sections
MORE

വിരമിച്ച ഹൈക്കോടതി ജഡ്ജിയും കുടുംബവും മരുമകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

The purported video footage, with a time stamp dated April 20, 2019, was released by the family of Rao’s daughter-in-law
നൂട്ടി രാമ മോഹൻ റാവുവും കുടുംബാംഗങ്ങളും ചേർന്ന് മരുമകളെ മർദ്ദിക്കുന്ന സിസിടിവി ഫൂട്ടേജിൽ നിന്ന്
SHARE

ഹൈദരാബാദ് : വിരമിച്ച ഹൈക്കോടതി ജഡ്ജിയും കുടുംബവും ചേർന്ന് മരുമകളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അഞ്ചുമാസം മുൻപ് മരുമകൾ സിന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ ഹൈക്കോടതി ജഡ്ജിയായിരുന്ന നൂട്ടി രാമ മോഹൻ റാവുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. ആന്ധ്രാപ്രദേശ്, മധുര ഹൈക്കോടതികളിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച രാമ മോഹൻ 2017 ഏപ്രിലിലാണ് വിരമിച്ചത്.വെള്ളിയാഴ്ചയാണ് മുൻ ജഡ്ജിയും കുടുംബവും ചേർന്ന് മരുമകളെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നത്.

2019 ഏപ്രിൽ 20 എന്ന് രേഖപ്പെടുത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടത് മുൻ ജഡ്ജിയുടെ മരുമകൾ സിന്ധു ശർമ്മയുടെ കുടുംബമാണ്. 2.20 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ മുൻ ജഡ്ജിയുടെ മകൻ വസിഷ്ഠ ഭാര്യയുമായുണ്ടായ തർക്കത്തെത്തുടർന്ന് അവരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാം. രാമ മോഹൻ റാവുവും ഭാര്യ ദുർഗ ജയലക്‌ഷ്മിയും മുറികളിലൂടെ നടക്കുന്നതും ദമ്പതികൾ തമ്മിലുള്ള വഴക്കിലിടപെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വസിഷ്ഠ ഭാര്യയുടെ മുഖത്തിടിക്കുകയും അടിക്കുകയും ചെയ്യുമ്പോൾ റാവു മരുമകളുടെ കൈയിൽ പിടിച്ചു വലിച്ച് അവളെ മുറിയിലെ സോഫയിലേക്കു തള്ളുന്നതും കാണാം.  വഴക്കിനിടയിലെപ്പോഴോ ഒരു കൊച്ചുകുട്ടി സിന്ധുവിന്റെ കാലിൽ കെട്ടിപ്പിടിച്ചു കരയുന്നതും കാണാം. ദൃശ്യങ്ങളുടെ അവസാനം സിന്ധുവിനെ മുറിയിലേക്കു വലിച്ചിഴക്കാൻ ശ്രമിക്കുമ്പോൾ ഒരു കുട്ടി ഓടിവരുന്നതും. അവളെ ഓടിച്ചുവിടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഏപ്രിൽ 27 നാണ് ഭർത്താവിനും ഭർതൃമാതാവിനും എതിരെ ഹൈദരാബാദ് പൊലീസ് സെൻട്രൽ ക്രൈം സ്റ്റേഷനിൽ സിന്ധു പരാതി നൽകിയത്. ഇരുവരും ചേർന്ന് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും ഏപ്രിൽ 20 നുണ്ടായ ആക്രമണത്തിൽ തനിക്ക് ആശുപത്രിയിൽ ചികിൽസ തേടേണ്ടി വന്നുവെന്നും പരാതിയിൽ പറയുന്നു.

സിന്ധുവിന്റെ അച്ഛനും മകൾക്കെതിരെ അരങ്ങേറുന്ന അക്രമങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. റാവുവിനും ഭാര്യ ദുർഗ ജയലക്‌ഷ്മിക്കും അവരുടെ മകനും സിന്ധുവിന്റെ ഭർത്താവുമായ വസിഷ്ഠനുമെതിരെയാണ് പരാതി. 

ഏപ്രിൽ 20 നുണ്ടായ ആക്രമണത്തിൽ മകൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നെന്നും ഭർതൃവീട്ടുകാർ തന്നെ മകളെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മകളുടെ പുറത്തും, നെഞ്ചിലും കൈകളിലും നിറയെ മുറിവുകളും ചതവുകളുമുണ്ടെന്നും അദ്ദേഹം പറയുന്നു. ആ മുറിവുകളൊക്കെ അവൾ തനിയെയുണ്ടാക്കിയതാണെന്ന് ഭർതൃ വീട്ടുകാർ പറഞ്ഞതായും‌ അവൾക്ക് മാനസികരോഗമുണ്ടെന്നു വരുത്തുത്തീർക്കാനും ഭർതൃവീട്ടുകാർ ശ്രമിച്ചതായും അദ്ദേഹം ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് ഡിസിപി അവിനാഷ് മോഹന്തി പറയുന്നതിങ്ങനെ :- '' സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നൽകാമെന്ന് പരാതി നൽകിയപ്പോൾത്തന്നെ അവർ സമ്മതിച്ചതാണ്. പക്ഷേ അത് സബ്മിറ്റ് ചെയ്തില്ല. സിന്ധു ശർമയുടെ പരാതി രജിസ്റ്റർ ചെയ്തപ്പോൾത്തന്നെ അന്വേഷണത്തിന് ഏറെ സഹായകമാകുന്ന സിസിടിവി ദൃശ്യങ്ങൾ നൽകാമെന്ന് അവർ പറഞ്ഞിരുന്നു. സംഭവത്തെപ്പറ്റി വസിഷ്ഠയുടെ മൊഴിയും വീട്ടുജോലിക്കാരുടെ മൊഴിയും സിന്ധുവിന്റെയും അവരുടെ അച്ഛന്റെയും മൊഴികളും മുൻപേതന്നെയെടുത്തിരുന്നു''.

 'ഏപ്രിൽ വരെ നിരവധി നോട്ടീസുകൾ അയച്ചെങ്കിലും സിന്ധു ദൃശ്യങ്ങൾ സബ്മിറ്റ് ചെയ്യാൻ തയാറായില്ല. സിന്ധുവിന്റെ പരാതി ലഭിച്ച ശേഷം കൗൺസിലിങ്ങിനായി ദമ്പതികളെ പലകുറി വിളിച്ചിരുന്നു. അവരുടെ ചെറിയ കുഞ്ഞുങ്ങളെ ഓർത്തായിരുന്നു അങ്ങനെ ചെയ്തത്. പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുകയായിരുന്നു. സിന്ധുവിന്റെ കുടുംബം ദൃശ്യങ്ങൾ പുറത്തുവിട്ട സാഹചര്യത്തിൽ ഇനിയീ കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്നറിയില്ല. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മേൽനടപടികൾ സ്വീകരിക്കാമെന്നാണ് ഇപ്പോഴത്തെ തീരുമാനം.

സംഭവത്തെക്കുറിച്ച് സിന്ധുവിന്റെ അമ്മാവൻ പറയുന്നതിങ്ങനെ :- '' അവൾ ആക്രമിക്കപ്പെടുമ്പോൾ അതു തടയാൻ മുൻ ജഡ്ജിയോ അദ്ദേഹത്തിന്റെ ഭാര്യയോ ശ്രമിക്കുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്''. 

'' ദുർഗ ലക്‌ഷ്മിയോടൊപ്പം രാമ റാവുവും എന്റെ മകളെ ആക്രമിക്കുന്നതിൽ പങ്കുചേർന്നു. വർഷങ്ങളായി സ്ത്രീധനത്തിന്റെ പേരുപറഞ്ഞ് ഈ മർദ്ദനം തുടരുകയാണ്. സിന്ധുവിന്റെ ഭർത്താവ് വസിഷ്ഠയ്ക്ക് പുതിയ നിർമാണക്കമ്പനി തുടങ്ങാൻ കുറേയേറെ പണം വേണം അതിനാണ് അവർ എന്റെ മകളെ ഇങ്ങനെ മർദ്ദിക്കുന്നത്''. - സിന്ധുവിന്റെ അച്ഛൻ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA