ആശിഷിന്റെ ടീച്ചറമ്മ അവനു തുറന്നു കൊടുത്തത് അറിവിന്റെ മാത്രമല്ല, ഇരുള്‍ മൂടിയ ജീവിതത്തിനു പുറത്തെ വെളിച്ചത്തിന്റെ കൂടി ലോകമായിരുന്നു. ഒരു ടീച്ചര്‍ക്ക് വിദ്യാർഥികള്‍ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം മികച്ച വിദ്യാഭ്യാസമാണ്. ഒരമ്മയുടെ സ്‌നേഹത്തോടെ, സ്വന്തം മക്കളെപ്പോലെയായിരിക്കും ഓരോ ടീച്ചറും കുട്ടികളെ കാണുന്നത്. ഒരമ്മയുടെ അതേ വാത്സല്യമാണ് മഞ്ജുള ടീച്ചറും തന്റെ വിദ്യാർഥിയോടു കാണിച്ചത്. സഹജീവികളോട് എങ്ങനെ നമ്മള്‍ പെരുമാറണമെന്നതിന് ഉദാഹരണമാണ് ഈ ടീച്ചര്‍-വിദ്യാർഥി ബന്ധത്തിന്റെ കഥ.
ചെന്നൈ ഐഐടിയിൽ ഇംഗ്ലിഷിന്റെ വിസിറ്റിങ് പ്രഫസറാണ് മഞ്ജുള രാജന്‍. കോഴിക്കോട്ടുകാരിയായ മഞ്ജുള പ്രീഡിഗ്രി രണ്ടാം വര്‍ഷം വരെ നാട്ടിലായിരുന്നു. 18-ാമത്തെ വയസ്സില്‍ വിവാഹിതയായി ചെന്നൈയിലേക്കു പോകുമ്പോള്‍ അവര്‍ അറിഞ്ഞിരുന്നില്ല, തനിക്കായി ഈ ചെറുജീവിതം എന്തൊക്കെയാണ് കരുതിവച്ചിരിക്കുന്നതെന്ന്. നേരത്തേ വിവാഹിതരാകുന്ന എല്ലാ പെണ്‍കുട്ടികളെയും പോലെ മഞ്ജുളയുടെ ജീവിതവും അതിസാധാരണമായി പോവുകയായിരുന്നു; മകന്‍ കോളജില്‍ പോകാന്‍ തുടങ്ങുന്നതുവരെ. പകുതിക്ക് അവസാനിച്ചുപോയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അപ്പോഴും സ്വന്തം അച്ഛൻ മഞ്ജുളയെ ഉപദേശിച്ചിരുന്നു. അങ്ങനെ രണ്ടും കല്‍പിച്ച് 35-ാം വയസ്സില്‍ ഒരു പ്രതീക്ഷയുമില്ലാതെ മൈസൂര്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് എഴുതി. വിധിയില്‍ താന്‍ അഗാധമായി വിശ്വസിക്കാന്‍ തുടങ്ങിയത് അവിടം മുതലാണെന്ന് മഞ്ജുള ടീച്ചര്‍ പറയുന്നു. ആ പ്രായത്തിലും അത്ര വലിയൊരു യൂണിവേഴ്‌സിറ്റിയുടെ പ്രവേശനപരീക്ഷ എഴുതിയെടുക്കാന്‍ സാധിച്ചതുതന്നെ കാരണം.
പഠനം ലഹരിയായ കാലം
അങ്ങനെ മക്കള്‍ക്കൊപ്പം അമ്മയും പഠനമാരംഭിച്ചു, മക്കളുടെ ഫീസിനൊപ്പം സഹധര്‍മിണിയുടെ കോളജ് ഫീസും ഭര്‍ത്താവ് രാജന്‍ അടയ്ക്കും. ക്ലാസില്‍ താനായിരുന്നു സീനിയര്‍മോസ്റ്റ്. തന്റെ പിന്നീടുള്ള ജീവിതം യുവരക്തങ്ങള്‍ക്കൊപ്പമായതിനാലാകും താന്‍ ഇന്നും ‘യങ്’ ആയിരിക്കുന്നതെന്ന് മഞ്ജുള ടീച്ചര്‍ നിറചിരിയോടെ പറഞ്ഞു. എംഎ വരെ പഠിച്ചു നിര്‍ത്താമെന്ന് കരുതി. അപ്പോഴാണ് വീടിനടുത്തുള്ള നഴ്‌സറിയില്‍ പഠിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്. മഞ്ജുള രാജന്‍ എന്ന വ്യക്തിയിൽ നിന്ന് വിദ്യാർഥികളുടെ പ്രിയപ്പെട്ട ടീച്ചറിലേക്കുള്ള മാറ്റം അവിടെയാണ്. എന്നാല്‍ അതത്ര എളുപ്പമല്ലായിരുന്നുവെന്ന് ആദ്യ ദിനം തന്നെ മനസ്സിലായി. നഴ്‌സറിക്കുട്ടികളെയാണ് പഠിപ്പിക്കുന്നതെങ്കിലും അതിനു മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലെന്നതായിരുന്നു മഞ്ജുള നേരിട്ട ആദ്യ തിക്താനുഭവം. എങ്കില്‍ അത് ആദ്യം നേടാം എന്ന ചിന്തയില്‍ ബിഎഡ് പഠിക്കാന്‍ ചേര്‍ന്നു. എംഎഡും എടുത്താണ് ആ പഠനം ടീച്ചര്‍ പൂര്‍ത്തിയാക്കിയത്.
ജീവിക്കാൻ അനുവദിച്ചില്ല; റിഷാനയുടെ ജീവനെങ്കിലും തിരിച്ചു പിടിക്കണം; മരണത്തിലേക്ക് തള്ളിവിട്ടത് ആര്?

പിന്നീടങ്ങോട്ട് പഠനം തനിക്കൊരു ലഹരിയായി മാറുകയായിരുന്നുവെന്ന് മഞ്ജുള ടീച്ചര്‍ പറയുന്നതിനു തെളിവ് അവരുടെ ജീവിതം തന്നെയാണ്. എംഎഡിനു ശേഷം മധുരൈ കാമരാജ യൂണിവേഴ്‌സിറ്റിയില്‍ എംഫില്‍ ചെയ്യാന്‍ തീരുമാനിച്ചു. വീട്ടില്‍നിന്നു കോളജിലേക്ക് ഏറെ ദൂരമുണ്ട്. അതിരാവിലെ കുട്ടികള്‍ക്കും ഭര്‍ത്താവിനുമുള്ള ഭക്ഷണം തയാറാക്കി, ഒരു വീട്ടമ്മയുടെ കടമകള്‍ നിര്‍വഹിച്ച് ബസില്‍ കയറുന്ന മഞ്ജുള ടീച്ചറിന്റെ പഠനം ഭൂരിഭാഗവും ബസില്‍ തന്നെയായിരുന്നു. എംഫില്‍ കഴിഞ്ഞപ്പോള്‍ അവിടെത്തന്നെ പഠിപ്പിക്കാനുള്ള അവസരവും ലഭിച്ചു. അതായിരുന്നു ജീവിതത്തിലെ അടുത്ത വഴിത്തിരിവ്.
ഗുണ്ടയുടെ മകനും മാര്‍ക്ക് ലിസ്റ്റും
‘‘ജോലിയിലെ ആദ്യത്തെ ദിവസം ക്ലാസ് തുടങ്ങി കുറേ വൈകി ഒരു പയ്യന്‍ ഊന്നുവടിയും കുത്തി കടന്നുവന്നു. അവന്റെ അവസ്ഥ കണ്ട് ഞാന്‍ അന്ന് ഒന്നും പറഞ്ഞില്ല, പിറ്റേന്നും അങ്ങനെ തന്നെ. മൂന്നാമത്തെ ദിവസവും അവന്‍ വൈകി വന്നപ്പോള്‍ ഞാന്‍ അവനോട് അസൈന്‍മെന്റ് എഴുതിയതു കാണിക്കാന്‍ പറഞ്ഞു. എഴുതിയിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ക്ലാസിനു പുറത്താക്കി. ഈ വിവരം സ്റ്റാഫ് റൂമില്‍ പറഞ്ഞതും എല്ലാവരുടെയും മുഖത്ത് വല്ലാത്തൊരു ഭീതി. കാര്യം തിരക്കിയ ഞാന്‍ ശരിക്കും പേടിച്ചു. ആ നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയുടെ മകനാണ് പളനിമുത്തുവെന്ന ആ പയ്യന്‍. ശത്രുക്കള്‍ തമ്മിലുള്ള പോരിനിടെയാണ് അവന് കാല് നഷ്ടപ്പെട്ടതുപോലും. എനിക്കു ഭയമായി. ബസിലും വീട്ടിലുമെല്ലാം അവന്റെ ആളുകള്‍ പിന്തുടരുന്നുണ്ടോ എന്ന പേടിയായിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് വീണ്ടും ഞാന്‍ ക്ലാസില്‍ എത്തുമ്പോള്‍ അവന്‍ മാത്രം അവിടെ ഇരിക്കുന്നു. ആദ്യമൊന്ന് ഭയപ്പെട്ടെങ്കിലും പളനിയോടു വിശേഷങ്ങള്‍ തിരക്കി. അവന്‍ ബുക്ക് എന്നെ കാണിച്ചു. അതില്‍ അസൈന്‍മെന്റ് പൂര്‍ത്തിയാക്കിയിട്ടുണ്ടായിരുന്നു, ഒപ്പം ഒരാവശ്യവും മുന്നോട്ട് വച്ചു, എനിക്ക് ഇംഗ്ലിഷ് പഠിക്കണം. അങ്ങനെ ഞാനവനെ പഠിപ്പിക്കാന്‍ തുടങ്ങി. ഒരു ദിവസം പ്രിന്‍സിപ്പൽ എന്നെ ഓഫിസിലേക്കു വിളിപ്പിച്ച് ഒരു പേപ്പര്‍ എടുത്ത് കാണിച്ചു. അത് പളനിമുത്തുവിന്റെതായിരുന്നു. 12 സബ്ജക്റ്റില്‍ ഇംഗ്ലിഷിനു മാത്രം അവന്‍ പാസായിരിക്കുന്നു. എന്നെപ്പോലെ മുഴുവന്‍ കോളജും അമ്പരന്നുപോയ നിമിഷമായിരുന്നുവത്. അറിവു പകര്‍ന്നുനല്‍കാനുള്ളതാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാകുന്നത് ഓരോ മനുഷ്യന്റെയും ജീവിതത്തിലെ കടമയെക്കാള്‍ കര്‍ത്തവ്യമായി കാണാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍.’’
കാഴ്ചയിലൂടെ അമ്മയായി മാറിയ ദിവസം
‘‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും അഭിമാനകരവുമായ നേട്ടമാണ് ആശിഷ്.’’ 2014 മദ്രാസ് ഐഐടി ക്യാംപസ്. മഞ്ജുള അന്ന് വിസിറ്റിങ് പ്രഫസറാണ്. ബിടെക്- എംടെക് ഈവനിങ് ക്ലാസുകളായിരുന്നു എടുത്തിരുന്നത്. ബിടെക് ക്ലാസില്‍ ഒരു പയ്യന്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടു. അവന്‍ പുസ്തകങ്ങളും മൊബൈലുമെല്ലാം മുഖത്തോടടുപ്പിച്ച് നോക്കുന്നു. കണ്ണിനു പ്രശ്‌നമാകുമെന്നു പറഞ്ഞ് അവനെ വഴക്കുപറയാനായി ചെന്ന ടീച്ചറോട് അവന്റെ മറുപടി ഇങ്ങനെ ആയിരുന്നു. ‘‘എനിക്ക് കണ്ണുകാണില്ല ടീച്ചര്‍.’’ എന്‍ട്രന്‍സ് പരീക്ഷയില്‍ ഓള്‍ ഇന്ത്യാ തലത്തിൽ 23 ാം റാങ്കുകാരനാണ് ആശിഷ് എന്ന ആ വിദ്യാർഥി.
അവന്റെ ഒരു കണ്ണിന് 40 ശതമാനം കാഴ്ചമാത്രം. മറ്റേക്കണ്ണിനു തീരെ കാഴ്ചയില്ല. അവന്റെ ആഗ്രഹം എൻജിനീയര്‍ ആകുക എന്നതായിരുന്നു. ആരുമറിയാതെ അവന്‍ ഐഐടി എന്‍ട്രന്‍സ് എഴുതി. ഫലം വരുന്ന ദിവസം അവന്‍ മധ്യപ്രദേശിലെ ഏതോ ഗ്രാമത്തില്‍ പാടത്ത് പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. 1000 റാങ്കിനുള്ളില്‍ പേരില്ല എന്നുകണ്ട് ആ സ്വപ്‌നം ഉപേക്ഷിക്കാന്‍ തുടങ്ങിയ ആശിഷിന്റെ പിതാവാണ് ആദ്യ നമ്പരുകൾ കൂടി നോക്കാന്‍ പറയുന്നത്. ഇന്ത്യയിലെ ആയിരക്കണക്കിനു വിദ്യാർഥികളില്‍നിന്ന് 23 ാം റാങ്ക് കരസ്ഥമാക്കി ആശിഷ് വിജയിച്ചിരിക്കുന്നു. ഇതെല്ലാം അവന്‍ നേടിയത് പകുതിയില്‍ താഴെ മാത്രം കാഴ്ചയുള്ള കണ്ണുകള്‍കൊണ്ടാണെന്ന് അറിഞ്ഞപ്പോള്‍ മഞ്ജുള ടീച്ചറെന്ന അമ്മയുടെ നെഞ്ചാണ് പിടഞ്ഞത്. ഇരുവരും പല ഡോക്ടര്‍മാരെയും കണ്ടുവെങ്കിലും പ്രതീക്ഷിക്കാനൊന്നുമില്ല എന്നായിരുന്നു മറുപടി.
‘‘ഒരു ദിവസം ആശിഷ് എന്നോടു പറഞ്ഞു, ടീച്ചര്‍ എനിക്ക് ഈ ലോകം കാണണം. അതെനിക്കൊരു ഉള്‍വിളിയായിരുന്നു. ചിലപ്പോള്‍ ഒന്നും സംഭവിക്കില്ലായിരിക്കും പക്ഷേ നമ്മള്‍ ശ്രമിച്ചുവെന്ന ആശ്വാസം ഉണ്ടാകും. ഞാന്‍ പല വഴിക്ക് അന്വേഷണം ആരംഭിച്ചു. ഒടുവില്‍ അഗര്‍വാള്‍ ഐ ഹോസ്പിറ്റലിലെ ഡോക്ടര്‍ പറഞ്ഞു നമുക്ക് ശ്രമിക്കാമെന്ന്. അടുത്ത പ്രശ്‌നം പണമായിരുന്നു. സര്‍ജറിക്ക് ആവശ്യമായ പണം കണ്ടെത്താനായി അടുത്ത ഓട്ടം. അവന്റെ ബന്ധുക്കള്‍ സ്ഥലം വിറ്റ് സഹായിക്കുമെന്ന് ആശിഷ് പറഞ്ഞു. ആദ്യം ഞാനതിനോട് യോജിച്ചെങ്കിലും പിന്നീട് എല്ലാക്കാലവും അവര്‍ ആ കടപ്പാട് പറഞ്ഞ് അവനെ കഷ്ടപ്പെടുത്തുമെന്നു തോന്നി. അതുകൊണ്ട് പണം മറ്റുവഴിക്ക് എങ്ങനെ കണ്ടെത്താം എന്ന ചിന്ത എത്തിനിന്നത് എന്റെ സ്വന്തം മകളിലാണ്. അവള്‍ക്ക് എന്നെയറിയാം, മകള്‍ സര്‍ജറിക്കു വേണ്ട എല്ലാ സഹായങ്ങളും നല്‍കാമെന്നേറ്റു. എങ്കിലും ഉള്ളിലൊരു വിങ്ങല്‍. ഐഐടി ടോപ്പര്‍, ഓള്‍ഇന്ത്യ ലെവലില്‍ 23 ാം റാങ്കുകാരന്‍. അങ്ങനെയൊരു കുട്ടിക്ക് എന്തിനാണ് മറ്റുള്ളവരുടെ സഹായം. അങ്ങനെ ചിന്തിച്ച ഞാന്‍ നേരേ ഡീനിന്റെ അടുത്തുചെന്ന് കാര്യമറിയിച്ചു. ആശിഷിന്റെ എല്ലാ ചികിത്സച്ചെലവും യൂണിവേഴ്‌സിറ്റി വഹിച്ചുകൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു.

ആ ദിവസം എനിക്കിന്നും തെളിനീരുപോലെ ഓര്‍മയുണ്ട്. സര്‍ജറി നടന്ന രാത്രി എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും ഭയങ്കരമായ സമയമായിരുന്നു. സ്വന്തം കാര്യങ്ങളിൽപോലും ഞാനിത്ര ടെന്‍ഷനടിച്ചിട്ടില്ല. അന്നേ ദിവസം ഞാനുറങ്ങിയില്ല. ഓപ്പറേഷന്‍ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴി ആശിഷിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സിലൊരു പേടിയാണ്. അങ്ങനെ കണ്ണിന്റെ കെട്ടഴിക്കുന്ന ദിവസം. രണ്ടു മൂന്നു ചെക്കപ്പുകള്‍ക്ക് ഒടുവില്‍ ഞാനും ആശിഷും ഡോക്ടറുടെ അടുത്തെത്തി. അവര്‍ ഒരു മലയാളിയായിരുന്നു. ആരുമൊന്നും പറയുന്നില്ല. പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങള്‍. എനിക്ക് ആകെ ഭയമായി. ഡോക്ടര്‍ പതിയെ അവന്റെ കണ്ണിലെ കെട്ടഴിച്ചു. ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന എന്നെ നോക്കി അവന്‍ പറഞ്ഞു, ടീച്ചര്‍ എനിക്ക് കാണാം.... ഒരു നിമിഷത്തേക്ക് ഞാന്‍ ഒന്നും മിണ്ടിയില്ല, ഡോക്ടര്‍ കെട്ടിപ്പിടിക്കുമ്പോഴാണ് യാഥാർഥ്യത്തിലേക്കു ഞാനിറങ്ങിവന്നത്. എന്റെ മകന് കാഴ്ച തിരികെ ലഭിച്ചിരിക്കുന്നു. ഇനിയെന്തു വേണം ഈ ജീവിതത്തില്‍ എനിക്ക് സന്തോഷിക്കാന്‍.’’
ഒരു സാധാരണ കോളജ് ടീച്ചര്‍ മാത്രമാണ് മഞ്ജുള രാജന്‍. എന്നാല്‍ വിധി അവര്‍ക്കു ചാര്‍ത്തി നല്‍കിയ വേഷം മറ്റൊന്നായിരുന്നു. ‘‘നമ്മള്‍ നല്ലതു മാത്രം വിചാരിച്ച് കാര്യങ്ങള്‍ ചെയ്താല്‍ മറ്റുള്ളവര്‍ക്കും നല്ലതുമാത്രം ഭവിക്കും.’’ മഞ്ജുള ടീച്ചര്‍ക്ക് താന്‍ ചെയ്യുന്നതിനെ ഇങ്ങനെ വിശേഷിപ്പിക്കാനാണ് ഇഷ്ടം. വിധി മഞ്ജുളയെ തിരഞ്ഞെടുത്തത് ചിലത് അവരിലൂടെ സംഭവിക്കണം എന്ന് എഴുതപ്പെട്ടതിനാലാവാം. ഒരു ജന്മം മുഴുവന്‍ നമ്മള്‍ മനുഷ്യര്‍ പരസ്പരം കടപ്പെട്ടവരാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആശിഷും അവന്റെ മഞ്ജുള ടീച്ചറും.
English Summary: Special Story About Manjula Teacher