ADVERTISEMENT

തീക്കനൽ താണ്ടിയാണ്  പലരും ജീവിതം കെട്ടിപ്പടുക്കുന്നത്. വീടകങ്ങൾ തന്നെ സ്ത്രീകൾക്കു പലപ്പോഴും പീഡന കേന്ദ്രങ്ങളായി മാറുക പതിവാണ്. അത്തരം അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ജീവിത വിജയം നേടുന്നവരും ഏറെയുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഒരു പെൺകുട്ടി. അമ്മയും അവളും ക്രൂരനായ പിതാവിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന പീഡനത്തിന്റെ കഥ. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഗ്രൂപ്പിൽ എഴുതിയയ കുറിപ്പിലാണ് പെൺകുട്ടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

കുറിപ്പിന്റെ സംക്ഷിപ്തരൂപം

14–ാം വയസ്സിൽ ഒരു അർധരാത്രി ഞാനും അമ്മയും ആ വീട് വിട്ട് ഇറങ്ങുകയായിരുന്നു. അപ്പോൾ ധരിച്ചിരുന്ന വസ്ത്രമല്ലാതെ മറ്റൊന്നും ഞങ്ങൾ എടുത്തില്ല. കാരണം പിന്നീട് ഒരു നിമിഷം പോലും അച്ഛനൊപ്പം തുടരാൻ ഞങ്ങൾക്കു കഴിയില്ലായിരുന്നു. എന്റെ അച്ഛനും അമ്മയും തമ്മിലുള്ള  ബന്ധം സുഖകരമായിരുന്നില്ല. വിവാഹം ചെയ്ത് മൂന്നാം നാൾ തന്നെ ചെറിയ കാര്യങ്ങൾക്കു പോലും അച്ഛൻ അമ്മയോട് വഴക്കിടുമായിരുന്നു. എനിക്ക് ആറുമാസം പ്രായമുള്ളപ്പോൾ  കുഞ്ഞു കരയുന്നു എന്നു പറഞ്ഞ്  അദ്ദേഹം അമ്മയെ ശകാരിക്കുമായിരുന്നു. അച്ഛന്റെ മാതാപിതാക്കൾ അമ്മയുടെ ഫോൺ പരിശോധിക്കുകയും അമ്മയെ  പറ്റി മോശം കഥകൾ പ്രചരിപ്പിക്കുകയും ചെയ്തു. അത് എന്റെ  അച്ഛൻ വിശ്വസിച്ചു. അമ്മയുടെ വീട്ടിൽ പോകാൻ പോലും സ്വാതന്ത്ര്യം  ഉണ്ടായിരുന്നില്ല. 

അമ്മ എപ്പോഴും അവരുടെ നിയന്ത്രണത്തിലായിരുന്നു. അമ്മയ്ക്ക് സ്വന്തം മാതാപിതാക്കളെ കാണാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല. അമ്മയുടെ വീട്ടിൽ നിന്നും തിരിച്ചു വരുമ്പോൾ അവർ ചോദിക്കും ‘നിങ്ങൾ യാചകന്റെ വീട്ടിൽ നിന്നാണോ വരുന്നത്’? അച്ഛന്റെ മാതാപിതാക്കൾ അമ്മയുടെ വീട്ടിൽ പോകുന്നതിൽ നിന്നും എന്നെയും വിലക്കി. അവിടെ വൃത്തികെട്ട സ്ഥലമാണെന്നും പോകരുതെന്നും പറഞ്ഞു. 

സദാസമയവും നെഗറ്റീവ് കാര്യങ്ങൾ കേട്ടുകൊണ്ടിരുന്ന ഞാൻ ഒരു ദേഷ്യക്കാരിയായി മാറി. രണ്ടാം വയസ്സിൽ എന്റെ അമ്മയുടെ തലയ്ക്ക് ഞാൻ അടിച്ചു. അനാവശ്യ കാര്യങ്ങൾക്കായി മണിക്കൂറുകളോളം  കരഞ്ഞു. എനിക്ക് എല്ലാം ഭയമായിരുന്നു. കൂട്ടുകാരെ വീട്ടിലേക്കു കൊണ്ടുവരാൻ അടക്കം പേടിയായിരുന്നു. രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഞാൻ റിമോട്ട് കയ്യിലെടുത്താൽ പോലും അപ്പുറത്തെ മുറിയിൽ നിന്ന് അച്ഛൻ അലറുമായിരുന്നു. പക്ഷേ, അമ്മ എപ്പോഴും എന്നെ സംരക്ഷിച്ചു. എന്നാൽ, അച്ഛന്റെ സ്വഭാവം എന്നെ അസ്വസ്ഥയാക്കി. അച്ഛനോടുള്ള പ്രതികാരം പോലും പലപ്പോഴും  ഞാൻ തീർത്തിരുന്നത് എന്റെ പാവം അമ്മയോടായിരുന്നു.സഹികെടുമ്പോൾ മാത്രം അമ്മ ദേഷ്യപ്പെടും. ഞാനും വിട്ടുകൊടുക്കില്ല. പിന്നെ വഴക്കാകും. 

ഒരിക്കൽ ഇങ്ങനെ തുടരാനാകില്ലെന്നും വീടു വിട്ടു പോകുമെന്നും അമ്മ പറഞ്ഞു. അച്ഛന് അത് പ്രശ്നമേ ആയിരുന്നില്ല. വീടിന്റെ താക്കോൽ തിരിച്ചേൽപ്പിച്ച ശേഷം നിനക്കും മകൾക്കും  പോകാമമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ എന്നെയും ചേർത്തു പിടിച്ച് രാത്രി തന്നെ അമ്മ ആ വീടിന്റെ പടിയിറങ്ങി. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. 

ആദ്യമൊക്കെ പുതിയ അവസ്ഥയോടു പൊരുത്തപ്പെടാൻ എനിക്കു പ്രയാസമായിരുന്നു. രണ്ടു വർഷത്തോളം അമ്മയെ ഡിപ്രഷൻ ബാധിച്ചു. അക്കാലത്ത് ഞാൻ എന്നോടു തന്നെ യുദ്ധം ചെയ്തുകൊണ്ടിരുന്നു. പക്ഷേ, എപ്പോഴൊക്കെയോ എന്റെ ദേഷ്യം ഞാന്‍ കുറച്ചു കൊണ്ടു വന്നു. അത് അത്ര എളുപ്പമായിരുന്നില്ല.  എന്റെ അച്ഛനെ ഇപ്പോഴും എനിക്കു സ്നേഹിക്കാനാകില്ല. കാരണം  ഒരിക്കല്‍ പോലും അദ്ദേഹം എന്നെയോ അമ്മയെയോ പരിഗണിച്ചിട്ടില്ല. അമ്മയ്ക്കു ഞാനും എനിക്ക് അമ്മയും മാത്രമാണ് ഉള്ളതെന്ന തിരിച്ചറിവ് എനിക്കുണ്ടായി. 

ഇപ്പോൾ ഏഴു വർഷമായി ഞങ്ങൾ പരസ്പരം തണലാണ്. ഞങ്ങൾ രണ്ടുപേരും മാത്രമാണ് എന്റെ കുടുംബം. ഇപ്പോൾ ഞങ്ങൾകരുത്തരാണ്. അതുകൊണ്ടാണ് ഇത്രയും സന്തോഷം. മറ്റുള്ളവർ എന്തു പറയുന്നു എന്ന്ചിന്തിക്കാറില്ല. ഞങ്ങളുടെതായ ഒരു ജീവിതം ഞങ്ങൾ പടുത്തുയർത്തിയിട്ടുണ്ട്. അന്ന് ആ രാത്രി അവിടെ നിന്ന് ഇറങ്ങാൻ തീരുമാനിച്ച അമ്മയെ ഓർത്ത് എനിക്കിപ്പോൾ അഭിമാനമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com