ADVERTISEMENT

അമ്മയെ കൊല ചെയ്തശേഷം മൃതദേഹം പല കഷ്ണങ്ങളാക്കി മൂന്ന് മാസം വീട്ടിൽ സൂക്ഷിച്ച മകൾ പിടിയിലായി. മുംബൈയിലെ ലാൽബാഗിൽ ജീവിക്കുന്ന റിംപിൾ ജെയിൻ എന്ന 24 കാരിയെയാണ് കാലാചൗക്കി പോലീസ് അറസ്റ്റ് ചെയ്തത്. റിംപിൾ തന്റെ അമ്മയായ വീണയെ (55) കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ ഫ്ലാറ്റിന്റെ പല ഭാഗങ്ങളിലായി സൂക്ഷിക്കുകയായിരുന്നു. 200 ബോട്ടിലിലധികം പെർഫ്യൂമുകളും എയർ ഫ്രഷ്നറുകളുമാണ്  അഴുകിയ ഗന്ധം പുറത്തേക്ക് വരാതിരിക്കാനായി യുവതി ഉപയോഗിച്ചത്.

 

ഏറെ നാളുകളായി അയൽക്കാരുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചായിരുന്നു റിംപിളിന്റെ ജീവിതം എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആഴ്ചകളായി വീടിന്റെ ജനാലയിൽ കൂടി ലാൽബാഗിലെ വഴിയിലേക്ക് നോക്കിയാണ് യുവതി കൂടുതൽ സമയവും ചിലവിട്ടിരുന്നത്. വീണയെ കാണാത്തത് മൂലം അയൽക്കാരിൽ പലരും അന്വേഷിക്കുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം അമ്മ കാൻപൂരിലേക്ക് യാത്ര പോയതായി അവിശ്വസനീയമായ കഥകളാണ് റിംപിൾ പറഞ്ഞിരുന്നത്.

 

വീണയുടെ ഒരേയൊരു മകളാണ് റിംപിൾ. കഴിഞ്ഞ 16 വർഷങ്ങളായി ഇരുവരും ലാൽബാഗിലെ താമസക്കാരുമാണ്. കഴിഞ്ഞ ചൊവ്വാഴ്ച റിംപിളിന്റെ ബന്ധു ഇവരുടെ ഫ്ലാറ്റിലേക്ക് എത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. എല്ലാ മാസവും ബന്ധു പണം നൽകാനായി  എത്തിയിരുന്നു. ഇത്തവണ പണം നൽകാനെത്തിയപ്പോൾ വാതിൽ പൂർണ്ണമായി തുറക്കാൻ റിംപിൾ കൂട്ടാക്കിയിരുന്നില്ല. വീണ എവിടെയെന്ന ചോദ്യത്തിന് കാൻപൂരിലേക്ക് യാത്രപോയി എന്ന മറുപടി തന്നെയാണ് ബന്ധുവിന് ലഭിച്ചത്. ഇതിൽ സംശയം തോന്നിയ ബന്ധു മറ്റ് രണ്ടുപേരുമായി റിംപിളിന്റെ വീട്ടിലേക്കെത്തി ബലമായി അകത്ത് കയറുകയായിരുന്നു.

 

അകത്ത് കയറിയ സമയത്ത് ഉള്ളിൽ മറ്റാരെയും കണ്ടില്ലെങ്കിലും ദുർഗന്ധമുള്ളതായി അവർ തിരിച്ചറിഞ്ഞു. തുടർന്ന് റിംപിളുമായി ഇവർ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയും ചെയ്തു. ഒടുവിൽ പോലീസ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ കബോർഡിനുള്ളിലും സ്റ്റീൽ ടാങ്കുകളിലുമായി അടച്ചുവച്ച നിലയിൽ വീണയുടെ ശരീര ഭാഗങ്ങൾ കണ്ടെടുക്കുകയായിരുന്നു. ഇതിനുപുറമെ കൊല്ലാൻ ഉപയോഗിച്ച ഇലക്ട്രോണിക് മാർബിൾ കട്ടർ, അരിവാൾ, കത്തി എന്നിവയും പോലീസിനു ലഭിച്ചു. 

 

റിംപിൾ പൊതുവേ മറ്റുള്ളവരോട് അടുപ്പം കാണിക്കുന്ന തരക്കാരിയല്ലെന്ന് സമീപവാസികൾ പറയുന്നു.  ഡിസംബർ 27 ന് പരിക്കുകളോടെ റോഡിൽ വീണു കിടന്ന നിലയിൽ കണ്ടെത്തിയ വീണയെ സമീപത്തെ റസ്റ്റോറന്റിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാർ ചേർന്ന് വീട്ടിലേക്ക് എത്തിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സഹായിക്കാം എന്ന് ജോലിക്കാർ പറഞ്ഞെങ്കിലും റിംപിൾ സഹായം നിരസിക്കുകയായിരുന്നു. പിന്നീട് വീണയെ ആരും കണ്ടിട്ടില്ല. വീണ താഴേക്ക് പതിച്ചത് റിംപിളിന്റെ ആക്രമണത്തിലാണോ എന്നതും പോലീസ് അന്വേഷിച്ചു വരികയാണ്.

 

English Summary:  Daughter lives with mother's body for 3 months, uses 200 perfume bottles to hide rotting body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com