ADVERTISEMENT

അഴകിയ രാവണന്‍ സിനിമയില്‍ നടന്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. ഞാന്‍ ഒരു വേദനിക്കുന്ന കോടീശ്വരനാണെന്ന്. ആഡംബരങ്ങള്‍ നിറഞ്ഞ സ്വപ്‌നതുല്യമായൊരു ജീവിതം നയിച്ചാലും അതില്‍ കുറ്റവും കുറവും കണ്ടെത്തി വിഷമിക്കുക. അത് മനുഷ്യന്റെ സ്വഭാവമാണ്. ഇപ്പോഴിതാ ദുബായില്‍ നിന്നുളള ഒരു വേദനിക്കുന്ന കോടീശ്വരി സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശം ഏറ്റുവാങ്ങുകയാണ്. ഒരു കോടീശ്വരന്റെ ഭാര്യയായിരിക്കുന്നതിലെ ഏറ്റവും മോശം കാര്യങ്ങളെന്ന പേരില്‍ ഒരു ദുബായി വീട്ടമ്മ ഇട്ട വിഡിയോ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. ഉളള സമ്പത്തില്‍ സന്തോഷിച്ച് അത് ആസ്വദിക്കുന്നതിനു പകരം സ്വന്തം ചുറ്റുപാടുകളെ കുറ്റപ്പെടുത്തുന്നത് വളരെ മോശമാണെന്നാണ് സമൂഹമാധ്യമങ്ങളിലുളളവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഒരു കോടീശ്വരിയെന്ന നിലയില്‍ തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാര്യങ്ങളെകുറിച്ച് പരാതി പറഞ്ഞുകൊണ്ടാണ് വീട്ടമ്മയും ലക്ഷ്വറി ഇന്‍ഫ്‌ളുവന്‍സറുമായ ലിന്‍ഡ അഡ്രാഡ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തത്. വളരെ ഗൗരവമായി ലിന്‍ഡ പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇന്റര്‍നെറ്റിലുളളവര്‍ക്ക് അത്ര ദഹിച്ചില്ല. ലിന്‍ഡയെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിനുതാഴെ ഞൊടിയിടയില്‍ എത്തിയത്. 

ഒരു കോടീശ്വരന്റെ ഭാര്യയായിരിക്കുന്നതിലെ ബുദ്ധിമുട്ടുകളാണ് ലിന്‍ഡ തന്റെ വിഡിയോയില്‍ പറയുന്നത്. കഴുത്തിലും കൈയ്യിലുമണിയുന്ന വിലപിടിപ്പുളള ആഭരണങ്ങളും കയ്യില്‍ കരുതുന്ന പണവും എപ്പോള്‍ വേണമെങ്കിലും കവര്‍ച്ച ചെയ്യപ്പെടുമോയെന്ന ഭയം എപ്പോഴുമുണ്ടെന്ന് ലിന്‍ഡ വിഡിയോയില്‍ പറയുന്നു. വണ്ടിയോടിക്കാന്‍ തനിക്ക് അനുവാദമില്ല. എപ്പോഴും കോടീശ്വരനായ ഭര്‍ത്താവിന്റെ കയ്യിലായിരിക്കും വണ്ടിയുടെ സ്റ്റിയറിംഗ്. ഇതിനെല്ലാം പുറമെ തന്റെ ഭര്‍ത്താവിനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന അന്യസ്ത്രീകളുമുണ്ട്. ഭര്‍ത്താവ് തനിക്ക് ഒരുപാട് സാധനങ്ങള്‍ വാങ്ങിച്ചുതരുന്നു, എപ്പോഴും ഒരുമിച്ച് യാത്ര പോകുന്നു എന്നിവയും ബുദ്ധിമുട്ടായി ലിൻഡ പറയുന്നു.

Read also: മഴയത്തു കുടയാവും, വെയിലത്തു തണലാവും; അമ്മയുടെ സ്നേഹം കണ്ട് കണ്ണും മനസ്സും നിറഞ്ഞു സോഷ്യൽ മീഡിയ

അതേസമയം ലിന്‍ഡയുടെ ഈ പരാതികളെ ഇന്റര്‍നെറ്റ് ലോകം വളരെ പുച്ഛത്തോടെയാണ് കണ്ടത്. വിമാനത്തില്‍ ഫസ്റ്റ് ക്ലാസില്‍ യാത്രചെയ്തും, വിലകൂടിയ പലതരം ഭക്ഷണങ്ങള്‍ കഴിച്ചും പല വിദേശ യാത്രകള്‍ നടത്തിയും അവര്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നാണ് ലിന്‍ഡയെ പരിഹസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങള്‍.

ലിന്‍ഡ ഇത് തമാശയായി പറഞ്ഞതാണോ അതോ അവര്‍ക്ക് ഇത്രമാത്രം ചിന്താശേഷിയേ ഉള്ളോ എന്നാണ് വിഡിയോ കണ്ട ഇന്‍സ്റ്റഗ്രാമില്‍ ഒരാളുടെ സംശയം. ലിന്‍ഡയുടെ പരാതികള്‍ കേള്‍ക്കുമ്പോള്‍  ഈ ലോകത്ത് അവരാണ് ഏറ്റവും പാവപ്പെട്ടവളെന്ന് പറയാന്‍ ശ്രമിക്കും പോലെയെന്നാണ് വിഡിയോക്ക് താഴെവന്ന മറ്റൊരു കമന്റ്. ''പരാതി പറയുന്നത് നിര്‍ത്തു, നിങ്ങളുടെ ജീവിതം നിങ്ങള്‍ക്കാവശ്യമില്ലെങ്കില്‍ എനിക്കുതന്നേക്കൂ'' എന്നാണ് ഒരു യൂസര്‍ ലിന്‍ഡയോട് ആവശ്യപ്പെട്ടത്.  അതേസമയം നിങ്ങളേക്കാളും പണക്കാരായവരാണ് ഈ ദുബൈയിലുളള പകുതി പേരും, അതുകൊണ്ട് കവര്‍ച്ചയെ കുറിച്ച് ഭയപ്പെടേണ്ടതില്ല എന്നൊരു കമന്റും ലിന്‍ഡയെ പരിഹസിച്ചുകൊണ്ട് വിഡിയോയ്ക്ക് താഴെ കാണാം. 

Read also: 'കുറച്ചെങ്കിലും നാണം വേണ്ടേ?';മെട്രോയിൽ വാക്കുതർക്കം, യുവാക്കളെ ചോദ്യം ചെയ്ത് സ്ത്രീകൾ

23 വയസുളള ലിന്‍ഡ 19ാം വയസിലാണ് ദുബായിലുളള കോടീശ്വരനായ റിക്കി അന്‍ഡ്രാഡിനെ വിവാഹം കഴിക്കുന്നത്. ദുബൈ ആസ്ഥാനമായുള്ള ഫോറക്‌സ്- ക്രിപ്‌റ്റോ വ്യാപാരിയാണ് റിക്കി. ലിന്‍ഡ ഒരു വീട്ടമ്മയും ടിക്-ടോക്, ഇന്‍സ്റ്റഗ്രാം പോലുളള സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായി പോസ്റ്റുകളിടുകയും ചെയ്യുന്ന വ്യക്തിയാണ്. ടിക്-ടോകില്‍ ഏതാണ്ട് അഞ്ച് ലക്ഷത്തിലേറെയും ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിനുമേലെയുമാണ് ലിന്‍ഡയെ പിന്തുടരുന്നവര്‍.

Content Summary: Millionaires wife posts a video on worst parst of her luxurious life, Internet roasts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com