sections
MORE

സങ്കൽപിക്കാൻ കഴിയാത്ത ക്രൂരതയിലൂടെ അവളുടെ ജീവൻ തിരിച്ചെടുക്കപ്പെട്ടു; ബ്രെയോണയ്ക്ക് ആദരം

taylor
SHARE

ദ് ഓപ്റ മാഗസിന്‍ ഇത്തവണ പുറത്തിറങ്ങുമ്പോള്‍ കവര്‍ പേജില്‍ കാത്തിരിക്കുന്നുണ്ട് ഒരു അതിശയം. രണ്ടു പതിറ്റാണ്ടു ചരിത്രത്തില്‍ ആദ്യമായി ഇത്തവണ അമേരിക്കന്‍ ടെലിവിഷന്‍ അവതാരക ഓപ്റ വിന്‍ഫ്രി കവര്‍ പേജില്‍ ഇല്ല. പകരം ആഫ്രിക്കന്‍ വംശജയായ അമേരിക്കന്‍ നഴ്സ് ബ്രെയോണ ടെയ്‍ലര്‍. 2020 മാര്‍ച്ച് 13 ന് പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 26 വയസ്സുകാരി. ലഹരിമരുന്ന് റെയ്ഡിന്റെ ഭാഗമായാണ് ടെയ്‍ലറിനു ജീവന്‍ നഷ്ടമാകുന്നത്. ലഹരിമരുന്ന് ഒളിപ്പിച്ചുവച്ചു  എന്നാരോപിച്ചാണ് പൊലീസ് ടെയ്‍ലറിന്റെ അപാര്‍ട്മെന്റില്‍ റെയ്ഡ് ചെയ്യുന്നതും യുവതിയായ നഴ്സിനെ ആക്രമിക്കുന്നതും. സംഭവസ്ഥലത്തുവച്ചു തന്നെ ടെയ്‍ലര്‍ കൊല്ലപ്പെട്ടു. പിന്നീടു നടന്ന പരിശോധനയില്‍ അപാര്‍ട്മെന്റില്‍ നിന്ന് പൊലീസിന് ഒരു തരി ലഹരി മരുന്നു പോലും കണ്ടെടുക്കാനുമായില്ല. ഇതേ ബ്രെയോണയാണ് ഇത്തവണ ദ് ഓപ്റ മാഗസിന്റെ കവര്‍ പേജ് അലങ്കരിക്കുന്നത്; സാക്ഷാല്‍ ഓപ്റ വിന്‍ഫ്രിക്കു പകരം. ബ്രെയോണയെ കവര്‍ പേജില്‍ ചിത്രീകരിച്ചു എന്നു മാത്രമല്ല അമേരിക്കന്‍ പൊലിസിന്റെ അനീതിക്ക് ഇരയായ ബ്രെയോണയ്ക്കുവേണ്ടി വികാരഭരിതമായ ഒരു കുറിപ്പും ഓപ്റ പങ്കുവച്ചു. 

‘അവള്‍ എന്നെപ്പോലെയായിരുന്നു. നിങ്ങളെപ്പോലെയായിരുന്നു. എന്നിട്ടും അവര്‍ക്ക് സ്വന്തം ജീവന്‍ കൊടുക്കേണ്ടിവന്നു. അതിലൂടെ തകര്‍ന്ന സ്വപ്നങ്ങള്‍ എത്രയോ. ഭാവിയെക്കുറിച്ച് ഒരു സ്വപ്നം അവളുടെ മനസ്സിലുമുണ്ടായിരുന്നു. സ്വപ്നങ്ങള്‍. കൂട്ടുകാര്‍. പൊട്ടിച്ചിരി. സൗഹൃദം. ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട് ബ്രെയോണ ടെയ്‍ലറിനെക്കുറിച്ച്. ദക്ഷിണാഫ്രിക്കയില്‍ പഠിക്കുകയും കോവി‍ഡ് കാലത്ത് വീട്ടില്‍ ക്വാറന്റീനില്‍ ഇരിക്കുകയും ചെയ്യുന്ന എന്റെ രണ്ടു പെണ്‍മക്കളുടെ അതേ പ്രായമായിരുന്നു അവള്‍ക്ക്. അവരുടെ വാക്കുകളില്‍ ഞാന്‍ എപ്പോഴും കേള്‍ക്കുന്നത് പുതിയ സാധ്യതകളെക്കുറിച്ചാണ്. എന്നിട്ടും അവള്‍... 

പ്രതീക്ഷകളായിരുന്നു അവളുടെ ലോകത്തിന്റെ പ്രത്യേകത. എന്നിട്ടും സങ്കല്‍പിക്കാന്‍ പോലുമാവാത്ത ക്രൂരതയുടെ ഫലമായി അവളുടെ ജീവന്‍ തിരിച്ചെടുക്കപ്പെട്ടു. ഉറങ്ങിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ വീട്ടിലേക്ക് അപരിചിതരായ മൂന്നു പുരുഷന്‍മാര്‍ ആക്രമിച്ചുകടക്കുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ. നിങ്ങളെ രക്ഷിക്കാന്‍ വേണ്ടി പങ്കാളി അക്രമികള്‍ക്കു നേരെ വെടിവയ്ക്കുന്നത്. 

ഒരു കാര്യം എനിക്കുറപ്പാണ്. മൗനമായിരിക്കാന്‍ നമുക്ക് കഴിയില്ല. നീതിക്കുവേണ്ടി എത്ര ഉറക്കെ നിലവിളിക്കാമോ അത്ര ഉറക്കെ വിളിച്ചുകൂവുക തന്നെ വേണം. അതുകൊണ്ടാണ് ബ്രെയോണ ഈ കവര്‍ പേജ് അലങ്കരിക്കുന്നത്. ബ്രെയോണയുടെ പേരില്‍ ഞാന്‍ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നു ! - ഓപ്റ മാഗസിനില്‍ കുറിച്ചു. 

English Summary: After 20 years, why Oprah Winfrey is not on her magazine cover

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA