ADVERTISEMENT

ഇരട്ടസഹോദരിമാർക്ക് ബാല്യകാല സുഹൃത്തായിരുന്ന യുവാവിനോട് ഒരു പോലെ പ്രണയം. ഒടുവിൽ രണ്ടുപേരും അതേ ചെറുപ്പക്കാരന്റെ ഭാര്യയാകുന്നു. അതും വീട്ടുകാരുടെ സമ്മതത്തോടെ. വലിയ ആഹ്ലാദത്തോടെയാണ് രണ്ടു യുവതികളും യുവാവിനെ വരണമാല്യം ചാർത്തി  ഭർത്താവായി സ്വീകരിക്കുന്നത്. കാഴ്ചക്കാർക്കും കേൾവിക്കാർക്കും കൗതുകമുണർത്തുന്ന വാർത്ത. പക്ഷേ ഇതൊന്നും ശരിയല്ലെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി നൽകിയതോടെ രംഗം മാറി. ഐപിസി 494 ചുമത്തി വരനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. പശ്ചിമ മഹാരാഷ്ട്രയിലാണ് സംഭവം. 

സംഭവത്തെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ് അധികവും. ഇവിടെ ആരും ആരെയും ചതിക്കുന്നില്ല, മറച്ചുവയ്ക്കുന്നില്ല. പിന്നെ ആർക്കാണു പ്രശ്നം എന്നാണ് ചോദ്യം. ഈ ചോദ്യം തെറ്റെന്നു പറയാനുമാകില്ല. “യുവാവിനും പെൺകുട്ടികൾക്കും പരാതിയില്ല. ബന്ധുക്കൾക്ക് ഒട്ടുമില്ല. അതവരുടെ വ്യക്തിപരമായ കാര്യമല്ലേ. നാട്ടുകാർ എന്തിന് ഇടപെടണം? എന്തിനു കേസ് കൊടുക്കണം?” അങ്ങനെയും ചോദിക്കുന്നുണ്ട് ആളുകൾ.

ഇനി ഇതിഹാസ, പുരാണ കാലഘട്ടം മുതലുള്ള കഥ പരിശോധിച്ചാലോ. ബഹുഭാര്യത്വം എന്നത് ഒരു തെറ്റേയല്ല. ചരിത്രപരവും മതപരവുമായി ചൂണ്ടിക്കാണിക്കാൻ എത്രയോ ഉദാഹരണങ്ങൾ. പക്ഷേ അന്നത്തെ ഏകാധിപത്യപരമായ രാജഭരണത്തിൽനിന്നു ജനാധിപത്യത്തിലേക്കു വളർന്നിരിക്കുന്നു നമ്മൾ. ഇത്തരത്തിലുള്ള കാഴ്ചപ്പാടുകൾ പൂർണമായും തഴഞ്ഞ് ഹിന്ദു വിവാഹ നിയമം (1955) എല്ലാ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈനർക്കും സിഖുകാർക്കും ഏകഭാര്യാത്വം നിർബന്ധമാക്കുന്നു. 1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 494-ാം വകുപ്പ് പ്രകാരം ദ്വിഭാര്യത്വം ശിക്ഷാർഹമായ കുറ്റമാണ്. അതുപോലെ, 1954 ലെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിലും ദ്വിഭാര്യാത്വം അംഗീകരിക്കപ്പെടുന്നില്ല.

പക്ഷേ ഇസ്‌ലാം വ്യക്തിനിയമത്തിന്റെ കാര്യം വരുമ്പോൾ, അതായത്, ശരിയത്ത് നിയമപ്രകാരം, ബഹുഭാര്യത്വം നിയമപരമായി അനുവദനീയമാണ്. അവരെ പരിപാലിക്കാനും സംരക്ഷിക്കാനും പുരുഷനു കഴിവുണ്ടായിരിക്കണമെന്നു മാത്രമാണ് നിഷ്കർഷ. നിയമപരമായി വിവാഹിതനായ ഒരാൾ മറ്റൊരാളെക്കൂടി വിവാഹം കഴിക്കുന്നതാണ് ദ്വിഭാര്യത്വം. അതായത് ഒരാൾക്ക് ഒരു സമയം ഒരാളെ മാത്രമേ നിയമപരമായി വിവാഹം കഴിക്കാനാകൂ എന്നിരുന്നാലും, ഏതെങ്കിലും കാരണത്താൽ ആദ്യവിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടാൽ, അത്തരം വ്യക്തികൾക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് ദ്വിഭാര്യത്വത്തെക്കുറിച്ച് ഇന്ത്യൻ പീനൽകോഡ് പറയുന്നത്. അതേസമയം ദമ്പതികൾ വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങൾക്കു വിധേയമാകുമ്പോൾ, നിയമത്തിന്റെ ദൃഷ്ടിയിൽ വിവാഹമോചനം അന്തിമമാകുന്നതുവരെ ഇരുവർക്കും വിവാഹം ചെയ്യാൻ കഴിയില്ല എന്ന കാര്യവും ഇന്ത്യൻ പീനൽകോഡ് വ്യക്തമാക്കുന്നു. ഇന്ത്യയിൽ മാത്രമല്ല മിക്കവാറും എല്ലാ രാജ്യങ്ങളിലും ദ്വിഭാര്യത്വം ശിക്ഷാർഹമായ കുറ്റമാണ്. അതല്ലാത്ത ചുരുക്കം ചില രാജ്യങ്ങളുമുണ്ട്.

നമ്മുടെ രാജ്യത്തെ നിയമപ്രകാരം പശ്ചിമ മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയായ അതുൽ ഫുലേ എന്ന ചെറുപ്പക്കാരനെതിരെ കേസ് കൊടുക്കാൻ വകുപ്പുണ്ടെന്നു ചുരുക്കം. അതുലിന്റെയും അതുലിനെ വിവാഹം കഴിച്ച പെൺകുട്ടികളുടെയും ഭാഗത്തു നിന്നു ചിന്തിച്ചാൽ തെറ്റുണ്ടോ എന്നതാണ് ഇനി പരിശോധിക്കേണ്ട വിഷയം. ഇരുവരും അതുലിനൊപ്പം ഒളിച്ചോടിയിട്ടില്ല, വീട്ടുകാരുടെ സമ്മതത്തോടെ പരസ്യമായി ആ ചെറുപ്പക്കാരനെ വിവാഹം ചെയ്യുകയായിരുന്നു. പക്ഷേ ഒരു സമയം ഒരു ഭാര്യ എന്ന നിയമം  അവർ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. പ്രശ്നത്തെ ആ പെൺകുട്ടികൾക്കു നിയമപരമായിത്തന്നെ സമീപിക്കാമായിരുന്നു. ദ്വിഭാര്യത്വം ശിക്ഷാർഹമാണെന്ന വകുപ്പായ ഐപിസി 494 നെ ഇവർക്ക് കോടതിയിൽ ചോദ്യം ചെയ്യാം. സാഹചര്യങ്ങൾ വ്യക്തമാക്കി, വിവാഹത്തിനു നിയമപരമായി അനുമതി ലഭിക്കാൻ സാധ്യതയുണ്ടോ എന്ന് അന്വേഷിക്കാം. 

രാജ്യത്തിന്റെ പൊതുവായ നിയമം എല്ലാവർക്കും ബാധകമാണ്. അത് വളരെ പ്രധാനപ്പെട്ടതാണ്. അവനവന്റെ മാനസികാവസ്ഥയും സാഹചര്യവും അനുസരിച്ച് ആർക്കും നിയമത്തെ വ്യാഖ്യാനിക്കാനോ മാറ്റിയെഴുതാനോ ആകില്ല. അതേസമയം, നിയമപരമായി നിലനിൽക്കുന്നതല്ല എന്ന് ഉന്നയിക്കപ്പെടുന്ന വിഷയങ്ങൾ നിയമപരമായിത്തന്നെ ചോദ്യം ചെയ്യാനും രാജ്യത്തെ ഏതൊരു പൗരനും അവകാശമുണ്ട്. 

പക്ഷേ, ഇത്തരം വിഷയങ്ങളിൽ ധാർമികമായ ചില ഉത്തരവാദിത്തങ്ങൾ കൂടി രാജ്യത്തെ ഏതു പൗരനുമുണ്ട് എന്നതു കൂടി ചിന്തിക്കണം. മനസ്സ് കൽപിക്കുന്നതോ ആഗ്രഹിക്കുന്നതോ ആയ എല്ലാം നേടിയെടുക്കാനായി മാത്രം ശ്രമിക്കാതെ സാമൂഹികമായ ചില ഉത്തരവാദിത്തങ്ങളും കടമകളും കൂടി ഏറ്റെടുക്കണം. ഇത്തരത്തിലുള്ള സംഭവങ്ങൾ ചിലപ്പോഴെങ്കിലും സമൂഹത്തിൽ തെറ്റായ സന്ദേശം നൽകിക്കൂടെന്നില്ല. ഇവിടെ വരനും വധുക്കളും വീട്ടുകാരും ചേർന്നു നടത്തിയ വിവാഹം നാളെ നിർബന്ധപൂർവമോ ബലാൽകാരമായോ മറ്റ് ചിലർ ആവർത്തിച്ചുകൂടെന്നില്ല. അതിനുള്ള സാധ്യത കൂടി ഒരുക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. അതിനെക്കുറിച്ചുകൂടി വളരെ ഉത്തരവാദിത്തത്തോടെ സമൂഹം ചിന്തിക്കണം. വിഷയങ്ങളെ എപ്പോഴും വൈകാരികമായി സമീപിക്കുന്ന പ്രവണതയിൽനിന്നു മാറി, ബുദ്ധിയും വിവേകവും  ഉപയോഗിച്ചു ചിന്തിച്ചാൽ മനസ്സിലാകാത്തതൊന്നുമില്ല. പക്ഷേ ചിന്തിക്കണം. 

(അഭിപ്രായം വ്യക്തിപരമാണ്)

English Summary: Is Polygamy Allowed In India 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT