sections
MORE

വിശ്വാസം പ്രണയത്തിൽ മാത്രം, ചരിത്രം കുറിക്കാനല്ല: അയർലൻഡിലെ ആദ്യ സ്വവർഗ വിവാഹം

sharni-robin
ഷാർനി എഡ്വേർഡ്സ്, റോബിൻ പ്യൂപ്പിൾസ്
SHARE

റോബിന്‍ പീപ്പിള്‍സും ഷര്‍നി എഡ്‍വേര്‍ഡ്സും ഒന്നും രണ്ടും വര്‍ഷമല്ല കാത്തിരുന്നത്. വര്‍ഷങ്ങളോളം. വിവാഹത്തിനുവേണ്ടിയായിരുന്നു അവരുടെ കാത്തിരിപ്പ്. അവരുടെ ബന്ധത്തെ എതിര്‍ത്തത് കുടുംബങ്ങളോ സമൂഹമോ ഒന്നുമായിരുന്നില്ല. ഒരു രാജ്യം തന്നെ. ഒരര്‍ഥത്തില്‍ ലോകവും. ഒടുവില്‍ തെറ്റ് മനസ്സിലാക്കി രാജ്യം കീഴടങ്ങിയതോടെ ഇന്നു വിവാഹിതരാകുകയാണ് റോബിനും ഷര്‍നിയും. അയര്‍ലന്‍ഡിലെ ആദ്യത്തെ നിയമവിധേയമായ സ്വവര്‍ഗ വിവാഹം ഇന്നു നടക്കുന്നു. റോബിന്റെയും ഷര്‍നിയുടെയും സ്വപ്നം പൂവണിയുന്നു. 

വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് ആണ് റോബിന്റെയും ഷര്‍നിയുടെയും സ്വദേശം. ഇരുവരും യുവതികള്‍. അനുരാഗികള്‍. ഭൂരിപക്ഷ രാജ്യങ്ങളെയും പോലെ അയര്‍ലന്‍ഡിലും സ്വവര്‍ഗ വിവാഹത്തിന് അനുമതിയില്ലായിരുന്നു അടുത്തകാലം വരെ. ഇപ്പോള്‍ നിയമം മാറി. സ്വവര്‍ഗ വിവാഹത്തെ അയര്‍ലന്‍ഡ് നിയമവിധേയമാക്കി. അതിനുശേഷം രാജ്യത്തു നടക്കുന്ന ആദ്യത്തെ വിവാഹമാണിന്ന്. അയര്‍ലന്‍ഡിനൊപ്പം യുകെയ്ക്കും ഇന്ന് ആഘോഷദിവസമാണ്. ഇനി വരും ദിവസങ്ങളില്‍ യുകെയിലും നിയമവിധേയമായ സ്വവര്‍ഗ വിവാഹങ്ങള്‍ നടക്കും.

റോബിന് വയസ്സ് 26. ഷര്‍നിക്ക് 27 ഉം. ദ് ലവ് ഇക്വിറ്റി ക്യാംപെയ്ന്‍ പ്രവര്‍ത്തകരാണ് ഇരുവരും. ആരോഗ്യപരിചരണ രംഗത്താണ് റോബിന്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഷര്‍നി ഒരു ഹോട്ടലില്‍ പരിചാരികയായി ജോലി ചെയ്യുന്നു. ആറു വര്‍ഷം മുമ്പാണ് ഇരുവരും പ്രണയത്തിലാകുന്നത്. അന്നുമുതല്‍ ഒരുമിച്ചാണു ജീവിക്കുന്നതെങ്കിലും ഇനി വിവാഹിതരായി തന്നെ അവര്‍ക്ക് ജീവിതം ആഘോഷിക്കാം, ആസ്വദിക്കാം.

ചരിത്രം സൃഷ്ടിക്കാന്‍ വേണ്ടിയല്ല തങ്ങള്‍ പ്രണയത്തിലായതെന്നും ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും അവർ പറയുന്നു. ഞങ്ങള്‍ പ്രണയത്തിലാകുകയായിരുന്നു- ഷര്‍നി പറയുന്നു. എങ്കിലും തുല്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ തങ്ങള്‍ക്കും ഒരു പങ്ക് വഹിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ഷര്‍നി കൂട്ടിച്ചേര്‍ത്തു. 

ഇന്ന് ഞങ്ങളുടെ വിവാഹം. ഈ ദിവസം ലോകത്തിന് ഒരു സന്ദേശം കൊടുക്കാനുണ്ട് ഞങ്ങള്‍ക്ക്. ഞങ്ങള്‍ തുല്യര്‍. ഇതാണു ഞങ്ങള്‍ക്കു ലോകത്തോടു പറയാനുള്ളത്. ഞങ്ങളുടെ സ്നേഹം വ്യക്തിപരമാണ്. പക്ഷേ, ഞങ്ങള്‍ക്കു വിവാഹിതരാകാന്‍ കഴിയില്ലെന്ന് അനുശാസിച്ച നിയമം രാഷ്ട്രീയപരമാണ്. ആ നിയമത്തിന് ഇന്നു നിലനില്‍പില്ല. എല്ലാവരും തുല്യരാണെന്നും എല്ലാവരുടെയും അവകാശങ്ങളും തുല്യമാണെന്നും ഇനി ഉറപ്പിപ്പു പറയാം- ആവേശത്തോടെ റോബിനും ഷര്‍നിയും പറയുന്നു. ഒരു നിയമത്തിനും തങ്ങളെ വേര്‍പിരിക്കാനാവില്ലെന്ന ആത്മവിശ്വാസത്തോടെ. പ്രണയത്തിന്റെ അനശ്വരതയില്‍ ഉറച്ചുവിശ്വസിച്ചുകൊണ്ട്. 

English Summary: Ireland's 1st Same-Sex Marriage Today, "Landmark, Wedding" Say Brides

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA