ADVERTISEMENT

ബസ് യാത്രയ്ക്കിടെ യുവതിക്കു മുന്നിൽ‌ നഗ്നതാപ്രദർശനം നടത്തുകയും അവരെ അപമാനിക്കാൻ‌ ശ്രമിക്കുകയും ചെയ്തു എന്ന കേസിലെ പ്രതി സവാദിന് ജാമ്യം ലഭിച്ചു ജയിലിൽനിന്നു പുറത്തുവന്നപ്പോൾ, ഓള്‍ കേരള മെന്‍സ് അസോസിയേഷൻ എന്ന സംഘടനയുടെ പേരിൽ സ്വീകരണം നൽകിയിരുന്നു. അതിനെതിരെ പ്രതികരിക്കുകയാണ് എഴുത്തുകാരിയും സാമൂഹിക നിരീക്ഷകയുമായ ശ്രീപാർവതി. 

എന്തിനൊക്കെ വേണ്ടി മനുഷ്യർക്ക് അംഗീകാരങ്ങളാവാം? അവർ നേടിയ നേട്ടങ്ങൾക്ക്, അഭിമാനത്തോടെ നേടിയ വിജയങ്ങൾക്ക്, ആദരവുകൾക്ക് ഒക്കെ അംഗീകാരങ്ങളും പൂമാലകളും ലഭിക്കും. എന്നാൽ ഇവിടെയിതാ ചിലർ ഒരാളെ മാലയിട്ടു സ്വീകരിക്കുന്നത് ചർച്ചയായിരിക്കുന്നു. അതും ഒരു സ്ത്രീയെ അപമാനിച്ചതിന് ജയിലിൽ കിടന്നതിനു ശേഷം തിരികെയെത്തുമ്പോൾ. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് ബസിനുള്ളിൽ വച്ച് അപമാനിക്കപ്പെട്ട ഒരു മോഡലിന്റെ വാക്കുകളും അവർ പരസ്യമാക്കിയ വിഡിയോയും. അതിന്റെ പേരിൽ ഇപ്പോഴും ആ സ്ത്രീയും അവരുടെ സുഹൃത്തും അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ മറ്റൊരിടത്ത് അവരെ അപമാനിച്ചെന്ന് ആരോപണമുയർന്ന അതേ വ്യക്തിക്കു മാലയിട്ടു സ്വീകരണം നടത്താനും സംഘടനകൾ ഉണ്ടായിരിക്കുന്നു!

ഇത്തരം എത്രയെത്ര അപമാനങ്ങൾ നേരിട്ടാണ് ഓരോ പെൺകുട്ടിയും ജീവിക്കുന്നത്. ഒരുപാട് അനുഭവങ്ങൾ പറയാനുണ്ടാവും ഓരോരുത്തർക്കും. പേടിയും സങ്കടവും ദേഷ്യവും അപമാനവും ഒക്കെ കൂടി ചേർന്നുള്ള ഒരവസ്ഥയാണ് ഇത്തരത്തിലുള്ള പെർവേർട്ടുകളെ നേരിടുക എന്നത്. ഇവരിൽ പലരും മാന്യന്മാർ ആയിരിക്കും, ഇൻസർട്ട് ചെയ്‌ത വൃത്തിയുള്ള വസ്ത്രം ധരിക്കും, കാണാൻ നല്ല ഭംഗിയുണ്ടാവും, നല്ല ജോലി ഉണ്ടാവും, പക്ഷേ മനസ്സിൽ എന്താണെന്ന് അറിയാൻ ബുദ്ധിമുട്ട് തന്നെയാണ്. മിക്കപ്പോഴും ഏതൊരു വിഷയത്തിലും രണ്ടു തരത്തിലുള്ള അഭിപ്രായങ്ങളുണ്ടാകും. ഇവിടെ, മോഡലായ പെൺകുട്ടിക്കെതിരെ ആരോപണങ്ങളുടെ പെരുമഴയാണ്. അവർ തന്നെ ഇൻസ്റ്റഗ്രാം ഐഡിക്ക് റീച്ച് കൂട്ടാൻ വേണ്ടി ചെയ്ത നാടകമാണിതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. അവർ തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ‘എക്സ്പോസ്ഡ്’ ആയ ചിത്രങ്ങളാണ് ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ യഥാർഥ പ്രശ്നം. ബിക്കിനി ഇട്ടു പ്രദർശിപ്പിക്കുന്ന സ്ത്രീകൾ എന്തിനും തയാറാണ് എന്ന തരത്തിൽ അഭിപ്രായങ്ങൾ അവരുടെ ചിത്രങ്ങളുടെയൊക്കെ കീഴിൽ ഇഷ്ടംപോലെ കാണാനാകും. ഇൻസ്റ്റഗ്രാം ഐഡിയുടെ റീച്ച് കൂട്ടാൻ അതുകൊണ്ടു തന്നെ ഒരു പുരുഷനെ അപമാനിക്കാനും മടിക്കില്ല എന്നതാണ് ഇതുമായി ബന്ധപ്പെടുത്തി ഒരു വിഭാഗം പറഞ്ഞു വയ്ക്കുന്നത്. 

Read also: ‘പ്രതിയെ മാലയിട്ട് സ്വീകരിച്ചതിലൂടെ ഒരു വിഭാഗം ആളുകളുടെ മനഃസ്ഥിതി വ്യക്തമായി '

ഒരു സ്ത്രീ താൻ അപമാനിക്കപ്പെട്ടു എന്ന് ആരോപണം ഉന്നയിക്കുമ്പോൾ അവരുടെ പ്രൊഫൈലിൽ പോയി അവരുടെ ബിക്കിനിയിട്ട ചിത്രങ്ങൾ കണ്ടെത്തി അതിന്റെ പേരിൽ അവരെ മോശമായി ചിത്രീകരിക്കുന്നത് എത്ര വലിയ അശ്ലീലമാണെന്ന് ഇവർ ഒരിക്കലും തിരിച്ചറിയാൻ പോകുന്നില്ല എന്നതാണ് സത്യം. എത്രയോ കാലമായി അത്തരം വിശ്വാസങ്ങളിലൂന്നിയാണ് ഇത്തരം മനുഷ്യരുടെ ജീവിതം മുന്നോട്ടു പോകുന്നത്! ചുറ്റുമുള്ളവർ മാറുന്നതോ അവരുടെ ചിന്തകളും ജീവിതവും പുരോഗമനാശയങ്ങൾ കൊണ്ട് മാറ്റപ്പെടുന്നതോ ഒന്നും ഇവർ അറിയുകയുമില്ല ശ്രദ്ധിക്കുകയുമില്ല. അപ്പോഴും, ബിക്കിനിയിട്ട സ്ത്രീകൾക്ക് എന്തോ പ്രശ്നമുണ്ട് എന്ന തരത്തിൽ ചിന്തിക്കാനും ഒരു അവർക്കെതിരെ ലൈംഗികഅതിക്രമമുണ്ടായെന്നു പരാതിപ്പെട്ടാൽ, അത് അവൾ കൂടി അറിഞ്ഞിട്ടാണ് എന്നു വരുത്തി തീർക്കാനുമാണ് മിക്കവരുടെയും ശ്രമം. 

ഒരു സ്ത്രീയുടെ വസ്ത്രധാരണം അവരുടെ മാത്രം ഇഷ്ടമോ ചിന്തയോ വിശ്വാസമോ ജീവിതമോ ഒക്കെയാണ്. ബിക്കിനിയിടുന്നത് അവരുടെ തൊഴിലിന്റെ ഭാഗമോ അവരുടെ സ്വകാര്യ താൽപര്യമോ ആകാം, പക്ഷേ അതിന്റെ അർഥം മുന്നിലെത്തുന്ന പുരുഷന്മാരോടെല്ലാം അവർക്ക് ലൈംഗിക ആസക്തി ഉണ്ടെന്നല്ല. അത്തരത്തിലുള്ള മോഹങ്ങൾ വെളിപ്പെടുത്തുക എന്ന താൽപര്യത്തിലുമല്ല സ്ത്രീകൾ ഇത്തരത്തിൽ വസ്ത്രങ്ങൾ ധരിക്കുന്നതും. എന്നാൽ മലയാളികളുടെ ഒരു പൊതു ബോധം ഇത്തരത്തിലാണ് സഞ്ചരിക്കുന്നത് എന്നത് എത്ര വൃത്തികെട്ട ഒരു സത്യമാണ്! കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായിട്ടും, കെഎസ്ആർടിസി ബസിൽ പരസ്യമായി ഒരു സ്ത്രീയെ അപമാനിച്ചെന്ന കേസിലെ പ്രതിയായ പുരുഷന് ഒരു പുരുഷ സംഘടന മാലയിട്ടു സ്വീകരണം നൽകിയിരിക്കുന്നു. എത്ര വലിയ അശ്ലീലമാണത്!

ബസിൽ സ്ത്രീയുടെയും അപമാനിച്ചയാളുടെയും ഒപ്പമിരുന്ന മറ്റൊരു പെൺകുട്ടി, ആരോപണം ഉന്നയിച്ച സ്ത്രീയുടെ സുഹൃത്താണ് എന്ന നിലയിലുള്ള ആരോപണങ്ങൾ വരുമ്പോൾത്തന്നെ അവരുടെ സുഹൃത്ത് ആ പെൺകുട്ടി താനല്ല എന്ന വെളിപ്പെടുത്തലും നടത്തിയിരുന്നു. അടുത്തിരുന്ന പെൺകുട്ടി ധൈര്യത്തോടെ, അത് ഞാനാണ് എന്ന് ഉറക്കെ പറയണം എന്നില്ല. കാരണം സ്ത്രീ ആണെങ്കിൽ അപമാനിക്കാൻ കച്ച കെട്ടിയിറക്കിയ ഒരു പറ്റം പുരുഷ സംഘടനാ പ്രവർത്തകർ ഇവിടെയുണ്ട് എന്നതാണ് സത്യം. 

ഒരുപക്ഷേ കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അശ്ലീല സ്വീകരണമാണ് ഈ അപമാനക്കേസിലെ ആരോപണ വിധേയനു ലഭിച്ചിരിക്കുന്നത്. അതിനെ പരസ്യമായി അംഗീകരിക്കുന്ന ഒരുപറ്റം പുരുഷന്മാർ കൂടി ഈ വാർത്തയ്ക്കു ചുറ്റും തമ്പടിച്ചിരുന്നു. ഒരുപക്ഷേ ഇവിടെയുള്ള നല്ലൊരു പങ്ക് സ്ത്രീകളും യാത്രയ്ക്കിടയിൽ പുരുഷന്മാരിൽ നിന്നുള്ള അപമാനങ്ങൾ നേരിട്ടവരാണ്. പലപ്പോഴും തെളിവുകൾ സമർപ്പിക്കാൻ ആരുടെ കയ്യിലും ഒന്നും ഉണ്ടായിരിക്കില്ല. പക്ഷേ അത് അവരുടെ മനസ്സിൽ ഏൽപിച്ച അപമാന ഭാരത്തെ ഒട്ടും ചെറുതാക്കുന്നില്ല. ഇവിടെ ഈ പെൺകുട്ടിയുടെ കയ്യിൽ തെളിവുകൾ ഉണ്ടെങ്കിലും അത് കൃത്യമായി കാണപ്പെടുന്നില്ല എന്നതിന്റെ പേരിൽ അവർ ആരോപണം നേരിടുന്നു. എന്നാൽ ഇത്തരുണത്തിൽ യാത്രയ്ക്കിടയിൽ അപമാനം നേരിട്ട ഓരോ സ്ത്രീയ്ക്കും ഒരു തെളിവും അവൾ കാട്ടിയില്ലെങ്കിലും അവൾക്കൊപ്പം നിൽക്കാനാകും. അത് തന്നെയാകട്ടെ ഒരു ഭാഗത്ത് അപമാനിക്കുന്നവർക്ക് ലഭിക്കപ്പെടുന്ന സ്വീകരണങ്ങൾക്കിടയിലൂടെ മുന്നോട്ടു നടക്കാൻ അപമാനിക്കപ്പെട്ട ആ പെൺകുട്ടിയ്ക്ക് ലഭിക്കുന്ന മാനസിക ബലം. 

(ലേഖികയുടെ അഭിപ്രായങ്ങൾ‌ വ്യക്തിപരം)

Content Summary: Response of Sreeparvathy on Reception of Savad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com