ADVERTISEMENT

വിവാഹമോചനത്തോടെ ജീവിതം അവസാനിച്ചുവെന്നു കരുതുന്ന സ്ത്രീകളുണ്ട്. എന്നാൽ ജീവിതത്തിലെ കുറവുകളെ നേട്ടങ്ങളാക്കി മാറ്റാം എന്ന ആത്മവിശ്വാസം കൊണ്ടു മാത്രം കഠിനാധ്വാനം ചെയ്യാനുറപ്പിച്ച് മൂന്നു കുട്ടികളെയും കൊണ്ട് ബിസിനസ് തുടങ്ങിയ സംരംഭകയാണ് തനൂറ ശ്വേത മേനോന്‍. തനിയെ യാത്രകൾ ചെയ്യാൻ ഇഷ്ടമുള്ള, ഒരുപാട് സംസാരിക്കാന്‍ ആഗ്രഹിക്കുന്ന തനൂറ മനോരമ ഓൺലൈനിനോട് മനസ്സു തുറക്കുന്നു.

പേരു പോലെ വ്യത്യസ്തമാണ് തനൂറയുടെ അനുഭവങ്ങളും. ചോറ്റാനിക്കര എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്നൊരു പെൺകുട്ടി. നാലാളു കൂടുന്ന സ്ഥലത്ത് വരാൻ മടിക്കുന്ന, ആത്മവിശ്വാസം വളരെ കുറവുള്ള, എന്തിനെയും ഭയത്തോടെ കണ്ടിരുന്ന പെൺകുട്ടി ആയിരുന്നില്ലേ. കുട്ടിക്കാലം എങ്ങനെയായിരുന്നു?

വിവാഹമാണ് എല്ലാ പെൺകുട്ടികളുടെയും ലാസ്റ്റ് ഡെസ്റ്റിനേഷൻ എന്ന് വിശ്വസിക്കുന്ന സമൂഹത്തിൽ ജനിച്ച ഒരു പെൺകുട്ടി. പക്ഷേ ചെറുപ്പത്തിൽ നല്ല രീതിയിൽ പഠിക്കാനുള്ള കഴിവില്ല. ഒരു 9, 10 റാങ്കുകളിൽ നിൽക്കുന്ന ഒരാള്‍. സ്പോർടിസിലോ കലാപരമായിട്ടുള്ള കാര്യങ്ങളിലോ കഴിവില്ല, സംസാരിക്കാൻ പേടിയുള്ള വ്യക്തി. സ്കൂളിൽ ഒരു ഗ്രൂപ്പിന്റെ പുറകില്‍ നിൽക്കുന്ന ആൾ. സീറ്റ് മാറി മാറി വന്നാൽ മാത്രം ഫസ്റ്റ് ബഞ്ചിൽ വരുന്ന ഒരു പെൺകുട്ടി. അതായിരുന്നു ഞാൻ.

എങ്ങനെയാണ് ജീവിതത്തിൽ ഇങ്ങനെയൊരു മാറ്റം വരുന്നത്. അമ്മയുടെ രണ്ടു വിവാഹങ്ങൾ, അമ്മ ഇങ്ങനെ ഒരു ഡിസിഷൻ എടുത്തതും സ്വന്തം അച്ഛന്റെയും രണ്ടാനച്ഛന്റെയും പ്രസൻസും ഒക്കെ ആയിരിക്കുമോ തനുവിനെ അൺകംഫർട്ടബിളും ഇൻട്രോവേർട്ടുമൊക്കെ ആക്കിയത്? 

നമ്മുടെ സർക്കിളിലുള്ള മറ്റു കുട്ടികളുമായി നോക്കുമ്പോൾ സാമ്പത്തികമായി അത്ര മുൻപിലല്ലായിരുന്നു ഞങ്ങൾ. ഞാനിന്നും എന്റെ സുഹൃത്തുക്കളോടു പറയുന്ന ഒരു കാര്യമുണ്ട്. രണ്ടു വ്യക്തികൾക്ക് ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെങ്കിൽ വേർപിരിയുന്നതാണ് ഏറ്റവും മനോഹരമായ അവസ്ഥ. എന്റെ അമ്മയുടെയും ഡാഡിയുടെയും പ്രശ്നങ്ങളുള്ള ജീവിതമാണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ദുഃഖപൂർണമായ ഒരവസ്ഥ. ഞാൻ ഇങ്ങനെയായത് എന്റെ സാഹചര്യം കൊണ്ടു മാത്രമാണ്. ഞാനൊരു സുപ്രഭാതത്തിൽ ബോൾഡായ ആളല്ല. എന്റെ സാഹചര്യങ്ങൾ എന്നെ മോൾഡ് ചെയ്ത് ഇപ്പോൾ കാണുന്ന വ്യക്തി ആയി മാറിയതാണ്. ഇപ്പോൾ കാണുന്ന വ്യക്തിക്ക് നല്ലതോ ചീത്തയോ എന്നു പറയാനില്ല. ഞാൻ എപ്പോഴും പറയും, ഞാനൊരു നല്ല ക്യാരക്ടറോ ചീത്ത ക്യാരക്ടറോ എന്നു പറയില്ല, ബട്ട് ഐ ആം എ ബോൾഡ് ക്യാരക്ടർ.

tanooraa-she-talks
തനൂറ ശ്വേത മേനോൻ. ചിത്രം∙മനോരമ

സ്വന്തം അച്ഛനും സ്റ്റെപ് ഫാദറുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് തനു എഴുതിയിട്ടുണ്ട് ഡാഡി എല്ലാ വീക്കെൻഡും തനുവിനെ കാണാൻ വരും. പക്ഷേ ഡാഡിയോട് സ്നേഹം കാണിക്കാൻ പേടിയാണ് കാരണം അച്ഛൻ (സ്റ്റെപ് ഫാദർ) കാണുമല്ലോ, അച്ഛനു വിഷമമായാലോ എന്നോർത്ത്. കൺഫ്യൂസ്ഡ് ആയിരുന്നു കുട്ടിക്കാലം, സ്വന്തം അച്ഛന്റെ മരണം വരെ. അപ്പോൾത്തന്നെ ഒരു കുട്ടിയുടെ ലോകം ചുരുങ്ങുകയല്ലേ.

നമ്മുടെയെല്ലാവരുടെയും ഒരു മിസ് കോൺസെപ്റ്റാണത്. നമ്മുടെ ജീവിതത്തിൽ ആവശ്യമുള്ളവരെ മാത്രം സ്നേഹിക്കാനാണ് നമ്മളെ ഒരു കുടുംബം പഠിപ്പിക്കുന്നത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ്, മുത്തശ്ശൻ, മുത്തശ്ശി ഇങ്ങനെ നമ്മുടെ കണ്ണിനു മുൻപിൽ കാണുന്ന വ്യക്തികളെ. നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമുക്ക് ഇഷ്ടമുള്ളവരെയല്ല. നമ്മുടെ നിത്യജീവിതത്തിൽ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയും കാണാൻ സാഹചര്യമുള്ളതുമായ ആളുകളെയാണ്. ഒരു വ്യക്തി എങ്ങനെയാകണം, എങ്ങനെയാകരുത് എന്നും ചുമതലകൾ എന്താണെന്നും എനിക്ക് മനസ്സിലാക്കിത്തന്നത് ഡാഡിയാണ്. 

റെസ്പോൺസിബിലിറ്റി എന്ന വാക്ക് കറക്റ്റായി പഠിപ്പിച്ചു തന്നത് എന്റെ അച്ഛനാണ്. കാരണം സ്വന്തം മക്കളല്ലാതിരുന്നിട്ടു പോലും എന്നെയും സഹോദരനെയും ഇന്നു കാണുന്ന രീതിയിലേക്ക് മാറ്റിയത് അദ്ദേഹമാണ്. എന്നാൽ എന്റെ ഡാഡി പഠിപ്പിച്ചു തന്നത് വേറൊരു ലോകമാണ്. കണ്ടീഷനൽ ലവും അൺകണ്ടീഷനൽ ലവും എന്താണെന്നും സ്നേഹിക്കാതെയും സ്നേഹിക്കാൻ പറ്റുമെന്നും പഠിപ്പിച്ചു തന്നത് ഡാഡിയാണ്. 

എപ്പോഴെങ്കിലും അമ്മയോട് ദേഷ്യം തോന്നിയിട്ടുണ്ടോ ഇങ്ങനെയൊരു ഡിസിഷൻ എടുത്തതിന്?

ഒരിക്കലുമില്ല. എന്റെ ചെറുപ്പത്തിൽ സാധാരണ കുട്ടികളുടെ അമ്മമാര്‍ മുടി കെട്ടിത്തരുന്നതു പോലെയോ ഒരു ഉരുള വായിൽ വച്ച് തരുന്നതു പോലെയോ എന്റെ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ ഇന്നെനിക്കറിയാം. അതിലും വലിയ ഉത്തരവാദിത്തങ്ങൾ അമ്മയ്ക്കുണ്ടായിരുന്നു. അന്ന് എന്റെ ചിന്ത, എന്തുകൊണ്ട് മറ്റുള്ളവരുടെ അമ്മമാരെല്ലാം ചോറു വാരിക്കൊടുക്കുമ്പോൾ, മുടി കെട്ടി കൊടുക്കുമ്പോൾ, കുളിപ്പിക്കുകയും കൂെട കിടത്തി ഉറക്കുകയും ചെയ്യുമ്പോൾ എനിക്കതൊന്നും കിട്ടിയില്ല എന്നായിരുന്നു. പക്ഷേ ഇന്ന് ഈ ഇന്റർവ്യൂ കഴിഞ്ഞ് ഞാൻ എന്റെ വീട്ടിലേക്ക് പോകുമ്പോൾ ഞാൻ ചെല്ലുന്നു എന്നറിഞ്ഞ് അമ്മ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറികളൊക്കെ റെഡിയാക്കി വയ്ക്കും. കാരണം ഇന്നാണ് ഞാൻ അമ്മയെ സ്നേഹിക്കുന്നത്. നമ്മളെപ്പോഴും വേറൊരു വ്യക്തിയുടെ അവസ്ഥയിൽ ഇരിക്കുമ്പോഴേ ആ വ്യക്തിയെ മനസ്സിലാവൂ. അമ്മയുടെ അന്നത്തെ സ്നേഹത്തെക്കാളും ഏറ്റവും എമർജൻസി ആയി അമ്മ കരുതിയിരുന്നത് ഞങ്ങൾക്കുവേണ്ടി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ്.

തനു പറഞ്ഞിട്ടുണ്ട്. മൂന്നു നേരം ഭക്ഷണം കിട്ടുന്നതു തന്നെ ലക്ഷ്വറി ആയിരുന്നു എന്ന്. അങ്ങനെ വളരെ അരക്ഷിതാവസ്ഥയിലുള്ള ഒരു ബാല്യകാലം. അതിനുശേഷം ബെംഗളൂരുവിൽ ജോയിൻ ചെയ്യുന്നു. സ്നേഹം പ്രതീക്ഷിച്ചതു പോലെ കിട്ടിയിരുന്നില്ല. എന്നാൽ സ്വന്തം ഡാഡിയെപ്പോലെ സ്നേഹിക്കുന്ന, കുറച്ചൊക്കെ റൊമാന്റിക്കായിട്ടുള്ള അച്ഛൻ. തനുവിന്റെ ഉള്ളിലും ആ ജീനുകളുണ്ടായിരുന്നതുകൊണ്ടാണോ കോഴ്സ് തുടങ്ങി ആദ്യ വർഷത്തിൽത്തന്നെ ഒരു പ്രണയബന്ധത്തിൽ ഏർപ്പെട്ടത്?

ഇന്ന് കാണുന്ന അത്രയും സോഷ്യൽ പ്ലാറ്റ്ഫോമുകളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടമാണ് അന്ന്. എന്റെ മുൻപിൽ ഒരാള്‍ വരുമ്പോൾ ആ വ്യക്തി എന്തിനു വന്നു എന്നതിനെക്കുറിച്ച് ഞാൻ ഇന്ന് നൂറു വട്ടം ആലോചിക്കും. അന്ന് അങ്ങനെയല്ല. നമ്മൾ ബ്ലൈൻഡ് ആണ്. 

ഒന്ന്, പുറംലോകം എന്താണെന്ന് നമുക്ക് അറിയില്ല. ഇന്ന് നമുക്കൊരു വ്യക്തിയെക്കുറിച്ച് അറിയണമെങ്കില്‍ അവരുടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാമിലെ മ്യൂച്ചൽ ഫ്രണ്ട്സ്, അങ്ങനെ നൂറു കാര്യങ്ങൾ നോക്കും. അന്ന് നമുക്ക് ഒന്നും അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം എന്നോടു ആദ്യമായി ഞാൻ ആഗ്രഹിച്ചതുപോലെ സ്നേഹത്തോടെ സംസാരിച്ചത് എന്റെ കുട്ടികളുടെ അച്ഛനാണ്. ആഗ്രഹിച്ചതു പോലൊരു വ്യക്തി. നമ്മള്‍ അങ്ങനെയാണല്ലോ. സ്നേഹം കിട്ടിത്തുടങ്ങിയാൽ അതു തരുന്ന ആളെ സ്വന്തമാക്കാൻ ശ്രമിക്കും. അതൊരു റിലേഷൻഷിപ്പായി മാറി, വിവാഹത്തിലേക്ക് എത്തി, അങ്ങനെ പോകും. 

വിവാഹത്തിലേക്ക് എത്തുമ്പോഴും തനുവിന് യാതൊരു സൂചനയുമില്ലായിരുന്നോ അദ്ദേഹത്തിന്റെ രണ്ടാം വിവാഹം ആയിരുന്നു എന്ന്?

എന്റെ മകനെ പ്രഗ്നന്റ് ആയ ശേഷമാണ് ഞാനറിയുന്നത്. പിന്നെ അന്ന് അതിനുമാത്രം ബോൾഡല്ല ഞാൻ. കണ്ണുനീർ സീരിയലുകളിലൊക്കെ കാണുന്ന സ്ത്രീയെപ്പോലെ ആ സമയത്ത് എനിക്ക് കരയാൻ മാത്രമേ കഴിവുള്ളൂ. പിന്നെ അത്രയ്ക്കുള്ള പ്രായമേ ഉള്ളൂ, 18 വയസ്സ്. ലോകമെന്തെന്ന് അറിയില്ല. സുഹൃത്തുക്കളില്ല. നമ്മുടെ പ്രശ്നങ്ങളെ കമ്യൂണിക്കേറ്റ് ചെയ്യാൻ ഒരാളു വേണം. ഇന്നും പല ആളുകൾക്കും കമ്യൂണിക്കേറ്റ് ചെയ്യാൻ ആളുകളില്ലാത്തതു കൊണ്ടാണ് പല പ്രശ്നങ്ങളും നടക്കുന്നത്. എനിക്കും അങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യാനാളില്ല. നമ്മളെടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ വിധിയായി കണക്കാക്കുന്ന പ്രായമാണത്. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും എന്റെ തീരുമാനങ്ങളാണ് ഞാനിപ്പോൾ ഇന്ന് ഇവിടിരിക്കാൻ കാരണമെന്ന് ഇപ്പോഴെനിക്കറിയാം. പക്ഷേ അന്ന് ആ തീരുമാനം തെറ്റാണെന്ന് ചുറ്റുമുള്ളവർ പറഞ്ഞപ്പോഴും ഞാൻ ആ തീരുമാനത്തിൽ ഉറച്ചു നിന്നു. അതെന്റെ ബേസിക് ക്യാരക്ടർ ആണ്. തന്നിഷ്ടമല്ലേ നീ കാണിക്കുന്നേ എന്നാണ് അമ്മ പറഞ്ഞത്. എന്റെ ഇഷ്ടം ഇതാണ്, തീരുമാനം ഇതാണ് എന്ന ഒപ്പീനിയൻ, ഒപ്പീനിയനായിട്ട് പറഞ്ഞിട്ടില്ല. നിലപാട് ആയി എടുക്കുകയായിരുന്നു. 

tanoora1
തനൂറ ശ്വേത മേനോൻ. ചിത്രം∙മനോരമ

മൂത്ത കുട്ടി ജനിച്ചു. ഭർത്താവിനു വേറെ ഒരു ബന്ധം ഉണ്ടെന്നും മക്കൾ ഉണ്ടെന്നും അറിയുന്നു. ഡിസിഷൻ അപ്പോഴും എടുക്കാൻ പറ്റിയില്ല. പത്തുവർഷത്തോളം ഉപദ്രവം സഹിച്ച് നിന്നു. ഈ പത്തുവർഷത്തിനിടയിൽ മൂന്നു കുട്ടികൾ ഉണ്ടാകുന്നു. അപ്പോഴൊന്നും ഇത് വിട്ടിട്ട് പോകണമെന്ന് തോന്നിയില്ലേ?

എല്ലാ റിലേഷൻഷിപ്പിനെയും പോലെ നമുക്കു തന്നെ തോന്നും ഇത് ഇന്നു തീരും. നാളെത്തീരും. മാറ്റങ്ങൾ ഉണ്ടാകും എന്ന്. പക്ഷേ അനുവദിച്ചുകൊടുത്താൽ അതൊരിക്കലും സ്റ്റോപ്പ് ആകില്ല. നമ്മൾ എന്ന് നോ എന്ന് പറയുന്നിടത്തേ അവസാനിക്കൂ. എനിക്ക് നോ എന്നു പറയാനുള്ള കപ്പാസിറ്റി അന്നില്ല. ഞാൻ പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഞാൻ തിരിച്ച് പോകുന്നത് എങ്ങോട്ടേക്ക്? കാരണം ഇന്നും ഡിവോഴ്സ് എന്നു പറയുന്നത് സമൂഹത്തിൽ നോർമലൈസ് ചെയ്തിട്ടില്ല. ഞാനിന്നും ഇവിടെ ഇരിക്കുന്നത് ഡിവോഴ്സ് ചെയ്ത സ്ത്രീയെക്കാളുപരി എന്റെ പ്രഫഷനിൽ എവിടെയോ ഞാനൊരു പേരുണ്ടാക്കിയിട്ടുണ്ട്, അതുകൊണ്ട് മാത്രമാണ്. ഡിവോഴ്സായ എത്ര സ്ത്രീകളുടെ ജീവിതത്തിലേക്ക് നമ്മൾ എത്തിനോക്കിയിട്ടുണ്ട്. വളരെ കുറവാണ്. ഡിവോഴ്സ് എന്നു പറഞ്ഞാൽ ഇന്നും ഒരു കുറവായി കാണുന്ന സൊസൈറ്റിയാണ് നമുക്കുള്ളത്. 

കുട്ടികൾക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം ഹെൽത്തി മാരീഡ് ലൈഫ് കാണിച്ചുകൊടുക്കുകയാണ് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ തനുവിന് അങ്ങനെ ഒരു ജീവിതം ചെറുപ്പത്തിലേ കിട്ടിയിട്ടില്ല. തനുവിന്റെ കുട്ടികൾക്ക് അങ്ങനെ ഒരു നല്ല മാരീഡ് ലൈഫ് കാണിച്ചു കൊടുക്കണം, ഒരു നല്ല കുടുംബജീവിതം കുട്ടികൾക്ക് കിട്ടണം എന്ന് ആഗ്രഹിച്ചിട്ടില്ലേ. ഒരു പക്ഷേ അതായിരിക്കുമോ ഈ പത്തുവർഷം തള്ളിപ്പോകാനുള്ള ഒരു കാരണം?   

അതിലുപരി സമൂഹത്തെ പേടിയായിരുന്നു. മക്കളുടെ ലൈഫിനെക്കാളുപരി, മറ്റുള്ളവർ എന്തു പറയും എന്നുള്ള ദുരഭിമാനം. അങ്ങനെ തന്നെ ആ വാക്കിനെ പറയാം. കാരണം ഞാൻ ശ്വസിക്കുമ്പോൾ പോലും തൊട്ടടുത്തു നിൽക്കുന്ന ആൾ എന്റെ ശ്വസനത്തിന്റെ അളവിനെപ്പറ്റി എന്തു പറയുന്നു എന്നതിനാണ് ഞാൻ അന്ന് വില കൊടുത്തത്. അവിടെ സെക്കൻഡറി അല്ലെങ്കിൽ ലാസ്റ്റ് പൊസിഷനിലേ എന്റെ മക്കൾ ഉള്ളൂ. ഡിവോഴ്സ് ആയാൽ എന്ത് ചെയ്യണം എന്നെനിക്കറിയില്ല. കുട്ടികളുടെ അച്ഛനില്ലാതെ ഒരു ഹോസ്പിറ്റലിൽ പോകാനുള്ള കപ്പാസിറ്റി എനിക്കില്ല. ശരിക്കും പറഞ്ഞാൽ അറിവില്ലായ്മകൾ ഉണ്ടായിരുന്നു. അതിലുപരി ഞാൻ അനുഭവിക്കുന്നത് ഇതാണ് എന്ന് വേറൊരു വ്യക്തിയോടു പറയാൻ പോലും എനിക്ക് പറ്റില്ല. 

കുറേ ട്രാജഡികൾ ഇങ്ങനെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇതിനിടയ്ക്ക് തനു ഭർത്താവിന് ഉത്തരവാദിത്തമില്ല, താൻ ഇൻഡിപെൻഡന്റ് ആവണമെന്ന് തീരുമാനിക്കുന്നു. എങ്ങനെ ആ തീരുമാനത്തിലേക്കെത്തി?

പതിനെട്ടു വയസ്സു മുതലേ ഞാൻ ട്യൂഷനെടുക്കാൻ തുടങ്ങിയിരുന്നു. ആദ്യം രണ്ടു കുട്ടികളിൽ തുടങ്ങി. പിന്നെ മൂന്നു കുട്ടികളായി. അങ്ങനെ മൂന്നു ബാച്ചോളം 90 – 100 കുട്ടികളെ ഞാൻ ട്യൂഷൻ എടുത്തിട്ടുണ്ട്. സാമ്പത്തിക വരുമാനം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലായി. കാരണം കുട്ടികളുടെ അച്ഛന് ഉത്തരവാദിത്തമില്ലാത്തതുകൊണ്ടുതന്നെ സാമ്പത്തിക വരുമാനമാണ് ഒരു പരിധി വരെ സന്തോഷത്തിലേക്ക് എത്തിക്കുന്നതെന്ന് മനസ്സിലായി. എന്റെ അമ്മ അത്യാവശ്യം ഹാർഡ് വർക്കിങ് ആണ്. അമ്മ എപ്പോഴും പറയും അവനവന്റെ കാലിൽ നിൽക്കണം, വേറെ ഒരാളെ ആശ്രയിക്കരുതെന്ന്. അങ്ങനെയാണ് ട്യൂഷനെടുക്കാൻ തുടങ്ങിയത്. അതിന്റെ ചെറിയൊരു വരുമാനം കൊണ്ട് ഡ്രസ് മെറ്റീരിയലുകള്‍ മൊത്തമായി വാങ്ങിയി ചുറ്റിനുമുള്ള കുടുംബശ്രീയിലെ സ്ത്രീകളുടെ ഇടയിൽ കൊണ്ടുപോയി കൊടുക്കാൻ തുടങ്ങി. കുടുംബശ്രീകളുടെ എണ്ണം കൂടിക്കൂടി വന്നു. അന്ന് ഇരുപതിനായിരം രൂപ വരുമാനം ഉണ്ടാക്കിത്തുടങ്ങിയെങ്കിലും അഭിപ്രായം ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഊണിന് എന്ത് കറി വയ്ക്കണമെന്നോ കറിക്ക് എത്ര എരിവു വേണമെന്നോ പോലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിട്ടില്ല.

സ്ത്രീകളുടെ ഒരു ക്യാരക്ടറാണ്. നമ്മള്‍ ഇമോഷണലി ഇൻഡിപെൻഡന്റ് ആകാൻ കുറച്ചു സമയം എടുക്കും. 99 ശതമാനം സ്ത്രീകളും 35–40 വയസ്സിനു ശേഷമാണ് ഇമോഷണലി ഇൻഡിപെൻഡന്റ് എന്താണെന്ന് മനസ്സിലാക്കുകയുള്ളൂ. പതിനെട്ടു വയസ്സുള്ള കുട്ടിക്ക് എന്ത് ഇമോഷനൽ ഫ്രീഡം. ഇമോഷൻ എന്താണെന്നു പോലും അറിയില്ല. 

ഏത് സ്റ്റേജിലാണ് ഇത് ഇനിയും തുടരണ്ട എന്നു തോന്നുന്നത്?

ഒരു സ്റ്റേജിലെത്തിയപ്പോൾ എനിക്കു മനസ്സിലായി ഇങ്ങനെ മുന്നോട്ടു പോകുകയാണെങ്കിൽ ഞാനുണ്ടാവുകയില്ല. അങ്ങനെ ഒരു സാഹചര്യം വന്നാൽ എന്റെ കുട്ടികൾ അനാഥരായിപ്പോകും. എന്താണോ ഞാനെന്റെ ചെറുപ്പത്തിൽ അനുഭവിച്ചത്, അതെന്റെ മക്കൾ അനുഭവിക്കരുത് എന്നൊരു തീരുമാനം എടുക്കുന്ന ഒരു ദിവസമാണ്. അതാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ തീരുമാനം.  

കുറച്ചൊക്കെ സമ്പാദ്യം ഉണ്ട്. പക്ഷേ എല്ലാം ഭർത്താവിന്റെ പേരിലായിരുന്നു. അതെല്ലാം ഇട്ടെറിഞ്ഞു കൊടുക്കേണ്ടി വന്നു. അദ്ദേഹം വിചാരിക്കുന്നത് തനു തിരിച്ച് ചെല്ലും എന്നായിരുന്നു?

ഈ പാറ പൊട്ടിക്കുന്നതു പോലെയാണ് കാര്യങ്ങൾ. എല്ലാ ദിവസവും നമ്മൾ ചുറ്റിക വച്ച് പാറ പൊട്ടിച്ചുകൊണ്ടേയിരിക്കും. പക്ഷേ ശരിക്കും പൊട്ടുന്ന ദിവസം നമ്മൾ പോലും അറിയുന്നുണ്ടാവില്ല. സ്ത്രീയുടെ ഉള്ളിൽ ഒരു പുരുഷൻ മരിക്കുന്നത് അങ്ങനെയാണ്. ദിവസവും ഞാൻ പറയും ഞാൻ പോവുന്നു, ഈ ബന്ധം വേണ്ട. പക്ഷേ അദ്ദേഹം വിചാരിക്കാത്ത സമയത്തായിരിക്കും ഞാൻ ആ ബന്ധത്തിൽ നിന്ന് മാറുന്നത്. പിന്മാറി കഴിഞ്ഞ് വന്നപ്പോൾ എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ ഉള്ളതുപോലെ തന്നെ എന്റെ അമ്മയടക്കം ചോദിച്ചു, ഇത്രയും വർഷം സഹിച്ചില്ലേ, ഇനി അങ്ങോട്ട് സഹിച്ചു കൂടെ എന്ന്. കാരണം എന്റെ അമ്മയൊന്നും ഒരിക്കലും ആ കല്യാണത്തിൽ ഹാപ്പി ആയിരുന്നില്ല. പക്ഷേ അമ്മ പോലും ചിന്തിക്കുന്നത് മക്കൾക്ക് വേണ്ടിയിട്ടായിരുന്നു. ഞാൻ അന്നെടുത്ത തീരുമാനം, മക്കൾക്ക് വേണ്ടി ജീവിക്കണമെങ്കില്‍ ഞാൻ ജീവനോടെ വേണം. ഞാൻ ജീവനോടെ വേണമെങ്കിൽ എനിക്ക് മനഃസമാധാനം വേണം. അല്ലെങ്കിൽ എനിക്ക് ജീവിക്കണമെന്നൊരു ആഗ്രഹം വേണം. അങ്ങനെ ഡിവോഴ്സ് എന്നു പറയുന്നൊരു തീരുമാനമെടുക്കുന്നു. മാറി നിൽക്കുന്നു. സെപ്പറേറ്റ് ആയിട്ട് ജീവിതം സ്റ്റാർട്ട് ചെയ്യുന്നു. കുട്ടികളെ അമ്മയുടെ അടുത്തേക്ക് കൊണ്ടാക്കുന്നു. ഞാൻ ഒറ്റയ്ക്ക് ഡബ്ല്യുസിഎയിൽ റൂമെടുക്കുന്നു. ജോലി ചെയ്യുന്നു. 

tanoora12
തനൂറ ശ്വേത മേനോൻ. ചിത്രം∙മനോരമ

ആകെക്കൂടി ഉണ്ടായിരുന്നത് 40 ലക്ഷത്തിന്റെ കടമായിരുന്നു

40 ലക്ഷത്തിൽ കൂടുതൽ കടം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബിസിനസിൽ ഉണ്ടായിരുന്ന ബാധ്യതകളും ഉണ്ടായിരുന്നു. അത് ഡിവോഴ്സിനു ശേഷമാണ് അറിയുന്നത് ഇത്രയും ലക്ഷങ്ങള്‍ ബാധ്യത ഉണ്ടെന്ന്. പിന്നെ ഒരു ഓട്ടമായിരുന്നു. മുന്നിൽ കുഞ്ഞുങ്ങളെ നോക്കണം എന്നൊരു ലക്ഷ്യം മാത്രമായിരുന്നു. 

ആ ഓട്ടത്തിനിടയിലും തനു ഒരു മണ്ടത്തരം കാണിച്ചു. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. എനിക്ക് മനസ്സിലാകാത്തത് തനു എന്തിനാണ് ജീവിതം അവസാനിപ്പിക്കാനായി ബെംഗളൂരു വരെ പോയതെന്നാണ്?

സത്യം. എനിക്കും അതറിയില്ല. നമുക്ക് ഓരോ നഗരത്തോടും ഒരിഷ്ടമുണ്ട്. ഓരോ നാടിനോടും ഇഷ്ടമുണ്ടാകും. എനിക്ക് എന്റെ ജീവിതത്തിൽ നാലു നഗരങ്ങളോടാണ് ഏറ്റവും കൂടുതലിഷ്ടം. അതിലൊരു നഗരം ബെംഗളൂരുവാണ്. എന്റെ കരിയർ സ്റ്റാർട്ട് ചെയ്തതും ഗ്രാജുവേഷൻ ചെയ്തതും കുട്ടികളുടെ അച്ഛനെ കണ്ടുമുട്ടുന്നതും ആത്മഹത്യ ചെയ്യാൻ തിരഞ്ഞെടുത്തതും എന്റെ ക്ലോത്ത് ഇൻഡസ്ട്രി തുടങ്ങിയതും ഒക്കെ അവിടെ നിന്നാണ്. ബെംഗളൂരുവുമായി എന്തോ ഒരു കണക്ഷൻ എനിക്ക് എപ്പോഴുമുണ്ട്. 

എപ്പോഴാണ് ഒരു വ്യക്തി സൂയിസൈഡിനെക്കുറിച്ച് ചിന്തിക്കുന്നതെന്നറിയുമോ? നമ്മളെ കേൾക്കാൻ ആരുമില്ല. നമ്മളെ അറിയാൻ ആരുമില്ല. ഈ വ്യക്തി മരിച്ചു കഴിഞ്ഞാൽ ഇയാളെക്കുറിച്ച് പറയാൻ ആയിരം പേരുണ്ടാകും. ഈ മരിക്കുന്ന വ്യക്തിക്കു പറയാൻ ഒരു കഥയേ ഉണ്ടാകൂ. ആ കഥ കേൾക്കാൻ ആരും ഭൂമിയിൽ ഉണ്ടായിട്ടുണ്ടാകില്ല. അതുകൊണ്ടായിരിക്കും അവര്‍ മരിക്കാൻ തീരുമാനിക്കുന്നത്. രണ്ടു തരത്തിൽ ഞാൻ മരണത്തിനെ കണ്ടിട്ടുണ്ട്. ഒന്ന്, ഞാൻ മരിക്കാൻ പോകുകയാണ് എനിക്കിനി ജീവിതം വേണ്ട എന്ന് പറഞ്ഞ് സൂയിസൈഡ് ചെയ്യാൻ പോയ ഞാൻ. രണ്ട്, എനിക്ക് ഒരു അസുഖം വന്ന ടൈമിൽ അത് മരിക്കാൻ ചാൻസുണ്ടാകാം എന്നു പറഞ്ഞ് മരണം എന്റെ കൺമുന്നിൽ വന്നു നിന്ന സമയം. ഇതു രണ്ടും രണ്ട് എക്സ്ട്രീമാണ്. ഒരു സമയത്ത് നമ്മൾ ജീവിതത്തോട് പറയുകയാണ് എനിക്ക് ജീവിതം വേണ്ട. ജീവിതത്തെ നമ്മൾ ആട്ടിയോടിക്കുകയാണ്. മറ്റേ സൈഡിൽ എനിക്ക് ഒരു അഞ്ചു വർഷം തരുമോ എന്ന് നമ്മൾ വിശ്വസിക്കുന്ന ൈദവത്തോട് ചോദിക്കുന്നു. അവിടെ നിന്നാണ് എന്റെ ലൈഫ് റീസ്റ്റാർട്ട് ചെയ്യുന്നത്.

തനു മരണത്തിൽ നിന്ന് തിരിച്ചു വരികയാണ്. പക്ഷേ ജീവിതം വീണ്ടും സീറോ ആയി. കയ്യിൽ ബാധ്യതകളല്ലാതെ ഒന്നുമില്ല. അവിടെ നിന്നെങ്ങനെയാണ് വീണ്ടും ജീവിതത്തിലേക്ക് കടന്നത്. പഠിച്ചിരുന്ന കോഴ്സുകൾ പൂർത്തിയാക്കിയിരുന്നോ?

ഞാൻ അന്നും ഇന്നും എല്ലാ സ്ത്രീകളോടും പറയുന്ന ഒരു കാര്യം, വിദ്യാഭ്യാസം നിങ്ങള്‍ ഒരിക്കലും മുടക്കരുത്. ഏത് നാട്ടിൽ പോയാലും ഏത് പ്രായത്തിലും നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം വിദ്യാഭ്യാസം ആണ്. ഒന്നുമില്ലെങ്കിലും കുട്ടികളെ ട്യൂഷനെടുത്ത് ജീവിക്കും എന്നൊരു കോൺഫിഡൻസ് ഉള്ളത് ആ വിദ്യാഭ്യാസം കൊണ്ടാണ്. ആ സമയത്തും ചെറിയ രീതിയിൽ ഡിസൈനിങ് ഒക്കെ ചെയ്യുന്നുണ്ട്. അതുകൂടാതെ മറ്റു സ്റ്റോറുകളിലേക്കും നമ്മുടെ പ്രോഡക്ടുകൾ ചെയ്തു കൊടുക്കുന്നുണ്ട്. ആ സമയത്ത് ദുബായിൽ എക്സിബിഷന് അവസരം കിട്ടി. അതിനിടയിൽ ദുബായിൽത്തന്നെ ഒരു ഫേമിൽ പാർട്ട്ടൈം ഡിസൈനറായിട്ട് ജോലി ചെയ്തു. പിന്നീട് ആ സ്ഥാപനത്തിന്റെ പാര്‍ട്ട്ണര്‍ ആയി മാറി. 

കടങ്ങളൊക്കെ വീട്ടാന്‍ എത്ര വർഷമെടുത്തു?

രണ്ടര മൂന്നു വർഷം. തനൂറ എന്ന ചെറിയൊരു ബുട്ടീക്ക് തുടങ്ങുകയും െചയ്തു. 2010–11 ടൈമിൽ കസ്റ്റമൈസ്ഡ് ഡിസൈൻ എന്ന കോൺസെപ്റ്റ് കേരളത്തിൽ കൊണ്ടുവന്നത് ഞാനായിരുന്നു. ബ്രൈഡല്‍ വെയർ എന്ന കോൺസെപ്റ്റ്. അതായത് ഒരു കല്യാണപ്പെണ്ണ് വന്നാൽ അവർക്കിഷ്ടമുള്ള കളര്‍ ഡൈ ചെയ്ത് അവർക്കിഷ്ടമുള്ള ഹാൻഡ് വർക്ക് സാംപിൾസ് ലൈവായി കാണിച്ചു കൊടുത്ത് ചെയ്തത് ഞാനാണ്. അതുവരെ ഹാൻഡ് വർക്ക് എന്നു പറഞ്ഞാൽ അവർക്കൊരു വർക് ഷോപ് ഉണ്ടാകും അവരെ അവിടെ ഹൈഡ് ചെയ്ത് ഇരുത്തും. അന്ന് കൊച്ചിയിലെ ഇമ്മാനുവൽ സിൽക്സിൽ 2010 ൽ വലിയൊരു സ്റ്റോർ വന്നിരുന്നു. അതിൽ 2000 സ്ക്വയർഫീറ്റ് ഏരിയ നമുക്ക് തന്നിരുന്നു. അവിടെ ലൈവായി ഹാൻഡ് വർക്സ് ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഹാൻഡ് വർക് ചെയ്ത പ്രോഡക്ടിന് ഇത്ര റേറ്റ് കൂടുതലെന്ന് കസ്റ്റമർ അറിയണമെങ്കിൽ എടുക്കുന്ന എഫർട്ട് എന്താണെന്ന് അറിയണമല്ലോ. അങ്ങനെ ഒരു കോൺസെപ്റ്റ് പോലും ആ സമയത്ത് വന്നു. 

ഇങ്ങനെ ചെയ്യുന്ന സമയത്ത് ബാധ്യതകളും തീർന്നുകൊണ്ടിരിക്കുന്നു. 

ബാധ്യതകളും തീർന്നുകൊണ്ടിരിക്കുന്നു. അന്ന് ജീവിതം തിരിച്ചു പിടിക്കുക എന്നതിലുപരി കുട്ടികളെ സേഫാക്കുക, മക്കൾക്കു നല്ല വിദ്യാഭ്യാസം കൊടുക്കുക, പ്രശ്നങ്ങൾ തീർക്കുക എന്നൊക്കെയായിരുന്നു. എനിക്ക് അങ്ങനെ വലിയ ആഗ്രഹങ്ങളൊന്നും ഉണ്ടായിട്ടില്ല. ജീവിതത്തിൽ ഏറ്റവും പ്രശ്നങ്ങൾ നിറഞ്ഞ സമയത്ത് നമുക്ക് ഏറ്റവും ആഗ്രഹം എന്താണെന്നറിയുമോ? ഒരു ദിവസം രാത്രി ഉറക്കം കഴിഞ്ഞെഴുന്നേൽക്കുമ്പോൾ സമാധാനത്തോടെ, പേടിക്കാെത, ടെൻഷനടിക്കാതെ എണീക്കാൻ പറ്റുക. നന്നായിട്ട് ഉറങ്ങാൻ കഴിയുന്നവനാണ് ഏറ്റവും വലിയ ഭാഗ്യവാൻ. ഇന്ന് ബിസിനസ് ചെയ്യുന്ന, ജോലി ചെയ്യുന്ന ആളുകളാകട്ടെ, നമ്മളൊക്കെ എത്രയോ റിസ്ക് എടുത്ത് ജോലി ചെയ്യുന്ന ആളുകളാണ്. രാഷ്ട്രീയക്കാരുടെയും സോഷ്യലി ഇൻഫ്ലുവൻസ് ചെയ്യുന്ന പല ആൾക്കാരുടെയും ഏറ്റവും ആവശ്യം നിലനിന്നു പോകുക എന്നതാണല്ലോ. ഞാൻ എപ്പോഴും പറയും അന്നൊക്കെയായിരുന്നു ഏറ്റവും ഭാഗ്യമുള്ള ജീവിതം. കുഞ്ഞുകുഞ്ഞ‌് ആഗ്രഹങ്ങളൊക്കെയല്ലേ. എനിക്കും വളരെ ചെറിയ ആഗ്രഹങ്ങളാണ്. 2015–16 കാലഘട്ടത്തിൽ പ്രശ്നങ്ങൾ തീർക്കുക. കടങ്ങൾ തീർക്കുക. മക്കൾക്ക് വിദ്യാഭ്യാസം കൊടുക്കുക അതായിരുന്നു ലക്ഷ്യം അതിനപ്പുറത്തേക്ക് ഒന്നും ഇല്ലായിരുന്നു. 

ഇപ്പോഴും ഡിവോഴ്സിനെ ഒട്ടും നോർമലൈസ് ചെയ്യാത്തൊരു സൊസൈറ്റിയാണ്. 2015 കാലഘട്ടത്തിലാണ് തനു ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. ആ സമയത്ത് ഇതുമായി ബന്ധപ്പെട്ട് പലരെയും കാണുന്നു. പല യാത്രകൾ ചെയ്യുന്നു. ആ സമയത്ത് സമൂഹത്തിന്റെ ആറ്റിറ്റ്യൂഡ് എങ്ങനെയായിരുന്നു?

സത്യത്തിൽ ഞാൻ ആരെയും കാണാറുണ്ടായിരുന്നില്ല. കാരണം എനിക്ക് ആളുകളെ ഫേസ് ചെയ്യാൻ പേടിയായിരുന്നു. 30 വയസ്സിനടുത്ത് പ്രായമുള്ള ഒരു സ്ത്രീയെ കാണുമ്പോൾ ആദ്യം ചോദിക്കുന്നത് എന്തുപറ്റി എന്നാണ്. ആ ചോദ്യത്തിൽ ഒരു സങ്കടം അല്ലെങ്കിൽ ദയനീയത ആണ്. അയ്യോ പാവം, ആ കുട്ടിക്ക് എന്തു പറ്റി. ഞാൻ ഡിവോഴസ്ഡ് ആണ് എന്ന് അംഗീകരിക്കുന്ന ഒരു സമൂഹമല്ല എന്റെ മുന്നിലുള്ളത്. പലരും എന്നോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് കോഴിക്കോട് സെറ്റിലായെന്ന്. ബുട്ടീക്ക് ഉണ്ടായതുകൊണ്ടു മാത്രമല്ല. ഞാൻ കൂടുതൽ ജീവിച്ചത് കൊച്ചിയിലാണ്. ഏറ്റവും കൂടുതൽ ആൾക്കാര് നമ്മളോട് ചോദിക്കുന്നത് ഒരു പത്തു വർഷത്തെ ജീവിതത്തെക്കുറിച്ചും. എന്തുകൊണ്ട് ആ ജീവിതം തുടരുന്നില്ല എന്നുമാണ്. കുട്ടികളായില്ലേ, അങ്ങനെ ഒരു നൂറ് ചോദ്യങ്ങൾ വേറെ വരും. കോഴിക്കോട് എനിക്ക് ആകെ ഒറ്റ ചോദ്യം ഫെയ്സ് ചെയ്താൽ മതി. ഡിവോഴ്സ് ആണോ? ആണ്. പിന്നെ ക്വസ്റ്റ്യൻസ് ഉണ്ടായിരുന്നില്ല. പിന്നെ അധികം ആളുകളെ ഫെയ്സ് ചെയ്യാതായി. എന്റെ അടുത്തേക്ക് വരുന്ന കസ്റ്റമേഴ്സിനെ ഫെയ്സ് ചെയ്യുക എന്നല്ലാതെ പുറം ലോകവുമായി എനിക്കൊരു ബന്ധം ഇല്ലാതായി. 

tanoora-shetalks
തനൂറ ശ്വേത മേനോൻ. ചിത്രം∙മനോരമ

സ്ത്രീ ഒറ്റയ്ക്കൊരു ബിസിനസിലേക്ക് ഇറങ്ങുമ്പോൾ ആ സ്ത്രീയെ എങ്ങനെ മുതലെടുക്കാമെന്ന് പലരും ചിന്തിക്കും. പല ഓഫറുകളും കൊടുത്ത് അവരുടെ പരിധിയിൽ ആ സ്ത്രീയെ നിർത്താനുള്ള ഒരു ശ്രമം. അത് പലർക്കും ഉണ്ടായിട്ടുണ്ട്. തനുവിന് അത്തരത്തിലുള്ള അനുഭവങ്ങളുണ്ടോ? താൻ മിസ്‌യൂസ് ചെയ്യപ്പെടുന്നുണ്ട് എന്നൊരു തോന്നലുണ്ടായിട്ടുണ്ടോ?

ബു‍ട്ടീക്ക് ചെയ്യുന്ന സമയത്ത് ഞാൻ കാണുന്ന നൂറുപേരിൽ 99 ശതമാനവും സ്ത്രീകളായിരിക്കും. കാരണം ബ്രൈഡൽ വെയർ ഡിസൈൻ ചെയ്യാനും ഡ്രസ് ഡിസൈൻ ചെയ്യാനുമൊക്കെ വരുന്നത് സ്ത്രീകളായിരിക്കും. ഈ പറഞ്ഞ സാഹചര്യങ്ങൾ എനിക്ക് അന്ന് കുറവായിരുന്നു. അന്നത് വന്നിരുന്നുവെങ്കിൽ അത് താങ്ങാനുള്ള മാനസികമായ കരുത്തും എനിക്കില്ല. ഇന്നായിരുന്നുവെങ്കിൽ എനിക്ക് ചിരിച്ചുകൊണ്ട് കറക്റ്റായിട്ട് മറുപടി കൊടുക്കാൻ പറ്റുമായിരുന്നു. ഞാനിന്നും വിശ്വസിക്കുന്നത് നമ്മുടെ മുൻപിൽ വരുന്ന പ്രശ്നങ്ങൾക്ക് പോലും സൊലൂഷൻ ഉണ്ടാകും. നമുക്ക് തീർക്കാൻ പറ്റാത്ത ഒരു പ്രശ്നവും നമ്മുടെ മുൻപിലേക്ക് വരുന്നില്ല. അന്ന് അങ്ങനെ ഒരു സാഹചര്യം ഉണ്ടായിരുന്നുവെങ്കിൽ മെന്റലി ഞാൻ തകർന്നുപോകും. അത്തരം സാഹചര്യങ്ങൾ ഞാൻ അനുഭവിച്ചിട്ടില്ല. 

ബ്രൈഡൽ വെയറിൽ തുടങ്ങി. പക്ഷേ പിന്നീട് അറിയപ്പെട്ടത് സോൾ ആൻഡ് സെറ എന്ന കിഡ്സ് ബ്രാൻഡിന്റെ പേരിലാണ്. എന്തുകൊണ്ടാണ് ഗൗൺ ബിസിനസ് അവസാനിപ്പിച്ച് കിഡ്സ് വെയറിലേക്കു മാറിയത്?

ഞാൻ പ്ലാൻ ചെയ്ത ലൈഫല്ല എനിക്കു കിട്ടിയിട്ടുള്ളത്. ഞാൻ അതിൽ ഭയങ്കര എക്സൈറ്റഡും ആണ്. കാരണം എന്റെ നാളയെക്കുറിച്ച് എനിക്കൊരു പ്ലാനുണ്ട്. പക്ഷേ നൂറില്‍ നൂറു ശതമാനം വിശ്വാസം ഉണ്ട്, അതായിരിക്കില്ല നാളെ നടക്കാൻ പോകുന്നതെന്ന്. ആ ഒരു ലൈഫിന്റെ അൺസേർട്ടിനിറ്റിയിൽ സംഭവിച്ചതാണ് സോൾ ആൻഡ് സേറ പോലും. ഞാൻ തനൂറ ബ്രൈഡൽ വെയർ കൊണ്ടു വരുന്ന സമയത്താണ്  കേരളത്തിൽ മൊത്തം ബുട്ടീക്ക് തരംഗം വരുന്നത്. കോഴിക്കോട് തനൂറ ചെയ്യുന്ന സമയത്തു പോലും മാക്സിമം ഒരു പത്തു ബുട്ടീക്കേ ഉണ്ടായിരുന്നുള്ളൂ. ഒന്നര വർഷം കൊണ്ട് ബുട്ടീക്കുകളുടെ എണ്ണം കൂടിക്കൂടിവന്നു. ഒരു ഏരിയയിലേക്ക് പോയാൽ കംപ്ലീറ്റ് ബ്രൈഡൽ വെയേഴ്സ് ബുട്ടീക്കുകൾ. എല്ലാ വീട്ടിലും ഓരോ ഡിസൈനർ ആയി. എനിക്കു മനസ്സിലായി, ഞാൻ പതുക്കെ മാറണം.

അതേസമയം ഞാൻ വളരെ ഇൻട്രോവേർട്ട് ആയതുകൊണ്ട് ഒറ്റയ്ക്കുള്ള യാത്രകൾ തുടങ്ങിയിരുന്നു. ഒറ്റയ്ക്കുള്ള യാത്രയുടെ ഏറ്റവും ഗുണം ഞാൻ ആളുകളെയും എന്നെയും അതിലുപരി  ബിസിനസുകളും നന്നായി നിരീക്ഷിക്കും. അങ്ങനെ പോയ യാത്രകളിൽ നിന്നാണ് എന്തുകൊണ്ട് ഒരു കിഡ്സ് െവയർ സ്റ്റാർട്ട് ചെയ്തുകൂടാ എന്നൊരു പ്ലാനിങ്ങിലേക്കു പതുക്കെ വരുന്നത്. എത്ര രൂപയുടെ ഡ്രസ് ആണെങ്കിലും കുട്ടികൾക്ക് കംഫർട്ട് അല്ലെങ്കിൽ അവര്‍ ഇടില്ല. അങ്ങനെ പേരന്റ്സ് കുട്ടികളുടെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്നു എന്ന ഒരു തിരിച്ചറിവ് കൂടി ഉള്ളതുകൊണ്ടാകാം പതുക്കെ കിഡ്സ് വെയറിലേക്കു മാറിയത്. പക്ഷേ അപ്പോഴും കി‍ഡ്സ് വെയറിന്റെ കയറ്റുമതി മാത്രമേ ഉള്ളൂ. ആദ്യം ഞാൻ ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്തു. അങ്ങനെ പതുക്കെ പതുക്കെ എട്ട് രാജ്യങ്ങളിലോളം കയറ്റുമതി തുടങ്ങി. ആ സമയത്താണ് കോവിഡ് വരുന്നത്. അന്ന് ലോജിസ്റ്റിക്ക് കംപ്ലീറ്റ് സ്റ്റോപ്പാകുന്നു. അപ്പോൾ എന്തെങ്കിലും ഒന്ന് നാട്ടിൽ ചെയ്യണം എന്നു വിചാരിച്ചു. അങ്ങനെയാണ് സോൾ ആൻഡ് സെറ എന്നൊരു റീട്ടെയിൽ ബ്രാൻഡ് സ്റ്റാർട്ട് ചെയ്യുന്നത്. സത്യം പറഞ്ഞാൽ പ്ലാൻഡ് ആയിരുന്നില്ല. ആക്സസറീസ് ഒഴിച്ച് ബാക്കി അപ്പാരൽസ് എല്ലാം നമ്മുടേതാണ്.

സോൾ ആൻഡ് സേറ എസ്റ്റാബ്ലിഷ് ആയി. ഇപ്പോൾ എത്ര ഔട്ട്‌ലെറ്റാണ് നേരിട്ടു നടത്തുന്നത്?

ഇതുവരെയുള്ളതെല്ലാം നേരിട്ടാണ്. ബഹ്റൈനിലും സൗദിയിലും മാസ്റ്റർ ഫ്രാഞ്ചൈസി കൊടുത്തിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഗുജറാത്തിലും ഉണ്ട്. മഹാരാഷ്ട്രയിൽ വർക്ക് നടക്കുന്നു. പ‍‍ഞ്ചാബിൽ വരുന്നുണ്ട്. നമുക്ക് കിട്ടിയ ഏറ്റവും വലിയൊരു ഭാഗ്യം റിലയൻസുമായി ടൈഅപ്പ് ആയിട്ടുണ്ട് എന്നതാണ്. റിലയൻസിന്റെ എല്ലാ മാളുകളിലും നമ്മുടെ സ്റ്റോർ വരുന്നുണ്ട്. ഒരു പാൻഇന്ത്യ പ്രോജക്റ്റിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. 

ബാധ്യതകളെല്ലാം തീരുന്നു. കുട്ടികൾ സേഫാകുന്നു. അവിടെയും തനു ഇൻവെസ്റ്റ്മെന്റിനെ കുറിച്ച് ചിന്തിക്കുന്നില്ല. അവിടെ ഒരു സ്വൽപം വ്യത്യസ്തയാകുകയാണ്. സോളോ ട്രാവലിങ് തുടങ്ങുകയാണ്. 26 രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ട് ഇൻവെസ്റ്റ്മെന്റിൽ ചിന്തിക്കാതെ സോളോ ട്രാവലിങ് നടത്താം എന്ന തീരുമാനത്തിലേക്ക് എത്തി?

ഇത് ബിസിനസുമായി ബന്ധപ്പെടുത്തി പറയാം. എന്റയടുത്ത് പലരും ചോദിക്കാറുണ്ട് നീയെന്താ ഗുജറാത്തിലും തമിഴ്നാട്ടിലുമൊക്കെ പോയി സ്റ്റോർ തുടങ്ങുന്നതെന്ന്. ഞാൻ പറയുന്നു എന്റെ ബ്രാൻഡ് സോൾ ആൻഡ് സേറയാണ് വളരുന്നത്. തനൂറയുടെ സ്റ്റോർ ആണെന്നു പറഞ്ഞ് ആരും അവിെട വന്ന് സാധനം വാങ്ങണ്ട. ഈ ഒരു കോൺസെപ്റ്റ് പോലും കിട്ടിയത് യാത്രകളിലൂടെ കിട്ടിയ ഊർജത്തിൽ നിന്നാണ്. യാത്രകളിലൂടെ ഞാൻ ആളുകളെ കാണുന്നു. ആളുകളെ വിശ്വസിക്കുന്നു. ഒരു പരിചയവും ഇല്ലാത്ത നാട്ടിലെ ആളുകളെ വിശ്വസിക്കാൻ പറ്റുമെങ്കിൽ ഒരു പരിചയവും ഇല്ലാത്ത നാട്ടിൽ പോയി ഞാൻ ബിസിനസ് ചെയ്യില്ലേ. നേരത്ത‌േ ചോദിച്ച ഇൻവെസ്റ്റ്മെന്റുണ്ടല്ലോ. ഞാൻ ഇൻവെസ്റ്റ് ചെയ്യുന്നത് വിശ്വാസമാണ്. മറ്റുള്ളവർ എനിക്കു തന്നിട്ടുള്ള വിശ്വാസം. മറ്റു രാജ്യങ്ങളിൽ ഞാൻ സഞ്ചരിച്ചപ്പോൾ എനിക്കു കിട്ടിയിട്ടുള്ള ട്രസ്റ്റും ഓണസ്റ്റുമാണ് ഞാൻ എന്റെ ബ്രാൻഡു വഴി മറ്റു പല സ്ഥലങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുന്നത്. ഒരു നാട്ടിൽ ചെല്ലുമ്പോൾ എനിക്കു ഭയങ്കര സന്തോഷമാണ്. ജനിച്ചു വീഴുന്ന കുട്ടികള്‍ സോൾ ആൻഡ് സേറ ഉപയോഗിക്കുന്നു എന്നു പറയുന്നത്. നമ്മൾ ഒന്നു രണ്ട് ഹോസ്പിറ്റലുകളുമായി പോലും ടൈ അപ് ആണ് കാരണം ആ ഹോസ്പിറ്റലിൽ ജനിച്ചു വീഴുന്ന കുട്ടികൾ നമ്മുടെ ബ്രാൻഡ് ആണ് ഉപയോഗിക്കുന്നത്. ഞാൻ ചിന്തിക്കുന്നത് ഒരു മനുഷ്യൻ ജനിക്കുമ്പോൾ മുതൽ മരിക്കുന്നതു വരെ കൂടെയുള്ളത് ക്ലോത്ത് ആണ്. നമ്മുടെ ബ്രാൻഡുമായി ജനിച്ചു വീഴുന്ന കുട്ടി എന്നു പറയുമ്പോൾ എത്രത്തോളം സന്തോഷമാണ്. അത്  ബിസിനസിനേക്കാൾ ഉപരി ചോറ്റാനിക്കര എന്ന നാട്ടിൽ നിന്നു വന്ന, ലോകം കാണാൻ ഒത്തിരി ആഗ്രഹിച്ചിട്ടുള്ള, ആർക്കും എന്തും ആകാൻ കഴിയുമെന്ന് വിശ്വസിക്കുന്ന, ഡ്രീം കം ട്രൂ എന്നു പറയുന്നതിലേക്ക് എത്തിച്ചിട്ടുള്ളത് യാത്രകളാണ്. 

tanooraswetha
തനൂറ ശ്വേത മേനോൻ. ചിത്രം∙മനോരമ

26 രാജ്യങ്ങൾ സന്ദർശിച്ചു. ഇത്രയും രാജ്യങ്ങള്‍ സന്ദർശിച്ചതിൽ ഏത് രാജ്യമാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്? 

രണ്ടു തരത്തിലാണ് എന്റെ ഇഷ്ടം. കാരണം ഞാൻ ആദ്യമായി യാത്ര ചെയ്തത് ശ്രീലങ്കയിലേക്കാണ്. ശ്രീലങ്കയിലെ എക്സ്പീരിയൻസ് മോശമായിരുന്നെങ്കിൽ പിന്നെ യാത്ര ഒരിക്കലും നടക്കില്ലായിരുന്നു. 17 തവണ ശ്രീലങ്കയിൽ പോയിട്ടുണ്ട്. ആദ്യമായി പോയ നാട് അത്രയും നല്ല അനുഭവങ്ങൾ തന്നതുകൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും സോളോ ട്രിപ്പ് പോയത്. പക്ഷേ ഞാൻ എന്നു പറയുന്ന ശരാശരി ഇന്ത്യൻ സ്ത്രീയുടെ ചിന്താഗതി മാറിയത് ആഫ്രിക്കയിൽ പോയപ്പോഴാണ്. ചെറുപ്പത്തിൽ ഏറ്റവും സങ്കടപ്പെട്ടിട്ടുള്ളത് ഞാൻ കറുത്ത കുട്ടി ആണെന്നു പറഞ്ഞിട്ടാണ്. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. എന്റെ പല്ല് പ്രശ്നമായിരുന്നു. െചറുപ്പത്തിൽ ഞാൻ രക്തചന്ദനവും മഞ്ഞളും ഒക്കെ അരച്ച് മുഖത്തിടും. എങ്ങനെയെങ്കിലും നിറം മാറണം. ഇതാണ് നമ്മൾ പഠിപ്പിക്കുന്നത്. ഒരു പെൺകുട്ടിക്ക് സമൂഹം ഫസ്റ്റ് റാങ്ക് കൊടുക്കുന്നത് സൗന്ദര്യത്തിലാണെന്നായിരുന്നു അന്നത്തെ ചിന്ത. ഇന്ന് അതു മാറി. ഞാൻ ആഫ്രിക്കയിൽ ചെന്ന സമയത്ത്, അതായത് 2018 വരെ, എന്റെ ചിന്ത സൗന്ദര്യം എന്നു പറഞ്ഞാൽ ഒരു ഇംപോർട്ടന്റ് ഫാക്റ്റർ ആണെന്നാണ്. ആഫ്രിക്കയിൽ ചെന്നപ്പോഴാണ് മനസ്സിലായത് നിറമല്ല കോൺഫിഡൻസ് ആണ് ഏറ്റവും വലിയ ബ്യൂട്ടി. അതായത് നമ്മളിവിടെ മേക്കപ് ഇടുന്നത് മറ്റുള്ളവരെ കാണിക്കാനാണ്. പക്ഷേ അവനവനു വേണ്ടിയാണ് നമ്മൾ ലിപ്സ്റ്റിക് പോലും ഇടുന്നതെന്ന് ആ നാട്ടുകാരാണ് പഠിപ്പിച്ചത്. ആഫ്രിക്കയിൽനിന്നു തിരിച്ചു വരുന്ന ഒരു ഞാനുണ്ട്. മുടിയിലോ നിറത്തിലോ അല്ല എന്റെ ആത്മവിശ്വാസം എന്ന് മനസ്സിലാക്കിത്തന്നത് ആഫ്രിക്കയാണ്. 

ഏറ്റവും കൂടുതൽ സ്ത്രീകൾ ഡിവോഴ്സിനു ശേഷം ഒറ്റയ്ക്ക് ജീവിക്കാൻ തിരഞ്ഞെടുക്കുന്നത് ആഫ്രിക്കയാണ്. അവര്‍ വിദ്യാഭ്ായസമുള്ളവരാണ്, ജോലി ചെയ്യുന്നു, ജീവിതം ആസ്വദിക്കുന്നു. ആഫ്രിക്ക എനിക്ക് ഭയങ്കരമായിട്ട് കണക്റ്റ് ചെയ്തിട്ടുള്ള നാടാണ്. 

രണ്ടു തവണ മരണത്തിൽനിന്നു തിരികെ വന്നു. ആദ്യം ആത്മഹത്യാ ശ്രമം, രണ്ടാമത് അസുഖം. വല്ലാതെ തളർന്നു പോയ ദിവസങ്ങളായിരുന്നു എന്ന് പുസ്തകത്തിൽ പറയുന്നുണ്ട്. എങ്ങനെയായിരുന്നു അസുഖം വന്നതും അതിനുശേഷവും?

ഞാൻ വളരെ കൂളായി ലൈഫിലെ ബാധ്യതകൾ തീർത്ത് ഒന്നു സെറ്റിൽ ആവുകയാണ്. ആ സമയത്താണ് പെട്ടെന്ന് ശബ്ദം നിന്നു പോകുന്നത്. ഞാൻ ഡോക്ടറെ കാണുന്നു. അവിടെ ചെല്ലുമ്പോൾ തൈറോയ്ഡ് ഗ്ലാന്‍ഡില്‍ കാൻസറാണെന്ന് അറിയുന്നു. കാൻസർ എന്നു പറയുമ്പോൾ തന്നെ നമ്മുടെ ജീവിതം കീഴ്മേല്‍ മറിയുന്നു. അതുവരെ ചിന്തിക്കുന്നത് സ്മോക് ചെയ്തവര്‍ക്ക്, ഡ്രിങ്ക് ചെയ്തവർക്ക് ഒക്കെയാണല്ലോ കാൻസർ വരുന്നതെന്ന്. ഇതൊന്നും െചയ്യാത്ത എനിക്ക് എങ്ങനെ വന്നു എന്ന ചിന്തയായിരുന്നു. അങ്ങനെ ഹോസ്പിറ്റലിൽ പോകുന്നു, കീമോ ഒന്നും ചെയ്യാതെ റിമൂവ് ചെയ്യാൻ പറ്റുന്ന കാൻസർ ആയിരുന്നു. പക്ഷേ ആ സമയത്താണ് ഞാൻ ജീവിതത്തെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്. 2019 ൽ ആയിരുന്നു. സർജറിക്കു തലേദിവസം ഞാൻ ഡോക്ടറോടു പോയി ചോദിക്കുകയാണ് എനിക്ക് ഒരാഴ്ചത്തെ ടൈം തരുമോ എന്ന്. ഡോക്ടർ ചോദിച്ചു എന്താ കാര്യം? ഞാൻ പറഞ്ഞു. ‍ഞാൻ ഇതുവരെ ബഞ്ചി ജംപിങ്ങ് ചെയ്തിട്ടില്ല. എന്റെ ചിന്ത ഞാൻ സർജറി കഴി‍ഞ്ഞു വന്നാൽ അതേ ലെവലിലാണോ വരുന്നതെന്ന് അറിയില്ലല്ലോ. എനിക്ക് സംസാരിക്കാൻ പറ്റുമോ എന്നു പോലും അറിയില്ല. അതുകൊണ്ടാണ് ആ വർഷം തന്നെ എന്റെ ഓട്ടോബയോഗ്രഫി റിലീസ് ചെയ്തത്. നാളെ ഇല്ല എന്ന ചിന്തയിലാണ് അതൊക്കെ ചെയ്തത്. സർജറിയുടെ തലേദിവസം തീരുമാനിക്കുകയാണ് ഞാൻ സർജറി ചെയ്യുന്നില്ല. സർജറിക്കു ശേഷമേ അറിയൂ ഇതെവിടെയെങ്കിലും സ്പ്രെഡ് ആയിട്ടുണ്ടോ എന്ന്. തലേദിവസം രാത്രി പേടിച്ചിട്ട് ഞാൻ എന്റെ പാസ്പോർട്ടും എടിഎം കാർഡും ഒക്കെ എടുത്ത് ഒളിച്ചോടാൻ തീരുമാനിച്ചു. ഞാൻ ഇറങ്ങി ലിഫ്റ്റിന്റെ താഴത്ത് എത്തുമ്പോൾ എന്റെ അച്ഛനും അമ്മയും വന്ന് താഴത്ത് നിൽക്കുകയാണ്. അവർക്കറിയാം ഞാൻ പോകുമെന്ന്. അവരെ കണ്ടതോടെ ഞാൻ തിരിച്ചു ചെല്ലുന്നു. സർജറി അറ്റൻഡ് ചെയ്യുന്നു. സർജറി കഴിഞ്ഞ് പത്തു പതിനഞ്ചു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു. സർജറി കഴിഞ്ഞ് ഹോസ്പിറ്റലിൽ വച്ച് ഞാൻ ചിന്തിക്കുന്നു, ഞാൻ നാളെ മരിച്ചു പോയിക്കഴിഞ്ഞാൽ എന്റെ അച്ഛൻ, അമ്മ, എന്റെ മക്കൾ അല്ലാതെ ആരും എന്നെ അറിയില്ല. വേറെ ആരും അറിയാനും മാത്രം ഞാനൊന്നും ചെയ്തു വച്ചിട്ടില്ല. ഒരു സിഗ്നേച്ചർ ഉണ്ടാക്കി വച്ചിട്ടില്ല. എന്റെ ജീവിതം ആർക്കെങ്കിലുമൊക്കെ ഒരിക്കലും ഇൻസ്പിരേഷൻ ആകണമെന്നില്ല. പക്ഷേ ‘ഹാർഡ് വർക്ക്’ ചെയ്തു കഴിഞ്ഞാൽ അല്ലെങ്കില്‍ നിങ്ങൾക്കൊരു എക്സാറ്റ് ലക്ഷ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് അതിലേക്ക് എത്തുവാനുള്ള വഴി വളരെ എളുപ്പമായിരിക്കും. നമ്മൾ പോലും അറിയാതെ ഏതൊക്കെയോ ഫോഴ്സ് നമ്മളെ തള്ളി തള്ളി ആ പോയിന്റിലേക്ക് എത്തിക്കും. ഹോസ്പിറ്റലിലെ ജീവിതം എന്റെ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കിത്തന്നു. നമ്മള്‍ ജീവിച്ചിരുന്നു എന്നതിന്റെ തെളിവ് നമ്മുടെ മക്കളല്ലാതെ എന്തെങ്കിലുമൊക്കെ ശേഷിപ്പിച്ചിട്ട് പോകണം. ആ പോയിന്റിലേക്ക് എത്തുന്നത് ഹോസ്പിറ്റലിൽ വച്ചാണ്. 

tanu
തനൂറ ശ്വേത മേനോൻ. ചിത്രം∙മനോരമ

ഡിവോഴ്സിനു ശേഷം ഒരു കൂട്ടു വേണം അല്ലെങ്കിൽ ഒരു റിലേഷൻ ഷിപ് ആകാം എന്ന ചിന്ത തോന്നിയിട്ടുണ്ടോ?

നമ്മൾ ഇമോഷണലി ഡൗൺ ആകുന്ന സമയങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്കു തോന്നിയിട്ടുള്ളത് ഞാൻ ഇമോഷണലി ഡൗൺ ആകുന്ന സമയത്ത് അങ്ങനെ ചിന്തിക്കാനുള്ള സമയം ഉണ്ടായിട്ടില്ല. കാരണം ഫിനാൻഷ്യൽ ലയബലിറ്റീസ് അപ്പുറത്തുണ്ട്. അപ്പോൾ ഇമോഷണലേക്കാൾ ഫിനാൻഷ്യൽ ലയബലിറ്റീസായിരുന്നു മുന്നിലുണ്ടായിരുന്നത്. അതുകൊണ്ട് അതൊരു കൺസേൺ ആയിരുന്നില്ല. പക്ഷേ നമ്മൾ ഓരോ ഗ്രോത്തിങ്ങ് പീരിയഡ് പോകുമ്പോഴും അതൊരു ലൈഫ് പാർട്ണർ എന്നൊന്നും ചിന്തിച്ചിരുന്നില്ല. നമ്മുടെ ഐഡിയാസ് പറയാനൊരാള്‍ ചിലപ്പോൾ നല്ല സുഹൃത്തായിരിക്കാം. ചിലപ്പോൾ എന്റെ മകൻ മുതൽ സുഹൃത്തുക്കളാകാം. റിലേഷൻഷിപ്പ് ഉണ്ടായിട്ടുണ്ട്. അതൊരു മോശം പ്രവൃത്തിയായി എനിക്ക് അന്നും ഇന്നും തോന്നിയിട്ടില്ല. എല്ലാ ഇമോഷണൽ നീഡ്സും ഒരു കല്യാണത്തിലേക്ക് കൊണ്ടു പോകണമെന്ന് ആവശ്യമില്ല. അതിന്റെയർഥം ഞാൻ കല്യാണം എന്ന പ്രോസസിൽ വിശ്വസിക്കാത്ത ആളുമല്ല. എനിക്കതിൽ വിശ്വാസമാണ്. എന്റെ ഒരു ക്യാരക്ടറിന് അത് വേണമെങ്കിൽ നാളെയാകാം. ചിലപ്പോൾ ഇത് കഴിഞ്ഞിട്ടുമാകാം. ഒന്നും പറയാൻ പറ്റില്ല. ഞാൻ എന്തു ചെയ്യുന്നു എന്നുള്ളത് ആ ഒരു സിറ്റുവേഷനെ ബേസ് ചെയ്തിട്ടായിരിക്കും. പിന്നെ ആകെ നോക്കുന്നത് അതുമായി കണക്റ്റ് െചയ്യുന്ന എന്റെ മക്കളടക്കം ഉള്ളവരുടെ ഹാപ്പിനെസ്സിനെക്കുറിച്ച് ചിന്തിക്കും. പക്ഷേ എനിക്ക് എന്നെ കൺവിൻസ് ചെയ്യാൻ പറ്റുമെങ്കിൽ എനിക്ക് ലോകത്തെ മുഴുവൻ കൺവിൻസ് ചെയ്യാന്‍ എളുപ്പമാണെന്ന് വിശ്വസിക്കുന്നു. ഏറ്റവും ഇംപോർട്ടന്റ് എന്നെ കണ്‍വിൻസ് ചെയ്യുക എന്നുള്ളതാണ്. ഞാൻ ചെയ്യുന്നത് ഒരു മിസ്റ്റേക്ക് അല്ല എന്നുള്ളതും ഞാൻ എടുക്കുന്ന റൈറ്റ് ഡിസിഷൻ എനിക്കു വേണ്ടിയിട്ടുള്ളതാണ് എന്നുള്ളതും കാരണം പല റൈറ്റ് ഡിസിഷനും ലേറ്റായി എടുത്തിട്ടുള്ള ആളാണ് ഞാൻ. അതുകൊണ്ട് ഏറ്റവും വലിയ ഗുണം എന്താണെന്നു വച്ചാൽ കല്യാണം നേരത്തെ കഴിഞ്ഞതുകൊണ്ട് കുട്ടികളെല്ലാം വലുതായി എനിക്ക് വളരെ ഫ്രീയായിട്ട് ജീവിക്കാൻ പറ്റുന്നുണ്ട്. ബിസിനസ് ചെയ്യാൻ പറ്റുന്നുണ്ട്. എന്റെ ജീവിതം തുടങ്ങിയിട്ടേയുള്ളൂ.

Content Summary: Successful Entrepreneur Tanooraa Swetha Menon talks about her life in She Talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com