ADVERTISEMENT

അഫ്ഗാനിസ്ഥാനിലെ ബാൻഡ്-ഇ-അമീർ ദേശീയോദ്യാനം രാജ്യത്തെ ആദ്യത്തെ വനിതാ പാർക്ക് റേഞ്ചർമാരെ നിയമിച്ചതിന്റെ പേരിൽ പ്രസിദ്ധമാണ്. ഒരുകാലത്ത് സ്ത്രീവാച്ചർമാരും റേഞ്ചർമാരും ജോലിചെയ്തിരുന്ന ദേശീയോദ്യാനത്തിൽ ഇന്ന് സ്ത്രീ ജീവനക്കാർ ആരുമില്ല. 

സ്ത്രീകൾക്ക് ഈ ദേശിയോദ്യാനം സന്ദർശിക്കാനുള്ള അനുവാദം പോലും താലിബാൻ ഭരണകൂടം നിഷേധിച്ചിരിക്കുകയാണ്. 

രാജ്യത്തെ ഏറ്റവും ദരിദ്രവും അവികസിതവുമായ പ്രദേശങ്ങളിലൊന്നായ സെൻട്രൽ ബാമിയാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ജനപ്രിയ പാർക്ക് ഇനി സ്ത്രീകൾക്ക് സന്ദർശിക്കാനാകില്ലെന്ന് അഫ്ഗാൻ ഭരണകൂടം പ്രഖ്യാപിച്ചു. യുണൈറ്റഡ് നേഷൻസ് ഡവലപ്‌മെന്റ് പ്രോഗ്രാം ഉൾപ്പെടെ നിരവധി രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് പ്രാദേശിക അഫ്ഗാൻ സർക്കാർ 2019 ൽ സ്ഥാപിച്ച ഈ പാർക്ക് പർവതങ്ങളാൽ ചുറ്റപ്പെട്ട, നീലത്തടാകങ്ങളുള്ള ഒരു മരുപ്പച്ചയാണ്. താലിബാന്റെ ഭരണം ആരംഭിച്ചതോടെ അഫ്ഗാൻ സ്ത്രീകളുടെ സ്വാതന്ത്ര്യം വെറും വാക്കുകളിൽ മാത്രം ഒതുങ്ങിപ്പോവുകയാണ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വീടുകൾ ജയിലുകളായി മാറിയിരിക്കുന്നു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം, തൊഴിൽ, സ്വതന്ത്ര സഞ്ചാരം എന്നിവ നിഷേധിക്കുന്നതിനോടൊപ്പം ഇപ്പോൾ പൊതുഇടങ്ങളിൽ കൂടുതൽ വിലക്കുകളും ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് താലിബാൻ. 

Read also: ക്ലാസിലെ ഏക പെൺകുട്ടി, ഡിജിസിഎ ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റായി 18 കാരി മിടുക്കി

1990 കളിലെ ആഭ്യന്തരയുദ്ധത്തിലും തുടർന്നുള്ള താലിബാന്റെ ഉയർച്ചക്കാലത്തും ഭയാനകമായ കൂട്ടക്കൊലകൾ നടന്ന സ്ഥലമാണ് ബാമിയാൻ പ്രവിശ്യ. 4, 5 നൂറ്റാണ്ടുകളിൽ അഭിവൃദ്ധി പ്രാപിച്ച ഒരു ബുദ്ധ നാഗരികതയുടെ കേന്ദ്രം കൂടിയായിരുന്നു ഇത്. എന്നാൽ 2001 മാർച്ചിൽ, 1500 വർഷത്തിലേറെയായി കേടുപാടുകളൊന്നുമില്ലാതെ നിലനിന്നിരുന്ന ബാമിയാനിലെ രണ്ട് വലിയ ബുദ്ധ പ്രതിമകൾ താലിബാൻ നശിപ്പിച്ചു, അവ ഇസ്‌ലാമിക വിശ്വാസത്തെ ലംഘിക്കുന്ന വിഗ്രഹങ്ങളാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. 2021 ഓഗസ്റ്റിൽ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടും ഏറ്റെടുത്തതു മുതൽ, മിക്ക ജോലികൾക്കും പഠനത്തിനും സ്ത്രീകൾക്കു വിലക്കേർപ്പെടുത്തിക്കൊണ്ട് അവരെ വീടുകളിൽ ഒതുക്കാനുള്ള ശ്രമം വീണ്ടും താലിബാൻ തുടങ്ങിവച്ചു. ബ്യൂട്ടിസലൂണുകളിൽനിന്ന് സ്ത്രീകളെ വിലക്കി ഏകദേശം ഒരു മാസത്തിനു ശേഷമാണ് ഈ പുതിയ നിയന്ത്രണം വരുന്നത്.

Read also: ‘ആരോ കയറിപ്പിടിച്ചപ്പോഴാണ് ഞാനൊരു സ്ത്രീയായി മാറിയെന്ന് തോന്നിയത്, കഷ്ടമാണിത്’

ജൂണിൽ പുറത്തിറക്കിയ ഒരു യുഎൻ റിപ്പോർട്ട് അനുസരിച്ച്, അഫ്ഗാനിൽ സ്ത്രീകൾ വീടിന് പുറത്തുള്ള മിക്ക മേഖലകളിലും ജോലി ചെയ്യുന്നത് താലിബാൻ നിരോധിച്ചിരിക്കുകയാണ്. പാർക്കുകൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ പോകുന്നതും വിലക്കിയിട്ടുണ്ട്. മുഖം മറയ്ക്കുന്ന അയഞ്ഞ കറുത്ത വസ്ത്രം ധരിക്കണം, കാരണമില്ലാതെ വീടിനു പുറത്തിറങ്ങാൻ പാടില്ല, ഇനി വീടിന് പുറത്തിറങ്ങണമെങ്കിൽ പുരുഷൻമാരില്ലാതെ പാടില്ല തുടങ്ങി താലിബാന്റെ കടുത്ത നിയന്ത്രണങ്ങളിലാണ് അഫ്ഗാനിലെ സ്ത്രീജീവിതങ്ങൾ.

Read also:  'മകൾ സഹകരിച്ചാൽ എല്ലാ സഹായങ്ങളും ചെയ്യാമെന്ന് അച്ഛനോടു പറഞ്ഞു, ഇത് വൃത്തികെട്ട മെന്റാലിറ്റി'

Content Summary: Taliban restricts Afghan women from entering National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com