ ശരീരമാണെന്നു ചിന്തിക്കുന്നവർ ഒരിക്കലും ഇല്ലാതായിപ്പോകുന്നില്ല. ഇപ്പോഴും ഒരു സിനിമാനടിയുടെ ചിത്രങ്ങൾക്കും വാർത്തകൾക്കും താഴെ ബോഡി ഷെയ്മിങ്ങും സദാചാരവും പഠിപ്പിക്കുന്നവർ ഇഷ്ടം പോലെയുണ്ട്. നിറത്തിന്റെ പേരിലും അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലും ഇത്തരുണത്തിൽ ഏറ്റവും കൂടുതൽ ആക്ഷേപങ്ങൾ കേട്ടിട്ടുള്ള ഒരു നടി നിമിഷ സജയൻ ആയിരിക്കണം. സംവിധായകൻ നൽകുന്ന വേഷത്തെ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്നവരിൽ ഒരാളാണ് നിമിഷ എന്നിരിക്കെ, അവരുടെ നിറവും രീതികളുമെല്ലാം അപഹസിക്കുന്നവരുണ്ട്. സ്ത്രീ വെളുത്തിരിക്കണം, മേക്കപ്പ് ഇട്ടിരിക്കണം എന്നിങ്ങനെയുള്ള പരമ്പരാഗത ചിന്തകളെയാണ് നിമിഷയെപ്പോലെയുള്ള സ്ത്രീകൾ എറിഞ്ഞുടച്ചത്. അതുകൊണ്ടു തന്നെ മലയാള സിനിമ പൂർണമായും മാറ്റത്തിന്റെ തുടക്കത്തിൽ തന്നെയാണെന്ന് പറയാതെ വയ്യ. ഇനി പതിയെ പതിയെ പ്രേക്ഷകനും മാറേണ്ടതുണ്ട്. സിനിമകളിൽ വരുന്ന, സൗന്ദര്യം ശാപമാകാത്ത നായികമാരും മികവുള്ള സ്ത്രീകഥാപാത്രങ്ങളും അവരെ മാറ്റുക തന്നെ ചെയ്യും. ഇതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത കഥാപാത്രങ്ങളായി സ്ത്രീകൾ തങ്ങളെ അടയാളപ്പെടുത്തും. കാലത്തിന്റെ മാറ്റം അംഗീകരിക്കാതിരിക്കാൻ പ്രേക്ഷകർക്കും ആവില്ലല്ലോ.

English Summary: Women Characters In Malayalam Films

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT