ADVERTISEMENT

കൊറോണ വൈറസ് വ്യാപച്ചതിനൊപ്പം തന്നെയാണ് വംശീയ വിദ്വേഷവും രാജ്യത്ത് വ്യാപിച്ചത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു ഇതിന്റെ ഇരകള്‍. മിക്ക സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ കൊറോണ എന്നു വളിച്ച് ആക്ഷേപിച്ച സംഭവങ്ങള്‍ ഉണ്ടായി. നടുറോഡില്‍വച്ച് തുപ്പുകയും അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായി. ഇപ്പോഴിതാ, ഇന്ത്യയുടെ ഏറ്റവും പ്രശസ്ത ബാഡ്മിന്റന്‍ താരം ജ്വാല ഗുട്ടയും തനിക്ക് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെക്കുറിച്ച് തുറന്നു പറയുന്നു. 

ചൈനീസ് വംശജയാണ് ജ്വാലയുടെ അമ്മ. അച്ഛന്‍ തെലങ്കാനയില്‍നിന്നുള്ളയാളും. ഇതിന്റെ പേരില്‍ ‘ ഹാഫ് കൊറോണ’  എന്നു തന്നെ വിളിക്കുന്നു എന്നാണ് ജ്വാല വെളിപ്പെടുത്തുന്നത്. ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്റെ തുടക്കം ചൈനയിലെ വുഹാനില്‍നിന്നാണ്. ഇതിന്റെ പേരിലാണ് ചൈനയോടും ചൈനീസ് ജനതയോടുമുള്ള ലോകത്തിന്റെ വിദ്വേഷവും തുടങ്ങിയത്. ചൈനീസ് ജനത പലയിടത്തും ആക്രമിക്കപ്പെട്ട സംഭവങ്ങളുണ്ടായി. ഇതിനൊപ്പമാണ് രൂപത്തില്‍ ചൈനക്കാരെപ്പോലെയിരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ആക്രമണത്തിനു വിധേയമായതും മര്‍ദിക്കപ്പെട്ടതും. 

ട്വിറ്ററിലാണ് തന്നെ പലരും ഹാഫ് കൊറോണ എന്നു വിളിച്ചതെന്ന് ജ്വാല വെളിപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളില്‍ അവര്‍ സജീവമാണ്. മനസ്സില്‍ തോന്നുന്ന അഭിപ്രായങ്ങള്‍ ഒരു മറവും കൂടാതെ തെളിച്ചുപറയാറുമുണ്ട്. ഇതിന്റെ പേരില്‍ തനിക്ക് പലപ്പോഴും എതിര്‍പ്പ് നേരിടേണ്ടിവരാറുണ്ടെന്നും ജ്വാല വെളിപ്പെടുത്തുന്നു. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആക്ഷേപിക്കുന്ന പ്രവണത രാജ്യത്ത് അനുവദിക്കരുതെന്നാണ് ജ്വാലയ്ക്ക് പറയാനുള്ളത്. ഇത്തരക്കാരെ കണ്ടെത്തി ശിക്ഷിക്കാവുന്ന രീതിയില്‍ സൈബര്‍ പൊലീസ് ഉയരണമെന്നും അവര്‍ അഭിപായപ്പെടുന്നു. വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നത് ഒരു കുറ്റകൃത്യം തന്നെയാണ്. തീര്‍ച്ചയായും ശിക്ഷയര്‍ഹിക്കുന്ന ഒന്ന്- ജ്വാല പറയുന്നു. 

ജ്വാല മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം ഹൈദരാബാദിലെ വീട്ടില്‍ തന്നെയാണ്. വീട്ടുജോലികളില്‍ സഹായിക്കുന്നതിനൊപ്പം ദിവസം ഒരു തവണയെങ്കിലും പരിശീലനം നടത്താനും സമയം കണ്ടെത്തുന്നു. അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുന്ന ചിത്രവും മറ്റും അവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ടോക്കിയോ ഒളിംപിക്സ് മാറ്റിവച്ചു എന്ന വാര്‍ത്ത എല്ലാ കായികതാരങ്ങളെയും പോലെ തന്നെയും നിരാശപ്പെടുത്തിയെന്നും ജ്വാല പറയുന്നു. 

English Summary: Educated lot is jogging on roads and blaming one community for spreading coronavirus: Jwala Gutta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com