ഒരു കുപ്പി ഗരംമസാലയിൽ തുടങ്ങിയ ബിസിനസ്; ആരോഗ്യം പണിമുടക്കിയപ്പോൾ ടീച്ചർ സംരംഭകയായി, ഇത് വിജയകഥ
Mail This Article
ആദ്യ വിവാഹം പരാജയപ്പെട്ടപ്പോഴും കോവിഡ് കാലത്ത് ആരംഭിച്ച ചെറുസംരംഭം വിജയം കാണാതെ പോയപ്പോഴും ശ്രീജ പിൻമാറിയില്ല. സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഢനിശ്ചയത്തിന്റെ ഫലമാണ് ഈ ഇടുക്കിക്കാരി മിടുക്കി വീട്ടമ്മയുടെ സംരംഭം. സ്വയം നേട്ടങ്ങൾ കൊയ്തെടുക്കാൻ മുതിരാതെ തനിക്കൊപ്പം ബുദ്ധിമുട്ടുന്നവരേയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരേയും കൂട്ടിയാണ് ശ്രീജയും 'നക്ഷത്ര നാച്വറൽ സ്പൈസസ് ആന്റ് പേപ്പർ പ്രൊഡക്റ്റ്സ്' ബിസിനസ് വളരുന്നത്.
“ഞാൻ ശ്രീജ. പീരുമേടാണ് സ്വദേശം. പല സാധാരണ പെൺകുട്ടികളേയും പോലെ ഡിഗ്രി കഴിഞ്ഞയുടനെ വിവാഹം കഴിപ്പിച്ചയച്ചു. എന്നാൽ അധികകാലം ആ ബന്ധം നീണ്ടുപോയില്ല. ഞങ്ങൾ ഇരുവരും ഉഭയകക്ഷിസമ്മതപ്രകാരമാണ് വിവാഹമോചിതരായത്. അതിനുശേഷമാണ് ബിഎഡ് പഠിക്കുന്നത്. വീട്ടിലെ സാഹചര്യങ്ങൾ മോശമായ കാലത്ത് വീടുവീടാന്തരം സാധനങ്ങൾ കൊണ്ടുനടന്നു വിൽക്കുന്ന ജോലിയും ചെയ്തിട്ടുണ്ട്. ശരിക്കു പറഞ്ഞാൽ അവിടെ നിന്നുമാണ് ഞാൻ ബിസിനസിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത്.” ഒരു സാധാരണ യുവതി ബിസിനസിലേക്ക് ചുവടുവയ്ക്കുന്നതിന്റെ ആദ്യഭാഗമാണ് നമ്മളിപ്പോൾ കേട്ടത്. ഒരു ഫുൾ പാക്ക്ഡ് സിനിമ പോലെ ഏറ്റക്കുറച്ചിലുകളും ദുരിതപർവ്വങ്ങളും താണ്ടി ക്ലൈമാക്സിൽ സന്തോഷം നിറയ്ക്കുന്ന ഒന്നാണ് പലരുടേയും ജീവിതകഥ. ശ്രീജയുടേതും വ്യത്യസ്തമല്ല.
ടീച്ചറായതിനുശേഷം പല സ്ഥലങ്ങളിൽ ശ്രീജ ജോലിക്കായി പോയിട്ടുണ്ട്. നോർത്ത് ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചു. പക്ഷേ അവിടെയും വിധി വേഷം പകർന്നാടിയെത്തിയത് അപകടത്തിന്റെ രൂപത്തിലായിരുന്നു. പടിക്കെട്ടിൽ നിന്നും വീണ് നടുവിന് പ്രശ്നം സംഭവിക്കുകയും നിന്നു പഠിപ്പിക്കാൻ പറ്റാതെ വന്നതോടെ നാട്ടിലേക്ക് തിരികെ പോരുകയുമായിരുന്നു. ജീവിതത്തിൽ വീണ്ടും ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് ശ്രീജ തള്ളപ്പെട്ടു. വിവാഹമോചിതയായി നിൽക്കുന്ന ഒരു സ്ത്രീ സമൂഹത്തിൽ എന്തൊക്കെ നേരിടേണ്ടിവരുമെന്ന് ചിലപ്പോൾ നമുക്ക് വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. “ ഭർത്താവിൽ നിന്നേറ്റ പീഡനങ്ങൾക്കു പകരമായി നഷ്ടപരിഹാരത്തുക വാങ്ങിവേണം വിവാഹമോചനം നേടാൻ എന്ന് വീട്ടുകാരടക്കമുള്ളവർ പറഞ്ഞെങ്കിലും അങ്ങനെയൊരാളുടെ കയ്യിൽ നിന്നും പണം വാങ്ങി എനിക്ക് സ്വാതന്ത്ര്യം വേണ്ട എന്ന് ഞാൻ എടുത്ത തീരുമാനമായിരുന്നു. അതിന്റെ പേരിൽ സ്വന്തം വീട്ടിൽ നിന്നുപോലും എനിക്ക് എതിർപ്പുകൾ നേരിടേണ്ടിവന്നു”. ശ്രീജ പറയുന്നു. കല്ലും മുള്ളും നിറഞ്ഞ ജീവിതവഴി അവസാനിക്കുന്നതും പുതിയൊരു തുടക്കം ആരംഭിക്കുന്നതും ഇവിടെ നിന്നാണ്.
Read also: 'ഈ ഫോട്ടോയിലെ കുട്ടി നീയാണോ?', 15 വർഷങ്ങൾക്കു ശേഷം കുട്ടിക്കാലത്തെ ബെസ്റ്റ് ഫ്രണ്ട്സിന് ഒത്തുചേരൽ
ചെറുപ്പം മുതൽ കവിതകളും ചെറുകഥകളുമെല്ലാം എഴുതുന്ന ശീലം ശ്രീജയ്ക്കുണ്ടായിരുന്നു. താൻ എഴുതുന്നവ സോഷ്യൽ മീഡിയയിലും പബ്ലിഷ് ചെയ്യാറുണ്ട്. അങ്ങനെയാണ് അജയ് എന്ന വ്യക്തിയെ പരിചയപ്പെടുന്നത്. ഇന്ന് ശ്രീജയ്ക്ക് എല്ലാകാര്യത്തിനും താങ്ങും തണലുമായി നിൽക്കുന്ന ജീവിതപങ്കാളികൂടിയാണ് അജയ്. ചെറുപ്പം മുതൽ വെറുതെയിരിക്കുന്ന ശീലമില്ലാത്ത ശ്രീജ അധ്യാപക ജോലി ചെയ്യാനാവാത്ത ഘട്ടത്തിൽ പേപ്പർ ക്യാരി ബാഗ് നിർമ്മാണം ആരംഭിച്ചു. 2018ൽ അങ്ങനെ ആദ്യ സംരംഭത്തിന് തുടക്കമായി. ആദ്യം ഒറ്റയ്ക്കായിരുന്നുവെങ്കിലും ശാരീരികബുദ്ധിമുട്ടുകൾ ഏറെയുണ്ടായിരുന്നതിനാൽ ശ്രീജയെ സാഹായിക്കാൻ ഭർത്താവ് അജയ് ജോലി രാജിവച്ച് ഒപ്പം നിൽക്കാൻ തീരുമാനിച്ചു. അങ്ങനെ നല്ല നിലയിലേക്ക് പേപ്പർ ബാഗ് നിർമ്മാണം പുരോഗമിച്ചു. ഏകദേശം 50-ഓളം പേർ സഹായികളായും ആ സമയത്ത് ശ്രീജയ്ക്ക് ഒപ്പമുണ്ടായിരുന്നു. ആ സമയത്തുതന്നെയാണ് മകൾ നക്ഷത്രയുടെ ജനനവും. പ്ലാസ്റ്റിക് നിരോധനം കൂടി വന്നപ്പോൾ ഇവരുടെ ഉത്പ്പന്നങ്ങൾക്ക് ആവശ്യക്കാരേറി. അങ്ങനെ എല്ലാം കൊണ്ടും സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്. പക്ഷേ എല്ലാവരുടേയും ജീവിതത്തെ പിടിച്ചുലച്ചതുപോലെ കോവിഡ് ശ്രീജയുടേയും അവരുടെ ചെറിയ സംരംഭത്തെയും സാരമായി തന്നെ ബാധിച്ചു. 3-4 മാസം യൂണിറ്റ് അടച്ചിടേണ്ടിവന്നു. പലരും ഓർഡറുകൾ വേണ്ടെന്നു വച്ചു. കൂടെ നിൽക്കുന്നവർക്ക് ശമ്പളം കൊടുക്കാനാവാതെ കടം വാങ്ങേണ്ടിവന്ന അവസ്ഥ. അങ്ങനെ എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന സാഹചര്യത്തിലാണ് ഓൺലൈനായി സുഗന്ധവ്യജഞനങ്ങൾ വിൽക്കാം എന്ന ആശയമുദിക്കുന്നത്. ഈ പേപ്പർ ബാഗ് നിർമ്മാണത്തിന്റെ കൂടെ തന്നെ ശ്രീജ സ്വന്തം നാടായ പീരുമേട്ടിൽ നിന്നും ആവശ്യക്കാർക്ക് നല്ല സ്പൈസസ് എത്തിച്ചുകൊടുക്കുമായിരുന്നു. അതിൽ നിന്നും കിട്ടിയ ധൈര്യമാണ് ഓൺലൈൻ ബിസിനസിന് പ്രചോദനം.
അങ്ങനെ ഒരു ബോട്ടിൽ ഗരംമസാലയിൽ തുടങ്ങിയ സംരംഭമാണ് 'നക്ഷത്ര നാച്വറൽ സ്പൈസസ് ആന്റ് ഹോം മെയ്ഡ് ഫുഡ് പ്രോഡക്റ്റ്സ്'. ഇടുക്കിയുടെ മണ്ണിൽ വിളവെടുക്കുന്ന ചെറുകിട കർഷകരിൽ നിന്നും ശേഖരിക്കുന്ന സാധനങ്ങൾകൊണ്ടാണ് ശ്രീജ ഉത്പ്പന്നങ്ങൾ ഉണ്ടാക്കി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. പലവിധ വന വിഭവങ്ങളും ഇവർ മാർക്കറ്റിൽ എത്തിക്കുന്നുണ്ട്. ഇടുക്കിയുടെ തനത് ഉത്പ്പന്നങ്ങൾ കൊണ്ട് തയ്യാറാക്കുന്ന ഇന്നോവേറ്റിവ് ആയിട്ടുള്ള സാധനങ്ങൾക്ക് ആവശ്യക്കാരേറിയപ്പോൾ നക്ഷത്ര നിരവധിപ്പേരറിയുന്ന ഒരു ബ്രാൻഡായി രൂപപ്പെടുകയായിരുന്നു. “കോടികൾ വരുമാനമുള്ള, മാസത്തിൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു വീട്ടമ്മയൊന്നുമല്ല ഞാൻ. എങ്കിലും ഞങ്ങളുടെ കാര്യങ്ങളെല്ലാം അത്യാവശ്യം നടന്നുപോകുന്ന രീതിയിൽ, ജോലിക്കാർക്ക് ശമ്പളം കൊടുക്കാനും ഒരു വാഹനം വാങ്ങാനുമെല്ലാം എന്നെ സഹായിച്ചത് ഈ സംരംഭമാണ് “.
പക്ഷേ ഇതിലൊന്നുമല്ല ശ്രീജ വ്യത്യസ്തയാകുന്നത്. ഒരിക്കൽ പാതിവഴിയിൽ നിന്നുപോയ പേപ്പർ ബാഗ് സംരംഭം പുനരാരംഭിക്കാൻ തീരുമാനിച്ചപ്പോൾ ശ്രീജ ഒപ്പം കൂട്ടിയത് കുറച്ച് വീട്ടമ്മമാരെയായിരുന്നു. സ്വന്തമായി വരുമാനമില്ലാത്ത, ഒരു പത്തുരൂപയെങ്കിലും സമ്പാദിക്കണമെന്ന് മനസ് കൊണ്ട് ആഗ്രഹിക്കുന്ന, എന്നാൽ വീടിനു പുറത്തേക്ക് പോലും പോകാൻ സാധിക്കാത്ത കുറേപ്പേരെ തനിക്കൊപ്പം കൂട്ടാൻ ഈ വീട്ടമ്മ കാണിച്ച മനോധൈര്യമാണ് പ്രശംസിക്കപ്പടേണ്ടത്. ജോലി നൽകുക മാത്രമല്ല ഇതിലൂടെ ശ്രീജ ചെയ്തത്. പേപ്പർ ബാഗ് നിർമാണം പഠിപ്പിച്ചുകൊടുക്കാനും ശ്രീജ മുൻകൈ എടുത്തു. ഇന്ന് 200 ഓളം വരുന്ന വീട്ടമ്മാർക്ക് സ്വയം തൊഴിൽ കണ്ടെത്താനും വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകി ഒപ്പം നിൽക്കുകയാണ് ശ്രീജ. ഇതിൽ നൂറിലധികം പേർ സ്വന്തമായി സംരംഭം തുടങ്ങുകയും ലൈസൻസ് അടക്കമുള്ള നിയമപരമായ കാര്യങ്ങൾ നേടിയെടുത്ത് മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ടെന്നതാണ് തനിക്കേറ്റവും സന്തോഷം നൽകുന്ന കാര്യമെന്ന് ശ്രീജ പറയുന്നു.
ഇപ്പോൾ ഓണത്തിരക്കിലാണ് ശ്രീജയും കൂട്ടരും. കേരളത്തിലും പുറത്തും ലക്ഷദ്വീപിലും ഗൾഫിലും വരെ നക്ഷത്രയുടെ ഉത്പ്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്. അങ്ങനെ കയ്പ്പേറിയ ഓർമ്മകളെ പിന്നിലാക്കി വിജയത്തിന്റെ മധുരം നുകർന്ന് മുന്നേറുന്ന ശ്രീജയുടെ സ്വപ്നം തന്റെ ഉത്പ്പന്നങ്ങൾ വിൽക്കാനുള്ള ഒരു ഷോപ്പ് തുടങ്ങുക എന്നതാണ്. “കുടുംബാഗംങ്ങളെപ്പോലെ നമുക്കൊപ്പം നിൽക്കുന്ന കസ്റ്റമേഴ്സാണ് ഏതൊരു സംരംഭത്തിന്റെയും വിജയശിൽപികൾ. പിന്നെ എല്ലാക്കാലത്തും ഏതുനേരത്തും തൊഴിലിടമെന്ന വ്യത്യാസമില്ലാതെ നക്ഷത്രയ്ക്ക് വേണ്ടതെല്ലാം ചെയ്തുതരുന്നവർ, സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ട സമയത്തുപോലും ഒപ്പം നിൽക്കുകയും സാമ്പത്തികമായി സഹായിക്കുകയും ഏത് പാതിരാത്രിയിൽ വിളിച്ചാലും സഹായത്തിനായി ഓടിയെത്തുകയും ചെയ്യുന്ന സുഹൃത്തുക്കൾ, പഴയ അധ്യാപകക്കൂട്ട്, ഇവരെല്ലാം ചേർന്നാണ് ഇന്നീ കാണുന്ന നിലയിലേക്ക് എന്നേയും എന്റെ സംരംഭത്തേയും വളർത്തിയത് “. ശ്രീജയുടെ വാക്കുകളിൽ ഒരിക്കൽ തോറ്റുപോയ ഒരാളുടെ നിസഹായവസ്ഥയല്ല, ജീവിക്കണമെന്ന ആഗ്രഹം സ്വയം വെട്ടിപ്പിടിച്ച ഒരു സ്ത്രീയുടെ അഭിമാനമാണ്.
Content Summary: Life of Sreeja Teacher who became a n Entrepreneur