ADVERTISEMENT

മോഡല്‍ ജസീക്ക ലാല്‍ കൊലക്കേസ് പ്രതി മനു ശര്‍മയുടെയും പ്രിയദര്‍ശിനി മാട്ടൂ കൊലക്കേസിലെ പ്രതി സന്തോഷ് സിങ്ങിന്റെയും മോഹങ്ങള്‍ക്ക് തിരിച്ചടി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് 14 വര്‍ഷമായി തിഹാര്‍ ജയിലില്‍ കഴിയുന്ന ഇരുവരെയും നല്ല നടപ്പിന്റെ പേരില്‍ നേരത്തെ വിട്ടയയ്ക്കാനുള്ള തീരുമാനത്തിനിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ സെന്റന്‍സ് റിവ്യൂ ബോര്‍ഡ് അപേക്ഷ നിരസിച്ചതോടെയാണ് ജയിലില്‍ നിന്നു രക്ഷപെടാനുള്ള പ്രതികളുടെ പദ്ധതി പൊളിഞ്ഞത്. 

14 വര്‍ഷമെങ്കിലും ജയിലില്‍ കഴിഞ്ഞവര്‍ക്ക് മോചനം അനുവദിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇരുവരും അപേക്ഷ സമര്‍പ്പിച്ചത്. മൊത്തം 205 അപേക്ഷകള്‍ ഇത്തരത്തില്‍ പരിഗണിച്ചതായി മന്ത്രി സത്യന്ദ്ര ജയിന്റെ നേതൃത്വത്തിലുള്ള റിവ്യൂ ബോര്‍ഡ് അറിയിച്ചു. 59 പ്രതികള്‍ക്ക് അപേക്ഷ പരിഗണിച്ച് മോചനം അനുവദിച്ച ബോര്‍ഡ് 145 പേരുടെ അപേക്ഷ തള്ളിക്കളഞ്ഞു. സുപ്രീം കോടതി പരിഗണിക്കുന്നതിനാല്‍ ഒരാളുടെ അപേക്ഷ പരിഗണിച്ചില്ലെന്നും ബോര്‍ഡ് അറിയിച്ചു. നല്ല നടപ്പിന്റെ പേരില്‍ മാത്രം ഇരുണ്ട ഭൂതകാലം മറന്ന് പ്രതികള്‍ക്ക് മോചനം അനുവദിക്കുന്നത് മികച്ച മാതൃകയല്ലെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. 

ലോക്‌സഭാ ഫലം പുറത്തുവന്നതിന്റെ പിറ്റേന്ന് മേയ് 24 ന് ആയിരുന്നു ബോര്‍ഡിന്റെ യോഗം കൂടേണ്ടിയിരുന്നത്. മാറ്റിവച്ച ബോര്‍ഡ് യോഗമാണ് ഇക്കഴിഞ്ഞ ദിവസം കൂടിയതും കുപ്രസിദ്ധമായ കേസിലെ രണ്ടു പ്രതികള്‍ക്കു ള്‍പ്പെടെ മോചനം അനുവദിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചതും. 2006 മുതല്‍ ശിക്ഷ അനുഭവിക്കുകയാണ് മനു ശര്‍മ.  കഴിഞ്ഞ ഒരു വര്‍ഷമായി തിഹാറിലെ തുറന്ന ജയിലിലാണ് മനു ശര്‍മ തടവുജീവിതം കഴിച്ചുകൂട്ടുന്നത്. രാവിലെ ജോലിക്കു പോകാനും വൈകിട്ടു തിരിച്ചുവരാനുമുള്ള സ്വാതന്ത്ര്യം ജയിലിലുണ്ട്. മുമ്പ് 2017 ലും മനു ശര്‍മയുടെ പേര് മോചനം കാത്തുകഴിയുന്ന പ്രതികള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.  അന്നും അപേക്ഷ തള്ളുകയായിരുന്നു. ഇപ്പോള്‍ മൂന്നാമത്തെ തവണയാണ് സിദ്ധാര്‍ഥ് വസിഷ്ഠ് എന്ന മനുശര്‍മയുടെ നേരത്തേ മോചിപ്പിക്കാനുള്ള അപേക്ഷ തള്ളിക്കളയുന്നത്. 

ജെസീക്ക ലാല്‍ കൊലക്കേസില്‍ നിയമ വിദ്യാര്‍ഥിയായിരുന്ന മനുശര്‍മയെ വിചാരക്കോടതി 1999ല്‍ വെറുതെവിട്ടെങ്കിലും 2006ല്‍ ഡല്‍ഹി ഹൈക്കോടതി പുനഃപരിശോധനയില്‍ വധശിക്ഷ വിധിക്കുകയും പിന്നീട് ജീവപര്യന്തം തടവക്കി ശിക്ഷ ഇളവു ചെയ്യുകയും ചെയ്തു. അന്നുമുതല്‍ തിഹാറിലാണ് പ്രതി കഴിയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com