ADVERTISEMENT

ഡല്‍ഹിയിലെ ബസുകളിലും മെട്രോയിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം അനുവദിക്കണോ വേണ്ടയോ എന്നതൊക്കെ സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ ഉള്‍പെട്ട കാര്യമാണെന്നും പല ഘടകങ്ങളെ ആശ്രയിച്ചു തീരുമാനിക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് ഹര്‍ജി തള്ളിയത്. 

സ്ത്രീകള്‍ക്കു മാത്രം സൗജന്യം അനുവദിക്കുന്നത് വിവേചനം ആണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി തള്ളിയ ചീഫ് ജസ്റ്റിസ് ഡി.എന്‍.പട്ടേലും ജസ്റ്റിസ് സി.ഹരിശങ്കറും ഉള്‍പ്പെട്ട ബെഞ്ച് പരാതിക്കാരനില്‍നിന്ന് 10,000 രൂപ പിഴയീടാക്കാനും നിര്‍ദേശിച്ചു. പരാതിയില്‍ കഴമ്പില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. 

ബിപിന്‍ ബിഹാരി സിങ് എന്ന അഭിഭാഷകനാണ് ഡല്‍ഹി സര്‍ക്കാരിന്റെ സൗജന്യ യാത്രാ വാഗ്ദാനത്തിനെതിരെ ഹൈക്കോടതിയിലെ സമീപിച്ചതും പിഴ ശിക്ഷ ഏറ്റുവാങ്ങിയതും. മെട്രോ ട്രെയിനില്‍ ഇപ്പോള്‍ തന്നെ നിരക്ക് കൂടതലാണെന്ന് അദ്ദേഹം വാദിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് മെട്രോ യാത്ര താങ്ങാന്‍ പറ്റാത്തതുമാണ്. അങ്ങനെയിരിക്കെ സ്ത്രീകള്‍ക്കു മാത്രം സൗജന്യ യാത്ര നല്‍കുന്നത് സമൂഹത്തില്‍ വിഭജനവും വേര്‍തിരിവും സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 

മെട്രോയിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും ഇപ്പോഴത്തെ അഞ്ചു സ്ലാബ് സിസ്റ്റത്തിനു പകരം 15 സ്ലാബ് സമ്പ്രദായം വേണമെന്നും കൂടി അദ്ദേഹം വാദിച്ചു. പക്ഷേ, പരാതിക്കാരന് നിയമവിരുദ്ധമായ ഒന്നും പരാതിയില്‍ ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ഹൈക്കോടതി വാദം. മെട്രോയിലെ നിരക്ക് തീരുമാനിക്കേണ്ടത് സര്‍ക്കാരിന്റെ ജോലിയാണെന്നും ഹൈക്കോടതിക്ക് അതില്‍ ഇടപെടാനാവില്ലെന്നും കൂടി അവര്‍ വ്യക്തമാക്കി. 

മുന്‍പും മെട്രോ നിരക്കിനെതിരെ രണ്ടു ഹര്‍ജികള്‍ ഹൈക്കോടതിയില്‍ എത്തുകയും അവയും തള്ളപ്പെടുകയും ചെയ്തിരുന്നു.  സ്ത്രീകള്‍ക്ക് സൗജന്യ നിരക്ക് അനുവദിക്കുന്നതിന് എതിരെയുള്ള ഹര്‍ജി അനവസരത്തിലാണെന്ന് ഡല്‍ഹി സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സഞ്ജയ് ഘോഷ് വാദിച്ചു. ഇപ്പോള്‍ സൗജന്യം നടപ്പാക്കിയിട്ടില്ല. നിര്‍ദേശം മാത്രമേ മുന്നോട്ടുവച്ചിട്ടുള്ളൂ. നടപ്പാക്കിയിട്ടില്ലാത്ത നിര്‍ദേശത്തിനെതിരെ ഹര്‍ജി നല്‍കുന്നത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അടുത്തുതന്നെ നിയമസഭാ തെിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡല്‍ഹിയില്‍ ജനപ്രീതി തിരിച്ചുപിടിക്കാനുള്ള അരവിന്ദ് കേജ്‍രിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്മി സര്‍ക്കാരിന്റെ പുതിയ പദ്ധതിയായിരുന്നു സൗജന്യ യാത്രാ വാഗ്ദാനം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ സീറ്റുകളെല്ലാം ബിജെപി തൂത്തുവാരിയതോടെ നിലനില്‍പിനുള്ള പോരാട്ടത്തിലാണ് അരവിന്ദ് കേജ്രിവാളും എഎപിയും. പുത്തന്‍ മാതൃകയും ബദല്‍ രാഷ്ട്രീയവും ഭരണവും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ കേജ്‍രിവാള്‍ പിടിച്ചുനില്‍ക്കാന്‍തന്നെ പാടുപെടുകയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com