ADVERTISEMENT

ഒരു വിശ്വാസി ഒരിക്കൽ താൻ വിശ്വസിക്കുന്ന ആരാധനാലയത്തിൽ തൊഴുതു കഴിഞ്ഞ് കയ്യിലിരുന്ന നാണയം തലയിൽ ഉഴിഞ്ഞ് അവിടെ കണ്ട കിണറ്റിലേക്ക് ഭക്തിയോടെ ഇട്ടു നമസ്കരിച്ചു. ഇത് കണ്ട മറ്റൊരാളും അത് ആവർത്തിച്ചു. അങ്ങനെ പലരും ആ രീതി അനുവർത്തിച്ചു. ചുരുക്കത്തിൽ ആരാധനാലയത്തിൽ അധികൃതർ കാര്യം അറിയും മുൻപു തന്നെ വിശ്വാസികൾ അതൊരു ആചാരമാക്കി മാറ്റി. 

ഇതൊരു കഥയായി തോന്നുന്നുണ്ടോ? 

എങ്കിൽ ഇത് വെറും കഥയല്ല, ഇതുതന്നെയാണ് വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും യഥാർഥ അനുഭവങ്ങളും കഥകളും. പുരോഗമന ആശയങ്ങൾ ഉള്ളവർ പോലും ആചാരങ്ങൾ ആവർത്തിക്കുന്നത് അതിൽ താൽപര്യമോ വിശ്വാസമോ ഉള്ളതുകൊണ്ട് മാത്രമല്ല, പ്രിയപ്പെട്ടവരെ വേദനിപ്പിക്കേണ്ടതില്ല എന്നു കരുതിക്കൂടിയാണ്. പക്ഷേ ചോദ്യം ചെയ്യപ്പെടേണ്ട ചിലതൊക്കെയില്ലേ ആചാരവും അനാചാരവുമായി നമ്മുടെ നാടുകളിൽ? ഓരോ നാടിനും അവരവരുടേതായ പ്രത്യേക ആചാരങ്ങളുണ്ട്. ഓരോ ഗ്രാമത്തിലും ഓരോ വീടുകൾക്കും സമുദായങ്ങൾക്കും ഒക്കെയുണ്ട് വ്യത്യസ്തമായ രീതികൾ, ഇവ ഏറ്റവും കൂടുതൽ കാണുക വിവാഹത്തിൽ തന്നെയാണ്. എത്രയൊക്കെ പുരോഗമനം പറയുമ്പോഴും മിക്കപ്പോഴും ചെറുപ്പക്കാർ മാതാപിതാക്കളെ കണ്ണും പൂട്ടി അനുസരിക്കേണ്ടി വരുന്ന ആചാരങ്ങളുടെ വേദി കൂടിയാണ് വിവാഹങ്ങൾ. അത്തരത്തിൽ വിവാഹത്തിന്റെ അന്ന് നടന്നൊരു ആചാരമാണ് പാലക്കാടുള്ള ഒരു ഗ്രാമത്തിന് ഇപ്പോൾ തലവേദനയായിരിക്കുന്നത്. 

വിവാഹം കഴിഞ്ഞു വലതു കാൽ വച്ച് ഭർത്താവിന്റെ വീട്ടിലേയ്ക്ക് സർവ്വാഭരണ വിഭൂഷിതയായി (സത്യത്തിൽ അവശയും ഭയപ്പാടോടും കൂടി) കയറി വരുന്നൊരു പെൺകുട്ടി. അവൾ അകത്തേക്കു കയറേണ്ടത് കരഞ്ഞു കൊണ്ടായിരിക്കണം എന്നൊരു ചടങ്ങ് ഉണ്ടത്രേ! അതിനു വേണ്ടി, വധുവിനും വരനും പിന്നിൽ നിന്ന ഒരുവൻ ചെയ്തത് വധൂവരന്മാരുടെ തല തമ്മിൽ ശക്തിയായി ഇടിപ്പിക്കുകയായിരുന്നു. വേദനയും സങ്കടവും ദേഷ്യവും കൊണ്ട് നില തെറ്റിയ പെൺകുട്ടി സർവരോടും വെറുപ്പ് നിറച്ച ഹൃദയത്തോടെ പ്രിയപ്പെട്ട ഭർത്താവിന്റെ വീട്ടിലേക്കു കയറിപ്പോയി. അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആണിത്. ഒരു പെൺകുട്ടി മറ്റൊരു വീട്ടിലേയ്ക്ക് സ്വന്തം വീടും മാതാപിതാക്കളെയും സഹോദരങ്ങളെയുമൊക്കെ വിട്ട് വലതുകാൽ വച്ച് കയറി വരുമ്പോൾ വിളക്ക് കൊടുത്ത് അവളെ സ്വീകരിക്കുന്നത് പോലും ഐശ്വര്യത്തിന്റെ പ്രതീകമായാണ് കാണുന്നത്. ഏറ്റവും സന്തോഷത്തോടെയും സമാധാനത്തോടെയും ഒരു നനുത്ത ചിരിയോടെയും പ്രിയപ്പെട്ട ഒരാളുടെ വീട്ടിലേക്കു കയറേണ്ട ഒരു പെൺകുട്ടി കരഞ്ഞു കൊണ്ട് കയറിച്ചെല്ലണം എന്ന ആചാരം ആരുണ്ടാക്കിയതാവാം?

Read also: 'ഞാൻ വേദനിക്കുന്ന കോടീശ്വരി'; ആഡംബരജീവിതത്തിലെ ബുദ്ധിമുട്ടുകൾ പങ്കുവെച്ച യുവതിക്ക് രൂക്ഷവിമർശനം

ആചാരങ്ങൾ മനുഷ്യന്റെ സന്തോഷങ്ങൾക്കു വേണ്ടിയാകണം. എന്നാൽ ചില ആചാരങ്ങളെങ്കിലും അങ്ങനെയല്ല. അതിൽ പലതും അവസാനിപ്പിക്കുവാൻ പുരോഗമനവാദികൾക്ക് വർഷങ്ങൾ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. അതിൽ പ്രധാനമാണ് സതി. മിക്കപ്പോഴും ക്രൂരമായ ആചാരങ്ങൾ അനുഷ്ഠിക്കേണ്ടി വരുന്നതു സ്ത്രീകളാണ് എന്നതും ക്രൂരമായ ഒരു സത്യമാണ്. അതൊക്കെ നിർത്തലാക്കിയിട്ടു വർഷങ്ങളായി എന്നിട്ടും മിക്കപ്പോഴും വൈവാഹിക വിഷയവുമായി ബന്ധപ്പെട്ടു പല നാടുകളിലും പല സമുദായങ്ങളിലും സ്ത്രീകൾ ക്രൂരമായ വേർതിരിവുകൾ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. അതും ആചാരങ്ങളുടെ പേരിൽ.

ഒരു പെൺകുട്ടി എത്രയെത്ര സ്വപ്നങ്ങളും പ്രതീക്ഷകളും മനസ്സിൽ ചുമന്നാവണം ഒരു പുതിയ വീട്ടിലേക്കു നടന്നു കയറുന്നത്! അതുവരെ ജീവിച്ച ഇടം ഇനി വല്ലപ്പോഴും ചെന്നു കയറാനുള്ള ഒരു സത്രമായി മാറുന്നത് അവൾക്ക് പുതിയ വീട്ടിൽ ചെന്ന് കയറുമ്പോൾ മനസ്സിലാകും. 

"ഇനി ഇതാ നിന്റെ വീട്",

എന്ന് എല്ലാവരും അവളോട് പറയുന്നത് ഭർത്താവിന്റെ വീട് ചൂണ്ടിക്കാട്ടിയാണ്. മരണം വരെ ഒന്നിച്ചു ജീവിക്കേണ്ട ആളായി അവൾ കൂടെ കൂട്ടുന്ന ആൾക്കൊപ്പം എന്നേക്കും താമസിക്കേണ്ട മറ്റൊരു വീട്. അവിടെ പ്രതീക്ഷകളുടെ ഭാരത്തോടെ ചെന്ന് കയറുന്ന ഒരു പെൺകുട്ടിയെ ഇത്തരം ആചാരങ്ങൾ മാനസികമായി തകർത്തു കളയും. 

"എല്ലാവരെയും മിസ് ചെയ്യുന്നതുകൊണ്ട് അല്ലെങ്കിൽത്തന്നെ കിളി പോയി നിന്നതാണ്. അപ്പോഴാണ് തല ഇടിപ്പിച്ചത്",

പെൺകുട്ടി ഇങ്ങനെ പറയുമ്പോൾ, "സന്തോഷത്തോടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്", എന്ന് അവൾ കൂട്ടിച്ചേർക്കുമ്പോൾ അതിനെ വായിക്കേണ്ടത് അങ്ങനെ തന്നെയാണ്. "ഇനി ഒരു പെൺകുട്ടിക്ക് ഇത് അനുഭവിക്കേണ്ടി വരരുത്", എന്നും അവൾ പറയുന്നു. 

Read also: വൈദ്യുതി എത്തി, ഇനി വീട്ടിലും ജീവിതത്തിലും വെളിച്ചം;സിനിമാ രംഗം പോലൊരു ജീവിതാനുഭവമെന്ന് ഐപിഎസ് ഉദ്യോഗസ്ഥ

ആ നാട്ടിൽ ഇത്തരമൊരു ആചാരമേ ഇല്ല എന്നാണ് പാലക്കാട്ടുകാർ പറയുന്നത്. സ്നേഹത്തോടെ ചേർത്തു നിർത്തുക മാത്രമാണ് ചെയ്യുകയെന്ന് അവർ ആവർത്തിക്കുന്നു. ഇതിനു മുൻപ് ഇത്തരത്തിലൊന്നും കേട്ടിട്ടില്ലെന്നു പെൺകുട്ടിയും അവളുടെ പുതു മണവാളനും അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ, അവരുടെ പിന്നിൽ നിന്ന ഒരാൾ ചെയ്തതിനെ ആചാരം എന്നതിനേക്കാൾ അസംബന്ധം എന്നു തന്നെ വിളിക്കേണ്ടതാണ്. ആചാരങ്ങൾ ഇത്തരത്തിൽ വളച്ചൊടിക്കപ്പെട്ടു തന്നെയാണ് ദുരാചാരമായി മാറുന്നതും. 

ഒരു സമൂഹത്തിനോ മനുഷ്യനോ നന്മയുദ്ദേശിച്ചു നടപ്പാക്കുന്ന ആചാരങ്ങൾ പുരോഗമനം പറയുന്നവർ പോലും അംഗീകരിച്ചു കൊടുത്തെന്നു വരും, എന്നാൽ വളച്ചൊടിക്കപ്പെടുന്ന ദുരാചാരങ്ങൾ ഇനിയുള്ള കാലത്ത് ഒരാളും നോക്കി നിൽക്കാൻ പോകുന്നില്ല. അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ശുഭപ്രതീക്ഷയും സ്നേഹവും കരുതലും നിറച്ചു മനുഷ്യരെ ചേർത്ത് നിർത്തുന്നതായിരിക്കട്ടെ ആചാരങ്ങളും വിശ്വാസങ്ങളും. അല്ലാതെ ഒരു മനുഷ്യനെയെങ്കിലും ഒരു ആചാരം മുറിവേൽപ്പിക്കുന്നുണ്ടെങ്കിൽ അത് തകർക്കപ്പെടേണ്ടത് തന്നെയാണ്. അതിനെ ചോദ്യം ചെയ്യുന്ന ഒരു ജനത ഉണ്ടായി വരികയും കാലക്രമേണ അത് ഇല്ലാതാവുകയും ചെയ്യും. ഇങ്ങനെ തന്നെയാണ് നവോത്ഥാനം ഉണ്ടാവുക. താൻ അനുഭവിച്ചത് അനീതിയാണെന്ന് ഉറക്കെ വിളിച്ചു പറയുന്ന പെൺകുട്ടികൾ ഉണ്ട് എന്നത് തന്നെയാണ് അതിനുള്ള തെളിവ്. അവർ ധൈര്യത്തോടെ മുന്നോട്ടു തന്നെ നടക്കും.

(അഭിപ്രായം വ്യക്തിപരം)

Content Summary: Palakkad Viral Wedding Video- Brides should not be treated like this

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT