ADVERTISEMENT

രൂക്ഷമായ ജാതി വിവേചനത്തെ തുടര്‍ന്ന് ചിതയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് മേല്‍ജാതിക്കാര്‍. ഉത്തര്‍പ്രദേശിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. 26 വയസ്സുള്ള യുവതിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം ചിതയില്‍ വച്ചപ്പോഴാണ് ഉയര്‍ന്ന ജാതിക്കാര്‍ എതിര്‍പ്പുമായി എത്തിയത്. ഒടുവില്‍ ഗ്രാമത്തില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ ദലിത് സമുദായത്തിനുവേണ്ടിയുള്ള ശ്മശാനത്തില്‍ യുവതിയുടെ സംസ്കാരം നടത്തി. സംഭവം വിവാദമായെങ്കിലും തങ്ങള്‍ നിയമപ്രകാരമുള്ള നടപടികള്‍ മാത്രമാണ് ചെയ്തതെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് മേൽജാതിക്കാര്‍ വാദിക്കുന്നത്. 

ഉത്തര്‍പ്രദേശിലെ എട്ടാവാ ജില്ലയില്‍ കകര്‍പുര ഗ്രാമത്തില്‍ ഈ മാസം 19 നാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. അണുബാധയെത്തുടര്‍ന്നാണ് ഇവിടെ ഒരു യുവതി മരിച്ചത്. ഭര്‍ത്താവും ബന്ധുക്കളും കൂടി മൃതദേഹം ഗ്രാമസഭയുടെ നേതൃത്വത്തിലുള്ള സംസ്കാര സ്ഥലത്തേക്കു കൊണ്ടുപോയി. മൃതദേഹം ചിതയില്‍ വച്ച് നാലു വയസ്സുകാരനായ മകന്‍ തീ കൊളുത്താന്‍ തുടങ്ങുമ്പോഴാണ് ഒരു കൂട്ടം ആളുകള്‍ തടസ്സവുമായി എത്തിയതെന്ന് യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പറയുന്നു. താഴ്ന്ന സമുദായക്കാര്‍ക്കുള്ള സംസ്കാര സ്ഥലത്ത് യുവതിയെ ദഹിപ്പിച്ചാല്‍ മതിയെന്നായിരുന്നു തടസ്സപ്പെടുത്തിയവരുടെ വാദം. 

ഒരു കാരണവശാലും സംസ്കാരം നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഉയര്‍ന്ന ജാതിക്കാരുടെ വാദമെന്നു പറയുന്നു രാഹുല്‍. ഒന്നുമറിയാത്ത കുട്ടിയെപ്പോലും അതിന്റെ  പേരില്‍ അവര്‍ തടസ്സപ്പെടുത്തിയെന്നും രാഹുല്‍ ആരോപിക്കുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കുവരെയെത്തിയ സംഭവങ്ങളുണ്ടായി. ഗ്രാമത്തലവനും പഞ്ചായത്ത് അധികൃതരും ഇടപെട്ടെങ്കിലും ഉയര്‍ന്ന ജാതിക്കാര്‍ തരിമ്പും വഴങ്ങാന്‍ കൂട്ടാക്കിയില്ല. 

ഒരോ സമുദായത്തിനും ഓരോ സംസ്കാരസ്ഥലമുണ്ട്. അവിടെ വേണം ആ സമുദായക്കാരെ സംസ്കരിക്കാന്‍: ഉയര്‍ന്ന ജാതിക്കാര്‍ തീര്‍ത്തുപറഞ്ഞു. താഴ്ന്ന ജാതിക്കാര്‍ക്ക് താമസിക്കാന്‍ അനുമതി കൊടുത്തതുപോലും ഉയര്‍ന്ന ജാതിക്കാരുടെ കാരുണ്യം മൂലമാണെന്നും അതു മറക്കരുതെന്നും അവര്‍ വാദിച്ചുകൊണ്ടേയിരുന്നു. 

സംഭവം ഇത്ര വിവാദമായിട്ടും ഇതുവരെ എഫ്ഐആര്‍ പോലും റജിസ്റ്റര്‍ ചെയ്തിട്ടില്ല. മരിച്ച യുവതിയുടെ ബന്ധുക്കള്‍ ഇതുവരെ സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്. സംഘര്‍ഷം ഉണ്ടായെങ്കിലും പെട്ടെന്നുതന്നെ പ്രശ്നം പരിഹരിച്ചെന്നാണ് പൊലീസിന്റെ അവകാശവാദം. 

English Summary: Body of lower caste woman taken off funeral pyre after upper castes object in UP village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com