sections
MORE

അധികാര പരിധിയിൽ സ്ത്രീകളെ നിയോഗിച്ച് ഹാരിയും മേഗനും; വനിതാ ടീമിന്റെ ലക്ഷ്യമിതാണ്

frogmore-cottage-harry-megan
SHARE

ബ്രിട്ടിഷ് രാജകുടുംബത്തിന്റെ പാരമ്പര്യത്തിലും പൈതൃകത്തിലും ഉറച്ചുനില്‍ക്കുമ്പോഴും മാറിച്ചിന്തിക്കുന്നവരും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവരുമായ രാജകുമാരന്‍മാരും കുമാരിമാരുമുണ്ട്. നീലക്കണ്ണുകളും സ്വര്‍ണത്തലമുടിയും മനം മയക്കുന്ന ചിരിയുമായി ലോകത്തിന്റെ ഇഷ്ടം സമ്പാദിച്ച ഡയാനയെപ്പോലുള്ളവര്‍ ഉദാഹരണം. ഇപ്പോഴിതാ പുതുതലമുറയിലെ രണ്ടുപേര്‍ രാജകുടുംബത്തിന് വ്യത്യസ്തമായ ഒരു വിലാസം സമ്മാനിക്കുകയാണ്. ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളുമാണവര്‍.

സസക്സിലെ പ്രഭുവും പ്രഭ്വിയും. തങ്ങളുടെ അധികാരപരിധിയിലുള്ള സുപ്രധാന സ്ഥാനങ്ങളിലെല്ലാം വനിതകളെ നിയോഗിച്ചുകൊണ്ട് സ്ത്രീകള്‍ മാത്രമുള്ള ഒരു ടീമിനെ വാര്‍ത്തെടുത്ത് ലോകത്തിന് പുരോഗമനപരമായ  ആശയം സംഭാവന ചെയ്യുകയാണ് ഹാരി-മേഗന്‍ ദമ്പതികള്‍. വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും വഴികളില്‍നിന്നു വ്യത്യസ്തമായ പാത നേരത്തേതന്നെ സ്വീകരിച്ചിട്ടുള്ള ഹാരിയും മേഗനും പുതിയ നീക്കത്തിലൂടെ ഒരുപടി കൂടി മുന്നോട്ടുപോയിരിക്കുകയുമാണ്.

ഫെമിനിസ്റ്റുകളാണെന്ന് അഭിമാനത്തോടെ മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട് ഹാരിയും മേഗനും. ഇരുവരുടെയും പ്രൈവറ്റ്, ഡപ്യൂട്ടി സെക്രട്ടറിമാരും വനിതകള്‍ തന്നെ. പ്രോജക്ട് മാനേജര്‍മാരും വനിതകള്‍. കൂടാതെ ദമ്പതികള്‍ നോക്കിനടത്തുന്ന ജീവകാരുണ്യപ്രസ്ഥാനങ്ങളുടെ അമരത്തും ഇരുവരും നിയമിച്ചിരിക്കുന്നതും വനിതകളെത്തന്നെ. തങ്ങളുടെ ടീമില്‍ മുഴുവന്‍ പേരും വനിതകളാണെന്നതില്‍ ഇരുവര്‍ക്കും അഭിമാനവുമുണ്ട്.

വില്യം-കേറ്റ് ദമ്പതികളില്‍നിന്നു മാറി സ്വന്തമായ വഴിയിലൂടെ മുന്നേറാന്‍ തീരുമാനച്ചപ്പോള്‍തന്നെ ഹാരി-മേഗന്‍ ദമ്പതികള്‍ തങ്ങളുടെ വ്യത്യസ്തമായ ആശയങ്ങളും നടപ്പാക്കിത്തുടങ്ങിയിരുന്നു. 2015 ല്‍ അമേരിക്കന്‍ നടി എന്ന നിലയില്‍ ഐക്യരാഷ്ട്രസംഘടനയെ അഭിസംബോധന ചെയ്ത അവസരത്തില്‍ മേഗന്‍ പറഞ്ഞ വാക്കുകള്‍ ഇന്നും ലോകം മറന്നിട്ടില്ല: എല്ലാ മേശകള്‍ക്കും ചുറ്റിലും പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും കസേരകള്‍ വേണം. അതു നല്‍കേണ്ട സമയം ഇപ്പോള്‍ തന്നെ കഴിഞ്ഞിരിക്കുന്നു. അർഹമായ സ്ഥാനം നല്‍കാന്‍ ഇനിയും വൈകിയാല്‍ സ്ത്രീകള്‍ സ്വന്തമായി മേശകള്‍ സൃഷ്ടിക്കുകയും അവരുടേതായ ഇരിപ്പിടങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും.

നാലു വര്‍ഷത്തിനുശേഷം ബ്രിട്ടിഷ് രാജകുടുംബത്തിന്റെ അമരത്ത് എത്തിയപ്പോഴും സ്വന്തം വാക്കുകള്‍ മേഗന്‍ മറന്നില്ല. ഓരോ നിയമനം നല്‍കുമ്പോഴും അതു വനിതകള്‍ക്കുതന്നെ എന്നു മേഗന്‍ ഉറപ്പിച്ചിരുന്നു. ക്രമമായും കൃത്യമായ ലക്ഷ്യത്തോടെയും ഇപ്പോഴിതാ വനിതകള്‍ മാത്രമുള്ള മികച്ച ഒരു ഉദ്യോഗസ്ഥവൃന്ദത്തെ അവര്‍ ചുറ്റും സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. തങ്ങളുടെ പ്രസ് ഓഫിസര്‍മാരായി ഇരുവരും നിയമിച്ചിരിക്കുന്നതും വനിതകളെ തന്നെ. തെളിയിക്കാന്‍ ഇനിയൊന്നുമല്ല. ഹാരിയും മേഗനും വ്യക്തമായിത്തന്നെ ഒരു സന്ദേശം നല്‍കുകയാണ്- സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ച്,അര്‍ഹതയ്ക്കനുസരിച്ച് സ്ഥാനങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച്,വിവേചനമില്ലാത്ത, തുല്യതയും സമത്വവുമുള്ള ലോകം സൃഷ്ടിക്കുന്നതിനെക്കുറിച്ച്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA