'വലിയ പിന്തുണകളുണ്ടായില്ല, മിന്നുമണിയുടെ നേട്ടത്തിനു പിന്നിൽ സ്വന്തം കഴിവും പ്രയത്നവും മാത്രം': ലഫ്.കേണൽ ഹേമന്ദ് രാജ്

minnu-mani-1248
മിന്നു മണി. Photo: KCA
SHARE

മിന്നു മണി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ചതോടെ ആശംസകളുടെ പ്രവാഹമാണ്. അധ്വാനം ഫലം കണ്ടു, അർഹിച്ച നേട്ടം എന്നെല്ലാം എഴുതിയ കുറിപ്പുകൾ സമൂഹമാധ്യമത്തിൽ നിറയുകയാണ്. ഏതു നേരവും ക്രിക്കറ്റ് സ്വപ്നം കാണുന്ന, പരീശീലനത്തെപ്പറ്റി മാത്രം ഓർത്തുകഴിയുന്ന മിന്നുമണി ലക്ഷക്കണക്കിനു ആളുകൾ സ്വപ്നം കാണുന്ന നീലക്കുപ്പായം അർഹിക്കുന്നുവെന്നാണ് ലഫ്. കേണൽ ഹേമന്ദ് രാജ് സോഷ്യൽമീഡിയയിൽ കുറിച്ചത്. ഏറെ വെല്ലുവിളികൾ സഹിച്ചാണ് മിന്നുമണി ഇവിടെ വരെ എത്തിയതെന്നും സ്വന്തം ആത്മവിശ്വാസവും പ്രയത്നവുമാണ് ഈ വിജയത്തിനു പിന്നിലെന്നും അദ്ദേഹം എഴുതി.  

Minnu Mani
മിന്നുമണി

Read also: കറണ്ടില്ലാതെയും ഇസ്തിരിപ്പെട്ടി കൊണ്ട് തുണി തേക്കാം; വീട്ടമ്മയുടെ ബുദ്ധി സോഷ്യൽ മീഡിയയിൽ വൈറൽ

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.

വയനാട്ടിലെ എടപ്പടി കോളനിയിൽ നിന്ന് രാജ്യത്തിന്റെ കായിക ഭൂപടത്തിൽ ഇടത് കൈയിലൊരു ബാറ്റുമെന്തിനിൽക്കുന്ന മിന്നുമണി എന്ന മിടുക്കിയോളം ഊർജം നൽകാൻ ആർക്കാണ് കഴിയുക. 

ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീമിൽ ആദ്യമായി കേരളത്തിൽ നിന്നൊരു പെൺകുട്ടി  ഇടംപിടിച്ചിരിക്കുന്നു.സഞ്ജു, ശ്രീശാന്ത്, ടിനു യോഹന്നാൻ എന്നിങ്ങനെയുള്ള ചുരുക്കം മലയാളപേരുകൾക്കൊപ്പം ഒരു മിന്നുന്ന പേര് കൂടി. വയനാട്ടിൽ നിന്നൊരു പെൺ ക്രിക്കറ്റ് താരം.

വീടിനടുത്തുള്ള നെൽപ്പാടങ്ങൾ മിന്നുമണിക്ക് നൽകിയത് ക്രിക്കറ്റ് ഹരത്തിന്റെ വിത്തുകളാണ്. സ്പോർട്സ് എല്ലാവരെയും വരവേൽക്കും എന്ന് കേട്ടിട്ടില്ലേ. ഒരു വിവേചനവുമില്ലാതെ ആ പത്തുവയസുകാരിയെ കളിയ്ക്കാൻ കൂട്ടിയ ചേട്ടന്മാർ അന്ന് അറിഞ്ഞിരുന്നില്ല അവൾ ഹർമൻപ്രീത് കൗറിനൊപ്പം ഇന്ത്യക്കുവേണ്ടി ബാറ്റ് പിടിക്കുമെന്ന്. ലക്കും ലഗാനുമില്ലാതെ പാടത്ത് പാഞ്ഞു നടന്ന ബോള് ആണ് അവൾക്ക് ബാലപാഠങ്ങൾ പകർന്നത്.അന്നത്തെ ബോളിന് പിന്നാലെയുള്ള ഓട്ടവും ബോളിന്റെ ഏറു കൊണ്ടുള്ള വേദനകളും സഹായകമായത് ക്യാമ്പുകളിലേക്കുള്ള സെലെക്ഷൻ സമയത്താണ് എന്ന് മിന്നു തന്നെ പറയുന്നു.

ജൂനിയർ പെൺകുട്ടികളുടെ ക്യാമ്പിലേക്ക് മകൾ തെരഞ്ഞെടുക്കപ്പെടും വരെ ആ അച്ഛന് ക്രിക്കറ്റ് കളി ആസ്വദിക്കാൻ പോലുമറിയുമായിരുന്നില്ല. ക്രിക്കറ്റ് കളി കാണാൻ പാതിരാത്രി വരെ മറ്റ് വീടുകളിൽ പോകാതിരിക്കാൻ കുടുംബശ്രീ ലോൺ എടുത്ത് ടിവി വാങ്ങിയ ആ അമ്മ അറിഞ്ഞിരുന്നില്ല മകളെ അതെ ടിവിയിൽ രാജ്യത്തിന്റെ 18 പെൺകുട്ടികളിൽ ഒരാളായി അഭിമാനത്തോടെ കണ്ടിരിക്കാനാകുമെന്ന്. ജില്ലാ ടീമിലേക്ക് മകൾ ഇടം നേടും വരെ ആ അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല അവൾ സ്പെഷ്യൽ ക്‌ളാസ് എന്ന് പറഞ്ഞ് ശനിയും ഞായറും ഓടിയിരുന്നത് ക്രിക്കറ്റ്ബോളിനൊപ്പമാണെന്ന്.

ആരുമറിയാതിരുന്നിട്ടും, അത്രവലിയ പിന്തുണ ഒന്നും കിട്ടാതിരുന്നിട്ടും ആ പെൺകുട്ടി 15 -ാം വയസ്സിൽ കേരളത്തിന്റെ അണ്ടർ 16 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം കഴിവും ആത്മവിശ്വസവും പ്രയത്നവും മാത്രമാണ് അതിന് പിന്നിൽ. ട്രൈബൽ ഏരിയയിൽ നിന്നും കളിക്കളങ്ങളുടെ വെളിച്ചത്തിലേക്ക് എത്തുവാൻ ആ പെൺകുട്ടി എത്രമാത്രം വെല്ലുവിളികളെ നേരിട്ടിട്ടുണ്ടാകും എന്ന് ഊഹിക്കാം.

വീട്ടിൽ നിന്നും ഏറെ ദൂരം യാത്രചെയ്താണ്  മിന്നു പരിശീലനത്തിന് പോയിരുന്നത്. അമ്മയ്‌ക്കൊപ്പം നാല് മണിക്കെഴുന്നേറ്റ് രാവിലത്തേക്കും ഉച്ചക്കത്തേക്കുമുള്ള ഭക്ഷണ പൊതിയുമായി നാല് ബസ്സുകൾ കയറിയിറങ്ങി 40 ലധികം കിലോമീറ്റർ അകലെയുള്ള കൃഷ്ണഗിരിയിൽ പരിശീലനത്തിനായി പോയിരുന്ന മിന്നുമണിയുടെ തളരാത്ത വീര്യം ഇനിയും പറഞ്ഞു മനസിലാക്കേണ്ട കാര്യമുണ്ടോ? എത്ര വലിയ ചുരം കടന്നാണ് ഇന്ന് ആ  പെൺകുട്ടി ബാറ്റുമേന്തി നിൽക്കുന്നത് എന്ന് ഒന്നാലോചിച്ച് നോക്കൂ. സാമൂഹിക സാമ്പത്തിക അസമത്വങ്ങൾ ആ പെൺകുട്ടിയുടെ ബാറ്റിന്റെ ചുഴറ്റലിൽ തകർന്നടിഞ്ഞെങ്കിൽ ക്രിക്കറ്റിനോടുള്ള അവളുടെ ആസക്തി അതെത്ര ശക്തവും സത്യസന്ധവുമായിരുന്നിരിക്കണം 

താരലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് മിന്നുവിനെ ദൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത് .സമ്മാനത്തുക എന്ത് ചെയ്യും എന്ന് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ 30 ലക്ഷംരൂപയൊന്നും ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല, യാത്രാസമയം ലഭിക്കാൻ ഒരു സ്‌കൂട്ടർ വാങ്ങണം, പരിശീലനത്തിന് സമയം കൂടുതൽ കിട്ടാൻ അത് സഹായിക്കും എന്ന് പറയുന്ന ഈ 24 കാരി, പരിശീലനത്തെ കുറിച്ച് മാത്രം ആലോചിക്കുന്ന ഈ പെൺകുട്ടി, എങ്ങനെയാണ് ലക്ഷകണക്കിന് ആളുകൾ സ്വപ്നം കാണുന്ന ആ നീല  കുപ്പായം അണിയാതെ പോകുക? മിന്നുന്ന നാളുകൾ മാത്രമാകട്ടെ ഇനി മിന്നുമണിയുടേത്. മിന്നുമണിയുടെ യാത്ര എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നൽകുന്നത് ഒരേ പാഠമാണ്..സ്പോർട്സ് എന്നത് വെറും സ്വപ്നമല്ല, ജീവിതം തന്നെയാണ് എന്ന പാഠം.

Lt Col Hemant Raj | Photo: Facebook, @hemant.daring
ലഫ്റ്റനന്റ് കേണൽ ഹേമന്ത് രാജ് (Photo: Facebook, @hemant.daring)

ചെറുപ്പം മുതൽ സ്പോർട്സ് എന്റെ ജീവിതത്തിന്റെ  ഭാഗമായിരുന്നു പിന്നീട് ആർമിയുടെ സ്പോർട്സ് ഡിപ്പാർട്മെന്റിന്റെ ഭാഗമാകാനും കഴിഞ്ഞു. അന്നും ഇന്നും ഞാൻ കാണുന്ന  കാര്യം പെൺകുട്ടികൾ മാത്രമല്ല സ്പോർട്സ് സ്വപ്നം കാണുന്ന ആൺകുട്ടികൾ അടക്കമുള്ള പലരും സ്പോർട്സിലേക്ക് കടന്നുവരാൻ ശ്രമിക്കുന്നില്ല അല്ലെങ്കിൽ മറ്റനേകം കാര്യങ്ങളാൽ അവർ പിന്തിരിക്കപ്പെടുന്നു. മിന്നുവിന്റെ നേട്ടത്തെ അഭിമാനത്തോടെ എടുത്തുയർത്തി പറയട്ടെ ആഗ്രഹവും പ്രയത്നിക്കാനുമുള്ള മനസ് ഉണ്ടെങ്കിൽ സ്പോർട്സ് ഒരിക്കലും നമ്മളെ കൈവിടില്ല. സ്പോർട്സിനോളം സ്നേഹവും സത്യസന്ധതയും മറ്റെന്തിനാണ് ഉള്ളത്.നിങ്ങളുടെ വീട്ടിൽ ട്രാക്കിലേക്ക് ഇറങ്ങാൻ മിടിക്കുന്ന ഹൃദയങ്ങൾ ഉണ്ടെങ്കിൽ തടുക്കരുത്..അവർ ഇറങ്ങട്ടെ ..വിജയിക്കണം എന്ന് ശാഠ്യമില്ലാതെ അവരെ തുറന്ന് വിടൂ.

Read also: ' ജയിലിൽ രണ്ട് ദിവസം ഞാൻ ഭക്ഷണം കഴിച്ചില്ല, ഇനി ഈ നാട്ടിൽ ജീവിക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു..'

Content Summary: Lt. Colonel Hemant Raj posts on social media about Minnumani

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS