ADVERTISEMENT

ബ്രിട്ടന്റെ പരമാധികാരത്തിന്റെ സിംഹാസനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷം . ഒഴിവാക്കിയിരിക്കുകയാണ് എലിസബത്ത് രാജ്ഞി. ചരിത്രത്തിലെ അൂപൂര്‍വ റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടാണ് രാജ്ഞി ഇന്ന് 94-ാം വയസ്സിലേക്കു കടക്കുന്നത്. ബ്രിട്ടന്റെ സിംഹാസനം അലങ്കരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഭരണാധികാരി. ഏറ്റവും കൂടുതല്‍ അധികാരം കയ്യാളിയ രാജ്ഞി എന്നിങ്ങനെയുള്ള ഒരുകൂട്ടം റെക്കോര്‍ഡുകളാണ് എലിസബത്ത് രാജ്ഞിക്കു സ്വന്തമായിരിക്കുന്നത്. പൊതുവെ ജന്‍മദിനങ്ങള്‍, പൊതുജന ശ്രദ്ധ കിട്ടുന്ന അവസരങ്ങളായി മാറ്റാതെ, സ്വകാര്യമായി മാത്രം ആഘോഷിക്കുന്ന രാജ്ഞി ഇത്തവണ അതും വേണ്ടെന്നുവച്ചിരിക്കുകയാണ്. കോവിഡ‍് രോഗികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണിത്. 

രാജ്ഞിയുടെ ജന്‍മദിന ദിവസം ലണ്ടന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആചാരവെടികള്‍ മുഴങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ, തന്റെ ജന്‍മദിനം ആഘോഷിക്കാന്‍ അത്തരം ആചാരങ്ങളൊന്നും വേണ്ടെന്നാണ് രാജ്ഞിയുടെ നിലപാട്. ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും അഞ്ചാമതാണ് ഇപ്പോള്‍ ബ്രിട്ടന്‍. 16,000 പേരോളം മഹാമാരിയില്‍ മരണത്തിനു കീഴടങ്ങി. ലോക്ഡൗണിന്റെ നാലാമത്തെ ആഴ്ചയിലേക്കു രാജ്യം കടക്കുകയുമാണ്. എല്ലാ വ്യവസായശാലകളും അടഞ്ഞുകിടക്കുന്നു. പൗരന്‍മാരോടെല്ലാം വീടുകളില്‍ തന്നെ കഴിയാനാണ് സര്‍ക്കാര്‍ നര്‍ദേശിച്ചിരിക്കുന്നത്. ഏതാണ്ട് യുദ്ധസമാനമായ സാഹചര്യം. രാജ്ഞിയുടെ ജന്‍മദിനത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുകളില്‍ പതാക ഉയര്‍ത്താറുണ്ട്. എന്നാല്‍ ഇത്തവണ അത്തരമൊരു ആഘോഷം പോലും വേണ്ടെന്നാണ് കര്‍ശന നിര്‍ദേശം. 98 വയസ്സുള്ള ഫിലിപ് രാജകുമാരനൊപ്പം ലണ്ടനു പടിഞ്ഞാറ് വിന്‍ഡ്സര്‍ കൊട്ടാരത്തിലാണ് ഇപ്പോള്‍ രാജ്ഞിയുള്ളത്. അവിടെനിന്നാണ്, രാജ്യത്തോടുള്ള സന്ദേശങ്ങള്‍ രാജ്ഞി പുറത്തുവിടാറുള്ളത്. 

തിങ്കളാഴ്ച ഫിലിപ് രാജകുമാരനും ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. മൂന്നു വര്‍ഷം മുമ്പ് പൊതുജീവിതത്തില്‍നിന്നു പിന്‍വാങ്ങിയ ശേഷം ആദ്യമായാണ് അദ്ദേഹത്തിന്റേതായി ഒരു പ്രസ്താവന പുറത്തുവന്നത്. കോവിഡിനെതിരായ പോരാട്ടത്തില്‍ അണിനിരക്കുന്നവര്‍ക്കെല്ലാം നന്ദി പറയുന്നതായിരുന്നു രാജകുമാരന്റെ സന്ദേശം. 1926 ഏപ്രില്‍ 21 നാണ് എലിസബത്ത് രാജ്ഞി ജനിച്ചത്. പിതാവ് ജോര്‍ജ് ആറാമന്‍ രാജാവ്. സഹോദരന്‍ എഡ്‍വേര്‍ഡ് എട്ടാമന്‍ 1936 ല്‍ അമേരിക്കന്‍ വിധവ വാള്‍സ് സിംപ്സനെ വിവാഹം കഴിക്കാന്‍ സ്ഥാന ത്യാഗം നടത്തിയപ്പോഴായിരുന്നു ജോര്‍ജ് ആറാമന്‍ ബ്രിട്ടന്റെ രാജാവായി മാറുന്നത്. 

English Summary: Queen Elizabeth turns 94, cancels traditional birthday gun salutes due to coronavirus pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com