സ്വന്തം എഐ പതിപ്പുണ്ടാക്കി: നിയന്ത്രണമില്ലാത്ത ലൈംഗിക സംഭാഷണങ്ങൾ; തലവേദന ഒഴിയാതെ ഇൻഫ്ലുവൻസർ

ai-influencer
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ യുവതി നിർമിച്ച ചാറ്റ്ബോട്ട്
SHARE

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തു വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി കഴിഞ്ഞു. വൻകിട ബിസിനസുകൾ മുതൽ സ്വാതന്ത്ര്യ വ്യക്തികൾ വരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തിലൂടെ എങ്ങനെ നേട്ടമുണ്ടാക്കാം എന്ന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഒരു ശ്രമം നടത്തി പുലിവാലു പിടിച്ചിരിക്കുകയാണ് കാറിൻ മർജോരി എന്ന 23കാരിയായ സ്നാപ്പ് ചാറ്റ് ഇൻഫ്ലുവൻസർ. സ്വന്തം വ്യക്തിത്വത്തിന്റെ എ ഐ പതിപ്പാണ് കാറിനു തലവേദനയായിരിക്കുന്നത്.

ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് കൂട്ടാകാനായാണ് തന്റെ അതേ രൂപ ഭാവങ്ങളിൽ കാറിൻ എ ഐ എന്ന പേരിൽ  വെർച്വൽ സുന്ദരിയെ ഇവർ പുറത്തിറക്കിയത്. എ ഐ പതിപ്പിന്റെ ശബ്ദവും പെരുമാറ്റ രീതികളും എല്ലാം കാറിന്റേതു പോലെ തന്നെയാണ്. കാറിൻ എഐയുടെ ഭാഷയും പെരുമാറ്റവും ക്രമീകരിച്ച് ഡിസൈൻ ചെയ്യാനും കോഡിങ്ങ്  നടത്താനുമായി 2000 മണിക്കൂറുകളിലേറെ കാറിനും സംഘവും പരിശ്രമിക്കുകയും ചെയ്തു. ഫലമോ, എഐ പതിപ്പുമായി സംസാരിക്കുന്നവർക്ക് അവർ നേരിട്ട് കാറിനുമായി ഇടപഴകുകയാണെന്ന തോന്നൽ ഉണ്ടാവുകയും ചെയ്യും.

സോഫ്റ്റ്‌വെയർ പരിശോധനയുടെ രണ്ടാം ഘട്ടം എന്ന നിലയിലാണ് എ ഐ പതിപ്പിനെ പുറത്തിറക്കിയത്. എന്നാൽ പിന്നീട് കാറിന്റെ പ്രതീക്ഷകൾക്കെല്ലാം വിപരീതമായിരുന്നു കാര്യങ്ങൾ. സൗഹൃദ സംസാരത്തിൽ നിന്നും വഴിതെറ്റി എ ഐ സബ്സ്ക്രൈബർമാരുമായി ലൈംഗിക സംഭാഷണങ്ങളിൽ ഏർപ്പെട്ട് തുടങ്ങി. ഇത് ഒരിക്കലും താനും തന്റെ സംഘവും ചിന്തിക്കാത്ത തരത്തിലുള്ള പെരുമാറ്റമായിരുന്നു എന്ന് കാറിൻ പറയുന്നു. നിലവിൽ കാറിൻ എ ഐ യുടെ ഈ പെരുമാറ്റങ്ങൾ നിയന്ത്രിക്കാനും വേണ്ട മാറ്റങ്ങൾ വരുത്താനുമുള്ള കഠിന പരിശ്രമത്തിലാണ് സംഘം. 

ഒരു മിനിറ്റ് നേരത്തെ സംഭാഷണത്തിന് ഒരു ഡോളറാണ് കാറിൻ എ ഐ ഈടാക്കുന്നത്. മുഴുവൻ സമയവും സബ്സ്ക്രൈബർമാർക്കായി കാറിൻ എഐ യടെ  സേവനം ലഭ്യവുമാണ്. ലൈംഗിക ചുവയുള്ള സംസാരങ്ങൾ യഥാർത്ഥ കാറിന് തലവേദനയായെങ്കിലും പുറത്തിറക്കി ചുരുങ്ങിയ സമയം കൊണ്ട് 71,610 ഡോളറാണ് ഇവർക്ക് ലഭിച്ച വരുമാനം. ഇതു മുഴുവനും പുരുഷന്മാരായ ഉപയോക്താക്കളിൽ നിന്നാണ് ലഭിച്ചതെന്നും കാറിൻ പറയുന്നു.

എന്തായാലും കാറിൻ എഐയുടെ ഈ കൈവിട്ട സംസാരം മൂലം സ്വന്തം വ്യക്തിത്വവും പെരുമാറ്റവും പൊതുജനങ്ങൾക്കു മുന്നിൽ പരിഹസിക്കപ്പെടുമോ എന്ന വിഷമത്തിലാണ് യഥാർത്ഥ കാറിൻ. മഹാമാരിയും ജീവിത സാഹചര്യങ്ങളും മൂലം ഒറ്റപ്പെട്ടു പോകുന്നവർ ഏറെയുണ്ടെന്നും മറ്റുള്ളവരോട് സംസാരിക്കാൻ തന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന ഇത്തരക്കാരെ സഹായിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും കാറിൻ പറയുന്നു.

English Summary: Influencer Builds App For Companionship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA