sections
MORE

സീനിന് അത് ഒരു ഹോബിയായിരുന്നു; കൊറോണയിൽ നിന്നും രക്ഷിക്കാൻ സഹായമായി

corona-pandemic-world
SHARE

മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബെല്‍ജിയത്തില്‍ ഏറ്റവും നന്നായി അറിയാവുന്ന വ്യക്തിയാണ് സീന്‍ ലഗേ. 31 വയസ്സുകാരിയായ  അവര്‍ ഒരു ശ്വാസകോശരോഗിയാണ്. അവരുടെ ശ്വാസകോശങ്ങള്‍ക്ക് വര്‍ഷങ്ങളായി 20 ശതമാനം പ്രവര്‍ത്തന ശേഷി മാത്രമേയുള്ളൂ. സദാ സമയവും മാസ്ക് ധരിച്ചാണ് സീന്‍ ജീവിക്കുന്നത്. കോവിഡ് ബാധ ലോകവ്യാപകമായതോടെ ശ്രദ്ധ കൂടുകയും ചെയ്തിരിക്കുന്നു. വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന സീനിന് ഹോബികളുണ്ട്. അവയില്‍ മുഴുകിയാണ് ഓരോ ദിവസത്തെയും അവര്‍ സന്തോഷഭരിതമാക്കുന്നത്. എന്നാല്‍ അടുത്തിടെയായി പുതിയൊരു ഹോബി കൂടി സീന്‍ കണ്ടെത്തിയിരിക്കുന്നു: മാസ്ക് നിര്‍മാണം. 

സ്വയം സംരക്ഷിക്കാന്‍ വേണ്ടി ധരിക്കുന്ന മാസ്കിന് ഓരോ മാസവും ചെലവഴിക്കുന്ന തുകയെക്കുറിച്ച് ഒരു സുഹൃത്ത് ഓര്‍മിച്ചപ്പോഴാണ് ആശയത്തിന്റെ ബള്‍ബ് സീനിന്റെ തലയില്‍ വെളിച്ചം വിതറിയത്. അതോടെ, അവര്‍ വീട്ടില്‍ തയ്യല്‍ മെഷീനില്‍ മാസ്ക് നിര്‍മാണവും തുടങ്ങി. ‘മാസ്ക് നിര്‍മിച്ച് എന്റെ ഫിസിയെതെറാപിസ്റ്റിന് കൊടുത്താല്‍ എന്തു നന്നായിരിക്കും എന്നായിരുന്നു ആദ്യത്തെ ചിന്ത. രോഗികളില്‍നിന്നും രോഗങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിനൊപ്പം മികച്ച രോഗീപരിചരണം നല്‍കാനും അതുവഴി കഴിയും- സീന്‍ പറയുന്നു. 

മാസ്ക് നിര്‍മാണം സീന്‍ തുടങ്ങിയത് ഒറ്റയ്ക്കായിരുന്നെങ്കിലും ഇപ്പോഴത് ആയിരങ്ങള്‍ ഉള്‍പ്പെട്ട ഒരു കൂട്ടായ്മയാണ്.  ഫെയ്സ്ബുക് കൂട്ടായ്മയില്‍ സീനിന്റെ കൂട്ടുകാരുടെ എണ്ണം ഒരുദിവസം കൊണ്ടുതന്നെ 3000 ആയി ഉയര്‍ന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അത് 5300 ആയും വര്‍ധിച്ചു. 

ലഭ്യമായ മാതൃക ഉപയോഗിച്ചാണ് സീന്‍ ആദ്യത്തെ മാസ്ക് നിര്‍മിക്കുന്നത്. വാര്‍ത്ത അറിഞ്ഞതോടെ രാജ്യത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇടപെട്ടു. ശാസ്ത്രീയമായ മാസ്കിന്റെ മാതൃക സീനിന് അയച്ചുകൊടുത്തു. ഉപയോഗിക്കേണ്ട വസ്തുക്കളെക്കുറിച്ചു നിര്‍ദേശവും കൊടുത്തു. രണ്ടു ലെയറുകളില്‍ കോട്ടണ്‍ തുണി ഉപയോഗിച്ചാണ് മാസ്ക് നിര്‍മിക്കുന്നത്. മുഖത്ത് മൂക്കിനോട് ചേര്‍ന്ന് നന്നായി ഫിറ്റ് ആകുന്ന മാസ്കുകള്‍. കഴുകി ഉപയോഗിക്കാനാകും എന്ന സൗകര്യവുമുണ്ട്. ഫെയ്സ്ബുക് കൂട്ടായ്മയിലെ അംഗങ്ങള്‍ ഓരോരുത്തരും ദിവസേന 20 മാസ്ക് വീതമാണ് നിര്‍മിക്കുന്നത്. സ്ത്രീകള്‍ മാത്രമല്ല, കൂട്ടായാമയില്‍ അംഗങ്ങളായുള്ളത്. പുരുഷന്മാരുമുണ്ട്. ആര്‍ക്കും ഏതു സമയവും അംഗമാകാം. ദിവസം എത്ര മാസ്ക് നിര്‍മിക്കണം എന്ന നിബന്ധന ഒന്നുമില്ല. ചിലര്‍ ഒരെണ്ണമാകാം.. മറ്റുചിലര്‍ കൂടുതല്‍ നിര്‍മിച്ചേക്കാം. കൂട്ടായ്മയുടെ കരുത്തും ലക്ഷ്യത്തിന്റെ മഹത്വവുമാണ് അവരെ ഒരുമിപ്പിക്കുന്നത്. 

ബെല്‍ജിയത്തിലും കോവിഡ് വ്യാപിച്ചതോടെ മാസ്കുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. നിര്‍മാതാക്കളോട് ഉല്‍പാദനം 40 ശതമാനം വര്‍ധിപ്പിക്കാനാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. എന്തായാലും സീന്‍ ഇപ്പോള്‍ രോഗത്തെക്കുറിച്ച് ഓര്‍മിക്കാറേയില്ല. തന്റെ ശ്വാസകോശത്തിന്റെ അവസ്ഥയെക്കുറിച്ചോര്‍ത്ത് പരിതപിക്കാറുമില്ല. പകരം കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ മാസ്കുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. മഹാമാരിയില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ തന്നെക്കൊണ്ട് ആവുന്നത് ചെയ്യുക; ആതാണ് സീനിന്റെ ഇപ്പോഴത്തെ ജീവിതലക്ഷ്യം. 

English Summary: A Belgian woman with 20 per cent lung capacity starts a home-based mask sewing army

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA