sections
MORE

''ബാൾഡ്'' ആൻഡ് ബ്യൂട്ടിഫുൾ കൃഷ്ണപ്രഭ ഇനി വ്ലോഗർ

Krishna Prabha
കൃഷ്ണപ്രഭ
SHARE

മലയാള സിനിമയിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന വിശേഷണം പേരിനൊപ്പം ചേർത്തുകിട്ടിയ അഭിനേത്രികൾ പലരുമുണ്ട്. അവരുടെ നിരയിലേക്കെത്തുകയാണ് നടിയും നർത്തകിയും മോഡലുമായ, ഇപ്പോൾ വ്ലോഗർ ആകാൻ ഒരുങ്ങുന്ന കൃഷ്ണപ്രഭ. തന്റെ ഇഷ്ടങ്ങളിലൂടെ ധൈര്യപൂർവം മുന്നോട്ടു നടക്കുന്ന കൃഷ്ണപ്രഭയുടെ ഏറെക്കാലത്തെ ആഗ്രഹമാണ് വ്ലോഗിങ്. പെട്ടെന്നൊരുദിവസം മൊട്ടത്തലയുമായെത്തി പ്രേക്ഷകരെ അമ്പരപ്പിക്കുക മാത്രമല്ല, ആ മൊട്ടത്തലയുമായി സ്റ്റേജിൽ കയറി ഉഗ്രൻ ഡാൻസ് പെർഫോമൻസുമായി കാണികളെ കയ്യിലെടുക്കുകയും ചെയ്തു അവർ. 

മൊട്ടയടിക്കണമെങ്കിൽ അസാധ്യധൈര്യം വേണോ, അതും ഒരു പെൺകുട്ടിക്ക്? ഈ ചോദ്യത്തിന് കൃഷ്ണപ്രഭയുടെ ഉത്തരം ഇക്കാലത്തെ എല്ലാ പെൺകുട്ടികൾക്കുമുള്ള മോട്ടിവേഷനാണ്. ജൈനിക എന്ന നൃത്തവിദ്യാലയം, വ്ലോഗിങ്, യാത്രകൾ, മേക്ക് ഓവർ, അഭിനയം... തന്റെ പുതിയ വിശേഷങ്ങളെക്കുറിച്ചും മൊട്ടത്തല ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും മനോരമ ഓൺലൈനോട് മനസ്സു തുറക്കുകയാണ് ഈ ക്യൂട്ട് മൊട്ടത്തലച്ചി.

ഇനി വ്ലോഗറുടെ റോളിൽ

നൃത്തവും അഭിനയവും ഡ്രൈവിങ്ങും അടക്കമുള്ള എന്റെ ഇഷ്ടങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നതാണ് വ്ലോഗർ ആകണമെന്ന ആഗ്രഹം. അത്  ഉടൻ തന്നെ സഫലമാകും. എന്റെ ഡാൻസ് സ്കൂളായ ജൈനികയുടെ പേരിൽ ഒരു വ്ലോഗ് തുടങ്ങുന്നുണ്ട്. എന്റെ യാത്രകളെക്കുറിച്ചും ജൈനികയിലെ കുട്ടികളുടെ പെർഫോമൻസിനെക്കുറിച്ചുമുള്ള വിഡിയോകളാണ് അതിലുണ്ടാവുക. അടുത്തു തന്നെ അതിന്റെ ഒഫിഷ്യൽ ലോഞ്ച് ഉണ്ടാകും. അതിന്റെ തയാറെടുപ്പുകൾ നടക്കുന്നുണ്ട്.

ദൈവമനുഗ്രഹിച്ച് ആ ലുക്ക് ക്ലിക്ക് ആയി

‘എനിക്കും എന്നെ ഇപ്പോഴാണ് കൂടുതലിഷ്ടം’ – ഫുൾകോൺഫിഡൻസിൽ കൃഷ്ണ പ്രഭ മൊട്ടത്തലയുടെ പിറവിക്കു പിന്നിലെ കഥ പറഞ്ഞു തുടങ്ങി. കുടുംബത്തിനൊപ്പം തിരുപ്പതിയിൽ പോയപ്പോഴാണ് അമ്മയ്ക്കൊപ്പം മൊട്ടയടിച്ചത്. എല്ലാവർഷവും തിരുപ്പതിയിൽ പോകാറുണ്ട്. സഹോദരൻ ഇതിനു മുൻപ് ഒരുപാടു തവണ മൊട്ടയടിച്ചിട്ടുണ്ട്. എന്തുകാര്യം ചെയ്താലും അതു പേടിയില്ലാതെ ചെയ്യണം എന്നതാണ് എന്റെ പോളിസി. മൊട്ടയടിച്ചാൽ അവസരങ്ങൾ നഷ്ടപ്പെടുമോയെന്ന പേടിയൊന്നും ഇല്ലായിരുന്നു. നമുക്കുള്ള കഥാപാത്രം നമ്മളെത്തേടി വരും എന്ന പോസിറ്റീവ് ചിന്ത മാത്രമായിരുന്നു മനസ്സിൽ. കഥാപാത്രത്തിന്റെ ഗെറ്റപ്പ് മാറ്റാൻ ഇന്നത്തെക്കാലത്ത് ഒരുപാടു മാർഗ്ഗങ്ങളുണ്ട്. അതുകൊണ്ട് ആ വക ടെൻഷനൊന്നും ഇല്ലായിരുന്നു.

Krishna-prabha-02
കൃഷ്ണപ്രഭ

മുടിയുണ്ടെന്നു വച്ച് നല്ല കഥാപാത്രം കിട്ടണമെന്നില്ല. മൊട്ടയാണെന്നു വച്ച് നല്ല കഥാപാത്രങ്ങൾ തേടിവരാതിരിക്കുകയുമില്ല. എനിക്കു തന്നെ എന്റെ ലുക്ക് കണ്ട് ബോറടിക്കാതിരിക്കാനാണ് മൊട്ടയടിക്കാമെന്നു വച്ചത്. അതിനു ശേഷം വളരെ പോസിറ്റീവായ കാര്യങ്ങളാണ് ജീവിതത്തിൽ സംഭവിച്ചത്. മൊട്ടത്തല വഴിതുറന്നത് മോഡലിങ്ങിലേക്കാണ്. മുടിയുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ റാംപ് വോക്ക് ചെയ്യില്ലായിരുന്നു. സെലിബ്രിറ്റി ആയതുകൊണ്ട് ചിലപ്പോൾ ഷോ സ്റ്റോപ്പറായി ഒക്കെ വന്നേക്കാം എന്നല്ലാതെ മോഡലിങ്ങിൽ ഇങ്ങനെ അവസരം ലഭിക്കില്ലായിരുന്നു. പക്ഷേ ഇപ്പോൾ ഈ ലുക്ക് പരീക്ഷിച്ചതുകൊണ്ട് മോഡലിങ്, ഫോട്ടോഷൂട്ട് അങ്ങനെ കുറേ കാര്യങ്ങൾ സംഭവിച്ചു.ആരും ഇങ്ങനെയൊരു മേക്ക് ഓവർ എന്നിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ആളുകൾക്ക് അടുത്തു വന്നു സംസാരിക്കാൻ ഇപ്പോൾ ഒരു കാരണമായി.

മൊട്ടത്തലയുമായി നൃത്തം, കാണികളുടെ പ്രതികരണം

മൊട്ടയടിച്ച ശേഷം മനോരമ ഫിയസ്റ്റ പ്രോഗ്രാമിൽ ആദ്യം ചെയ്തത് ഒരു ക്ലാസിക്കൽ ഡാൻസ് ആയിരുന്നു. വിഗ് വച്ചായിരുന്നു അത്. രണ്ടാമതു ചെയ്തത് ഒരു ബോളിവുഡ് ഐറ്റം നമ്പറായിരുന്നു. അതിനു ശേഷം ആങ്കർ എന്നെ സംസാരിക്കാൻ വിളിച്ചു. 'നിങ്ങൾക്കായി ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്’ എന്ന് കാണികളോടു പറഞ്ഞ ശേഷമായിരുന്നു മൂന്നാമത്തെ ഇനം അവതരിപ്പിച്ചത്. മൊട്ടത്തലയുമായി സ്റ്റേജിലെത്തിയാണ് നൃത്തം അവതരിപ്പിച്ചത്. വെസ്റ്റേൺ ഐറ്റം നമ്പർ ആയിരുന്നു അത്. ആരും അങ്ങനെ മൊട്ടത്തലയുമായി സ്റ്റേജിൽ കയറാത്തതുകൊണ്ടായിരിക്കും ആളുകളൊക്കെ അന്ന് ശരിക്കും അമ്പരന്നു.

മൊട്ടത്തലയും കാൻസറും തമ്മിൽ

മൊട്ടയടിച്ച് പുറത്തിറങ്ങിയ ആദ്യദിവസങ്ങളിൽ എന്നെ കാത്തിരുന്നത് ആ ചോദ്യമായിരുന്നു. എന്തെങ്കിലും ട്രീറ്റ്മെന്റിലാണോ? എത്രാമത്തെ സ്റ്റേജാണ്? എനിക്കൊരു കുഴപ്പവുമില്ല, വെറുതെ മൊട്ടയടിച്ചതാണെന്ന് ചിരിച്ചുകൊണ്ട് ഞാൻ മറുപടി നൽകും. എനിക്ക് തോന്നുന്നത് കേരളത്തിലാണ് ഈ പ്രവണത കൂടുതലുള്ളതെന്നാണ്. ആണുങ്ങൾക്കെപ്പോൾ വേണമെങ്കിലും മൊട്ടയടിക്കാം. എന്തായിത്, മൊട്ടയടിച്ചോ എന്നൊക്കെ ചോദിക്കുമെന്നേയുള്ളൂ. പക്ഷേ സ്ത്രീകൾ മൊട്ടയടിക്കുന്നത് എന്തോ മാരകരോഗം വന്നതുകൊണ്ടാണെന്നാണ് പലരും കരുതുന്നത്. ആളുകളുടെ ചിന്താഗതിയാണ് മാറേണ്ടത്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം അവർ കണ്ടു ശീലിച്ചത് എന്തെങ്കിലും അസുഖം വന്നാൽ മാത്രം മൊട്ടയടിക്കുന്ന സ്ത്രീകളെയാണ്. അല്ലാത്തവർക്കു മൊട്ടയടിക്കേണ്ട കാര്യമില്ലെന്നാണ് അവർ ചിന്തിക്കുന്നത്.

krishna-prabha-03
കൃഷ്ണപ്രഭ

എന്റെ അഭിപ്രായത്തിൽ സ്ത്രീകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും മൊട്ടയടിക്കണം. അതിന്റെ സ്വാതന്ത്ര്യം അനുഭവിച്ചറിയുക തന്നെ വേണം. മൊട്ടയടിച്ചതുകൊണ്ട് ഒരു ദൂഷ്യവും സംഭവിക്കാൻ പോകുന്നില്ല. മുടി പെട്ടെന്നു വളരും. അങ്ങനെ ചെയ്യാനുള്ള ധൈര്യമാണ് ഉണ്ടാവേണ്ടത്. എന്റെ കാര്യം പറയുകയാണെങ്കിൽ, മൊട്ടയടിച്ചതിനു ശേഷം സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് കൂടിയിട്ടുണ്ട്. ആഗ്രഹമുണ്ടെങ്കിൽപോലും പലരും പേടികൊണ്ടാണ് മൊട്ടയടിക്കാത്തത്. അങ്ങനെയുള്ളവർ എന്നോടു നേരിട്ടും സുഹൃത്തുക്കൾ വഴിയുമൊക്കെ പറയുന്ന ഒരു കാര്യമുണ്ട്. ഞാൻ മൊട്ടയടിച്ചപ്പോൾ അവർക്കൊക്കെ ഒരു ധൈര്യം ലഭിച്ചുവെന്ന്. അതു കേൾക്കുമ്പോൾ സന്തോഷമുണ്ട്.

ശാലീന സുന്ദരിയിൽനിന്ന് ബോൾഡ് ആൻഡ് ബാൾഡ് കൃഷ്ണ പ്രഭയിലേക്ക്

എറണാകുളത്ത് ജനിച്ചു വളർന്ന ഏതൊരു പെൺകുട്ടിയെയും പോലെ അത്യാവശ്യം ഫാഷനബിളായ ഒരാളായിരുന്നു ഞാൻ. സിനിമയിൽ എനിക്കു ലഭിക്കുന്നത് നാട്ടുമ്പുറത്തുകാരി പെൺകുട്ടികളുടെ വേഷങ്ങളായതിനാലാണ് ആളുകളുടെ മനസ്സിൽ എനിക്കൊരു ശാലീന സുന്ദരി ഇമേജ് വന്നത്. ഫൊട്ടോഷൂട്ടുകളും അഭിമുഖങ്ങളുമൊക്കെ പുറത്തു വന്നതിനു ശേഷമാണ് ആളുകളുടെ ആ തെറ്റിദ്ധാരണ മാറിത്തുടങ്ങിയത്. ഫാഷനോടനുബന്ധിച്ച കാര്യങ്ങളിൽ അപ് ടു ഡേറ്റ് ആണെങ്കിലും വ്യക്തിപരമായി ഞാൻ നടത്തിയ മേക്ക് ഓവർ തലമൊട്ടയടിച്ചതു മാത്രമാണ്. 

krishna-prabha-05
കൃഷ്ണപ്രഭ

ഹ്യൂമർ സെൻസ് കിട്ടിയത് അമ്മയിൽനിന്ന്

സ്റ്റേജ് ഷോയിൽനിന്ന് അഭിനയത്തിലേക്കെത്തിയതു കൊണ്ടാവാം അധികവും ഹ്യൂമർസെൻസുള്ള വേഷങ്ങളായത്. അത് അപ്രതീക്ഷിതമായി വന്നതാണ്. അല്ലാതെ മനഃപൂർവം ഹ്യൂമർ വേഷങ്ങൾ തിരഞ്ഞെടുത്തതല്ല. ആണുങ്ങൾക്കു മാത്രമുള്ളതല്ല തമാശ. പുരുഷന്മാരേക്കാൾ നന്നായി കൗണ്ടറടിക്കുന്ന സ്ത്രീകളെ എനിക്കറിയാം. ഹ്യൂമർ സെൻസ് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരുപോലെയാണ്. ചില കാര്യങ്ങൾ ഓപ്പൺ ആയി പറയാൻ സ്ത്രീകൾക്കു ചിലപ്പോൾ മടിയുണ്ടാകാം. എനിക്ക് ഹ്യൂമർ സെൻസ് കിട്ടിയത് എന്റെ അമ്മയിൽനിന്നാണ്. എന്തിലും തമാശ കണ്ടെത്താൻ കഴിയുന്നതുകൊണ്ട് പല കാര്യങ്ങളെയും ലൈറ്റ് ആയി കാണാൻ സാധിക്കാറുണ്ട്.

നൃത്തം ജീവിത താളം

നൃത്തത്തിൽ മാത്രമല്ല എല്ലാത്തിലുമുള്ള താളം ഇഷ്ടമാണ്. മൂന്നു വയസ്സു മുതൽ നൃത്തം പഠിക്കുന്നുണ്ട്. അച്ഛനും അമ്മയ്ക്കുമെല്ലാം ഞാൻ നൃത്തത്തിലേക്കു വരുന്നത് ഇഷ്ടമായിരുന്നു. അച്ഛൻ നന്നായി പാടുമായിരുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിൽ നൃത്തവും സംഗീതവും അത്യാവശ്യം വേണ്ട കാര്യമാണെന്നാണ് ഞങ്ങളുടെ വിശ്വാസം. ജനുവരിയിൽ പനമ്പള്ളി നഗറിൽ ഒരു ഡാൻസ് സ്കൂൾ തുടങ്ങിയിരുന്നു. മമ്മൂക്കയാണ് അത് ഉദ്ഘാടനം ചെയ്തത്. ഡാൻസിനോട് ഒരുപാടു പാഷനുള്ള കുട്ടികളാണ് അവിടെ പഠിക്കാനെത്തുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കു പിന്തുണ നൽകുന്നുണ്ട്. നല്ലൊരു ടീമുണ്ട്. ആഗ്രഹവും കഴിവുമുള്ള കുട്ടികളുമായി ടീം പ്രോഗ്രാം ചെയ്യാറുമുണ്ട്.

krishna-prabha-04
കൃഷ്ണപ്രഭ

ജൈനികയെന്ന പേരിനു പിന്നിൽ

ജൈനിക എന്നാൽ സൂര്യനെന്നാണർഥം. സൂര്യനില്ലാത്ത ജീവിതത്തെക്കുറിച്ച് നമുക്കു ചിന്തിക്കാനാവില്ലല്ലോ. സ്ത്രീത്വം എന്നും വിജയം എന്നുംകൂടി ആ വാക്കിനർഥമുണ്ട്. തമിഴ്നാട്ടിലെ കാരൈക്കുടിയിലെ കർപ്പക വിനായക അമ്പലത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് അങ്ങനെയൊരു പേരുകിട്ടിയത്.  ആ പേരങ്ങനെ മനസ്സിലുണ്ടായിരുന്നു. ഡാൻസ് സ്കൂൾ തുടങ്ങിയ സമയത്ത് പെട്ടെന്നു പേരിടേണ്ടി വന്നപ്പോൾ ആ പേരിട്ടതാണ്. ഒരുപാടാളുകൾക്ക് ആ പേരിഷ്ടപ്പെട്ടു. ഡാൻസ് സ്കൂളിനോടനുബന്ധിച്ച് നിരവധി വർക്‌ഷോപ്പുകളും നടത്താറുണ്ട്. യോഗയും മോട്ടിവേഷനൽ ക്ലാസുകളും എല്ലാം ഉൾപ്പെടുത്താറുണ്ട്. ജൈനികയിൽ പ്രായപരിധിയില്ല. ആറു വയസ്സു മുതൽ പ്രായമുള്ളവർ ഇവിടെയുണ്ട്. റിമി ടോമിയുടെ അമ്മയൊക്കെ ഇവിടെ ഭരതനാട്യം പഠിക്കുന്നുണ്ട്.

നെഗറ്റിവിറ്റിയെ ഗെറ്റ്ഔട്ട് അടിക്കും

പൊതുവേ നെഗറ്റീവ് കമന്റുകളെ അവഗണിക്കുകയാണു പതിവ്. മറ്റുള്ളവർക്കു ദ്രോഹമല്ലാത്ത രീതിയിൽ നമ്മുടെ ശരി ചെയ്യുകയാണെങ്കിൽ ജീവിതം വിജയിക്കുമെന്നാണ് എന്റെ വിശ്വാസം. ഒരുപരിധിയിൽ കൂടുതൽ മറ്റുള്ളവരുടെ വാക്കുകൾക്കു ചെവി കൊടുക്കാറില്ല. സിനിമകൾ എന്നെത്തേടി വന്നതാണ്. നല്ല സംവിധായകർക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. ആഗ്രഹം പോലെ നല്ല കഥാപാത്രങ്ങൾ എന്നെത്തേടി വന്നു. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും ഹാർഡ് വർക്കിങ് പീരീഡാണ്. ജൈനികയിലാണ് മുഴുവൻ ശ്രദ്ധയും. അതിന്റെ മാർക്കറ്റിങ്ങും കാര്യങ്ങളുമായി ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. എന്തു നല്ലകാര്യം ചെയ്താലും അതിലും നെഗറ്റീവ് മാത്രം കാണുന്നവരുണ്ടാകും. ഇപ്പോൾ സിനിമയും, പ്രോഗ്രാമുകളും ജൈനികയുടെ കാര്യങ്ങളുമായി തിരക്കിലാണ്. അതുകൊണ്ടു തന്നെ നെഗറ്റീവ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും സമയമില്ല.

krishna-prabha-06
കൃഷ്ണപ്രഭ

കംഫർട്ടബിൾ അല്ലാത്ത ജോലികൾ ചെയ്യാറില്ല

നൃത്തം, അഭിനയം, അവതരണം അങ്ങനെ ചെയ്യുന്നതിലെല്ലാം ഞാൻ കംഫർട്ടബിളാണ്. ഡ്രൈവിങ് എനിക്ക് കംഫർട്ടബിൾ ആണ്. ചെയ്യുന്ന എല്ലാക്കാര്യങ്ങളും പൂർണ ഇഷ്ടത്തോടെയാണ് ചെയ്യുന്നത്. ഇതിൽനിന്ന് ഒരെണ്ണം മാത്രമായി തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുണ്ട്. ജൈനിക ഒരു ബിസിനസല്ല. കാരണം ലാഭമല്ല അതിന്റെ ലക്ഷ്യം. കലയെ സ്നേഹിക്കുന്നവർക്കുവേണ്ടി ഒരിടം. 

ഇഷ്ടം സ്വാഭാവിക സൗന്ദര്യത്തോട്

സൗന്ദര്യ ശസ്ത്രക്രിയകളെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. സ്വാഭാവിക സൗന്ദര്യത്തിലാണ് വിശ്വാസം. കൃത്രിമ സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കുന്നതിനോട് അമ്മയ്ക്കു താൽപര്യമില്ല. ബോളിവുഡ് താരങ്ങളും മറ്റും സൗന്ദര്യ ശസ്ത്രക്രിയകൾക്കു വിധേയരായ വാർത്തകളൊക്കെ കാണാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് ഒരു ടീം തന്നെ അവർക്കൊപ്പമുണ്ട്. നമുക്കൊന്നും അത്തരം കാര്യങ്ങൾ പ്രായോഗികമല്ലല്ലോ. യോഗയിലൂടെയാണ് ഫിറ്റ്നസ് നിലനിർത്തുന്നത്. ജൈനികയിൽ സൂംബ ഫിറ്റ്നസ് സെക്‌ഷനുണ്ട്. അതിന് പോകുന്നുണ്ട്. വണ്ണം കുറയാനും ഹൃദയാരോഗ്യത്തിനും സൂംബ നല്ലതാണ്. അടുത്തിടെയായി കളരിയും ചെയ്യുന്നുണ്ട്. പണ്ട് കണ്ടംപററി ഡാൻസ് ചെയ്തിരുന്നതുകൊണ്ട് കളരി ചെയ്യാൻ കുറച്ച് എളുപ്പമുണ്ടായിരുന്നു.

krishna-prabha-07
കൃഷ്ണപ്രഭ

ജീവിതത്തിലെ ഇഷ്ടങ്ങളെയെല്ലാം ഹൃദയത്തോടു ചേർത്തു തന്നെ നിർത്തണമെന്നും അവയെ നിർഭയം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പറയുമ്പോൾ ആത്മഗൗരവത്തിന്റെ പ്രഭ പരക്കുന്നുണ്ട് കൃഷ്ണ പ്രഭയ്ക്കു ചുറ്റും. ദ് റിയൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA