ADVERTISEMENT

മലയാള സിനിമയുടെ സുവർണകാലഘട്ടമായ തൊണ്ണൂറുകളിൽ സജീവ സാന്നിധ്യമായിരുന്ന വലിയ കണ്ണുകളുള്ള സുന്ദരി നായിക. ആ കാലഘട്ടത്തിലെ മറ്റ് പല നായികമാരെയും പോലെ വിവാഹശേഷം സിനിമയോടു വിട പറഞ്ഞ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയ മലയാളത്തിന്റെ സ്വന്തം സുചിത്ര. നിരവധി കഥാപാത്രങ്ങൾ ചെയ്തെങ്കിലും ഇപ്പോഴും അറിയപ്പെടുന്നത് നമ്പർ 20 മദ്രാസ് മെയിൽ സുചിത്ര എന്നാണ്. അമേരിക്കയിൽ ഐടി പ്രഫഷനലായി ജീവിക്കുന്ന നമ്മുടെ സ്വന്തം സുചിത്രയ്ക്ക് പറയാനേറെയുണ്ട്. നമ്പർ 20 മദ്രാസ് മെയിൽ, അന്നത്തെ സിനിമാ ജീവിതം, സൗകര്യങ്ങൾ, കുടുംബം, നിലപാട് എന്നിങ്ങനെ നിരവധി വിശേഷങ്ങളുമായി സുചിത്ര മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

നമ്പർ 20 മദ്രാസ് മെയിലിൽ തുടക്കം

നമ്പർ 20 മദ്രാസ് മെയിലാണ് ഒഫിഷ്യലി എന്റെ ആദ്യ ചിത്രം. എന്നാൽ ഞാൻ ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത് ഒരു ഹിന്ദി മൂവിക്ക് വേണ്ടിയാണ്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ. എൻസിസി കെഡറ്റ്സിന്റെ കഥ പറയുന്ന ചിത്രമായിരുന്നുവത്. അതിൽ ചെറിയ ഒരു റോളിൽ അഭിനയിച്ചു. അതാണ് ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച സിനിമ. അന്നത്തെ ഒരു ഫിലിം മാഗസിനിൽ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച മലയാളി പെൺകുട്ടി എന്ന് പറഞ്ഞ് ഒരു ലേഖനവും ചിത്രവുമൊക്കെ വന്നു, അത് കണ്ടിട്ടാണ് ജോഷി സർ നമ്പർ 20 മദ്രാസ് മെയിലിലേക്ക് ക്ഷണിക്കുന്നത്.

കഥയെക്കുറിച്ചോ സൂപ്പർസ്റ്റാറുകളാണെന്നോ അറിഞ്ഞിരുന്നില്ല

നമ്പർ 20 മദ്രാസ് മെയിലിന്റെ കഥയെക്കുറിച്ചോ ഒരു സൂപ്പർസ്റ്റാർ മൂവി ആണെന്നോ അറിയില്ലായിരുന്നു. പിആർഒ വാഴൂർ ജോസ് വീട്ടിലേക്ക് വന്ന് രണ്ട് ഫ്ലൈറ്റ് ടിക്കറ്റ് തന്നു. ഉച്ച വരെ ജോഷി സാർ കൊച്ചിയിൽ ഉണ്ട്, ഉടനെ അദ്ദേഹത്തെ കാണണം എന്ന് പറഞ്ഞു. അങ്ങനെ കൊച്ചിയിൽ എത്തി ജോഷി സാറിനെ കണ്ടു. ആദ്യം സ്ക്രീൻ ടെസ്റ്റ് ഇല്ലായിരുന്നു. ജോഷി സാർ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. എന്നെ നോക്കിയിട്ട് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്നു മറുപടിയും നൽകി. അച്ഛൻ സിനിമാ മേഖലയിൽ ആയതുകാരണം അച്ഛനോട് മുൻപു ഞാൻ മൂവിയിൽ അഭിനയിച്ചിട്ടുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങൾ സംസാരിച്ചു. പിറ്റേന്ന് ചെന്നെയിലായിരുന്നു സ്ക്രീൻ ടെസ്റ്റ്. അപ്പോഴും എനിക്കറിയില്ലായിരുന്നു മമ്മൂട്ടി, മോഹൻലാൽ എന്നിവരാണ് എന്റെ കൂടെ അഭിനയിക്കുന്നതെന്ന്.

suchithra1

മലയാള സിനിമ എന്നെ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല

ഭംഗിയുള്ള നായിക എന്നതിൽ ഒതുങ്ങിപ്പോയെന്ന് എന്നെ അറിയാവുന്ന എല്ലാ മലയാളി പ്രേക്ഷകർക്കും അറിയാവുന്ന സത്യമാണ്. നിർഭാഗ്യം എന്ന് വിളിക്കാമെങ്കിലും ഇപ്പോൾ തിരിഞ്ഞുനോക്കാനും പശ്ചാത്തപിക്കാനും ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇത് എന്റെ വിധി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ഭയങ്കര സ്റ്റാർ ആയി തിളങ്ങി നിന്നിരുന്നെങ്കിൽ എന്റെ ജീവിതം വേറെ എന്തെങ്കിലും രീതിയിൽ, മറ്റൊരു ദിശയിലേക്ക് പോകുമായിരുന്നു. ഇപ്പോൾ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്. എനിക്ക് ഭാഗ്യം ഉണ്ടായിരുന്നില്ല എന്ന് പറയാൻ എനിക്ക് ആഗ്രഹമില്ല, മലയാള സിനിമ എന്നെ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല. അതിനു കാരണം എന്റെ ഭാഗത്തുനിന്ന് പ്രോപ്പർ ആയിട്ട് പിആർ ഉണ്ടായില്ല. റോൾ തിരഞ്ഞെടുക്കുന്ന രീതി, സ്ക്രിപ്റ്റ് ഇവയെല്ലാം സൂക്ഷ്മമായി നോക്കുമായിരുന്നു.

ബാലചന്ദ്രമേനോൻ സിനിമയിലേ നായികയായിരുന്നെങ്കിൽ...

സിനിമ ഓരോരുത്തരുടെ ഭാഗ്യം കൂടിയാണ്. നമ്പർ 20 എന്ന ഇത്രയും വലിയ ഹൈപ്ടെപ് മൂവിയിലല്ലാതെ, സാധാരണ ബാലചന്ദ്രമേനോൻ പരിചയപ്പെടുത്തുന്ന സിനിമയിലെ നായികയായിട്ടോ മറ്റേതെങ്കിലും മലയാള ചിത്രത്തിലൂടെയോ വന്നിരുന്നുവെങ്കിൽ എന്റെ തലയിലെഴുത്ത് ചിലപ്പോൾ വേറെ രീതിയിൽ ആയേനെ. സൂപ്പർസ്റ്റാർസ് ഹൈപ്ടെപ് മൂവിയായിരുന്നുവത്. പുതുമുഖനായികയ്ക്ക് വേണ്ടുന്ന പ്രാധാന്യം എനിക്ക് കിട്ടിയോ എന്ന് ചോദിച്ചാൽ കുറച്ചുകൂടെ ആകാമായിരുന്നു എന്നാണ് ഇപ്പോഴും തോന്നുന്നത്. അത് ആരുടെയും കുറ്റംകൊണ്ടല്ല. മമ്മൂട്ടിയും മോഹൻലാലുമുള്ള സിനിമ അന്നത്തെ കാലത്ത് ചെയ്യണമെങ്കിൽ അവരെ മാത്രമാകും സിനിമയിൽ ഫോക്കസ് ചെയ്യുക. അല്ലാതെ ആ സിനിമയിലെ പുതുമുഖ നായികയ്ക്കല്ല അവിടെ പ്രാധാന്യം. ഇതൊക്കെ നമ്മുടെ പരാതികളാണ്. എന്താണോ നമുക്ക് വിധിച്ചിരിക്കുന്നത്, അതേ കിട്ടുകയുള്ളൂ എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

നല്ല ഓഫറുകളില്ലാതെ വിഷമിച്ച കാലം

നമ്പർ 20 റിലീസ് ആകുന്നതിന് മുൻപു തന്നെ ഇൻഡസ്ട്രിയിൽ എല്ലാവരും പറഞ്ഞു ഇനി നിലം തൊടില്ല, അത്രയ്ക്ക് തിരക്കായിരിക്കും എന്നൊക്കെ. അതിനാൽ എനിക്കും ഭയങ്കര പ്രതീക്ഷയായിരുന്നു. സത്യം പറഞ്ഞാൽ നമ്പർ 20 മദ്രാസ് മെയിൽ റിലീസ് ചെയ്തതിന് ശേഷം ഒറ്റ ഓഫർ പോലും ലഭിച്ചില്ല. റിലീസ് ആയി രണ്ടു മാസമായിട്ടും ഓഫർ ഒന്നും വരാതിരുന്നപ്പോൾ ജോഷി സാറിനെ വിളിച്ച് ചോദിച്ചു. വിഷമിക്കേണ്ട, അതൊക്കെ വരും എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയിരിക്കെ തമിഴിൽനിന്ന് ഓഫർ വന്നു. ആ പടം ചെയ്തുകഴിഞ്ഞ് തിരിച്ചുവന്നതിനു ശേഷവും ഓഫറുകൾ കിട്ടാതെ വന്നപ്പോൾ ആകെ നിരാശയായി. മലയാളത്തിൽ നല്ലൊരു ഓഫർ അപ്പോഴും വന്നില്ല.

ആ പടം ചെയ്യേണ്ടിയിരുന്നില്ല

അങ്ങനെയിരിക്കുമ്പോഴാണ് ആ സമയത്ത് ഒരു പടം ചെയ്യാൻ ഓഫർ വരുന്നത്. പേരെടുത്തു പറയാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ തോന്നുന്നു ആ പടം ചെയ്യേണ്ടിയിരുന്നില്ല എന്ന്. അങ്ങനെ ഉള്ള രണ്ടു മൂന്നു സിനിമകൾ ഞാൻ നിരാശയായിരുന്ന സമയത്ത് ചെയ്തു. അതെന്റെ കരിയറിനെ വല്ലാതെ ബാധിച്ചു. കമ്മിറ്റ് ചെയ്യേണ്ടായിരുന്നു, കുറച്ചുകൂടെ കാത്തിരിക്കാമായിരുന്നു എന്നു തോന്നിയിട്ടുണ്ട് പിന്നീട്.

മിമിക്സ് പരേഡ് പോലുള്ള ചിത്രങ്ങൾ ചെയ്യില്ലെന്നു തീരുമാനിച്ചതാണ്

മിമിക്സ് പരേഡ് പോലുള്ള കോമഡി പടങ്ങൾ ചെയ്യേണ്ടായിരുന്നു എന്ന് തോന്നുമ്പോഴാണ് മിമിക്സ് പരേഡ് ഹിറ്റായി 100 ദിവസം ഓടുന്നത്. അതോടെയാണ് 10 പടങ്ങൾ ആ ഗ്രൂപ്പിനെവച്ച് എടുക്കുന്നത്. അത് തള്ളിക്കളയാനും പറ്റില്ലായിരുന്നു. കാരണം നല്ല ഓഫറുകൾ ഒന്നും ആ സമയത്ത് ഇല്ലായിരുന്നു. മാന്ത്രികചെപ്പ്, മിമിക്സ് പരേഡ്, കാസർകോഡ് കാദർഭായ് തുടങ്ങിയ പടങ്ങൾ ആ സമയത്ത് മിനിമം ഗ്യാരന്റിയോടു കൂടി വിജയിച്ച പടങ്ങളാണ്. ഇനിയിപ്പോൾ വെയ്റ്റ് ചെയ്തിട്ട് കാര്യമില്ല, വരുന്നത് സ്വീകരിക്കുക എന്നുള്ള രീതിയിൽ പോയതുകൊണ്ടാണ് എന്റെ കരിയറിന്റെ അവസാനം വരെ അങ്ങനെയുള്ള പടങ്ങൾ ചെയ്തത്.

അച്ഛന് മകളെ ഫിലിം സ്റ്റാർ ആക്കണമെന്നായിരുന്നു ആഗ്രഹം

ഞാൻ അച്ഛന്റെ  പ്രിയപ്പെട്ട മകളാണ്. അച്ഛന്റെ സിനിമാ സ്വപ്നങ്ങളെല്ലാം എന്നിൽകൂടി പൂർത്തീകരിക്കാനാണു ശ്രമിച്ചത്. പണ്ട് വാക്സിനേഷൻ എടുക്കുമ്പോൾ അച്ഛൻ ഡോക്ടറോടു പറഞ്ഞു, ഭാവിയിലെ ഹീറോയിൻ ആകാൻ ഉള്ളതാണ്, സ്ലീവ്‌ലെസ് ഒക്കെ ഇടാനുള്ളതാണ് അതിനാൽ വാക്സിനേഷൻ കൈയുടെ മുകളിലേക്ക് മാറ്റി എടുക്കണമെന്ന്. ഇത് അമ്മ പറഞ്ഞുള്ള അറിവാണ്. അച്ഛന് അത്രയും ആഗ്രഹവും സ്വപ്നവുമായിരുന്നു ഞാൻ സിനിമയിലേക്ക് വരണമെന്നുള്ളത്. 80 കളിൽ ബാലചന്ദ്ര മേനോന്റെ സിനിമകളിലൂടെ കാർത്തിക, പാർവതി ഒക്കെ വന്ന സമയത്ത് അദ്ദേഹത്തിന്റെ സിനിമയിലൂടെ ഞാൻ വരണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. നായിക അല്ലെങ്കിലും മേനോൻ സാറിന്റെ പടങ്ങൾ പിന്നീട് ചെയ്തിട്ടുണ്ട്. 

അമ്മ അസോസിയേഷനിലെ ആദ്യത്തെ പെൺകുട്ടി

അമ്മ അസോസിയേഷനിലേക്ക് എന്നോടു വരാൻ പറയുന്നത് ബാലചന്ദ്ര മേനോൻ സാറാണ്. ‘‘അസോസിയേഷനിലെ ആദ്യത്തെ പെൺകുട്ടി സുചിത്രയാണ്.  സുചിത്രയക്ക് ഒരു മികച്ച അഡ്മിനിസ്ട്രേറ്ററാകാൻ കഴിയും. ആ ക്വാളിറ്റിയാണ് എനിക്ക് സുചിത്രയിൽ ഹൈലൈറ്റഡ് ആയിട്ട് തോന്നിയത്’’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഉർവശി പണ്ടു മുതലേ പറയുമായിരുന്നു ഒരു അഡ്മിസിട്രേറ്റർ അല്ലെങ്കിൽ എക്സിക്യൂട്ടീവ് എന്ന നിലയിൽ സുചിത്ര തിളങ്ങും എന്ന്. ഞാൻ മൂത്ത കുട്ടിയായതുകൊണ്ടും മിലിറ്ററി ഓഫിസറുടെ മകൾ ആയതുകൊണ്ടും എനിക്ക് എല്ലാകാര്യത്തിലും അടുക്കും ചിട്ടയും ചെറുപ്പം മുതലേ ഉണ്ട്. അതായിരിക്കാം ഒരു ഓഫിസ് ഇൻചാർജ് എന്ന നിലയിൽ ഞാൻ മാനേജ് ചെയ്യും എന്ന വിശ്വാസം മേനോൻ സാറിനു വന്നത്.

suchithra4

തമിഴിലെ ആദ്യ ചിത്രം, പി.സി.ശ്രീറാമിന്റെ ക്യാമറ മാജിക്

നമ്പർ 20 റിലീസ് ആയി കുറച്ച് കഴിഞ്ഞപ്പോഴാണ് ഗോപുരവാസൽ എന്ന തമിഴ് പടത്തിലേക്ക് പുതിയ ഹീറോയിനെ നോക്കുന്നുണ്ട് മദ്രാസിലേക്ക് വരൂ എന്ന് പറയുന്നത്. കരുണാനിധിയാണ് പ്രൊഡ്യൂസർ. ചെന്നൈയിലേക്ക് പോകാൻ എയർപോർട്ടിൽ അച്ഛനും ഞാനും നിൽക്കുമ്പോഴാണ് സംവിധായകൻ പ്രിയദർശനെയും സുരേഷ് കുമാറിനെയും കാണുന്നത്. അച്ഛനു നേരത്തേ പ്രിയദർശനെ അറിയാം. എങ്ങോട്ടു പോകുന്നു എന്ന് പ്രിയദർശൻ ചോദിച്ചു. ചെന്നൈയിൽ തമിഴ് പടത്തിന്റെ സ്ക്രീൻ ടെസ്റ്റിന് പോകുന്നു എന്ന് പറഞ്ഞു. ചെന്നൈയിൽ വച്ച് കാണാം എന്ന് പറഞ്ഞു. അദ്ദേഹത്തിന് അറിയില്ലായിരുന്നു അദ്ദേഹത്തിന്റെ പടത്തിന്റെ ഹീറോയിൻ ആണ് ഞാൻ എന്ന്. പ്രിയദർശന്റെയും എന്റെയും ആദ്യ തമിഴ് സിനിമ ആയിരുന്നു. അടുത്തദിവസം സ്ക്രീൻ ടെസ്റ്റിന് ചെന്നപ്പോൾ പ്രിയദർശൻ ‘ആ നീയാരുന്നോ...’ എന്ന് ചോദിച്ചു. ക്യാമറമാൻ പി.സി.ശ്രീറാം ആണ് സ്ക്രീൻ ടെസ്റ്റ് ചെയ്യുന്നത്. ശ്രീറാം ക്യാമറ എവിടെയോ വച്ചിട്ടുണ്ടായിരുന്നു. ഞാൻ നല്ല മേക്കപ്പിലായിരുന്നു. കണ്ടയുടനെ അദ്ദേഹം പറഞ്ഞു മേക്കപ്പ് എല്ലാം കളഞ്ഞിട്ട് വരൂവെന്ന്. മേക്കപ്പെല്ലാം കളഞ്ഞിട്ട് വന്നിട്ടും അദ്ദേഹത്തിന് തൃപ്തി വന്നില്ല. അവിടെ നിന്നവരെക്കൊണ്ട് വെളിച്ചെണ്ണ ഉപയോഗിച്ച് മുഖത്തെ മുഴുവൻ മേക്കപ്പും തുടച്ചു നീക്കി. ആ സ്ക്രീൻ ടെസ്റ്റ് കഴിഞ്ഞ് സ്ക്രീനിൽ കണ്ടപ്പോഴാണ് ക്യാമറ മാജിക് എന്താണെന്നൊക്കെ എനിക്ക് മനസ്സിലായത്. നാച്വറൽ ലൈറ്റും മേക്കപ്പില്ലാതെയുള്ള വ്യത്യസ്തമായ ലുക്കും. അങ്ങനൊരു ഫീൽ വല്ലാത്തൊരു മാജിക് ആയിരുന്നു. കാർത്തിക് ആയിരുന്നു ഹീറോ.. അടുത്ത ദിവസം തന്നെ ബോംബെ ഷൂട്ടിനെത്തി.

ഇഷ്ടമല്ല ഗ്ലാമറസ് റോൾ ചെയ്യാൻ

ഗോപുരവാസലിനുശേഷം മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവന്നു. ആ സമയത്ത് കുറേ തമിഴ് പടങ്ങൾ വന്നിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ, ആദ്യം വന്ന രണ്ടു സിനിമയിൽ സ്വിം സ്യൂട്ട് ഇടണമെന്ന് പറഞ്ഞു. താൽപര്യമില്ല എന്നു പറഞ്ഞ് അതിൽനിന്ന് ഒഴിഞ്ഞുമാറി. ഗ്ലാമറസ് റോൾ ചെയ്യാൻ എനിക്ക് ഇഷ്ടമല്ല. കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലെങ്കിലും മലയാളത്തിൽ ഭരതം എന്ന ചിത്രം ചെയ്തു. മലയാളം വിട്ടിട്ട് ചെന്നൈയിലേക്ക് പോകാൻ ഇഷ്ടമില്ലായിരുന്നു. മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ ഒന്നും ഞാൻ ചെയ്തിട്ടില്ല. മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിന്റെ ഒരു ഭാഗമായി. നല്ല കുറേ സുഹൃത്തുക്കളെ കിട്ടി, നല്ല മനുഷ്യരെ കണ്ടുമുട്ടാൻ പറ്റി. സമൂഹത്തെക്കുറിച്ച് പേടിയൊന്നും ഇപ്പോൾ ഇല്ല. എന്തു നേടിയെന്നു ചോദിച്ചാൽ ഒരുപാട് നേടി. എന്തു നേടിയില്ല എന്ന ചോദിച്ചാൽ ഒന്നും പറയാനില്ല. കഥാപാത്രങ്ങൾ ചെയ്യുന്നതിനേക്കാൾ എന്നെ സ്നേഹിക്കുന്ന ആളുകളെ കാണാൻ പറ്റി.

അന്നത്തെ അഭിനയമല്ല ഇന്ന്

നമ്മുടെ സൊസൈറ്റി എങ്ങനെയാണോ പോകുന്നത് അതിന്റെ നല്ല സ്വാധീനം നമുക്ക് ഉണ്ടാകും. ഇന്ന് ഒരു നടി സിനിമയിലേക്ക് വരണമെങ്കിൽ മിനിമം ആക്ടിങ് കപ്പാസിറ്റിയോ പ്രോപ്പർ ട്രെയിനിങ്ങോ ഉണ്ടായിരിക്കണം. ഇതൊക്കെ നല്ല കാര്യങ്ങളാണ്. പണ്ടുകാലത്ത് അതൊക്കെ ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടെ മെച്വേർഡ് ആയി ചിത്രങ്ങളെ അപ്രോച്ച് ചെയ്യാമായിരുന്നു എന്ന് തോന്നിയുണ്ട്. കൃത്യമായ ഫോർമൽ ട്രെയിനിങ് ഉണ്ടായിരുന്നെങ്കിൽ പല കഥാപാത്രങ്ങളും ഇതിലും മികച്ചതായേനേ. സംഭവിച്ചതൊന്നും നമ്മുടെ കൺട്രോളിൽ അല്ല. അതൊന്നും മാറ്റാനും പറ്റില്ല. അതൊക്കെ അങ്ങനെ നടക്കേണ്ടതാണ്.

സിനിമയിൽ അഭിനയിച്ചത് കഴിഞ്ഞ ഏതോ ജന്മത്തിൽ...

മിക്ക നടിമാരും കല്യാണം കഴിഞ്ഞാൽ ആ രാജ്യത്തെങ്കിലും നിൽക്കും. എന്നെ സംബന്ധിച്ച് കല്യാണം കഴിഞ്ഞ് രാജ്യം വിട്ടെന്നു മാത്രമല്ല ഞാൻ സിനിമയിൽ അഭിനയിച്ചത് കഴിഞ്ഞ ഏതോ ജന്മത്തിൽ നടന്നതുപോലെയുള്ള ഫീലാണ്. അത്രമാത്രം ഒരു കൾച്ചറൽ ഗ്യാപ് എനിക്കു സംഭവിച്ചു. എന്റെ ഹസ്ബന്‍ഡ് വർഷങ്ങളായി അമേരിക്കയിൽ ജീവിക്കുന്ന വ്യക്തിയാണ്. ഫ്രീക്വന്റ് ആയി നാട്ടിൽ വന്ന് ഷോകൾ ഒക്കെ ചെയ്യുന്ന ആളല്ലായിരുന്നു ഞാൻ. അവിടുത്തെ ജീവിതം ഒരു പുതിയ ജന്മം പോലെ ഒരു പുതിയ ജീവിതമായാണ് ഞാൻ എല്ലാം പഠിച്ചത്. നമ്മുടെ കൾച്ചറും അമേരിക്കൻ കൾച്ചറുമായി ഒരുബന്ധവും ഇല്ല. നമ്മുടെ ഇംഗ്ലിഷല്ലല്ലോ അവരുടേത്. അങ്ങനെ ഭാഷ മുതൽ എല്ലാം പഠിച്ചു.

മോളുടെ മൂന്നു നാലു വയസ്സുവരെ അവളുടെ കാര്യങ്ങളുമായി ബിസിയായിരുന്നു. പിന്നീട് മോള് സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ സമയം അധികമായി. ആ സമയത്ത് എല്ലാവരുടെയും സ്നേഹമൊക്കെ മിസ് ചെയ്യാൻ തുടങ്ങി. അങ്ങനെ ഡാൻസ് ക്ലാസ്സും പ്രോഗ്രാമും ഒക്കെ ചെയ്യാൻ തുടങ്ങി. പിന്നീടാണ് അമേരിക്കയിൽ കുറേ സർട്ടിഫിക്കേഷൻ കോഴ്സുകൾ ‍ചെയ്തത്. നാട്ടിൽ പഠിത്തം കംപ്ലീറ്റ് ചെയ്യാന്‍ പറ്റാത്തതിന്റെ വിഷമം ഉണ്ടായിരുന്നു. ഇവിടെ സമയം ഇല്ലായിരുന്നു. അവിടെ ചെന്നപ്പോൾ ധാരാളം സമയം കിട്ടി. ഹസ്ബന്‍ഡിന്റെ സഹായത്തോെട ഐടി കോഴ്സുകൾ പഠിച്ചു. ഉടനെ ജോലിയും കിട്ടി.

ഐടി ജോലിക്കൊപ്പം ഡാൻസ് ക്ലാസ്

ഐടി ഫീൽഡിലെ ജോലിയോടൊപ്പം തന്നെ ഡാൻസും കൊണ്ടുപോയി. വീക്കെൻഡുകളിലായിരുന്നു ഡാൻസ് ക്ലാസ്. ഫിലഡൽഫിയയിൽനിന്ന് ഞങ്ങൾ ഡാലസിലേക്കു മാറിയപ്പോൾ ഡാൻസ് ക്ലാസ് വളർന്നു. ഒരുപാട് കുട്ടികളെ കിട്ടി. മൂന്നു ഡാൻസ് സ്റ്റുഡിയോ തുടങ്ങേണ്ടി വന്നു. പക്ഷേ മാനേജ് ചെയ്യാൻ പറ്റാവുന്നതിലധികം ജോലി ഭാരം ആയതോടെ ഡാൻസ് ക്ലാസ്സുകൾ കുറച്ചു. പൂർണമായും ഐടിയിലേക്ക് ഫോക്കസ് ചെയ്തു.

മലയാള സിനിമയിലേക്ക്...

 

suchithra2

മലയാള സിനിമയിലെ നല്ല കഥാപാത്രങ്ങളൊക്കെ കാണുമ്പോൾ എനിക്കു ചെയ്യാമായിരുന്നു എന്നൊക്കെ തോന്നാറുണ്ട്. ഇടയ്ക്ക് ചില ഓഫറുകളൊക്കെ വന്നിട്ടുമുണ്ട്. പക്ഷേ യാത്രയുടെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. തിരിച്ചുവന്നാലും നായികയായി നല്ല വേഷങ്ങൾ തന്നെ ചെയ്യണമെന്നാണ് ആഗ്രഹം. പ്രായം ചെന്ന് നരയിട്ടൊക്കെ അഭിനയിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. പക്ഷേ ഇപ്പോൾ മൂന്നാലു വർഷമായി സിനിമയിലേക്ക് വരണമെന്ന ചിന്ത പോലും വരാറില്ല. അങ്ങനെയൊരു സ്പേസ് പോലും എനിക്കില്ല എന്നുള്ളതാണ് സത്യം. അതുപോലെ തിരക്കാണ്. സിനിമയിലേക്ക് ഒരു തിരിച്ചുവരവ് എന്തായാലും ഇപ്പോൾ ഇല്ല. 

മലയാള സിനിമയുടെ നല്ലൊരു പ്രേക്ഷക

ഇപ്പോൾ ഞാൻ നല്ലൊരു പ്രേക്ഷകയാണ്. പണ്ടൊക്കെ സിനിമ കാണുമ്പോൾ ലൈറ്റിങ്ങുമൊക്കെ ശ്രദ്ധിച്ച് സിനിമ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴത്തെ ന്യൂജെൻ സിനിമകൾ ഒരു പ്രേക്ഷകയായിട്ടു മാത്രമാണു കാണുന്നത്. അതിനു വളരെ വലിയ ഒരു സുഖമുണ്ട്. അത് എനിക്ക് നന്നായി ആസ്വദിക്കാൻ പറ്റുന്നുണ്ട്. അമേരിക്കയിൽ സിനിമകൾ തിയറ്ററിലും ഒടിടിയിലും കാണാറുണ്ട്. ഞാൻ താമസിക്കുന്നതിന്റെ അടുത്ത് തിയറ്ററുണ്ട്. അവിടെ വരുന്ന മിക്കവാറും എല്ലാ പടങ്ങളും പോയി കാണാറുണ്ട്.

സിനിമാ മേഖലയിൽ സ്ത്രീകൾക്ക് കിട്ടുന്ന സൗകര്യവും മാറി

സിനിമാ മേഖലയിൽ സ്ത്രീകൾക്ക് കിട്ടുന്ന സൗകര്യത്തെപ്പറ്റി പറയുമ്പോൾ പ്ലസും മൈനസും പറയണമല്ലോ. അന്ന് സെറ്റിലൊന്നും സ്ത്രീകൾക്ക് യാതൊരു സൗകര്യവുമില്ലായിരുന്നു. പക്ഷേ എല്ലാവരും തമ്മിൽ നല്ല ബന്ധമായിരുന്നു. ഇപ്പോൾ ആരും തമ്മിൽ പരസ്പരം യാതൊരു ബന്ധവും ഇല്ല. പണ്ടത്തെ ആൾക്കാരോടൊക്കെ സംസാരിക്കുമ്പോൾ പറയും പണ്ടത്തെപ്പോലെയല്ല ഇന്ന്, വളരെ പ്രഫഷനലായി എന്നൊക്കെ. എല്ലാത്തിലും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇപ്പോഴുള്ള സൗകര്യങ്ങളാണ് സ്ത്രീകൾക്ക് വേണ്ടത്. അവർക്ക് അവരുടേതായ പ്രൈവസി കിട്ടണം. സ്ത്രീകൾക്ക് കംഫർട്ടബിൾ ആയി ജോലി ചെയ്യേണ്ട സാഹചര്യം ഒരുക്കണം. എന്റെ ജനറേഷനിൽ സ്ത്രീകൾക്കു വേണ്ടി അധികം ആരും സംസാരിക്കില്ല. ആരെയും ചോദ്യം െചയ്യാൻ നമ്മൾ പഠിച്ചിട്ടേയില്ല. ഇന്നത്തെ നടിമാർ അങ്ങനെയല്ല.

സിനിമയിൽനിന്ന് ദുരനുഭവമില്ല

സിനിമയിൽ എല്ലാവരുടെയും എക്സ്പീരിയൻസ് വ്യത്യസ്തമാണ്. ഞാൻ സിനിമയിൽ വരുന്നത് എന്റെ അച്ഛന്റെ കെയറോഫിലാണ്. അച്ഛന് സിനിമയിൽ എല്ലാവരെയും അറിയാം. എനിക്ക് എല്ലാവരിൽനിന്നും ഒരു മകളുടെയോ കുടുംബത്തിലെ ഒരംഗത്തിനെപ്പോലെയോ ഒക്കെയുള്ള സ്നേഹമാണ് ലഭിച്ചിരുന്നത്. അവിടെ നമ്മളെ ദുരുപയോഗം ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. നമ്മുടെ വീട്ടിൽ നിൽക്കുന്ന ഒരു ഫീൽ ആയിരുന്നു ആ സമയത്ത്. അച്ഛന്റെ ഒരു പ്രൊട്ടക്‌ഷന്‍ ഉള്ളതു കൊണ്ട് എന്റടുത്ത് ആരും അങ്ങനെ മോശമായി സമീപിച്ചിട്ടില്ല.

പ്രശ്നം സിനിമാ ഫീൽഡിൽ മാത്രമല്ല

ദുരനുഭവങ്ങളുണ്ടാകുന്ന പ്രശ്നങ്ങൾ സിനിമാ ഫീൽഡിൽ മാത്രമല്ല എല്ലായിടത്തും ഉണ്ടല്ലോ. നമുക്ക് ശരിയല്ല എന്നു തോന്നുന്ന കാര്യങ്ങളിൽ നമ്മൾ പ്രതികരിച്ചിരിക്കണം. എന്റെ മോളോട് ഞാൻ പറയാറുള്ളത് ഇതാണ്.

അമേരിക്കയിലുമുണ്ട് പുരുഷമേധാവിത്വം

സ്ത്രീകൾക്ക് പുരുഷന്മാരുടെ ഒപ്പം പ്രാധാന്യം ലഭിക്കാത്ത പ്രശ്നം ഇന്ത്യയിലെയോ കേരളത്തിലെയോ മാത്രം കാര്യമല്ല. അമേരിക്കയിൽ ബിസിനസ് ചെയ്തിട്ടുള്ള ആളാണ് ഞാൻ. അവിടെപ്പോലും ഇപ്പോഴും പുരുഷമേധാവിത്വം നിലനിൽക്കുന്ന രാജ്യമാണ്. റേസ്, കളർ ഇതൊന്നും അത്ര പെട്ടെന്ന് മാറ്റാൻ സാധിക്കുന്ന കാര്യങ്ങളുമല്ല. 

ഏറ്റവും ബുദ്ധിമുട്ട് അമ്മ എന്ന റോൾ

കുടുംബവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ ഒരിക്കലും ബുദ്ധിമുട്ട് തോന്നിയിട്ടില്ല. ടൈം മാനേജ്മെന്റാണ് എല്ലാം. അതില്ലാതെ നമുക്ക് സർവൈവ് ചെയ്യാൻ പറ്റില്ല. അമേരിക്കയിൽ എല്ലാ കാര്യങ്ങളും നമ്മൾ പ്ലാൻ ചെയ്തപോലെ നടത്താൻ സാധിക്കും. അമ്മ എന്ന റോളാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. പേരന്റ് ഹുഡ് അത്ര എളുപ്പമല്ല. ഏതൊരു ജോലിക്കും 9–5 കഴിഞ്ഞാൽ നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞു. പക്ഷേ പേരന്റ് എന്ന് പറയുന്നത് ലൈഫ് ലോങ് കമ്മിന്റ്മെന്റാണ്. ഏതു ജോലിയിലും ഞാൻ എന്റെ ഭാഗം നന്നായി ചെയ്തു എന്നു തോന്നും. പക്ഷേ അമ്മ എന്ന നിലയിൽ ഞാൻ ഒരു നല്ല അമ്മയാണോ ഞാൻ ചെയ്തത് ശരിയാണോ എന്നൊക്കെ എപ്പോഴും വീണ്ടും ചിന്തിക്കും. ഒരിക്കലും നമ്മൾ കംപ്ലീറ്റ് ആണെന്ന് തോന്നില്ല. നമ്മുടെ കുഞ്ഞുങ്ങൾക്കു വേണ്ടി എന്തു ചെയ്താലും അതിനൊരു ബെഞ്ച്മാർക്കില്ല. അതൊരു ലൈഫ് ലോങ് ചാലഞ്ചാണ്.

English Summary: She Talks Special Interview With Actress Suchithra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com