ADVERTISEMENT

പകല്‍ സമയത്തെ വവ്വാലിനെപ്പെലെയാണു ഞാന്‍. മുന്‍പിലിരിക്കുന്ന കംപ്യൂട്ടര്‍ സ്ക്രീന്‍ പോലും കാണാന്‍ കഴിയില്ല. കണ്ണടയില്ലാതെ ഞാന്‍ എങ്ങനെ ജോലി ചെയ്യും.... ? യുവതിയുടെ ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് ജപ്പാനിലെ ചില സ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവരാണ്. കാരണം അവരാണ് ജോലി സമയത്ത് കണ്ണട ധരിക്കുന്നതില്‍നിന്ന് ജപ്പാനിലെ സ്ത്രീകളെ വിലക്കിയത്. ജപ്പാന്‍ 17-ാം നൂറ്റാണ്ടിലേക്കാണോ യാത്ര ചെയ്യുന്നത് എന്ന ചോദ്യത്തിനും അവര്‍ തന്നെയാണ് ഉത്തരം പറയേണ്ടത്. 

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ചയും ഇതുതന്നെ. ധാര്‍മിക രോഷത്തോടെ സ്ത്രീകളും ഒപ്പം പുരുഷന്‍മാരും ചോദിക്കുന്നു: ഈ നടപടി എങ്ങനെ ന്യായീകരിക്കും. ജോലി സമയത്ത് കണ്ണട ധരിക്കുന്നതില്‍നിന്നു സ്ത്രീകളെ വിലക്കിയ നടപടിക്കെതിരെ അവര്‍ പ്രതിഷേധവും തുടങ്ങിക്കഴിഞ്ഞു. #glassesareforbidden എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധം ചൂടുപിടിക്കുന്നത്. 

സ്ത്രീ ജീവനക്കാര്‍ കണ്ണട ധരിക്കുന്നത് ആകര്‍ഷകത്വം കുറയ്ക്കുമെന്നാണ് കമ്പനികളുടെ കണ്ടെത്തല്‍. കണ്ണട ധരിക്കുന്നതോടെ തണുപ്പന്‍ ഭാവമാണത്രേ മുഖത്തു വരുന്നത്. ഇതു മാറി ചൂടന്‍ ഭാവം വരാനാണ് കണ്ണടകള്‍ ധരിക്കേണ്ടെന്ന് കമ്പനികള്‍ സ്ത്രീകളോട് ആവശ്യപ്പെടാന്‍ കാരണം. കാഴ്ചക്കുറവും കണ്ണിനു മറ്റു പ്രശ്നങ്ങളുമുള്ളവര്‍ പകരം കോണ്‍ടാക്റ്റ് ലെന്‍സ് ധരിക്കാനാണ് ജീവനക്കാരോട് സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്. 

ഇത്രമാത്രം പരിഹാസ്യമായ ഒരു നിര്‍ദേശം ലോകത്തൊരിടത്തും ഇതുവരെ കേട്ടിട്ടില്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും പറയുന്നത്.  ഇനിയെങ്ങനെ പുതിയ തലമുറയെ ഏറ്റവും മഹത്തായ തലമുറ എന്ന് വിശേഷിപ്പിക്കും എന്നു ചോദിക്കുന്നവരുമുണ്ട്. 

എനിക്ക് 20 ല്‍ അധികം കണ്ണടകളുണ്ട്. പല നിറത്തിലും രൂപത്തിലുമുള്ളവ. വസ്ത്രങ്ങള്‍ പോലെ തന്നെ കണ്ണടയും മാറി മാറി ധരിക്കാനാണ് എനിക്കിഷ്ടം. എന്റെ ഫാഷന്റെ ഭാഗം കൂടിയാണ് കണ്ണട. എന്നെപ്പോലെ വേറെയും എത്രയോ പേരുണ്ട്. അങ്ങനെയുള്ളവര്‍ ജപ്പാനില്‍ ഇനി എന്തുചെയ്യും- സമൂഹമാധ്യമത്തില്‍ ഒരു സ്ത്രീയുടെ ചോദ്യമാണ്. 

സ്ത്രീ ജീവനക്കാര്‍ക്ക്  ഇത്തരം കര്‍ശനമായ പല നിയമങ്ങള്‍ ജപ്പാനിലെ കമ്പനികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഇവയൊന്നും സ്ത്രീകള്‍ക്ക് ബാധകമല്ലെന്നതാണ് വിചിത്രമായ കാര്യം. പുതിയ നിയമങ്ങള്‍ ഓരോന്നും സ്ത്രീകളുോടുള്ള വിവേചനത്തിന്റെ ഉദാഹരണങ്ങളുമാണ്. എന്നിട്ടും നിര്‍ബാധം അവ നടപ്പാക്കാന്‍ കമ്പനികള്‍ ധൈര്യപ്പെടുന്നു. പ്രതിഷേധം സമൂഹ മാധ്യമങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുകയും ചെയ്യുന്നു.

സ്ത്രീ ജീവനക്കാര്‍ രണ്ടിഞ്ചില്‍ കുറയാത്ത ഹൈ ഹീല്‍ ചെരുപ്പ് ധരിക്കണമെന്ന നയത്തിനെതിരെ കുറച്ചുനാള്‍ മുമ്പ് ജപ്പാനില്‍ പ്രതിഷേധം വ്യാപകമായിരുന്നു. നന്നായി മേക്കപ്പ് ചെയ്യണമെന്ന നിര്‍ദേശം ഇപ്പോള്‍ തന്നെ പല കമ്പനികളും സ്ത്രീകള്‍ക്കു നല്‍കുന്നുണ്ട്. കൃത്രിമ കണ്‍പീലികള്‍ ധരിക്കണമെന്ന നിര്‍ദേശവും ചില കമ്പനികള്‍ ജീവനക്കാര്‍ക്കു നല്‍കിയിരുന്നു. 

English Summary : Japanese companies ban women from wearing glasses at work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com