ADVERTISEMENT

കാല്‍നൂറ്റാണ്ടാകുന്നു പഞ്ചാബിലെ അധ്യാപകനായ ഒരു പിതാവിന് മകളെ നഷ്ടപ്പെട്ടിട്ട്. മകളെ ഇന്നും അച്ഛന്‍ മറന്നില്ല എന്നു മാത്രമല്ല, ഗംഭീരമായി മകളുടെ ഓര്‍മ ഇന്നും സജീവമായി നിലനിര്‍ത്തുന്നു. ഒരു വ്യക്തിയുടെയും കുടുംബത്തിന്റെയും മനസ്സില്‍ മാത്രമല്ല; ഒരു നാടിന്റെ പുതുതലമുറയുടെ മനസ്സില്‍ പോലും അവളെ കുറിച്ചുള്ള ഓർമകളുണ്ട്.

1997 ജൂലൈ 29 നാണ് ദര്‍ശന്‍ സിങ് എന്ന ഹിന്ദി അധ്യാപകന്റെ ജീവിതത്തില്‍ വിധി ആഘാതമേല്‍പിച്ചത്. ബര്‍ണാല ജില്ലയിലെ മെഹല്‍ കലന്‍ എന്ന സ്ഥലത്താണ് അദ്ദേഹം കുടുംബമായി താമസിച്ചിരുന്നത്. ഒരു ദിവസം അടുത്തൊരു കൃഷിസ്ഥലത്ത് നിന്ന് ദര്‍ശന്‍ സിങ്ങിന് മകളുടെ പുസ്തകങ്ങളും കുട്ടി സഞ്ചരിച്ചിരുന്ന സൈക്കിളും മറ്റും ലഭിച്ചു. കരണ്‍ജിത് കൗറിനെ തട്ടിക്കൊണ്ടു പോയതാണ്. ക്രൂരമായ പീഡനത്തിനു ശേഷം കൊല്ലപ്പെടുകയായിരുന്നു. ഓഗസ്റ്റ് 11 ന് അതേ കൃഷിസ്ഥലത്തിന്റെ മറ്റൊരു ഭാഗത്തുനിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചു. പിറ്റേന്ന് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ദര്‍ശന്‍ സിങ്ങിന്റെ മകള്‍ക്ക് യാത്രാമൊഴി. സങ്കടം മാത്രമല്ല അന്നവിടെ കൂടിയ ജനക്കൂട്ടത്തിന്റെ മനസ്സില്‍ നിറഞ്ഞുനിന്നത്. പ്രതിഷേധവും. അത് 50 ദിവസത്തോളം നീണ്ടുനിന്നു. കുറ്റവാളികളെ പിടിക്കാനും അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാനുംവേണ്ടി. 

നീതി വൈകിയപ്പോള്‍ ദര്‍ശന്‍ സിങ്ങും നാട്ടുകാരും കൂടി ചേര്‍ന്ന് കരണ്‍ജിത്ത് ആക്ഷൻ കമ്മിറ്റിയുണ്ടാക്കി. 23 വര്‍ഷമായി എല്ലാ വര്‍ഷവും ഈ ആക്ഷൻ കമ്മിറ്റി കരണ്‍ജിത്തിനെ ഓര്‍മിക്കുന്നു. ഒരു കുട്ടിയുടെ ജീവനെക്കുറിച്ചല്ല അവരുടെ ഓരോ വര്‍ഷത്തെയും ചര്‍ച്ച. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പ്രശ്നങ്ങള്‍. അവരുടെ അവകാശങ്ങള്‍. നീതി വൈകിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തെക്കുറിച്ചുള്ള എതിര്‍പ്പും പ്രതിഷേധവും. 

കരണ്‍ജിത്തിന്റെ ഓര്‍മദിനത്തില്‍ സാധാരണ 20,000 പേരാണ് എത്തുന്നത്. 23 വര്‍ഷമായി മുടങ്ങാതെ നടന്ന കൂടിച്ചേരല്‍ ഇത്തവണത്തെ കോവിഡ് പഛ്ചാത്തലത്തില്‍ മാറ്റിവയ്ക്കാനൊന്നും തയാറായില്ല. പകരം ഓഗസ്റ്റ് 1 മുതല്‍ 15 വരെ ദിവസേന നാലു മണിക്കൂര്‍ നീളുന്ന ഫെയ്സ്ബുക്ക് ലൈവ് സമ്മേളനം തന്നെ നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ 15 ദിവസം നീണ്ടുനില്‍ക്കുന്ന ഈ വെര്‍ച്വല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു. പതിനായിരങ്ങള്‍ പങ്കെടുക്കുന്നതാണ് പതിവെങ്കില്‍ ഇത്തവണ പങ്കെടുത്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഓഗസ്റ്റ് 12 ന് സമ്മേളനം അവസാനിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുത്ത് സംസാരിക്കേണ്ടിവന്നപ്പോള്‍ മൂന്നുദിവസം കൂടി നീട്ടുകയായിരുന്നു. 

‘ 23 വര്‍ഷം മുന്‍പ് സ്കൂളില്‍ പോയ എന്റെ മകള്‍ മടങ്ങിവരാതിരുന്നപ്പോള്‍ എനിക്ക് ചില ആളുകളെ സംശയമുണ്ടായിരുന്നു. എന്നാല്‍ ബന്ധുക്കളും നാട്ടുകാരും എന്നോടു പറഞ്ഞത് സംഭവം രഹസ്യമാക്കിവയ്ക്കാനാണ്. ഒരു പെണ്‍കുട്ടിയുടെ കാര്യമല്ലേ പുറത്താരും അറിയണ്ട എന്ന്. പക്ഷേ, എനിക്ക് മൗനമായിരിക്കാന്‍ കഴിഞ്ഞില്ല. എന്റെ മകള്‍ക്കുവേണ്ടി ഞാനല്ലെങ്കില്‍ മറ്റാരാണ് പോരാടേണ്ടത്. പ്രതികള്‍ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു എന്നു മാത്രമല്ല രാജ്യത്തെങ്ങുമുള്ള മാതാപിതാക്കള്‍ക്ക് വ്യക്തമായ ഒരു സന്ദേശവും ലഭിച്ചു. മക്കള്‍ക്കു നേരെയുണ്ടാകുന്ന അനീതിക്കെതിരെ പോരാടാന്‍. ഇന്നും പീഡനവും കൊലപാതകവും നിര്‍ബാധം നടക്കുന്നു. എന്നാല്‍ ഇരകള്‍ നാണിച്ചുതലതാഴ്ത്തേണ്ടവരല്ലെന്ന സന്ദേശമാണ് ഞാന്‍ നല്‍കിയത്. അവരുടെ ബന്ധുക്കള്‍ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കട്ടെ. കുറ്റവാളികള്‍ തല താഴ്ത്തട്ടെ. ഇത്തവണ ഒഗസ്റ്റ് 12 ന് ഞങ്ങള്‍ കുടുംബാംഗങ്ങള്‍ മാത്രം ഒത്തുകൂടിയിരുന്നു. അമ്പതോളം പേര്‍.  9 വയസ്സ് മാത്രമുള്ള ഇഷ്മീത് എന്ന പെണ്‍കുട്ടി കരണ്‍ജിത്തിനെക്കുറിച്ച് എഴുതിയ കവിത അവിടെ വായിച്ചു. എനിക്ക് അഭിമാനം തോന്നി - തളരാതെ, തകരാതെ ദര്‍ശന്‍ സിങ് ആത്മവിശ്വാസത്തോടെ പറയുന്നു. 

English Summary: He lost his daughter 23 yrs ago, but keeps her memory alive with a convention on women’s issues every year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com