സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മോശം രാജ്യം അഫ്ഗാനിസ്ഥാൻ; സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീകളുടെ നാടെന്ന് വിലയിരുത്തൽ
Mail This Article
ലോകത്തെ 177 രാജ്യങ്ങളിൽ സ്ത്രീകൾ ഏറ്റവും മോശമായി പരിഗണിക്കപ്പെടുന്ന രാജ്യം അഫ്ഗാനിസ്ഥാൻ ആണെന്ന് റിപ്പോർട്ട്. ജോർജ്ജ് വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ടും ഓസ്‌ലോ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ വിപുലമായ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. ഒരുകാലത്ത് ചരിത്രത്തിലും സംസ്‌കാരത്തിലും സമ്പന്നമായിരുന്ന അഫ്ഗാനിസ്ഥാൻ, ഇപ്പോൾ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്ന ലോകത്തിലെ ഏറ്റവും മോശം രാജ്യമായി കണക്കാക്കപ്പെടുന്നു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീജീവിതങ്ങൾ
ലിംഗ അസമത്വത്തിന്റെയും കഷ്ടപ്പാടുകളുടെയും പടുകുഴിയിലേക്ക് അധഃപതിച്ച ഒരു ദുർബലമായ രാഷ്ട്രമാണിന്ന് അഫ്ഗാൻ. 2021-ൽ താലിബാന്റെ പുനരുജ്ജീവനത്തിനുശേഷം, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്ഥിതി അതിവേഗം വഷളായി. സാമ്പത്തിക സ്വയംഭരണവും സാമ്പത്തിക സ്വാതന്ത്ര്യവും ഒരു മനുഷ്യന്റെ സ്വയം പര്യാപ്തതയ്ക്കു നിർണായകമാണ്, എന്നാൽ അഫ്ഗാൻ സ്ത്രീകൾക്ക് അത് ഇന്നുമൊരു അവ്യക്തമായ ലോകമായി തുടരുന്നു. ഞെട്ടിപ്പിക്കുന്ന കാര്യം, വെറും അഞ്ച് ശതമാനം അഫ്ഗാൻ സ്ത്രീകൾക്കു മാത്രമേ ബാങ്ക് അക്കൗണ്ട് പോലുമുള്ളു എന്നതാണ്. അഫ്ഗാനിലെ സ്ത്രീകൾക്കു മേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന അരാജകത്വത്തിനു കയ്യും കണക്കുമില്ല. ഈ വർഷം ജൂലൈയിൽ ബ്യൂട്ടി സലൂണുകളിലേയ്ക്കുള്ള പ്രവേശന നിരോധനം അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കു താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പരമ്പരയിലെ ഒന്നുമാത്രമാണ്. 60,000-ത്തിലധികം സ്ത്രീകൾക്കു ജോലി നഷ്‌ടപ്പെടാൻ ഒരുങ്ങുകയാണ്, അതേസമയം 12,000 ബ്യൂട്ടി ബിസിനസ്സുകൾ അടച്ചുപൂട്ടലിന്റെ ഭീഷണി നേരിടുന്നു, ഇത് ഇതിനകം ദുർബലമായ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.
90 ശതമാനത്തിലധികം അഫ്ഗാൻ സ്ത്രീകളും സായുധ പോരാട്ടം നടക്കുന്ന പ്രദേശങ്ങളിൽ താമസിക്കാൻ നിർബന്ധിതരാകുന്നു. അക്രമത്തിന്റെ നിരന്തരമായ ഭീഷണി ഡാമോക്ലീസിന്റെ വാൾ പോലെ അവരുടെ ജീവിതത്തിന് മേൽ തൂങ്ങിക്കിടക്കുകയാണ്. സുരക്ഷിതത്വമെന്നത് അവരെ സംബന്ധിച്ച് അവ്യക്തമായ ഒന്നായി മാറിയിരിക്കുന്നു.അഫ്ഗാൻ സ്ത്രീകൾ തങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജീവനെ കുറിച്ച് ശാശ്വതമായ ഭയത്തിലാണ് ജീവിക്കുന്നത് എന്നതാണ് നഗ്നമായ യാഥാർത്ഥ്യം.
വിദ്യാഭ്യാസം: മങ്ങിപ്പോകുന്ന ഒരു സ്വപ്നം
പുരോഗതിയുടെയും ശാക്തീകരണത്തിന്റെയും അടിസ്ഥാന ശിലയായ വിദ്യാഭ്യാസത്തിനുള്ള അവകാശം അഫ്ഗാൻ സ്ത്രീകളുടെ വിദൂര സ്വപ്നമായി മാറിയിരിക്കുന്നു. ശരാശരി മൂന്ന് വർഷത്തെ വിദ്യാഭ്യാസം മാത്രമാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ലഭിക്കുന്നത്. അവരുടെ കഴിവുകളെ ഞെരുക്കി അവരുടെ സ്വപ്നങ്ങളെ ചങ്ങലക്കിട്ട് വീട്ടകങ്ങളിൽ ഒതുക്കുകയാണ് ഭരണകൂടം. കഴിഞ്ഞ ഡിസംബറിൽ ഏർപ്പെടുത്തിയ താലിബാന്റെ ആറാം ക്ലാസിനുശേഷം പെൺകുട്ടികൾ സ്‌കൂളുകളിൽ പോകുന്നതിനു വിലക്കേർപ്പെടുത്തിയത് ആഗോള രോഷത്തിന് കാരണമായിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തിന് ഇത്തരം നിയന്ത്രണങ്ങളുള്ള ലോകത്തിലെ ഏക രാജ്യമായി അഫ്ഗാനിസ്ഥാൻ നിലകൊള്ളുന്നു. അഫ്ഗാൻ സ്ത്രീകളുടെ മുഴുവൻ തലമുറയുടെയും ഭാവി ഈ വിദ്യാഭ്യാസ ദൗർലഭ്യത്തിന്റെ നിഴലിൽ മറയുന്നത് ലോകം വേദനയോടെയാണ് കാണുന്നത്.
സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്ന ഭീകരമായ യാഥാർത്ഥ്യം
അഫ്ഗാനിസ്ഥാന്റെ മാതൃമരണ നിരക്ക് ലോകത്തിലെ ഏറ്റവും മോശം പത്ത് രാജ്യങ്ങളിൽ ഒന്നാണ്. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ അഭാവവും അവശ്യ മെഡിക്കൽ വിഭവങ്ങളുടെ ദൗർലഭ്യവും ഈ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുന്നുണ്ട്. 21-ാം നൂറ്റാണ്ടിൽ ചിന്തിക്കാൻ പോലും കഴിയാത്ത ഒരു വിധിയിലേക്കാണ് ഓരോ അഫ്ഗാൻ സ്ത്രീകളും തള്ളിവിടപ്പെടുന്നത്. സ്ത്രീകളുടെ സാമൂഹിക ജീവിതം, സാമ്പത്തിക പ്രവർത്തനങ്ങൾ, രാഷ്ട്രീയ ഇടപെടൽ, തൊഴിലവസരങ്ങൾ എന്നിവയിൽ താലിബാന്റെ പിടി അഫ്ഗാനിസ്ഥാനിലെ സ്ത്രീ സമൂഹത്തെ ഭയത്തിന്റെ നിഴലിൽ നിർത്തുകയാണ്. സ്ത്രീകളെ പൊതുജീവിതത്തിൽ നിന്ന് പതുക്കെ പുറത്താക്കി, പുരുഷ ബന്ധുവില്ലാതെ യാത്ര ചെയ്യുന്നത് വിലക്കി, പൊതു ഇടങ്ങളിൽ മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ നിർബന്ധിതരാക്കി അങ്ങനെ അടിച്ചേൽപ്പിക്കലുകളുടെ തോരാമഴ പെയ്യിക്കുകയാണ് താലിബാൻ. പാർക്കുകൾ, മേളകൾ, ജിമ്മുകൾ, പൊതു കുളിമുറികൾ എന്നിവ ഇനിമുതൽ അവർക്ക് സ്വപ്നം പോലും കാണാനാകില്ല.അവസരങ്ങൾ നഷ്ടപ്പെട്ട അഫ്ഗാൻ സ്ത്രീകൾ, ജോലി, വിദ്യാഭ്യാസം, സ്വാതന്ത്ര്യം എന്നിവയില്ലാതെ ഓരോ ദിവസവും ജീവിക്കാൻ പ്രേരിപ്പിക്കപ്പെടുകയാണ്.