ADVERTISEMENT

കോവിഡ് വ്യാപന കാലത്ത്, വൈറസിനെക്കാളും വലിയൊരു ഭീഷണിയുടെ നിഴലിലാണ് രാജ്യം. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ദിവസം മണിപ്പൂരി യുവതിയായിരുന്നു വംശീയ പരാമര്‍ശങ്ങളുടെ ഇരയെങ്കില്‍, ഹൈദരാബാദില്‍നിന്ന് അരുണാചല്‍ പ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയും പറയുന്നത് വേദനിപ്പിക്കുന്ന സമാന കഥ.  ലീമി കെച് എന്ന പെണ്‍കുട്ടി മരുന്നു വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറിലേക്ക് പോകുന്നതിനിടെ ഒരു ഡസനിലധികം ആളുകള്‍ അധിക്ഷേപിച്ചു എന്നാണ് ആരോപണം. കോറോണ വൈറസ് എന്ന് വിളിച്ചായിരുന്നു പരിഹാസവും അധിക്ഷേപവും. ഹൈദരാബാദിലെ പോഷ് ഏരിയയായ ബന്‍ജാര ഹില്‍സില്‍വച്ചായിരുന്നു നാടിനെ നടക്കിയ സംഭവം. 

8 വര്‍ഷം മുമ്പാണ് ലീമി അരുണാചല്‍പ്രദേശില്‍ നിന്ന് ഹൈദരാബാദില്‍ എത്തുന്നത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ അവര്‍ ഒരു മാധ്യമ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. രാജ്യം ചരിത്രത്തിലെ ആദ്യത്തെ ലോക്ഡൗണിലൂടെ കടന്നുപോകുമ്പോഴാണ് ലീമിക്ക് വംശീയ പരാമര്‍ശത്തിന് ഇരയാകേണ്ടിവന്നിരിക്കുന്നത്. 

കോറോണ വൈറസിന്റെ കാലത്ത് എന്നെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത് രോഗത്തേക്കാളും വംശീയ വിദ്വേഷമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവർ രോഗത്തോടു പൊരുതുന്നതിനൊപ്പം വംശീയത എന്ന മാരക വൈറസിനെതിരെയും പോരാടേണ്ട അവസ്ഥയിലാണ് ഇപ്പോള്‍. ലീമി സമൂഹ മാധ്യമത്തില്‍ എഴുതി.  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിനു പേരാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത മേഖലകളില്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഹൈദരാബാദ് നഗരത്തില്‍ മാത്രം ഇത്തരത്തില്‍ നൂറുകണക്കിനു പേര്‍ ജീവിക്കുന്നുണ്ട്. ഇവരുടെ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ലീമി ആവശ്യപ്പെടുന്നു. 

കോവിഡിനെ ചെറുത്തുതോല്‍പിക്കാന്‍ വൈദ്യശാസ്ത്രത്തിനു കഴിഞ്ഞേക്കും. പക്ഷേ, വംശീയ വിദ്വേഷവുമായി നടക്കുന്ന ആളുകള്‍ മരിക്കുന്നതുവരെയും ആ സമീപനത്തില്‍നിന്നു മാറാന്‍ തയാറല്ല. അതാണെന്റെ ഏറ്റവും വലിയ ഭീതി. ഇരട്ട യുദ്ധത്തിലാണ് ഞങ്ങളിപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്- ലീമി എഴുതുന്നു. 

ഇനിയും ഇതുപോലുള്ള ആക്രമണത്തിനു വിധേയയായാല്‍ അതു ഷൂട്ട് ചെയ്യുമെന്ന് പറഞ്ഞ ലീമി ദുഃഖത്തോടെ ചോദിക്കുന്നു: ‍ഞങ്ങളെ പരിഹസിച്ചു വിളിക്കാന്‍ ഇനിയും എന്തൊക്കെ പേരുകളാണ് നിങ്ങള്‍ കരുതിവച്ചിരിക്കുന്നത് ? 

ഡല്‍ഹിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ മണിപ്പൂരി യുവതിക്കെതിരെ 24 -ാം തീയതിയാണ് സമാന അധിക്ഷേപം ഉണ്ടായത്. കൊറോണ എന്നു വിളിച്ച് അവരുടെ ദേഹത്ത് തുപ്പുകയും ചെയ്തു. സംഭവത്തില്‍ കഴിഞ്ഞദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. വാഹനവും പിടിച്ചെടുത്തു. 

English Summary: Arunachal Pradesh native alleges racism in Hyderabad, claims people called her coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com