ADVERTISEMENT

"അമ്മേ... ഇരുട്ടെന്നെ പേടിപ്പിക്കുന്നുവെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല..."

ബോർഡിങ് സ്കൂളിലെ ഇരുണ്ട മുറിയില്‍ തനിച്ചിരുന്ന് കരഞ്ഞ ഇഷാന്‍ ആവസ്തിയെ ഓർമയില്ലേ... അക്കങ്ങളും അക്ഷരങ്ങളും ഭയപ്പെടുത്തുന്ന, അധ്യാപകരുടെ പീഡനങ്ങളും അവഹേളനങ്ങളും മൂലം ക്ലാസ് മുറി വിട്ട് ഇറങ്ങി സ്വപ്നലോകത്ത് കൂടി നടന്നുപോയ പാവം കുട്ടിയെ. രാംശങ്കര്‍ നികുംഭ് എന്ന് അധ്യാപകന്റെ  കൈകളിലെത്തിയതു കൊണ്ടു മാത്രം ലോകം അവന്റെ കഴിവുകള്‍ കാണാനിടയായി. 'താരെ സമീന്‍ പര്‍' എന്ന സുന്ദര ചിത്രത്തെ കുറിച്ചാണ് പറഞ്ഞുവന്നത്. ഡിസ് ലെക്സിയ എന്ന പഠനപ്രശ്നം (വൈകല്യം എന്ന പദം പോലും ഉപയോഗിക്കാന്‍ എനിക്ക് ഇഷ്ടമല്ല) മൂലം പഠനത്തിലും അങ്ങനെ ജീവിതത്തിലും പിന്തള്ളപ്പെട്ടു പോയ എത്രയോ പേര്‍. അവരെ തിരിച്ചറിയാന്‍ നമ്മളെ സഹായിച്ച സിനിമയാണത്.

താരെ സമീന്‍ പര്‍ റിലീസ് ചെയ്യുന്നതിനും ഒരുപാട് മുൻപ് ഡിസ് ലെക്സിയ അടക്കമുള്ള ലേണിങ് ഡിസോഡറുകളെ കുറിച്ച് ഏതാനും ഡോക്ടർമാരുടെയും ചൈൽഡ് സൈക്കോളജിസ്റ്റുകളുടെയും സഹായത്തോടെ ഞാനൊരു ലേഖനം മനോരമ പത്രത്തിൽ എഴുതിയിരുന്നു. അന്ന് നാനൂറോളം അച്ഛനമ്മമാരാണ് എന്നെ വിളിച്ചത്, ആ ഡോക്ടർമാരില്‍ ചിലരുടെ സേവനം ആവശ്യപ്പെട്ട്. മക്കൾക്കു  വേണ്ടി ഒരു ചുവടെങ്കിലും വയ്ക്കാന്‍ അത്രയും പേര്‍ അക്കാലത്ത് തയാറായി എന്നത് സന്തോഷം തരുന്ന കാര്യമായിരുന്നു.

വരുന്നത് പരീക്ഷാകാലമാണ്. ഇനി ഇന്ത്യയിലെ നല്ലൊരു പങ്ക് വീടുകളില്‍ മരണപ്പൊരിച്ചിലാകും. അമ്മമാര്‍ ലീവ് എടുത്ത് കുട്ടികൾക്കൊപ്പമിരിക്കുന്നു, സ്കൂള്‍ സമയത്തിനു മുൻപും ശേഷവുമായി ട്യൂഷന്‍ ക്ലാസുകളിലേക്ക് ഓട്ടം, ഓർമശക്തി എങ്ങനെ വർധിപ്പിക്കാമെന്ന യു ട്യൂബ് വിഡിയോകൾക്ക്  വ്യൂവർഷിപ് കൂടുന്നു... അങ്ങനെയങ്ങനെ വിദ്യാർഥികൾക്കും  അച്ഛനമ്മമാർക്കും ഒരു ദുരിതകാലമാണിത്. ഏറ്റവും നന്നായി പഠിച്ച ശേഷവും പരീക്ഷയ്ക്ക് പ്രതീക്ഷിക്കാത്ത ചോദ്യങ്ങള്‍ കടന്നുവന്ന് കുട്ടികളെ സ്കോറില്‍ പിന്നാക്കം കൊണ്ടുപോയേക്കാം. തിരിച്ചറിയപ്പെടാത്ത പഠനപ്രശ്നങ്ങളുള്ള കുട്ടികളാണെങ്കില്‍ അവർക്ക്  എത്ര പഠിച്ചാലും നന്നായി പരീക്ഷ എഴുതാന്‍ ആവാതെ പോകാം. പരീക്ഷയോടുള്ള ഭയം നൽകുന്ന മാനസിക സമ്മർദം  ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ചിലർക്ക് .

ലേണിങ് ഡിസോഡറുകളുടെ പേരില്‍ പിന്നോക്കം പോകുന്ന കുട്ടികൾക്ക് ആദ്യഘട്ടത്തിലേ വിദഗ്ധ സഹായം കിട്ടിയാല്‍ നല്ലൊരു ശതമാനത്തിന്റെയും പ്രശ്നം പരിഹരിക്കപ്പെടും. കുട്ടികളുടെ അധ്യാപകർക്ക്  തന്നെയാണ് നമ്മളെ ഇക്കാര്യത്തില്‍ സഹായിക്കാനാകുക. ക്ലാസിലെ അവരുടെ പ്രകടനത്തെ കുറിച്ച് അധ്യാപകരോട് സംസാരിക്കുക. എഴുതിയെടുക്കുന്ന നോട്ടുകള്‍ ചെക്ക് ചെയ്യുക. ബുക്കില്‍ പതിവായി തെറ്റിച്ചെഴുതുന്നത് ഉഴപ്പിയിട്ടോ, ബുദ്ധിയില്ലാഞ്ഞിട്ടോ ആവണമെന്നില്ല. കാഴ്ചക്കുറവു കൊണ്ടുമാകാം. അതു കുട്ടിയോടു തന്നെ സംസാരിച്ചും ശ്രദ്ധിച്ചും കണ്ടെത്താവുന്നതാണ്. ഇത്തരം കാര്യങ്ങളില്‍ വൈദ്യസഹായം തേടാന്‍ ഒട്ടും അമാന്തിരിക്കരുത്.

'സോൾട്ട്  ന്‍ പെപ്പര്‍' സിനിമയിലെ കെ.ടി. മിറാഷ് പറയുന്നതു പോലെ പത്തും പന്ത്രണ്ടും ക്ലാസുകളൊക്കെ ജീവിതത്തിന്റെ വഴിത്തിരിവുകളാണ്. അക്കാര്യത്തില്‍ തർക്കമില്ല. പക്ഷേ, അതോടെ വഴിയടഞ്ഞു പോകുകയല്ല എന്നുകൂടി ഓർക്കുക. ഈ നാട്ടില്‍ ജീവിത വിജയം നേടിയ എല്ലാവരും, എന്തിന് 50 ശതമാനം പോലും വമ്പന്‍ അക്കാദമിക് പിൻബലം ഉള്ളവരല്ല. പഠനത്തില്‍ പിന്നാക്കം പോയവന്‍ നല്ലൊരു ബിസിനസ് തുടങ്ങി വിജയിച്ചാല്‍ അവന്റെ  കീഴില്‍ ജോലി ചെയ്യാന്‍ വരുന്നവരില്‍ നല്ലൊരു പങ്കും എൻട്രൻസ് പരീക്ഷകളില്‍ ഉന്നത വിജയം നേടി വമ്പന്‍ ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ പഠിച്ചിറങ്ങിയവരാകും. സ്പോർട്സിൽ, സിനിമയിൽ, മറ്റു കലകളിൽ, വമ്പൻ ബിസിനസുകളിലൊക്കെ തിളങ്ങുന്നവരിൽ സ്കൂൾ ഡ്രോപ്പ് ഔട്ടുകൾ ഒട്ടേറെയുണ്ട്. അപ്പോൾ ജീവിതവിജയം ഉറപ്പാക്കുന്നത് അക്കാദമിക് നേട്ടം മാത്രമല്ല. അതുകൊണ്ട് പരീക്ഷയിലെയോ, പ്രവേശന പരീക്ഷയിലെയോ പരാജയങ്ങളുടെ പേരില്‍ കുട്ടികളെ വല്ലാതെ പീഡിപ്പിക്കരുത്. പഠനത്തില്‍ ഉഴപ്പുന്നില്ലെന്നു മാത്രം ഉറപ്പാക്കുക.

നല്ല പോര്‍ പൊരുതാന്‍ അവർക്കൊപ്പം നിൽക്കുക. അതിന്റെ ഫലം എന്തുമാകട്ടെ, ബാക്കി കാലത്തിനു വിടുക.

*ഒരിക്കല്‍ ഇതേപോലൊരു പരീക്ഷക്കാലത്ത് ഒരു ചൈല്‍‍ഡ് സൈക്കോളജിസ്റ്റിനോട് സംസാരിക്കാനിടയായി. അവർ പറഞ്ഞ ഒരു കാര്യമുണ്ട്. "ചില അച്ഛനമ്മമാരുടെ ആധി കാണുമ്പോൾ എനിക്കു തന്നെ ഭയം തോന്നും. അവർ ആ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന സമ്മർദം എത്രയധികമാകും. അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാതെ ആ കുഞ്ഞുങ്ങൾ ജീവിതം തന്നെ അവസാനിപ്പിച്ചാലോ..."

അരുത്... അത്രയേറെ സമ്മർദം കുഞ്ഞുമക്കൾക്ക് നൽകരുത്. അവർ ജീവിച്ചിരിക്കുക എന്നതല്ലേ ഏറ്റവും വലിയ കാര്യം. വിജയമൊക്കെ പിന്നാലെ വന്നുകൊള്ളും.

English Summary: Mental Health Of Girls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com