ADVERTISEMENT

പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു അനിത. ഡിഗ്രിക്ക് സാഹിത്യത്തിന് ഒന്നിച്ചാണ് പഠനത്തിനു ചേർന്നത്. അതിനു മുൻപ് ഹൈസ്‌കൂളിൽ ഒന്നിച്ചു പഠിച്ചതിന്റെ സ്നേഹത്തിൽ, അവളെ കണ്ടതിന്റെ സന്തോഷം ചെറുതായിരുന്നില്ല. പക്ഷേ മാസങ്ങൾക്കകം അനിത കോളജ് വിട്ടു. മറ്റേതോ കോഴ്‌സിനു ചേർന്നു. ഒരു മാസവും കൂടി കഴിഞ്ഞ് എല്ലാവരും കേട്ടത് അവളുടെ മരണവാർത്തയായിരുന്നു. അതും ആത്മഹത്യ. അവളുടെ മരവിച്ച ശരീരത്തിനു മുന്നിൽ, മരണത്തിന്റെ കാരണമറിയാതെ മനസ്സ് തകർന്നു നിന്നു. വീട്ടിലേക്കുള്ള മടക്കത്തിൽ ബസിൽ സീറ്റിൽ ചാരി നിൽക്കുമ്പോഴും ഓർമ അവളുടെ വിളറി വെളുത്ത മുഖമായിരുന്നു. സങ്കടമാണോ ഭയമാണോ എന്നറിയാത്ത ഒരു അനുഭവം. പെട്ടെന്നാണ് പിന്നിൽ ആരോ തൊടുന്നതു പോലെ തോന്നിയത്. തിരിഞ്ഞു നോക്കിയപ്പോൾ നാൽപതു വയസ്സോളം പ്രായമുള്ള ഒരു പുരുഷനാണ്. ചേർന്നു നിന്നു കൊണ്ട് ശരീരത്തിന്റെ പിന്നിൽ അയാൾ കൈ കൊണ്ട് ഉരസുകയാണ്. പെട്ടെന്ന് എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത അവസ്ഥ. പക്ഷേ പെട്ടെന്നു തന്നെ കൈ അറിയാതെ ഉയർന്നു. പക്ഷേ ധൈര്യമില്ല. ഇനി ഒന്നേ ചെയ്യാനുള്ളൂ. കാലുയർത്തി അയാളുടെ കാലിൽ ആഞ്ഞു ചവിട്ടി. ചവിട്ടിന്റെ ബലം കൂട്ടിക്കൂട്ടി അയാൾ നിലവിളിക്കുന്നത് വരെയായി. തിരിഞ്ഞു നോക്കിയപ്പോൾ അയാൾ ദയനീയമായി നോക്കുന്നത് കണ്ടു. ഒരു മനുഷ്യനെ നോക്കാവുന്നതിൽ വച്ച് ഏറ്റവും ക്രൂരമായാണ് അയാളെ നോക്കിയതെന്ന് ഓർക്കുന്നുണ്ട്. 

ബസിലെ നഗ്നതാ പ്രദർശനം: സുഹൃത്താണ് വിഡിയോ എടുക്കാൻ പറഞ്ഞതെന്ന് പെൺകുട്ടി

ഒരു അനുഭവത്തിൽ തീരുന്നതല്ല വാഹനങ്ങളിൽ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അപമാനങ്ങളും അധിക്ഷേപങ്ങളും. പക്ഷേ ഒരുകാലത്ത് പ്രതികരിക്കാൻ ഭയമായിരുന്നു സ്ത്രീകൾക്ക്. സമൂഹം എങ്ങനെ പ്രതികരിക്കും? നാണക്കേടാകുമോ? അവസാനം കുറ്റക്കാർ അവനവൻ തന്നെ ആയേക്കുമോ? പ്രതികരിച്ചാൽ അപ്പുറത്ത് നിൽക്കുന്നവന്റെ വകയായി പ്രതികാരം വേറെയുണ്ടാകുമോ? എത്രയെത്ര ഭയങ്ങളാണ് പ്രതികരണത്തിൽനിന്നു പിന്നോട്ട് വലിച്ചിട്ടുള്ളത്. പക്ഷേ സോഷ്യൽ മീഡിയയിൽ ഇപ്പോൾ, മോഡൽ കൂടിയായ ഒരു പെൺകുട്ടിയുടെ വിഡിയോ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. തൃശൂർ മുതൽ കൊച്ചി വരെയുള്ള യാത്രയിൽ തൊട്ടടുത്ത് വന്നിരുന്നു സ്വന്തം ശരീര പ്രദർശനവും അനാവശ്യ സ്പർശവും നടത്തിയ ഒരു ചെറുപ്പക്കാരനെ കുറിച്ചാണ് അവർക്ക് പറയാനുണ്ടായിരുന്നത്. അതിന്റെ വിഡിയോ സഹിതം അവർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പരസ്യമായി തെളിവു നൽകി. പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. 

 

ഇവിടെ ഒരു പെൺകുട്ടി പ്രതികരിച്ചു എന്നതിനേക്കാൾ, അവൾക്കൊപ്പം നിൽക്കാൻ തയാറായ സമൂഹത്തെപ്പറ്റിയും എടുത്ത് പറയേണ്ടതുണ്ട്. മിക്കപ്പോഴും ഇത്തരം അനുഭവങ്ങൾ ഏതെങ്കിലും സ്ത്രീകൾ പങ്കു വച്ചാൽ ബസിലെള്ള കണ്ടക്ടർ ഉൾപ്പെടെയുള്ളവരും യാത്രികരും എല്ലാം സ്ത്രീകൾക്കെതിരെ ആരോപണം ഉന്നയിക്കുക പതിവുണ്ട്. പുരുഷൻ അനാവശ്യമായി സ്ത്രീകളെ തൊട്ടാലും അവൾ അത് കാണിക്കാൻ നിന്നിട്ടല്ലേ എന്ന ലൈനിൽ എല്ലായ്പ്പോഴും സ്ത്രീകൾ മാത്രം കുറ്റക്കാരായി. പക്ഷേ കാലവും മനുഷ്യരും മാറി വരുന്നു. ഈ പെൺകുട്ടിക്കു വേണ്ടി സംസാരിക്കാനും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ട് പോകാനും മുൻകൈ എടുത്തത് ബസിലെ ജീവനക്കാർ തന്നെയാണ്. മറ്റു സ്ത്രീകളും പെൺകുട്ടിക്ക് ഒപ്പം തന്നെ നിൽക്കുകയും ചെയ്തു. അപമാനിച്ച യുവാവ്, തന്റെ പാന്റിന്റെ സിപ്പ് ആ പെൺകുട്ടിയാണ് തുറന്നതെന്നു പറയുമ്പോൾ അതിനെ തെല്ലും കാര്യമായി എടുക്കാതെ, ധൈര്യത്തോടെ സത്യം ഉറക്കെ വിളിച്ചു പറഞ്ഞ പെൺകുട്ടിക്കൊപ്പം തന്നെയാണ് മറ്റുള്ളവർ നിന്നത് എന്നത് പറയാതെയിരിക്കാനാവില്ല. 

 

സ്ത്രീക്കും പുരുഷനും വരികൾ പ്രത്യേകമായുള്ളത് ഉപേക്ഷിച്ച് ഒറ്റ വരിയാക്കുക, സംവരണ സീറ്റുകൾ ഇല്ലാതാക്കി വാഹനങ്ങളിലെ സീറ്റുകൾ ജനകീയമാക്കുക, എന്നിങ്ങനെ ലിംഗ സമത്വം എന്നെങ്കിലും നടപ്പാകും എന്ന നിലയിൽ കാണുന്ന സ്വപ്നങ്ങളിൽ ചിലത് ശരിക്കും യാഥാർഥ്യമാകണമെങ്കിൽ ഇത്തരത്തിൽ സ്ത്രീകളുടെ അടുത്തിരിക്കുമ്പോൾ തരിക്കുന്ന ശരീരങ്ങളെ നിയന്ത്രിക്കാൻ എങ്കിലും പഠിച്ചവർ ഉണ്ടാകേണ്ടതുണ്ട്. ശരിയാണ്, പുരുഷന്റെയും സ്ത്രീയുടെയും മാനസിക നിലയും ശാരീരിക അവസ്ഥകളും വ്യത്യാസമുണ്ട്. പക്ഷേ സ്ത്രീ എന്നാൽ ശരീരം മാത്രമല്ലെന്നും അവർ വ്യത്യസ്തരായ മനുഷ്യർ തന്നെയാണെന്നും അവർക്കും വ്യക്തിത്വവും അഭിപ്രായങ്ങളും സാമൂഹിക ജീവിതവും ഉണ്ടെന്നും മനസ്സിലാക്കിയാൽ അവരോടു ബഹുമാനത്തോടെ ഇടപെടാൻ പുരുഷന്മാർക്ക് ആകും. കൊടുക്കുമ്പോൾ മാത്രം ലഭിക്കുന്ന ഒന്നാണ് ബഹുമാനം എന്ന് ഇനിയും എന്നാണു ഇവരൊക്കെ പഠിക്കുക? ഒപ്പം സ്വന്തം മാനസിക വികാരങ്ങളെ നിയന്ത്രിക്കാൻ ശീലിക്കുന്നത‌ും നല്ലതാണ്. 

വിവാഹത്തിനു വളരെനാൾ മുൻപുതന്നെ അണ്ഡം ശീതീകരിച്ചു; വെളിപ്പെടുത്തലുമായി രാംചരണിന്റെ ഭാര്യ

തങ്ങൾ നേരിടുന്ന ശാരീരികമായ ആക്രമണങ്ങളിൽ പ്രതിരോധിക്കുന്ന, പ്രതികരിക്കുന്ന പെൺകുട്ടികളുടെ എണ്ണം ഏറി വരുന്നുണ്ട്. മൊബൈൽ കയ്യിലുള്ളതും ഏറ്റവും നല്ല ആയുധമായി കാണാം. കൃത്യ സമയത്ത് വിഡിയോ എടുത്തു സൂക്ഷിക്കുന്നത് ഭാവിയിൽ നിയമപരമായ ഇടപെടലുകൾ ആവശ്യമായി വരുമ്പോൾ ഉപയോഗിക്കാനാവും. അല്ലെങ്കിലും വിഡിയോ ക്യാമറ പ്രവർത്തന ക്ഷമമാകുന്നതോടെ അപമാനം ഭയന്ന് ഓടി രക്ഷപ്പെടുന്നവരാണ് ഇത്തരം ഭീരുക്കളിൽ പലരും. ഒരിക്കൽ സ്വന്തം നാടും വീടും വിട്ടു മറ്റൊരു നാട്ടിലേക്കു പറിച്ചു മാറ്റപ്പെടുമ്പോൾ, ആ ബസ് യാത്രയിൽ പിന്നിൽ കാലു കൊണ്ട് ചവിട്ടിയ സുന്ദര മുഖമുള്ള ഒരു ചെറുപ്പക്കാരനെ ഓർമ വരുന്നു. പക്ഷേ സൗന്ദര്യം എന്നത് ശരീരത്തിൽ മാത്രമാവുകയും മാനസികമായി വികാരങ്ങളെ അടക്കാനാകാതെ മറ്റുള്ള മനുഷ്യരെ ഉപദ്രവിക്കാനും അപമാനിക്കാനും ശ്രമിക്കുകയും ചെയ്യുമ്പോൾ എന്താണ് ചെയ്യേണ്ടത്? അടുത്തിരുന്ന് ഉറങ്ങുന്ന അച്ഛനെ ഉണർത്താനാകില്ല, പ്രതികരണം ഏതു രീതിയിൽ ആകുമെന്ന് പറയാനാകില്ല. 

ആയുധങ്ങൾ പലതായിരുന്നു, പിൻ, വെള്ളം നിറച്ച കുപ്പി, സ്ലൈഡ് , ഒടുവിൽ അച്ഛൻ ഉറങ്ങുമ്പോൾ സീറ്റിൽ നിന്നുയർന്നു പിന്നിലേക്കു നോക്കി മര്യാദയ്ക്ക് ഇരിക്കണം എന്നൊരു താക്കീതും നൽകി. എന്തുകൊണ്ടോ അയാൾ ഉപദ്രവം മതിയാക്കി. ഇത്തരത്തിൽ മനസ്സിൽ ഉണ്ടാകുന്ന അപമാനങ്ങൾ എത്ര കാലമെടുത്താണ് ഒന്ന് മാറുക?

ഇപ്പോൾ താരമായ മോഡൽ പെൺകുട്ടിയെ പോലെ ചിരിച്ച മുഖത്തോടെ ഈ വിഷയം അവതരിപ്പിക്കാൻ ഇനിയുള്ള കാലം പെൺകുട്ടികൾക്ക് കഴിയട്ടെ. അനുഭവിക്കുന്ന അതേ നിമിഷത്തിൽ പ്രതികരിക്കാനും അപമാനം നിർത്തിക്കാനുമാവട്ടെ. അവൾക്കൊപ്പം നിൽക്കാൻ കൂടെയുള്ളവർക്കും മനുഷ്യത്വമുണ്ടാകട്ടെ. അതിനേക്കാളുമേറെ, സ്ത്രീകൾ എന്നാൽ ലൈംഗിക ഉപകരണം മാത്രമല്ലെന്ന ബോധം ബസിൽ കയറുന്ന പുരുഷന്മാർക്കുമുണ്ടാകട്ടെ. ഇവിടെയാർക്കും, ബസിൽ ആയാലും എവിടെയായാലും അപരിചിതനായ ഒരു പുരുഷന്റെ അവയവ പ്രദർശനം കാണേണ്ടതില്ല.

 

English Summary: Women Bad Experience In Bus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT