ADVERTISEMENT

ജപ്പാനിലെ വനിതാ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് ആശ്വാസകരമായ വാര്‍ത്ത. ഹൈ ഹീല്‍ ചെരുപ്പുകളും ഇറക്കം കുറഞ്ഞ സ്കര്‍ട്ടുകളും ധരിച്ച് ജോലി ചെയ്യുന്നതില്‍നിന്ന് ഇളവ്. ജോലിസ്ഥലത്തെ ക്രൂരമായ ഡ്രസ് കോഡിനെതിരെ വര്‍ഷങ്ങളായി ജീവനക്കാര്‍ നടത്തുന്ന ‘ കു ടൂ മൂവ്മെന്റിന്റെ’  ഭാഗിക വിജയം കൂടിയാണിത്. 

ഹൈ ഹീലുള്ള ചെരുപ്പുകള്‍ ധരിക്കുന്നത് അങ്ങേയറ്റം അസഹനീയമാണെന്നും ഇതു പലപ്പോഴും വേദനയുളവാക്കുന്നു എന്നുമായിരുന്നു വനിതാ ജീവനക്കാരുടെ പരാതി. ഇതു പരിഗണിച്ച് ജീവനക്കാര്‍ ഹൈ ഹീല്‍ ചെരുപ്പുകള്‍ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ആദ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്  ജപ്പാന്‍ എയര്‍ലൈന്‍സ്. 

അടുത്ത മാസം മുതല്‍ നിലവില്‍ വരുന്ന നിയമമനുസരിച്ച് ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള പാദരക്ഷകള്‍ ധരിക്കാമെന്നും വിമാനക്കമ്പനി വ്യക്തമാക്കി. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളതുും യോജിക്കുന്നതുമായ വസ്ത്രം അവരവര്‍ക്കു തന്നെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരിക്കും. സ്കര്‍ടുകള്‍ക്കു പകരം ട്രൗസറുകള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും ജപ്പാന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി. 

ജപ്പാനില്‍ ജോലിസ്ഥലത്തെ ഡ്രസ് കോഡിനെതിരായ ഐതിഹാസിക സമരം നയിച്ചത് നടിയും എഴുത്തുകാരിയുമായ യുമി ഇഷിക്കാവയാണ്. കുട്സു എന്ന നാടകത്തിലൂടെയാണ് ഇഷിക്കാവ ഈ വിഷയം ആദ്യമായി ഉയര്‍ത്തിയത്. കുട്സു എന്ന വാക്കിനര്‍ഥം ഷൂസ് എന്നാണ്.  പിന്നീടത് സമൂഹത്തില്‍ വലിയ ചര്‍ച്ചയായി. ജപ്പാന്‍ എയര്‍ലൈനിന്റെ നടപടി ഗംഭീരമാണെന്നും മഹത്താണെന്നും പ്രതികരിച്ച ഇഷിക്കാവ ആറായിരത്തോളം സ്ത്രീകള്‍ക്ക് തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്നും വ്യക്തമാക്കി. 

ഹോട്ടലുകള്‍, ഡിപാര്‍ട്ട്മെന്റ് സ്റ്റോറുകള്‍, ബാങ്കുകള്‍ എന്നിവയും ഇനി ഡ്രസ് കോഡ് ഉപേക്ഷിക്കേണ്ടതുണ്ട്. ജപ്പാന്‍ എയര്‍ലൈന്‍സ് കാണിച്ച മാതൃക അവരും പിന്‍തുടരുമെന്നാണ് താന്‍ കരുതുന്നതെന്നും ഇഷിക്കാവ പറയുന്നു. എന്നാല്‍ കസ്റ്റമേഴസുമായി നിരന്തരം ഇടപെടുന്ന മറ്റു കമ്പനികള്‍ പുതിയ നിയമം നടപ്പാക്കാനുള്ള സാധ്യത വിദൂരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

60 ശതമാനത്തില്‍ അധികം സ്ത്രീകളും ജപ്പാനില്‍ ഹൈ ഹീല്‍ ചെരുപ്പുകള്‍ ധരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ്. എന്നാല്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ, ഹൈ ഹീല്‍ ചെരുപ്പുകള്‍ക്കും ഇറക്കും കുറഞ്ഞ സ്കര്‍ടുകള്‍ക്കും എതിരാണ്. പക്ഷേ, ആരോഗ്യ വകുപ്പ് മന്ത്രി തകുമി നെമോട്ടോ ഹൈ ഹീലിനും സ്കര്‍ടിനും വേണ്ടി വാദിക്കുന്നു. അവ എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. 

കണ്ണടകള്‍ക്കു പകരം ജീവനക്കാര്‍ കോണ്‍ടാക്റ്റ് ലെന്‍സ് ധരിക്കണമെന്നു നിര്‍ബന്ധിക്കുന്ന സ്ഥാപനങ്ങളും ജപ്പാനിലുണ്ട്. ഗ്ലാസ്സസ് ആര്‍ ഫോര്‍ബിഡന്‍ എന്ന ഹാഷ് ടാഗില്‍ പ്രചാരണവും ഇതിനെതിരെ സ്ത്രീകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ പ്രചാരണം ഇപ്പോഴും ഫലം കണ്ടിട്ടില്ല. 

English Summary: Japan Airlines ditches compulsory high heels and skirts in big win for #KuToo movement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com