ADVERTISEMENT

കര്‍ണാടകയില്‍ കരുത്തരായ രാഷ്ട്രീയ ദൈവങ്ങള്‍ക്കെതിരെ പോരാടിയാണ് അവര്‍ ആ പേരു സമ്പാദിച്ചത്: പെണ്‍സിംഹങ്ങള്‍. അവര്‍ മൂന്നുപേരുണ്ട്.  ഐപിഎസ് ഓഫിസര്‍മാരാണ് രണ്ടുപേര്‍; സോണിയ നാരംഗും ഡി.രൂപയും. മൂന്നാമത്തെയാള്‍ 2009 ബാച്ച് ഐഎഎസ് ഓഫിസര്‍ രോഹിണി സിന്ദൂരി ദസരി. രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കു വഴങ്ങാത്തതിന്റെപേരില്‍ മൂന്നു സ്ഥലംമാറ്റം ലഭിച്ചിട്ടും കീഴടങ്ങാന്‍ തയാറാകാത്ത സ്ത്രീശക്തിയുടെ പ്രതീകം. 

സകലേശ്പൂരിലെ മണല്‍മാഫിയയോടാണ് രോഹിണിക്ക് പോരാടേണ്ടിവന്നത്. പോരാട്ടത്തിനൊടുവില്‍ ഒരു സംസ്ഥാന മന്ത്രി തിരഞ്ഞെടുപ്പ് ഓഫിസായി ഉപയോഗിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവും ഇടിച്ചുനിരത്തേണ്ടിവന്നു. അഭിനന്ദനത്തിനുപകരം രോഹിണിക്കു കിട്ടിയത് കാരണം കാണിക്കല്‍ നോട്ടീസ്. തുടര്‍ന്നു സ്ഥലംമാറ്റവും. 

രോഹിണി കുലുങ്ങിയില്ല. സ്ഥലംമാറ്റം ഉള്‍പ്പെടെ എന്തെല്ലാം ഭീഷണിയുണ്ടായാലും തന്റെ നടപടിയില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരി 22 നും രോഹിണിക്കു സ്ഥലംമാറ്റം കിട്ടി. ഇപ്പോള്‍ ബംഗളൂരുവില്‍ നിര്‍മാണ തൊഴിലാളികളുടെ ക്ഷേമനിധി ബോര്‍ഡില്‍ സെക്രട്ടറിയാണ്. 

ഇന്നത്തെക്കാലത്ത് ഒരു ഐഎഎസ് ഓഫിസറായി സത്യസന്ധമായി പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടേറിയ ജോലിയാണ്. ഒന്നുകില്‍ കീഴടങ്ങണം. അല്ലെങ്കില്‍ പോരാടി നിനില്‍ക്കണം. പോരാടുകയാണെങ്കില്‍ നിങ്ങള്‍ക്കു കൃത്യമായ നിലപാടുണ്ടെന്ന് ഉറപ്പാക്കുകയും വേണം- രോഹിണി പറയുന്നു. 

എത്ര കഴിവുള്ളവരുമായിക്കോട്ടെ. സ്വയം തെളിയിക്കാന്‍ കുറച്ചുസമയം വേണം. ആ സമയം അനുവദിക്കാതെ പുറത്താക്കുമ്പോള്‍ നശിക്കുന്നത് നിങ്ങളുടെ ധാര്‍മികശക്തികൂടിയാണ്- രോഹിണിക്ക് ഉറച്ച അഭിപ്രായമുണ്ട്. 

ഹൈദരാബാദ് സര്‍വകലാശാലയില്‍നിന്ന് കെമിക്കല്‍ എന്‍ജനീയറിങ്ങില്‍ ബിരുദം നേടിയ രോഹിണി 2009-ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേടിയത് 43-ാം റാങ്ക്. തുംകൂര്‍ ജില്ലയില്‍ അര്‍ബന്‍ ഡവലപ്മെന്റ് വിഭാഗത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ആയിട്ടായിരുന്നു ആദ്യനിയമനം. പിന്നീട് ബെംഗളൂരുവില്‍ അതേ വിഭാഗത്തില്‍ ഡയറക്ടര്‍ പദവിയില്‍ എത്തി.  പിന്നീട് മണ്ഡ്യ ജില്ലാ പഞ്ചായത്തില്‍ സ്വഛ് ഭാരത് അഭിയാന്‍ പദ്ധതി വിജയകരമായി നടപ്പാക്കിയതിന്റെ പേരിലാണ് രോഹിണി ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരെ പ്രശംസ നേടുന്നതും. 

ശുചിമുറികള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ കര്‍ണാടകയെ രാജ്യത്തുതന്നെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നത് രോഹിണിയുടെ വിശ്രമമില്ലാത്ത പോരാട്ടമാണ്. ഒരുവര്‍ഷത്തിനകം ഒരുലക്ഷത്തിലധികം ശുചിമുറികളാണ് അക്കാലത്ത് കര്‍ണാടകയില്‍ യാഥാര്‍ഥ്യമായത്. മാണ്ഡ്യയില്‍ മാത്രം 80,000 പൊതുശുചിമുറികളും നിര്‍മിച്ചു. കര്‍ണാടകയിലെ ജില്ലകളില്‍ ഒന്നാം സ്ഥാനം. അക്കാലത്ത് രാവിലെ ഉണര്‍ന്ന് ഗ്രാമങ്ങളിലേക്കു ചെന്ന് ശുചിമുറികള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് രോഹിണി ജനങ്ങളെ ബോധവത്കരിച്ചു. 

ഇതിനെത്തുടര്‍ന്നു കേന്ദ്രസര്‍ക്കാര്‍ രോഹിണിയെ തലസ്ഥാനത്തേക്കു വിളിപ്പിച്ചു; രാജ്യത്തെ മറ്റു ജില്ലാ കളക്ടര്‍മാര്‍ക്കും ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കും സ്വഛ് ഭാരത് പദ്ധതി വിജയകരമായി നടപ്പാക്കേണ്ടതെങ്ങനെയെന്ന വിഷയത്തില്‍ ക്ലാസ് എടുപ്പിച്ചു. മണ്ഡ്യയില്‍ ശുദ്ധജലം ലഭിക്കാനുള്ള 100 ശുദ്ധജലസ്രോതസ്സുകള്‍ നിര്‍മിച്ചതും രോഹിണിയുടെ ശ്രമഫലമായാണ്. ജില്ലയ്ക്കുവേണ്ടി അനുവദിച്ച 65 കോടി രൂപ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. ഈ ജോലിക്ക് പ്രതിഫലമായി കേന്ദ്രം മണ്ഡ്യയ്ക്ക് അധികമായി ആറുകോടി രൂപ കൂടി അനുവദിക്കുകയുമുണ്ടായി. കര്‍ഷകരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വിജയകരമായി നടപ്പാക്കിയതന്റെ പേരില്‍  മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയുടെ പ്രശംസയും രോഹിണിക്കു ലഭിച്ചിച്ചുണ്ട്. 

2015-ലാണ് ആദ്യത്തെ ശിക്ഷാ സ്ഥലംമാറ്റം രോഹിണിയെ തേടിയെത്തിയത് . മണ്ഡ്യ ജില്ലാ പഞ്ചായത്തില്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെ 18 മാസത്തിനുശേഷം അപ്രതീക്ഷിതമായി സ്ഥാനം തെറിക്കുകയായിരുന്നു. ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ മാനേജിങ് ഡയറക്ടറായിട്ടായിരുന്നു മാറ്റം. അന്നത്തെ സ്ഥലംമാറ്റത്തിന്റെ ഉള്ളറക്കഥകളെക്കുറിച്ച് ഇപ്പോഴും രോഹിണി വ്യക്തമാക്കുന്നില്ല; കാരണം അതു പലര്‍ക്കും ദോഷകരമാകും എന്നതുകൊണ്ടുതന്നെ. 

2017 ജൂലൈയില്‍ ഹാസ്സന്‍ ജില്ലയില്‍ ഡെപ്യൂട്ടി കമ്മിഷണറായി നിയമനം. പക്ഷേ സിദ്ധരാമയ്യ മന്ത്രിസഭയിലെ എ.മഞ്ജു എന്ന മന്ത്രിയുമായി രോഹിണിക്കു കൊമ്പുകോര്‍ക്കേണ്ടിവന്നു. 2018 ജനുവരിയില്‍ മഹാമസ്തകാഭിഷേകം നടക്കുന്നതിനിടെ പൊതുജനമധ്യത്തില്‍ച്ച് മന്ത്രി ഉദ്യോഗസ്ഥയെ  ശകാരിക്കാന്‍ ശ്രമിക്കുകയും സംഭവം വിവാദമാകുകയും ചെയ്തു. അന്ന് ജനക്കൂട്ടത്തെ വലിയൊരു ആപത്തില്‍നിന്ന് രക്ഷിച്ചത് രോഹിണിയുടെ യുക്തിപൂര്‍വമായ നടപടികളായിരുന്നു. പക്ഷേ, അതിന്റെ പേരില്‍ മന്ത്രിയുടെ അമര്‍ഷം ഏറ്റുവാങ്ങേണ്ടിവന്നു. ഒടുവില്‍ പ്രോട്ടോക്കോള്‍ ലംഘനം എന്ന കുറ്റം ചുമത്തി മുഖ്യമന്ത്രിയും അവരെ എതിര്‍പക്ഷത്താക്കി. 

കാരണംകാണിക്കല്‍ നോട്ടീസ് വന്നു. പിന്നാലെ സ്ഥലം മാറ്റം. യഥാര്‍ഥത്തില്‍ സകലേശ്പൂരിലെ മണല്‍ മാഫിയയ്ക്ക് എതിരെ സ്വീകരിച്ച നടപടികളാണ് രോഹിണിക്ക് അപ്രീതി സമ്പാദിച്ചുകൊടുത്തത്. പക്ഷേ ആറുമാസത്തിനിടെ തന്നെ വീണ്ടും സ്ഥലംമാറ്റിയ നടപടി ചോദ്യം ചെയ്ത് രോഹിണി ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും അവര്‍ പരാതി ഉന്നയിച്ചു. സ്ഥലംമാറ്റത്തിനു സ്റ്റേയും ലഭിച്ചു. 

മന്ത്രി ഉപയോഗിച്ചുകൊണ്ടിരുന്ന അനധികൃത ഓഫീസ് ഇടിച്ചുനിരത്തിയതോടെ വീണ്ടും രോഹിണി നോട്ടപ്പുള്ളിയായി. ഇക്കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ മന്ത്രി എ. മഞ്ജു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചവിഷയം ഉന്നയിച്ചുകൊണ്ട് രോഹിണി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. തുടര്‍ന്ന് ഹൈക്കോടതിയും അവര്‍ക്കനുകൂലമായി വിധി പുറപ്പെടുവിച്ചു. 

ഹാസ്സനില്‍വച്ച് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെ മൂത്തമകന്‍ രേവണ്ണയുമായും രോഹിണിക്കു കൊമ്പുകോര്‍ക്കേണ്ടിവന്നു. രേവണ്ണയാണ് ഇപ്പോഴത്തെ കര്‍ണാടകയിലെ പൊതുമരാമത്തുവകുപ്പ് മന്ത്രി. ഒന്നിലധികം വിഷയങ്ങളില്‍ രോഹിണിയും മന്ത്രി രേവണ്ണയുമായി അഭിപ്രായവ്യത്യസമുണ്ടായി. എങ്ങനെയു അവരെ ഹാസ്സനില്‍നിന്ന് പുറത്താക്കുക എന്നതായി മന്ത്രിയുടെ ലക്ഷ്യം. 

പക്ഷേ, വഴങ്ങാതെ, കീഴടങ്ങാതെ പൊരുതിനില്‍ക്കുകയാണ് രോഹിണി. ഐഎഎസ് ഓഫിസര്‍മാര്‍ക്കും പ്രായോഗികത വേണമെന്ന് മുന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ രോഹിണിയെ ഉപദേശിക്കുന്നുണ്ട്. പക്ഷേ തന്റെ നിലപാടും വിശ്വാസവും ബലികഴിച്ചുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും തയാറല്ലാെന്നാണ് രോഹിണിയുടെ നിലപാട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com