ഇന്ന് ഏറ്റവും വ്യത്യസ്തവും സമര്‍ഥവുമായ രീതിയില്‍ തട്ടിപ്പു നടക്കുന്ന മേഖലയാണ് ഓണലൈൻ. പണം പോകുന്ന വഴി തേടി എത്രയൊക്കെ അലഞ്ഞാലും പലപ്പോഴും ഈ തട്ടിപ്പു സംഘത്തെ സംബന്ധിച്ചുളള കൃത്യമായ വിവരങ്ങളോ നഷ്ടമായ പണമോ ലഭ്യമാകാറില്ലെന്നതാണു വാസ്തവം. അതുകൊണ്ടുതന്നെ പണം പോകാതിരിക്കാന്‍ തട്ടിപ്പില്‍ വീഴാതിരിക്കുക മാത്രമാണ് മാര്‍ഗം. വ്യത്യസ്തമായ ഒരു തട്ടിപ്പിലൂടെ 81,000 രൂപയാണ് അടുത്തിടെ മുംബൈ സ്വദേശിനിക്ക് നഷ്ടമായിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശങ്ങള്‍ നിരന്തരം ഫോണില്‍ ലഭ്യമാകുമ്പോഴും പലതരത്തിലുളള തട്ടിപ്പിന് ഇരയാവുകയാണ് സാധാരണക്കാര്‍.
മുംബൈയിലെ വിക്രോലിയിലാണ് പണം തട്ടിപ്പിന് ഇരയായ 47കാരി താമസിച്ചിരുന്നത്. വീട്ടിലെ സെറ്റ് ടോപ് ബോക്‌സ് റീചാര്‍ജ് ചെയ്യാനായാണ് അവര്‍ ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്തിയത്. 931 രൂപയാണ് അവര്‍ റീചാര്‍ജിങ്ങിനായി അടച്ചത്. പണം അടച്ചിട്ടും ഡി.ടി.എച്ച് സേവനം പുനഃസ്ഥാപിച്ചു കിട്ടിയില്ല. പണം അടച്ചതായുളള സന്ദേശം ലഭിക്കുകയും ചെയ്തിരുന്നില്ല. തുടര്‍ന്ന് അവര്‍ കസ്റ്റമെര്‍ കെയര്‍ നമ്പര്‍ ഓണ്‍ലൈനില്‍ തന്നെ തപ്പിയെടുത്ത് വിളിച്ചു നോക്കി. എന്നാല്‍ ആരും ഫോണ്‍ എടുത്തില്ല.
പിന്നീട് പിറ്റേ ദിവസം കസ്റ്റമര്‍ കെയര്‍ എക്‌സിക്യുട്ടീവാണെന്ന് പറഞ്ഞ് ഒരു നമ്പറില്‍ നിന്ന് യുവതിക്ക് കോള്‍ വന്നു. സത്യസന്ധമായ കോളാണെന്ന് കരുതിയാണ് യുവതി വിളിച്ച അപരിചിതനോട് സംസാരിച്ചത്. ഡി.ടി.എച്ച് പ്രശ്‌നം പരിഹരിക്കാനായി അപരിചിതന്‍ യുവതിയോട് ഒരു ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതിയുടെ മൊബൈലിലേക്ക് ഒരു ഒ.ടി.പി വരികയും അതിനുപിന്നാലെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായെന്ന് അറിയിക്കുന്ന സന്ദേശങ്ങള്‍ ലഭിക്കുകയുമാണ് ഉണ്ടായത്. ഇത് തട്ടിപ്പാണെന്ന് തിരിച്ചറിയും മുമ്പുതന്നെ 81,000 രൂപയാണ് യുവതിക്ക് നഷ്ടമായത്.
യുവതി പിന്നീട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ നിന്ന് ലഭിച്ച നമ്പറില്‍ യുവതി ബന്ധപ്പെടാന്‍ ശ്രമിച്ചതാണ് തട്ടിപ്പിന്റെ തുടക്കം. അതു തന്നെ തട്ടിപ്പു നമ്പറായിരുന്നു. ആ നമ്പറിലേക്ക് പോകുന്ന കോളുകള്‍ എടുക്കാതിരിക്കുകയും പിന്നീട് തട്ടിപ്പുകാര്‍ തിരികെ വിളിക്കുകയുമാണ് പതിവ്. അങ്ങനെ വിളിക്കുമ്പോള്‍ അത് യഥാര്‍ത്ഥമായ ആളുകളാണെന്ന് ഉപഭോക്താക്കള്‍ തെറ്റിദ്ധരിക്കുകയും തട്ടിപ്പിന് ഇരയാവുകയുമാണ് ചെയ്യുന്നത്.
മാത്രമല്ല അവര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന ആപ് വഴി മൊബൈലിലെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ ശേഖരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അനായാസം പണം തട്ടിയെടുക്കുകയാണ് ഇവരുടെ പദ്ധതിയെന്നു പൊലീസ് അറിയിച്ചു. അതേസമയം മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ മറ്റൊരാളുമായി ഒരിക്കലും പങ്കുവെക്കരുതെന്നും സംശയാസ്പദമായി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
English Summary: Woman lost Rs 81,000 while recharging her set-top-box online, here is what happened