103–ാം വയസ്സിലും ജിമ്മിലെ വ്യായാമം; ശാരീരികക്ഷമത നിലനിർത്തും തെരേസയാണ് താരം
Mail This Article
ശരീരത്തിന് അൽപം കൂടി ആരോഗ്യവും രൂപഭംഗിയും വേണമെന്നു തോന്നിയാൽ പിറ്റേന്ന് തന്നെ ജിമ്മിൽ ചേരുന്നവരുണ്ട്. എന്നാൽ ഈ പതിവ് മുടക്കാതെ പിന്തുടരാൻ പറ്റുന്നവരുടെ എണ്ണം വിരളമാണ്. ചെറുപ്പം വിട്ടുമാറാത്ത പ്രായത്തിൽ പോലും ഇങ്ങനെ മടി പിടിക്കുന്നവരെ സ്വന്തം ഇച്ഛാശക്തികൊണ്ട് ലജ്ജിപ്പിക്കുകയാണ് ഒരു 103 കാരി മുത്തശ്ശി. തെരേസ മൂർ എന്ന ഈ ഫിറ്റ്നസ് ഫ്രീക്ക് മുത്തശ്ശിയെ കണ്ട് പ്രചോദനം തോന്നി ആരോഗ്യ സംരക്ഷണം ആരംഭിച്ചവർ പോലുമുണ്ട്.
കലിഫോർണിയ സ്വദേശിനിയാണ് തെരേസാ മൂർ. നൂറു പിന്നിട്ടതിന്റെ അവശതകൾ ഒന്നുമില്ലാതെ സമീപപ്രദേശത്തുള്ള ഒരു ജിമ്മിൽ ആഴ്ചയിൽ നാലുതവണയെങ്കിലും തെരേസ എത്താറുണ്ട്. അതും നല്ല ഹെവി ലുക്കിൽ തന്നെ. തനിക്കുള്ള ആഭരണങ്ങളെല്ലാം അണിഞ്ഞ് മുഖമാകെ മേക്കപ്പിട്ട് മിനുക്കിയാണ് ഇവർ ജിമ്മിലേക്ക് എത്തുന്നത്. ഈ പ്രായത്തിൽ ജിമ്മിലേക്ക് എത്തിയാലും ചെറിയ വ്യായാമങ്ങളിൽ തെരേസ ഒതുക്കും എന്നാണ് കരുതിയതെങ്കിൽ തെറ്റി. ട്രെഡ്മിൽ ഓടിയും വെയ്റ്റ് ലിഫ്റ്റിങ്ങ് ചെയ്തുമെല്ലാം ശരീരം നന്നായി പരിപാലിക്കുകയാണ് ഈ മുത്തശ്ശി.
ഇറ്റലിയിൽ ജനിച്ച തെരേസ 1946 ലാണ് ഒരു സൈനിക ഉദ്യോഗസ്ഥനെ വിവാഹം ചെയ്യുന്നത്. പിന്നീടിങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ ജീവിച്ചിട്ടുണ്ട്. ശരീരത്തിന്റെ ഊർജം നിലനിർത്താനാണ് വ്യായാമം ചെയ്യുന്നത് എന്നാണ് തെരേസയുടെ പക്ഷം. എന്നാൽ സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആളാണ് തന്റെ അമ്മയെന്നും ആ ചിന്തയാണ് അവരെ ജിമ്മിലേക്ക് എത്തിക്കുന്നതെന്നും മകളായ ഷൈല മൂർ പറയുന്നു. ജിമ്മിൽ നിന്നും തെരേസയ്ക്ക് ധാരാളം സുഹൃത്തുക്കളെയും ലഭിച്ചിട്ടുണ്ട്. അവരുമായി സംസാരിക്കുന്നതും തെരേസയ്ക്ക് അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണ്.
ബ്രിഡ്ജ് ഗെയിമും ഒപേറയുമാണ് തെരേസയുടെ മറ്റ് രണ്ട് ഇഷ്ട കാര്യങ്ങൾ. ഈ പ്രായത്തിലും ഇത്ര ഉത്സാഹത്തോടെയും സന്തോഷത്തോടെയും എങ്ങനെയിരിക്കാൻ സാധിക്കുന്നു എന്ന് ചോദിക്കുന്നവർക്ക് കൃത്യമായ ഉപദേശവും ഈ മുത്തശ്ശിയുടെ പക്കലുണ്ട്. ഒന്നാമതായി മനക്കരുത്ത് കൈവിടാതിരിക്കുക. ജീവിതത്തെ ഓർത്ത് പശ്ചാത്തപിക്കാതിരിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. ഇവ രണ്ടുമുണ്ടെങ്കിൽ ഏതു കാര്യവും ഏതു പ്രായത്തിലും സാധ്യമാകുമെന്ന് തെരേസ പറയുന്നു.
English Summary: 103-Year-Old US Woman Hits Gym