ADVERTISEMENT

കൈകളില്ലാതെ അമ്പെയ്ത്തിൽ ചരിത്രം തീര്‍ത്ത് ഇന്ത്യയുടെ അഭിമാനമാവുകയാണ് ശീതള്‍ ദേവിയെന്ന 16കാരി. ചെക്ക് റിപ്പബ്ലിക്കില്‍ വെച്ച് നടന്ന പാരാ-ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് വെളളി മെഡല്‍ നേടുമ്പോൾ ഒരുപാടു പേരുടെ സ്വപ്നങ്ങൾക്കു കൂടി ജീവൻ നൽകുകയായിരുന്നു ശീതൾ. ശാരീരിക പരിമിതികള്‍ ഒരിക്കലും ആഗ്രഹങ്ങള്‍ക്കു തടസമല്ലെന്നു തെളിയിച്ച് ഈ പെൺകുട്ടി ഒരുപാടുപേർക്ക് പ്രചോദനമായി.

ജമ്മു കാശ്മീരിലെ കിഷ്ത്വാറിലാണ് ശീതള്‍ ജനിച്ചതും വളര്‍ന്നതും. ജന്മനാ കൈകളില്ലാതിരുന്ന ശീതളിന് സ്‌പോര്‍ട്‌സിനോടു ചെറുപ്പം മുതലേ ഒരു പ്രത്യേക താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് അമ്പെയ്ത്തിലേക്കു വരുന്നത്. 2019ല്‍ ഇന്ത്യന്‍ ആര്‍മിയുടെ രാഷ്ട്രീയ റൈഫിള്‍സ് വിഭാഗം കിഷ്ത്വാറില്‍ വച്ച് ഒരു കായിക മത്സരം സംഘടിപ്പിക്കുകയുണ്ടായി. അതില്‍ ശീതളും പങ്കെടുത്തിരുന്നു. അപ്പോഴാണ് ശീതളിന്റെ അസാധാരണമായ കഴിവിൽ എല്ലാവരുടേയും ശ്രദ്ധ പതിയുന്നത്. 

ശീതളിന്റെ അമ്പെയ്ത്തിലുളള കഴിവ് നല്ല പരിശീലനത്തിലൂടെ മികവുറ്റതാക്കാമെന്നു മനസിലാക്കി ഇന്ത്യൻ സൈന്യം തന്നെ ശീതളിന് പരിശീലനം നല്‍കാന്‍ തീരുമാനിച്ചു. അമ്പെയ്തിലുളള വിദഗ്ധമായ പരിശീലനത്തിനൊപ്പം വിദ്യാഭ്യാസവും ചികിത്സയും അവര്‍ നല്‍കി. ബോളിവുഡ് നടന്‍ അനുപം ഖേര്‍, ബാംഗളുരുവിലെ മേഘ്‌ന ഗിരിഷ് എന്നിവരുടെയും ചില എന്‍.ജി.ഒ ഗ്രൂപ്പിന്റെയും സഹായവും ശീതളിന് ലഭ്യമായിരുന്നു. ഇവരുടെ സഹായത്താല്‍ ശീതളിന് കൃത്രിമ കൈകളും ലഭ്യമാക്കിയിരുന്നു. 

Read also: 'ഈ ഫോട്ടോയിലെ കുട്ടി നീയാണോ?', 15 വർഷങ്ങൾക്കു ശേഷം കുട്ടിക്കാലത്തെ ബെസ്റ്റ് ഫ്രണ്ട്സിന് ഒത്തുചേരൽ

തുടര്‍ന്ന് ദേശീയ പാരാലിമ്പിക്‌സ് ആര്‍ച്ചറി കോച്ചായ കുല്‍ദീപ് ബൈദ്വാന്റെ മേല്‍നോട്ടത്തില്‍ ശീതളിന് മികച്ച പരിശീലനവും ലഭിച്ചു. ദേശീയ തലത്തിലും മറ്റും വിവിധ ആര്‍ച്ചറി മത്സരങ്ങളില്‍ പങ്കെടുത്ത് ശീതള്‍ സമ്മാനങ്ങള്‍ നേടുകയുമുണ്ടായി. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്റെ സാന്നിധ്യം ശീതള്‍ ഉറപ്പിച്ചത് ചെക്ക് റിപബ്ലിക്കില്‍ നടന്ന പാരാ ലോക ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ വെളളി മെഡല്‍ നേടിക്കൊണ്ടാണ്. ഇതോടെ ലോകത്തിലെ കൈകളില്ലാത്ത ആദ്യത്തെ വനിത അമ്പെയ്തുകാരിയെന്ന ബഹുമതിയാണ് ശീതള്‍ കരസ്ഥമാക്കിയിരിക്കുന്നത്. ഇനി 2024ല്‍ പാരീസില്‍ വെച്ചു നടക്കുന്ന പാരാലിമ്പിക്‌സില്‍ മത്സരിക്കാനുളള പരിശീലനത്തിലാണ് ശീതള്‍.

Read also: വിമാനത്തിൽ മാതാപിതാക്കളെ സ്വാഗതം ചെയ്തത് മകൾ; എയർഹോസ്റ്റസിന്റെ വിഡിയോ കണ്ടത് 18 മില്യൺ ആളുകൾ

Content Summary: Girl without arms won Silver in Para Archery World Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com