ADVERTISEMENT

കേസ് സിവിലാണേല്‍ തീര്‍പ്പാകാന്‍ സമയമെടുക്കുമെന്ന് ഒരു പറച്ചിലുതന്നെയുണ്ട്. കേസില്‍ വിധിവരാന്‍ വര്‍ഷങ്ങളെടുക്കുമെന്നതുതന്നെ കാര്യം. ഇപ്പോഴിതാ 30 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു സ്വത്തു തര്‍ക്കകേസില്‍ ബോംബെ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നു. നല്ലപ്രായത്തില്‍ സ്വത്ത് കിട്ടാനായി നടത്തിയ നിയമപോരാട്ടത്തിന് അവസാനം കണ്ടപ്പോഴേക്കും കേസ് കൊടുത്ത യുവതി വൃദ്ധയായെന്നു മാത്രം. മുപ്പതു വര്‍ഷത്തിനുശേഷം ലഭിച്ച നീതി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്താപ്രാധാന്യം നേടുകയാണിപ്പോള്‍.

മര്‍ഗോവയില്‍ താമസിക്കുന്ന 80കാരിക്കാണ് ബോംബെ ഹൈക്കോടതിയുടെ അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഇവര്‍ തന്റെ സഹോദന്മാര്‍ക്കെതിരെ സ്വത്തുമായി ബന്ധപ്പെട്ട് പരാതി നല്‍കുന്നത്. അന്ന് പരാതിക്കാരിയുടെ അച്ഛനും ജീവിച്ചിരിക്കുന്ന സമയമാണ്. സ്ത്രീധനം നല്‍കിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതിക്കാരിയും മറ്റ് മൂന്ന് സഹോദരിമാര്‍ക്കും സഹോദരന്‍മാര്‍ സ്വത്ത് നിഷേധിച്ചത്. തുടര്‍ന്ന് 1990ല്‍ പരാതിക്കാരിയുടെ അറിവില്ലാതെ സഹോദരങ്ങള്‍ സ്വത്ത് തട്ടിയെടുക്കാനുളള നീക്കങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് അവര്‍ കോടതിയെ സമീപിച്ചു. 

വിവാഹസമയത്ത് പരാതിക്കാരിക്ക് സ്ത്രീധനം നല്‍കിയെന്നായിരുന്നു കേസില്‍ സഹോദരങ്ങള്‍ നല്‍കിയ മൊഴി. എന്നാല്‍ വിവാഹത്തിന് സ്ത്രീധനം നല്‍കിയാല്‍ സ്വത്തില്‍ നിയമപരമായി അവകാശമില്ലെന്ന് അര്‍ഥമില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല മാതാപിതാക്കളുടെ സ്വത്തില്‍ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും തുല്യ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. അതിനാല്‍ ഈ കേസില്‍ സ്ത്രീക്ക് അവളുടെ അവകാശം നല്‍കണമെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സഹോദരിമാരുടെ അവകാശം കവര്‍ന്നെടുക്കാനുളള ശ്രമമാണ് സഹോദരങ്ങളുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നാണ് ബോംബെ ഹൈക്കോടതി കേസില്‍ നിരീക്ഷണം നടത്തിയിരിക്കുന്നത്. 

മാര്‍ച്ച് 16നാണ് ബോംബെ ഹൈക്കോടതി 80കാരിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് മഹേഷ് സോനകാണ് വിധി പറഞ്ഞത്. പെണ്‍മക്കളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനാകില്ലെന്നും പിതാവിന്റെ മരണശേഷം പെണ്‍മക്കളുടെ അവകാശം കവര്‍ന്നെടുക്കാന്‍ സഹോദരങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ തികച്ചും നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. സമയബന്ധിതമായി ഓരോ കേസിലും വിധി പുറപ്പെടുവിച്ചാല്‍ ജനങ്ങള്‍ക്ക് നീതി ലഭ്യമാകുമെന്നും കേസ് തീര്‍പ്പാകാന്‍ വര്‍ഷങ്ങളെടുക്കുമ്പോള്‍ നീതി ലഭ്യമായാലും അത് ഉപയോഗശൂന്യമാണെന്നുമാണ് ഇപ്പോള്‍ ഈ വിധിക്കെതിരെ പൊതുജനവികാരം. ഏതായാലും വൈകിയെങ്കിലും അനുകൂലമായ വിധി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പരാതിക്കാരിയും കുടുംബവും.

English Summary: Goa woman, now 80, gets right in father’s property after 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com