ADVERTISEMENT

ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്സിനുള്ള ദീപശിഖ ഏറ്റുവാങ്ങാന്‍ ഇത്തവണ നിയോഗം ലഭിച്ചിരിക്കുന്നത് ഒരു വനിതാ താരത്തിന്. ഇതാദ്യമായാണ് ഒളിംപ്കിസിന്റെ ദീപശിഖാ റാലി നയിക്കാന്‍ ഒരു വനിതയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.  ഒളിംപിക്സിന്റെ ജന്‍മസ്ഥലമായ ഗ്രീസിലെ ഏതന്‍സില്‍നിന്നാണ് ദീപശിഖ പുറപ്പെടുന്നത്.

ഗ്രീസിന്റെ ഒളിംപിക് കമ്മിറ്റി കഴിഞ്ഞ ദിവസമാണ് ചരിത്രപ്രധാനമായ തീരുമാനം പുറത്തുവിട്ടത്. റിയോ ഒളിംപിക്സില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയ അന്ന കൊരാക്കി എന്ന വനിതാ താരമാണ് ഇത്തവണ വര്‍ണാഭമായ ചടങ്ങില്‍ ലോകത്തെ ഏറ്റവും വലിയ കായികമേളയുടെ തുടക്കം കുറിക്കുന്ന ദീപശിഖാ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തി ദീപശിഖ ഏറ്റുവാങ്ങുന്നത്. മാര്‍ച്ച് 12 ന് ഏതന്‍സില്‍ ദീപശിഖ തെളിച്ച ശേഷമായിരിക്കും റാലി തുടങ്ങുക. പ്രശസ്തയായ ഒരു നടി ഗ്രീക്ക് പുരോഹിതയുടെ വേഷവിധാനങ്ങളോടെ ദീപം തെളിക്കും. നൃത്തത്തിന്റെയും സംഗീതത്തിന്റെയും പശ്ചാത്തലത്തിലായിരിക്കും ചടങ്ങുകള്‍. 

ഒരു ബൗളിന്റെ ആകൃതിയിലുള്ള കണ്ണാടിയില്‍നിന്നാകും ആദ്യത്തെ അഗ്നി ദീപശിഖയിലേക്കു പകരുക. സൂര്യന്റെ ചൂടിന്റെയും വെളിച്ചത്തിന്റെയും പ്രതീകമായിട്ടായിരിക്കും ബൗള്‍ ഉപയോഗിക്കുക. ദീപം തെളിച്ച ശേഷം നടി അത് അന്നയ്ക്കു കൈമാറും. ഒരാഴ്ച ദീപശിഖാ റാലി ഗ്രീസിലൂടെ അന്നയുടെ നേതൃത്വത്തില്‍ സഞ്ചരിക്കും. പിന്നീട് ഗ്രീസില്‍ നടക്കുന്ന ചടങ്ങില്‍ ടോക്കിയോ ഒളിംപിക്സ് അധികൃതര്‍ക്ക് ദീപശിഖ കൈമാറും. ഗ്രീസില്‍ അവസാനമായി ദീപശിഖ ടോക്കിയോ ഒളിംപിക് കമ്മിറ്റിക്കു കൈമാറുന്നതും ഒരു വനിത തന്നെയായിരിക്കും. ഗ്രീസിന്റെ കാറ്ററീന സ്റ്റെഫാനിഡി. റിയോയില്‍ പോള്‍ വോള്‍ട്ടില്‍ മെഡല്‍ നേടിയ താരം.

അന്ന കൊരാക്കിയെ ദീപശിഖ റാലി നയിക്കാന്‍ തിരഞ്ഞെടുത്ത തീരുമാനം കായിക ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന്റെ തുടക്കമായിരിക്കുമെന്നാണ് ഒളിംപിക് കമ്മിറ്റി അധികൃതര്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com