ADVERTISEMENT

പൗരത്വ ഭേദഗതി നിയമവും റജിസ്റ്ററും ജനസംഖ്യാ കണക്കെടുപ്പും രാജ്യമെങ്ങും ചൂടേറിയ ചര്‍ച്ചാവിഷയമായിരിക്കെ, പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര. പൗരത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷ നിരയില്‍നിന്ന് ഉയര്‍ന്ന ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാദങ്ങളും മഹുവതന്നെയാണ് ഉയര്‍ത്തിയത്. തീപ്പൊരി പ്രസംഗത്തിലൂടെ തന്റെ വാദങ്ങള്‍ ഒന്നൊന്നായി നിരത്തിയും സര്‍ക്കാരിനെ ആക്രമിച്ചും മഹുമ മുന്നോട്ടുപോയതോടെ പ്രതിപക്ഷ ബെഞ്ചുകളില്‍നിന്ന് ശക്തമായ പിന്തുണയും ലഭിച്ചു. ഭരണപക്ഷം നിശ്ശബ്ദരായി കേട്ടുകൊണ്ടിരുന്നപ്പോള്‍ സമൃദ്ധമായി കൈയടിച്ച് പ്രതിപക്ഷം പിന്തുണ വ്യക്തമാക്കി.

‘നിങ്ങള്‍ക്കു വിലയേറിയ വോട്ട് തന്നു വിജയിപ്പിച്ച ഓരോ വ്യക്തിയേയും നിങ്ങള്‍ വഞ്ചിച്ചിരിക്കുന്നു. വോട്ട് തന്നവരോട് നിങ്ങള്‍ ഇപ്പോള്‍ ചോദിക്കുന്നത് പൗരത്വം തെളിയിക്കാനുള്ള രേഖ. ഇതില്‍പ്പരം ഒരു ചതിയും വഞ്ചനയും സ്വതന്ത്ര ഇന്ത്യ കണ്ടിട്ടേയില്ല.’- മഹുവ പൊട്ടിത്തെറിച്ചു. നിങ്ങള്‍ വാഗ്ദാനം ചെയ്തത് വികസനം. നടപ്പിലാക്കുന്നതു ചതിയും- തൃണമൂലിന്റെ തിപ്പൊരി എംപി വാക്കുകള്‍ക്ക് ഒട്ടും പിശുക്കുകാട്ടാതെ തുറന്നടിച്ചു.

ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറിന്റെ നാസി ഭരണകാലത്തെ ഭീകരത ഓര്‍മപ്പെടുത്തിയായിരുന്നു തൃണമൂല്‍ എംപിയുടെ പ്രസംഗം. ‘ദേശീയ പൗരത്വ നിയമവും പൗരത്വ റജിസ്റ്ററും ജനസംഖ്യാ കണക്കെടുപ്പും ഏകാധിപത്യ ഭരണകൂടത്തിന്റെ തന്ത്രങ്ങളാണ്. ഇഷ്ടമില്ലാത്തവരെ ഒറ്റപ്പെടുത്താനും അടയാളപ്പെടുത്തി മാറ്റിനിര്‍ത്താനും ഒടുവില്‍ അവരെ ഇല്ലാതാക്കാനുമുള്ള ഹീനമായ തന്ത്രം. ഇതിന് ഈ രാജ്യത്തെ ജനങ്ങളുടെ പിന്തുണയുണ്ടെന്ന് വിചാരിക്കരുത്. ജനങ്ങള്‍ നിങ്ങളെ വോട്ടു ചെയ്തു വിജയിപ്പിച്ചത് വികസനത്തിനുവേണ്ടിയാണെന്നു മറക്കരുത്. കുടില തന്ത്രങ്ങളില്‍നിന്നു രൂപപ്പെടുത്തിയ നിയമങ്ങളും വിദ്വേഷ പ്രസംഗങ്ങളുമാണ് ഭരണകക്ഷിയിലെ ഓരോ അംഗങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബിജെപി ഇപ്പോള്‍ നടപ്പാക്കുന്ന ഈ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിലൂടെ നമ്മുടെ പിതാക്കന്‍മാരെ ഭീകരവാദികളാക്കുന്നു. മക്കളെ വഞ്ചകരും.’- മഹുവ മോയിത്ര പറഞ്ഞു. ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ 50 ദിവസമായി നടക്കുന്ന രാപ്പകല്‍ സമരം പരാമര്‍ശിച്ചുകൊണ്ടായിരുന്നു മഹുവയുടെ പ്രസംഗം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തിയ പ്രസംഗങ്ങളെക്കുറിച്ചും എംപി പ്രസംഗത്തില്‍ സൂചിപ്പിച്ചു. 

രാജ്യത്തിനെതിരെ മുന്നോട്ടുവരുന്നവര്‍ ആരായാലും അവരെ വെടിവച്ചുകൊല്ലണമെന്ന അനുരാഗ് ഠൂക്കിറിന്റെ പ്രസംഗം വിവാദമാകുകയും അദ്ദേഹത്തെ ഡല്‍ഹിയിലെ താരപ്രചാരകരുടെ പട്ടികയില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭം തുടര്‍ന്നാല്‍ ഒടുവില്‍ അവര്‍ വീടുകളില്‍ കയറി സഹോദരിമാരെ ബലാല്‍സംഗം ചെയ്യുമെന്ന് ബിജെപി എംപി പര്‍വേഷ് ശര്‍മ പറഞ്ഞിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 67 ശതമാനം പേരാണ് വോട്ടു ചെയ്തതെന്ന് മഹുവ കേന്ദ്രസര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. അവരില്‍ത്തന്നെ 37 ശതമാനം പേരുടെ പിന്തുണ മാത്രമാണു സര്‍ക്കാരിനുള്ളത്- അവര്‍ പറഞ്ഞു.

നേരത്തെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലും മഹുവ സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. ബംഗാളിലെ കൃഷ്ണ നഗര്‍ ലോക്സഭാ മണ്ഡലത്തെയാണ് മഹുവ പ്രതിനിധീകരിക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് നിങ്ങള്‍ വാഗ്ദാനം നല്‍കി. യുവതലമുറയെ അടിച്ചര്‍മത്തിക്കൊണ്ട് നിങ്ങള്‍ അവരെ വഞ്ചിച്ചിരിക്കുന്നു. നോട്ടു നിരോധനത്തിലൂടെ സാധാരണ കച്ചവടക്കാരെയും നിങ്ങള്‍ തകര്‍ത്തു. ഗുജറാത്തില്‍ പ്രതിമ നിര്‍മിക്കാന്‍ നൂറുകണക്കിന് ഏക്കര്‍ ഏറ്റെടുത്തതിലൂടെ പാവപ്പെട്ടവരുടെ ഭൂമിയാണു കയ്യേറിയത്. ഒടുവില്‍ അധികാരത്തിലെത്തിച്ചവരുടെ പൗരത്വ രേഖ ചോദിച്ച് ജനങ്ങളെയൊന്നാകെ വഞ്ചിച്ചിരിക്കുന്നു- മഹുവ പറഞ്ഞു. സാമ്പത്തിക രംഗം താറുമാറാക്കിയതിനൊപ്പം അപ്രിയ സത്യങ്ങള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് എംപി ആരോപിച്ചു. സാമ്പത്തിക രംഗം വളരുന്നതിനുപകരം തകര്‍ച്ചയിലാണെന്നും മഹുവ ചൂണ്ടിക്കാട്ടി. ഫാസിസം നടപ്പാക്കുമ്പോള്‍ പ്രത്യക്ഷമാകുന്ന ഏഴു കാരണങ്ങളെക്കുറിച്ചു മഹുവ മുമ്പ് നടത്തിയ പ്രസംഗത്തിനും ഏറെ ആരാധകരുണ്ടായിരുന്നു. 

English Summary: "Mark Out, Disenfranchise, Annihilate": Trinamool's Mahua Moitra Shreds CAA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com