മമ്മൂക്ക അഭിനന്ദിച്ച അമ്മൂമ്മത്തിരി; അമ്പരപ്പിക്കുന്ന ആശയങ്ങളുടെ ലക്ഷ്മി

lakshmy
ലക്ഷ്മി എൻ. മേനോൻ
SHARE

കണ്ണൂർ∙ പൂമ്പാറ്റകൾ പറന്നു വന്നിരുന്ന വിരലുകൾ കൊണ്ട് അവൾ തുന്നിയത് ആശയങ്ങളുടെ പുതിയ ഉടുപ്പുകൾ. അവ നിറമുള്ളവ മാത്രമായിരുന്നില്ല. ചിലർക്കതു തണുപ്പു നൽകി. ചിലർക്കു തണലും. ചിലരതു കൊണ്ടു കണ്ണീരൊപ്പി. ഇതൊരു മുത്തശ്ശിക്കഥയുടെ തുടക്കമല്ല. മുത്തശ്ശിമാരിൽനിന്നു തുടങ്ങിയൊരു വിജയകഥയുടെ തുടക്കമാണ്. സമൂഹ നന്മയ്ക്കുപകരിച്ച ഒട്ടേറെ ആശയങ്ങളുടെ ഉപജ്ഞാതാവ്, സാമൂഹ്യപ്രതിബദ്ധത തുടർച്ചയായി കാണിക്കുന്ന സംരംഭക,  ഡിസൈനർ എന്നീ നിലകളിൽ പ്രശസ്തയാണു ലക്ഷ്മി എൻ. മേനോൻ. 

എറണാകുളം ചേന്ദമംഗലത്തെ പ്രളയച്ചേറിൽ നിന്നുയർന്ന ചേക്കുട്ടിപ്പാവ ചെന്നുനിന്നത് ഐക്യരാഷ്ട്രസഭയിലാണ്. പ്രളയജലത്തിൽ മുങ്ങി ചേറു പുരണ്ട ചേന്ദമംഗലം കൈത്തറിത്തുണികളിൽ നിന്നു വെട്ടിയുണ്ടാക്കിയ കുഞ്ഞു ചേക്കുട്ടിപ്പാവകൾ 25 രൂപയ്ക്ക് ഇന്ത്യയിലും ഉയർന്ന വിലയ്ക്കു വിദേശരാജ്യങ്ങളിലും വിറ്റു കിട്ടിയ തുക, കൈത്തറി തൊഴിലാളികൾക്കു നൽകുകയായിരുന്നു. അമ്മൂമ്മത്തിരിയെന്ന വിളക്കു തിരി നിർമാണത്തിലൂടെ വയോജന കേന്ദ്രങ്ങളിലെ അന്തേവാസികൾക്കു ജോലിയും ചെറിയ വരുമാനവും ഉറപ്പാക്കി. പ്രളയകാലത്തു രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികൾക്കു വേണ്ടി അവതരിപ്പിച്ച ഇൻഷുറൻസ് പദ്ധതി ശ്രദ്ധേയമായിരുന്നു: ഒരു വർഷത്തെ ഇൻഷുറൻസിന്റെ പ്രീമിയമായ 24 രൂപ അടച്ച് ഒരു മത്സ്യത്തൊഴിലാളിയെ ആർക്കും സ്പോൺസർ ചെയ്യാം. ഇതിന്റെ സന്ദേശവുമായി കേരളത്തിലെ വിദ്യാർഥികൾ, കടലാസ് വഞ്ചികളുണ്ടാക്കുകയും അതിൽ മത്സ്യത്തൊഴിലാളികൾക്കുള്ള സ്നേഹസന്ദേശം കുറിക്കുകയും ചെയ്തു. ആ കടലാസു വഞ്ചികൾ ഇപ്പോൾ കൊച്ചി സിഫ്റ്റിലുണ്ട്. അവയുപയോഗിച്ച് ഒരു ഇൻസ്റ്റലേഷനാണു ലക്ഷ്മി മേനോൻ ആലോചിക്കുന്നത്. 

കോവിഡ് ലോക്ഡൗൺ കാലത്ത്, വീടുകളിൽ അടച്ചിടുന്നവരോടു കുഞ്ഞു വീടുകളുണ്ടാക്കി പൊലീസും ആരോഗ്യപ്രവർത്തകരുമടക്കമുള്ള കോവിഡ് പോരാളികൾക്കു നൽകാൻ ആവശ്യപ്പെട്ട ‘കോവീടും’ ശ്രദ്ധയാകർഷിച്ചു. കുഞ്ഞു വീടുകളും ഭക്ഷണപ്പൊതികളുമായി കോവീട് കേരളത്തിൽ പുതിയൊരു സന്ദേശം പകർന്നു. വനിതകൾക്കു സുരക്ഷിതവും വൃത്തിയുള്ളതുമായ, പാതയോര ശുചിമുറികളൊരുക്കുന്നതിനുള്ള ടോയിൽലെസ് എന്ന പദ്ധതിയുടെ പണിപ്പുരയിലാണു ലക്ഷ്മിയിപ്പോൾ. കേന്ദ്ര സർക്കാരിന്റെ നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷന്റെ ഗവേണിങ് കൗൺസിൽ അംഗമാണു ലക്ഷ്മി. 

ഒന്നിൽ നിന്നു മറ്റൊന്നിലേക്ക്. ലക്ഷ്മി എൻ. മേനോന്റെ വിരൽത്തുമ്പിൽ നിന്ന് ആശയങ്ങൾ പൂമ്പാറ്റകളെ പോലെ പറന്നുയരുകയാണ്.  വനിത വുമൺ ഓഫ് ദി ഇയർ അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ലോകപ്രശസ്തമായ മേരി ക്ലെയർ മാഗസിന്റെ ‘ജീനിയസ്’ പട്ടികയിലുൾപ്പെട്ടിരുന്നു. ഓൺലൈൻ മാധ്യമത്തിന്റെ ‘10 മോസ്റ്റ് ഇൻസ്പയറിങ് ഇന്ത്യൻ വുമൺ ഓൺട്രപ്രണർ’ ആയി 2017ൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലക്ഷ്മി എൻ. മേനോൻ സ്വന്തം ജീവിതം പറയുകയാണിവിടെ. 

lakshmy3

ആദ്യത്തെ സംരംഭക ആശയം?

യുഎസിൽ, ഗാലറിയിൽ ജോലി ചെയ്തിരുന്നപ്പോൾ അവിടത്തുകാർക്കു തീരെ പരിചയമില്ലാത്ത എന്തെങ്കിലും ആശയം പുതിയതായി കൊണ്ടുവരണമെന്ന ചിന്തയുണ്ടായി. അതിൽ നിന്നാണു വൈക്കോൽ ആർട്ട് അഥവാ സ്ട്രോ ആർട്ട് വന്നത്. വൈക്കോൽ കൊണ്ടു കാർഡിലും തുണിയിലും മറ്റും ഡിസൈനുകളുണ്ടാക്കുന്ന രീതി പരീക്ഷിക്കാമെന്നു വിചാരിച്ചു. ആ ക്രാഫ്റ്റ് പഠിച്ചെടുത്തു. നല്ല സ്കോപ്പുണ്ടെന്നു തോന്നിയിരുന്നു. കൊല്ലത്ത് ഒരു ബാബു മാഷിന്റെയടുത്തു പോയി അതു പഠിച്ചു. മെറ്റീരിയിലും ഉളി പോലുള്ള ടൂൾസും കൊണ്ടുപോയി. 

സ്ട്രോ ആർട്ട് യുഎസിൽ വെഡ്ഡിങ് കാർഡുകൾ, ജ്വല്ലറി, വസ്ത്രങ്ങൾ എന്നിവയിൽ പരീക്ഷിച്ചു. അവർക്കതു പുതുമയുള്ളതായിരുന്നു. വീടിന്റെ ചിത്രം പ്രിന്റ് ചെയ്തെടുത്ത്, ചെടികളുടെ ഭാഗത്തു മാത്രം ഇതു ചെയ്യും. മരപ്പാലമുണ്ടെങ്കിൽ അവിടെയുമൊക്കെ വയ്ക്കും. അതവിടെ ഭയങ്കര ഹിറ്റായി. ഇതുവരെ, ഗോൾഡൻ കളറിൽ ഇത്തരമൊരു ആർട്ട് വർക്ക് അവർ കണ്ടിരുന്നില്ല. അതിനു ഹേ ആർട്ട് എന്നു പേരിട്ടു. സ്ട്രോ പിക്ചർ എന്നു പറഞ്ഞാൽ അതു മുഴുവനാകില്ല. അതുകൊണ്ടാണു ഹേ ആർട്ടെന്നു പേരിട്ടു ചിത്രകലയിൽ വേറിട്ടു നിർത്തിയത്. പേപ്പർ, ഗ്ലാസ്, തുണി, മെറ്റൽ, തടി എന്നിവയിൽ ചെയ്തു. ഇതിനു ശേഷം, എം. മുകുന്ദന്റെ ‘പ്രവാസം’ നോവലിന്റെ കലക്ടേഴ്സ് കോപ്പികളിൽ ഹേ ആർട്ട് ചെയ്യാൻ ഡിസി ബുക്സ് ആവശ്യപ്പെട്ടു. 

റാഡിസൺ ഉൾപ്പെടെയുള്ള പല സ്ഥാപനങ്ങളും അവരുടെ സുവനീറുകളിലും ഗിഫ്റ്റ് പീസുകളിലും ഹേ ആർട്ട് ചെയ്തു. കേരളത്തിന്റെ കഥ പറയുന്ന താളിയോലയുടെ കവർ ആയി ഇതേ ആർട്ട് ഉപയോഗിച്ചിട്ടുണ്ട്. മരത്തടി കൊണ്ടുള്ള കവറിനു മുകളിൽ കേരളത്തിന്റെ ഭൂപ്രകൃതി ചെയ്തു വയ്ക്കുകയായിരുന്നു. ഇതു വിവിഐപികൾക്കുള്ള സുവനീർ ഗിഫ്റ്റ് ആയി ടൂറിസം വകുപ്പിനു വേണ്ടി ചെയ്തതാണ്. ഹേ ആർട്ടിനു കിട്ടിയ പിന്തുണ, കേരളത്തിന്റെ തനതു സൃഷ്ടികളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമായി. എത്ര പ്രാദേശികമാവുന്നോ, അത്രയും അതിനു ലോകശ്രദ്ധ കിട്ടുമെന്നു തോന്നി. എളുപ്പവുമാണ്. പലേടത്തും കണ്ടു മടുത്ത സാധനങ്ങൾക്കിടയിൽ നാടൻ സൃഷ്ടികളുടെ തനതു ഗുണം ശ്രദ്ധ നേടും. 

അമ്മൂമ്മത്തിരി പോലും ഒരു ഉൽപന്നമാക്കി ഇറക്കാനുള്ള ആത്മവിശ്വാസം നൽകിയതു ഹേ ആർട്ട് ആണ്.  യുഎസിലെ ഒരു പ്രത്യേകതയെന്താണെന്നു വച്ചാൽ, നമ്മൾ എന്തു പ്രൊഡക്ടിന്റെ കാര്യം പറയുമ്പോഴും അതിനോടു ചേർത്തു വയ്ക്കാനൊരു കഥയുണ്ടെങ്കിൽ അതിന് ആകർഷണം കൂടും. സോഷ്യൽ ആംഗിളുണ്ടെങ്കിൽ അതിനു ശ്രദ്ധയും മൂല്യവും കൂടും. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ കരകൗശല ഉൽപന്നങ്ങൾക്കു നല്ല പ്രധാന്യവും വിലയും കിട്ടും. മണിക്കൂറിന് 15–20 ഡോളർ 20 വർഷം മുൻപു തന്നെ ലഭിച്ചിരുന്നു. കൈ കൊണ്ട് ഇതു ചെയ്യുന്നുവെന്നു പറയുമ്പോൾ അതു ചെലവേറിയതാണെന്ന ധാരണ അവർക്കുണ്ട്. ഇവിടത്തെ നിരക്കുമായി താരതമ്യം ചെയ്യാൻ കഴിയില്ല.ഒരു വെഡ്ഡിങ് കാർഡ് 20 ഡോളറിനു ചെയ്തു കൊടുത്തിട്ടുണ്ട്. ആ നിരക്കു തന്നെ കുറഞ്ഞു പോയോ എന്നായിരുന്നു അവരുടെ സംശയം. 

lakshmy1

സംരംഭകയെന്ന നിലയിൽ ആദ്യ ചുവടു വയ്പ് ഏതായിരുന്നു?

കാഞ്ഞിരമറ്റത്തുള്ള ഇന്ദു മേനോനും മകൾ ചിത്രയും ഞാനും ചേർന്നു ഹാൻഡ്‌ലൂം ബിസിനസിനിറങ്ങിപ്പുറപ്പെട്ടതാണ് ആദ്യസംരംഭം. കൈത്തറി തോർത്തിന്റെ ബിസിനസ് ആയിരുന്നു അത്. എന്റെ അമ്മയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.  നൈപുണ്യമുള്ളവരെ കൊണ്ട് ഇത്തരം കാര്യങ്ങൾ പ്രാദേശികമായി ചെയ്യിക്കുമ്പോൾ ഒരു ശാക്തീകരണം സമൂഹത്തിൽ നടക്കുന്നതായി തോന്നി. ആ തോന്നലും പരിചയവും പിന്നീടുള്ള സംരംഭങ്ങളിൽ പ്രാദേശിക ജനസമൂഹത്തെ ഉൾപ്പെടുത്തുന്നതിനു പ്രേരണയായിട്ടുണ്ട്.

സമൂഹത്തെ ചേർത്തു നിർത്തുന്നതിന് എന്തെങ്കിലും സംഭവങ്ങൾ പ്രേരണയായിട്ടുണ്ടോ?

യുഎസിലായിരിക്കെ, 2008ൽ ഒരു സുഹൃത്തിന്റെ കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട്, തിരുവനന്തപുരം ആർസിസിയിൽ വന്നിരുന്നു. സുഹൃത്തിന്റെ കീമോ തെറപ്പിക്കു വേണ്ടി വന്നതാണ്. ഫാർമസിയിൽ ചെന്നു മരുന്നു വാങ്ങിച്ചു. 9,000 രൂപയുടെ മരുന്ന്. ചെറുതും വലുതുമായ കുപ്പികൾ. കൈയിൽ ബാഗില്ല. ചോദിച്ചപ്പോൾ, ബാഗ് കൊടുക്കാറില്ലെന്നു മറുപടി. കൈയിൽ ഒരു ചുന്നിയുണ്ടായിരുന്നതിനാൽ അതിൽ മരുന്നുകൾ കെട്ടി, കിഴി പോലെയാക്കി. സങ്കടമാണു തോന്നിയത്.  പലരും മരുന്ന് കൈകകളിൽ പിടിച്ച് പോകുന്നതു കണ്ടു. വിലപിടിച്ച മരുന്നാണ്. താഴെ വീണു പൊട്ടിയാൽ നഷ്ടം ആയിരക്കണക്കിനു രൂപയാണ്. 

അക്കാലത്തു 2 രൂപയ്ക്ക് ഇക്കോ ഫ്രൻഡ്‌ലി നോൺ വൂവൺ ബാഗ് സുലഭമായിരുന്നു. അവരുടെ പർച്ചേസ് മാനേജരോടു വിശദാംശം ചോദിച്ചു. നേരത്തെ കൊടുത്തിരുന്നു, ഇപ്പോഴില്ലെന്നായിരുന്നു മറുപടി. ഇതങ്ങനെ വിട്ടാൽ പറ്റില്ലെന്നു തോന്നി. ആയിരക്കണക്കിനു രൂപയുടെ മരുന്നു വാങ്ങുന്നവർക്കു 2 രൂപയുടെ സഞ്ചി അധികച്ചെലവാകില്ലല്ലോ. ബാഗ് സപ്ലയറെ കണ്ടെത്തിയ ശേഷം വീണ്ടും തിരുവനന്തപുരം ആർസിസിയിൽ ചെന്ന്, സഞ്ചി തന്നാൽ 2 രൂപയ്ക്ക് കൊടുക്കാമോയെന്നു ചോദിച്ചു. എനിക്കു ബാഗ് കച്ചവടമാമെന്നാണ് അവർ ധരിച്ചത്. ബന്ധുക്കളായ ഡോക്ടർമാരെയടക്കം ഉപയോഗിച്ച്, ഇക്കാര്യം ആർസിസി അധികൃതരുടെ മുന്നിലെത്തിച്ചു. 

പിന്നീട്, യുഎസിലെത്തിയ ശേഷവും ഇക്കാര്യത്തിൽ അടിക്കടി ആർസിസിയിൽ വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. ഒടുവിൽ, ഒരു തവണ വിളിച്ചപ്പോൾ അവർ 2 രൂപയുടെ സഞ്ചി സൗജന്യമായി നൽകാൻ തീരുമാനിച്ചതായി പറഞ്ഞു. ഭയങ്കര സന്തോഷം തോന്നി. പിന്നീട് കേരളത്തിലെത്തിയപ്പോൾ ആദ്യം ചെയ്തത് ആർസിസിയിലെത്തി സഞ്ചി വിതരണം നേരിട്ടു കണ്ടു ബോധ്യപ്പെടുകയായിരുന്നു. ലോട്ടറിയടിച്ച സന്തോഷം. നിരന്തരം ശ്രമിച്ചാൽ, ചില മാറ്റങ്ങൾ നടക്കുമെന്നു മനസിലായി. 

lakshmy4

പിന്നീട് സമൂഹത്തിൽ ചെറിയ മാറ്റങ്ങൾക്കുള്ള അവസരം തേടി നടക്കുകയായിരുന്നു. ആർസിസിയിൽ നിന്നു ലഭിച്ച ഊർജമാണ് അമ്മൂമ്മത്തിരിയായും ശയ്യയായും ചേക്കുട്ടിയായുമൊക്കെ രൂപമെടുത്തത്. 

ആശയങ്ങളുടെ പിറവിയെ പറ്റി?

യുഎസിൽ ഒന്നു രണ്ട് എൻജിഒകളുടെ കൂടെ വർക്ക് ചെയ്തിരുന്നു. ബിക് എന്ന കമ്പനി 2000 വരെ 100 ബില്യൻ പേന വിറ്റതായും അത്രയും പേനകൾ ഒന്നിനു പിറകെ മറ്റൊന്നായി ചേർത്തു വച്ചാൽ, 360 തവണ ഭൂമിയെ ചുറ്റി വരാവുന്നത്രയും നീളമുണ്ടാകുമെന്നും ആരോ എഴുതിയതും കണ്ടു. എങ്കിൽ എത്രയധികം  പ്ലാസ്റ്റിക് മാലിന്യമാണ് ഈ ഒരു കമ്പനിയുടെ പേന കൊണ്ടു മാത്രം ഭൂമിയിലുണ്ടായതെന്നാണു ഞാൻ ചിന്തിച്ചത്. യുഎസിലെ ഗാലറിയിൽ പേപ്പർ ക്രാഫ്റ്റ് ചെയ്യുമായിരുന്നു. രസത്തിനു വേണ്ടി പേപ്പർ പേനയുണ്ടാക്കുമായിരുന്നു. ഗോൾഡൻ ഗേറ്റിന്റെ ചിത്രമൊക്കെ അതിൽ വരച്ച് ഗിഫ്റ്റ് ആയി നൽകാൻ വേണ്ടിയാണു കടലാസ് പേനകളുണ്ടാക്കിത്തുടങ്ങിയത്. 

2008–10 ഒക്കെ ആയപ്പോൾ നാട്ടിൽ ഇടയ്ക്കിടെ വരാൻ തുടങ്ങിയിരുന്നു. ഇവിടത്തെ പ്ലാസ്റ്റിക് മാലിന്യ ഭീകരത കണ്ടപ്പോഴാണു ചെറിയ പ്രതിവിധിയെന്ന നിലയിൽ കടലാസ് പേനകൾ ഇവിടെയും ഉണ്ടാക്കിത്തുടങ്ങിയത്. പിന്നീടു വിത്തു പേനകളുമുണ്ടാക്കി. വിത്തും കൂടി ചേർത്ത് അതിനു പേരുമിട്ടു: പെൻ വിത് ലവ്. ഭിന്നശേഷിക്കാരായ കുറേ പേർക്കു പരിശീലനം നൽകി, വിത്തു പേനകൾ ധാരാളമായുണ്ടാക്കി. ആയിരക്കണക്കിനു നാട്ടുമ്പുറങ്ങളിൽ, പതിനായിരക്കണക്കിനാളുകൾക്കു ജീവിത മാർഗമായി തീർന്നിരിക്കുന്നു, ഇന്നു പെൻ വിത് ലവ്. 

അമ്മൂമ്മത്തിരിയുടെ കഥയിങ്ങനെ: ഭവാനിയമ്മ എന്ന എന്റെ അമ്മൂമ്മ പ്രായത്തെ വെല്ലുന്ന ഊർജമുള്ളയാളാണ്. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കണം. സന്ധ്യയ്ക്കു നാമം ജപിക്കുന്നതിനിടെ, അമ്മൂമ്മയാണു വിളക്കു തിരി തിരിച്ചുണ്ടാക്കുന്നത്. കൂടുതലുണ്ടാക്കിയാൽ അമ്മാവന്മാർക്കും മറ്റുള്ളവർക്കും നൽകാമല്ലോയെന്നാണ് ആദ്യം ചിന്തിച്ചത്. അമ്മൂമ്മയ്ക്കു സന്തോഷമായി. അങ്ങനെ ബന്ധുവീടുകളിലും വീട്ടിലെത്തുന്നവർക്കുമൊക്കെ ഗിഫ്റ്റ് ആയി വിളക്കുതിരി കൊടുത്തു തുടങ്ങി. അമ്മൂമ്മത്തിരിയെന്നു പേരുമിട്ടു. ചുമ്മാതിരിക്കാതെ, ചുമ്മാ തിരിച്ചത് അമ്മൂമ്മത്തിരി എന്നൊരു വിശേഷണവും നൽകി. എങ്ങനെയുണ്ട് ഡിമാൻഡ് എന്ന് ഒരു ദിവസം അമ്മൂമ്മ എന്നോടു ചോദിച്ചു. അവരതു നന്നായി ആസ്വദിക്കുന്നുവെന്നു മനസിലായി. 

lakshmy5

മറ്റു രണ്ടു മൂന്നു പേർ വഴിയും ഇതു പരീക്ഷിച്ചു. സംഗതി ഏറ്റു. പിന്നീട് ഒരു വയോജന കേന്ദ്രത്തിൽ ചെന്നു നോക്കാമെന്നു തീരുമാനിച്ചു. നേരം കളയാനുള്ള പരിപാടി മാത്രമല്ല, അവിടെയുള്ളവർക്കൊരു വരുമാനം കൂടിയാകുമല്ലോയെന്നും തോന്നിയപ്പോൾ അതൊരു ബിസിനസ് മോഡലിലേക്കു മാറ്റിയെടുക്കുകയായിരുന്നു. 

ഇതുപോലെ മുതിർന്നവരുടെ കഴിവുകൾ ഉപയോഗപ്പെടുത്തി മറ്റു ചില ഉൽപന്നങ്ങളുണ്ടാക്കി മാർക്കറ്റ് ചെയ്തതാണ് ‘ഗ്രാൻഡ് മാർക്ക്’ അഥവാ ‘അമ്മൂമ്മ മാർക്ക്’. 65നു മുകളിൽ പ്രായമുള്ളവരുടെ ഉൽപന്നങ്ങൾക്കാണീ ‘അമ്മൂമ്മ മാർക്കു’ണ്ടാവുക. വിരമിച്ച ഒരു പ്രഫസർ അച്ചാറാണ് ഉണ്ടാക്കുന്നത്. അതിൽ നിന്നുള്ള വരുമാനം മുഴുവൻ അവരുടെ വേലക്കാരിയുടെ മകളുടെ പഠനത്തിനാണു നൽകുന്നത്. ഇത്തരത്തിലുള്ള നന്മകളും ഇതിനൊപ്പമുണ്ട്. 

ശയ്യയുടെ ആശയം തുന്നിയതെവിടെ നിന്നായിരുന്നു?

‘ശയ്യ’ 2020 മാർച്ചിലാണു തുടങ്ങിയത്. ബെംഗളൂരുവിലേക്കുളള യാത്രയ്ക്കിടെ പാതയോരത്തു 2 പിഞ്ചുകുഞ്ഞുങ്ങൾ െവറും നിലത്തു കിടക്കുന്നതു കണ്ടപ്പോഴാണ്, ഇവർക്കു ചെറിയൊരു കിടക്ക എങ്ങനെ കൊടുക്കാമെന്നാലോചിച്ചത്. ടെയ്‌ലറിങ് വേസ്റ്റ് പിഞ്ഞിയിട്ട്, കോസടി മാതൃകയിലുള്ള കുഞ്ഞു കിടക്കകളുണ്ടാക്കുകയായിരുന്നു. കാര്യമായ ചെലവില്ലാതെ കുഞ്ഞുകിടക്കകളുണ്ടായി. കോവിഡ് കാലത്തെ തൊഴിലില്ലായ്മയും പിപിഇ കിറ്റ് നിർമാണത്തിലുണ്ടാകുന്ന കട്ടിങ് വേസ്റ്റും മറ്റൊരു പ്രതിസന്ധിയായിരുന്നു.  ഇതും ശയ്യയിൽ കൂട്ടിയിണക്കി. പിപിഇ, മാസ്ക്  എന്നിവയുടെ നിർമാണത്തിലെ കട്ടിങ് വേസ്റ്റും പഴകിയ തുണികളും മറ്റുമൊക്കെ ഉപയോഗിച്ച് ശയ്യ എന്ന കുഞ്ഞു കിടക്കകളുണ്ടാക്കി. ഇതിനു വലിയ വൈദഗ്ധ്യമോ പരിശീലനമോ വേണ്ട. മാത്രമല്ല, സംസ്ഥാനത്തെ പഞ്ചായത്തുകളിൽ 50 കിടക്കകളുള്ള എഫ്എൽടിസികൾ വേണമെന്ന സംസ്ഥാന സർക്കാരിന്റെ നിർേദശവുമുണ്ടായിരുന്നു. എഫ്എൽടിസികൾക്ക് ആവശ്യമായ കിടക്കകൾ ഉൽപാദിപ്പിക്കാനായി, പിപിഇ വേസ്റ്റ് ഉപയോഗിച്ചു. നിർമാണ വിഡിയോ വ്യാപകമായി പ്രചരിപ്പിച്ചു. കോവിഡ് കാലത്തെ തൊഴിലില്ലായ്മയ്ക്കു പരിഹാരവുമായി.  

9 ടൺ പിപിഇ കിറ്റ് കട്ടിങ് വേസ്റ്റാണ് ശയ്യയിൽ സംസ്ഥാനമാകെ ഉപയോഗിച്ചത്. ജലാശയങ്ങളിലും റോഡുവക്കിലും അടിഞ്ഞു കൂടുകയോ, കത്തി വായുമലിനീകരണത്തിനിടയാക്കുകയോ ചെയ്യേണ്ടിയിരുന്ന മാലിന്യമാണ് ഒറ്റയടിക്കില്ലാതായത്. മനുഷ്യനുള്ളിടത്തോളം വസ്ത്രങ്ങളുണ്ടാകും. ഡ്രസ് കട്ടിങ് വേസ്റ്റുണ്ടാകും. ശയ്യയുണ്ടാകും. 

ആരോടാണ് ആശയങ്ങൾ ആദ്യം ചർച്ച ചെയ്യുക?

അമ്മയോട് ആദ്യം പറയും. പിന്നെ, യുഎസിലെ സുഹൃത്ത് അഞ്ജുവിനോട്. പിന്നെ മറ്റു ചില മെന്റർമാരുണ്ട്. നടക്കാൻ സാധ്യതയുണ്ടെങ്കിൽ മാത്രമേ അവർ ഇടപെടാറുള്ളൂ.  

ടോയിലെസ്സിനെ പറ്റി?

ഏറ്റവും പുതിയ പദ്ധതിയാണിത്. വനിതകളുടെ ശുചിമുറി. എന്നും ചിന്തിക്കുന്ന കാര്യമാണിത്. എന്തുകൊണ്ടാണു നമുക്കു വൃത്തിയുള്ള ശുചിമുറികൾ ലഭിക്കാത്തത്? ശുചിമുറികളില്ലാത്തതല്ല പ്രശ്നം. അവ വൃത്തിയായി സൂക്ഷിക്കാത്തതാണ്. വൃത്തിയായി സൂക്ഷിക്കാനുള്ള ചെലവ് സർക്കാരിനു താങ്ങാൻ കഴിയില്ല. സന്നദ്ധ സംഘടനകൾക്കും പരിമിതിയുണ്ട്. അവിടെയും സ്വകാര്യ സംരംഭങ്ങളുമായി ബന്ധപ്പെടുത്തുകയാണു വഴിയെന്നു തോന്നി. പാതയോരങ്ങളിൽ എത്രയോ സംരംഭകരുണ്ട്? പെട്രോൾ പമ്പുകളിൽ, ശുചിമുറി സൗജന്യമായി നൽകണമെന്നതിനാൽ അവർ അവ വൃത്തിയായി നോക്കണമെന്നില്ല. ഹോട്ടലുകളും ചെറിയ സ്ഥാപനങ്ങളുമൊക്കെയില്ലേ? 

നമ്മുടെ കല്യാണമണ്ഡപങ്ങളെല്ലാം വർഷത്തിൽ പകുതിയോളം ദിവസങ്ങളിൽ അടച്ചിട്ട നിലയിലാണ്. ഇവരുടെ ശുചിമുറികളൊക്കെ സൗകര്യങ്ങൾ വർധിപ്പിച്ച് ഉപയോഗിക്കാം. അതായത്, പുതിയ ശുചിമുറികൾ നമ്മളുണ്ടാക്കേണ്ട കാര്യമില്ല. സ്വകാര്യ സംരംഭങ്ങൾക്ക് പൊതുശുചിമുറികൾ ക്രമീകരിക്കാനും അവ നന്നായി പരിപാലിക്കാനും സാധിക്കും. ചെറിയ ഫീസ് വാങ്ങണം. മുപ്പതോ അൻപതോ രൂപ നൽകുന്നതിൽ തെറ്റില്ല. ശുചിമുറിയിൽ, എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടാകണം.  

യാത്രയ്ക്കിടെ അൽപനേരം വിശ്രമിക്കാനും ഉല്ലസിക്കാനും ചായ കുടിക്കാനുമൊക്കെയുള്ള സംവിധാനങ്ങൾ, ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള സൗകര്യം ഇതൊക്കെയുണ്ടാകുമ്പോൾ ശുചിമുറിയുടെ നിലവാരവും വർധിക്കും. ഇതിന്റെ സാങ്കേതികത്വവും ഇക്കാലത്തു പ്രശ്നമാണ്. 

ഇത്തരം ഹൈ എൻഡ് ശുചിമുറികൾ എവിടെയാണുള്ളതെന്നു ജനങ്ങളെ അറിയിക്കാൻ എന്താണു വഴി?

ആപ്പുണ്ടാക്കാൻ 10 ലക്ഷം രൂപയാകും. അതിനു പകരം, ഇൻസ്റ്റാഗ്രാം വഴി ലൊക്കേഷൻ നൽകാൻ തീരുമാനിച്ചു. നഗരപ്രാന്തത്തിലുള്ള പൂച്ചെടികളുടെയും വളർത്തുമൃഗങ്ങളുടെയും നഴ്സറികള്‍ക്കടുത്ത് ഇത്തരം ഹൈ എൻഡ് ശുചിമുറിയുണ്ടാക്കി ഉപയോഗപ്പെടുത്താം. ശുചിമുറി ഉപയോഗിക്കാൻ കയറുന്നവർ, എന്തായാലും 2 ചെടി വാങ്ങും. ഇതു തന്നെയാണു ചായക്കടകളിലും ചെറിയ സ്റ്റോറുകളുടെയും കാര്യത്തിൽ സംഭവിക്കുക. ഇതിനുമൊരു പേരിട്ടു. ടോയ്‌ലെറ്റ്സിൽ നിന്നു രണ്ടാമത്തെ ടി മാറ്റി, ഒരു എസ് പകരം ചേർത്തു. ടോയ്‌ൽ ലെസ് ആയി. പ്രയാസമില്ലാതെയന്നർഥം. ഫ്രീഡം എന്നൊക്കെ ആലോചിച്ചിരുന്നതാണ്. എവിടെയെങ്കിലും കയറി ഇവിടെ ഫ്രീഡം റൂം ഉണ്ടോ എന്നു ചോദിക്കുമ്പോൾ ആളുകൾ അമ്പരന്നു പോകില്ലേ? അതുകൊണ്ട്, ടോയിൽലെസ് അങ്ങുറപ്പിച്ചു.  ‌

പദ്ധതികളുടെ പേരുകളെല്ലാം കൗതുകകരമാണല്ലോ?

പദ്ധതികളുടെ പേരുകളൊക്കെ സ്വയം കണ്ടുപിടിച്ചതാണ്. ജ്വാല പുരസ്കാരത്തിനു ശേഷം മമ്മൂക്കയെ കണ്ടപ്പോൾ, അമ്മൂമ്മത്തിരിയെന്ന പേരിനെ അദ്ദേഹം അഭിനന്ദിച്ചു. അദ്ദേഹം ആ പേര് ഒരുപാട് ആസ്വദിച്ചുവെന്നു തോന്നുന്നു. അങ്ങനെയാണ്, പേരിലും വ്യത്യസ്തയ്ക്കു ശ്രമിച്ചതും െപൻ വിത് ലവ് ഇട്ടതും. ആ പേരിനെയും മമ്മൂക്ക അഭിനന്ദിച്ചു. ഞാൻ എല്ലാം വിഷ്വലൈസ് ചെയ്യുന്നയാളാണ്. എഴുതുമ്പോൾ, അത്തരം പേരുകളൊക്കെ അങ്ങു വന്നുപോകുന്നതാണ്. ഇപ്പോൾ, അത്തരം നൈസ് പേരുകളില്ലാതെ പദ്ധതി പുറത്തു പറയാൻ പറ്റില്ലെന്ന അവസ്ഥയാണ്. പദ്ധതി പറഞ്ഞാലുടൻ ചോദ്യം വരും: പേരെന്താണ്?

സംരംഭക പദ്ധതികളെ ജനസമൂഹവുമായി ബന്ധപ്പെടുത്താനുള്ള പ്രേരണയെന്താണ്?

സമൂഹത്തോടുള്ള സ്േനഹവും അടുപ്പവും എന്റെ ജനിതകത്തിൽ തന്നെയുണ്ടായിരിക്കണം. ഇത്രയും നല്ല കുടുംബത്തിൽ പിറന്നു വീണതാണ് എന്റെ ഏറ്റവും വലിയ സൗഭാഗ്യം. റബർ ബോർഡ് കമ്മിഷണറായിരുന്നു അച്ഛൻ പി.കെ. നാരായണൻ. അദ്ദേഹം പ്രാദേശിക സമൂഹത്തെ ഉൾക്കൊള്ളുന്നതിലും അവരിലേക്കിറങ്ങുന്നതിലും കാണിക്കുന്ന ശ്രദ്ധയും ആത്മാർഥതയും ഞാൻ കണ്ടിട്ടുണ്ട്. താജിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ സഫാരി സൂട്ട് ധരിക്കുന്ന അച്ഛൻ, വഴിയിൽ വച്ച് അതു മാറ്റി മുണ്ടും ഷർട്ടും ധരിച്ച്, തോളത്തൊരു തോർത്തുമിട്ടാണു റബർ കർഷകരുടെ ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുക. കർഷകരുടെ ഇടയിലേക്കിറങ്ങാനും വിശ്വാസം പിടിച്ചു പറ്റാനും അവരിലൊരാളാണു താനെന്നു തോന്നിക്കാനും വേഷത്തിനു പോലും പങ്കുണ്ടെന്നു തിരിച്ചറിഞ്ഞിരുന്നു, അദ്ദേഹം.  കർഷകർക്ക് അദ്ദേഹത്തോടു നല്ല മതിപ്പുണ്ടായിരുന്നു. ഏതു ബന്ധുവീട്ടിലും ഞങ്ങളെ അച്ഛൻ ഒപ്പം കൂട്ടുമായിരുന്നു. എല്ലാവരുമായും നല്ല ആഴത്തിലുള്ള, ആത്മാർഥമായ ബന്ധം അദ്ദേഹം പുലർത്തി. ഇതൊക്കെ എന്റെ ചിന്തകളെയും രൂപപ്പെടുത്തിയിട്ടുണ്ട്. അമ്മ ശ്രീദേവിയും ഇതുപോലെ തന്നെയായിരുന്നു. റബർ ബോർഡിന്റെ ക്വാർട്ടേഴ്സ് വളപ്പിലെ ജോലിക്കാർക്ക് എന്തെങ്കിലും മുറിവു പറ്റിയാൽ നേരെ ക്വാർട്ടേഴ്സിലേക്കാണു കൊണ്ടുവരിക. ഏതു സമയത്തും അവർക്കു കയറിവരാവുന്ന സ്ഥലം. പ്രാഥമിക ശുശ്രൂഷ കിട്ടുമെന്ന ഉറപ്പ്. 

മാവിലെ മാങ്ങ എല്ലാവർക്കും അവകാശപ്പെട്ടതായിരുന്നു. കമ്യൂണിറ്റി ലിവിങ് ആയിരുന്നു.  അവിടെ. അമ്മ ഒരു ചുവടു മുന്നിലായിരുന്നു. യുഎസിൽ സൂപ്പർമാർക്കറ്റ് ശൃംഖല നടത്തുന്ന ജ്യേഷ്ഠൻ വാസുദേവും ഇതേ രീതിയിലാണു മറ്റുള്ളവരോട് ഇടപെട്ടിരുന്നത്. അപ്പൂപ്പനും മുത്തശ്ശനും (അമ്മയുടെ അച്ഛനും അച്ഛന്റെ അച്ഛനും) അവരവരുടെ നാടുകളിൽ സാമൂഹ്യപ്രവർത്തനം നടത്തിയവരാണ്. 

രാഷ്ട്രീയത്തിലിറങ്ങിയാൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റില്ലേ?

ഒരിക്കലുമില്ല. രാഷ്ട്രീയനേതാക്കൾക്ക് ഒരുപാട് ജോലിയുണ്ട്. എനിക്കു ചെറിയ കാര്യങ്ങൾ ഭംഗിയായി ചെയ്യാൻ പറ്റും. ഒന്നും കടലാസിൽ മാത്രമായിരിക്കുന്നത് എനിക്കിഷ്ടമല്ല. ആളുകൾക്ക് അതു തൊട്ടറിയാൻ പറ്റുന്ന രീതിയിലായാൽ മാത്രമേ പുറത്തു പറയാറുള്ളൂ. 

ലക്ഷ്മിയുടെ ലക്ഷ്യങ്ങൾ?

എനിക്കു തോന്നുമ്പോഴൊക്കെ യാത്ര ചെയ്യണം. എല്ലാം കുതൂഹലങ്ങളോടെയും കൗതുകത്തോടെയും കണ്ട്, തൊട്ടു നോക്കിയങ്ങനെ പോകണം. മാർക്കറ്റിങ്ങിനെ പറ്റി, ടാർഗറ്റിനെ പറ്റി വേവലാതി പൂണ്ട് ഒരിടത്തു തന്നെ കെട്ടിപ്പൂട്ടിയിരിക്കാൻ പറ്റില്ല. നേടിയതിലൊക്കെ വളരെ സന്തോഷവതിയാണ്. വിത്തുപേനയ്ക്കു ഗ്ലോബൽ പേറ്റന്റ് എടുത്തിട്ടുണ്ട്. അത്, സ്വന്തമായി പണമുണ്ടാക്കാനല്ല. മറ്റാരെങ്കിലും പേറ്റന്റ് എടുക്കുകയും മറ്റുള്ളവർക്കു സ്വന്തമായി വിത്തുപേന ഉൽപാദിപ്പിക്കാൻ സാധിക്കാത്ത സാഹചര്യം വരാതിരിക്കുകയും ചെയ്യാനാണ്. പലേടത്തും ഇപ്പോൾ വിത്തുപേനയുണ്ടാക്കുന്നുണ്ട്. ശയ്യയടക്കമുള്ള പദ്ധതികളിൽ പലരും അനുമതി ചോദിച്ചിരുന്നു. ശയ്യ സ്വന്തമായി, സ്വതന്ത്രമായി ഉണ്ടാക്കുന്നതിനു സഹായിക്കുന്ന വിഡിയോ അന്നു തൊട്ടേ പ്രചരിപ്പിച്ചിരുന്നു.

വസ്ത്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ലിംഗസമത്വം ഇപ്പോൾ ചർച്ചയാകുന്നുണ്ടല്ലോ?

വസ്ത്രങ്ങൾ ഓരോരുത്തരുടെ വ്യക്തിഗത തീരുമാനമാണ്. സാരിയുടുത്ത് എനിക്കു പല ജോലികളും ചെയ്യാൻ പറ്റില്ല. പക്ഷേ, എന്റെ അമ്മ അതൊക്കെ നിസാരമായി ചെയ്യും. ജ്യേഷ്ഠന്‍ വാസുദേവിനു നാട്ടിൽ വന്നാൽ മുണ്ടുടുക്കണമെന്നു നിർബന്ധമാണ്. യൂനിഫോമിന്റെ കാര്യത്തിലും ഇതു തന്നെയാണ് എന്റെ സമീപനം. ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ. വിദ്യാർഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനുള്ള ചർച്ചയാണു വേണ്ടത്. 

പ്രഫഷനൽ പശ്ചാത്തലം?

ഹോം സയൻസ് ബിരുദത്തിനു േശഷം ചെന്നൈയിൽ ഫാഷൻ ഡിസൈനിങ് പഠനം. പിന്നീട് യുഎസിൽ ജ്വല്ലറി ഡിസൈനിങ് ജോലി.  ന്യൂയോർക്ക് ഫാഷൻ വീക്കിനു ജ്വല്ലറി ഡിസൈൻ ചെയ്തു. 2000ൽ ‍ഡിസി ബുക്സിന്റെ കോർപറേറ്റ് ഓഫിസ് ഡിസൈൻ ചെയ്തു. ഇതായിരുന്നു പ്രഫഷനലായി ആദ്യത്തെ ജോലി. പിന്നീടാണു യുഎസിലേക്കു പോയി. ഗാലറിയിൽ പേപ്പർ പ്രൊഡ്ക്ട്സിന്റെ ജോലികൾ. ഡിസൈൻ വർക്കുകളുമുണ്ടായിരുന്നു. ജോൺസ് അംബ്രല്ലയുടെ കോർപറേറ്റ് ഓഫിസ്, സിയാൽ, ജ്വല്ലറി, വീടുകൾ, റസ്റ്ററന്റുകൾ എന്നിവയുടെ ഇന്റീരിയർ ഡിസൈനിങ്. ഇപ്പോഴും സിലക്ടീവായി ഇത്തരം ജോലികൾ നിർവഹിക്കുന്നുണ്ട്. വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നുണ്ട്. കോട്ടയത്തു ജനിച്ച ലക്ഷ്മി, ഇപ്പോൾ  എറണാകുളം കാഞ്ഞിരമറ്റം ആര്യങ്കാവിൽ താമസിക്കുന്നു.

സർക്കാർ സഹായം, പിന്തുണ? 

എല്ലാ പദ്ധതികളും സർക്കാരിനു നന്നായി ഏറ്റെടുത്തു ചെയ്യാവുന്നവയാണ്. പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും. അധികം ചെലവുമുണ്ടാകില്ല. 

ആശയങ്ങളുടെ കുഞ്ഞു പൂമ്പാറ്റകൾ ഇനിയും ലക്ഷ്മി എൻ.മേനോന്റെ വിരൽത്തുമ്പിൽ നിന്നു പറന്നുയരുമെന്നും അവ സമൂഹത്തിന്റെ കണ്ണീരൊപ്പുമെന്നും നമുക്കു പ്രതീക്ഷിക്കാം.

English Summary: Interview with Lakshmi N Menon, the Master Brain Behind Useful Ideas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA