ADVERTISEMENT

ലൈംഗികപീഡനക്കേസുകളിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഒത്തുതീർപ്പുണ്ടാക്കിയും ചില കേസുകളിൽ വിചാരണ കാത്തും കഴിയുന്ന ഹോളിവുഡ് മുൻ നിർമാതാവ് ഹാർവി വെയ്‍ൻസ്റ്റെയിനെതിരെ ഒരാൾ കൂടി രംഗത്ത്. ഗായികയും നടിയും പാട്ടെഴുത്തുകാരിയുമായി പേരെടുത്ത മഡോണയാണ് അമേരിക്കയിൽ വെയ്‍ൻസ്റ്റൈനിതിരെ രംഗത്തുവന്നിരിക്കുന്നത്. ജോലി ചെയ്ത കാലത്ത് പലപ്പോഴും വെയ്‍ൻസ്റ്റൈൻ പരിധി ലംഘിച്ച് പെരുമാറിയിട്ടുണ്ടെന്നും അതയാളുടെ സ്വഭാവം തന്നെയായിരുന്നുവെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. മഡോണയുടെ ‘ട്രൂത്ത് ഓർ ഡെയർ’ എന്ന ഡോക്യുമെന്ററിയുടെ വിതരണം മിറാമാക്സ് കമ്പനിക്കുവേണ്ടി നിർവഹിച്ചിട്ടുണ്ട് വെയ്‍ൻസ്റ്റൈൻ. 

''ഞാനുമായി ജോലി ചെയ്യുന്ന കാലത്ത് അയാൾ മിക്കപ്പോഴും പരിധി വിട്ടു പെരുമാറിയിരുന്നു. സ്ത്രീകളെ വലയിലാക്കാൻവേണ്ടി എപ്പോഴും പരിശ്രമിക്കുമായിരുന്നു. അന്നദ്ദേഹം വിവാഹിതനായിരുന്നു. എങ്കിലും സ്ത്രീകളോട് മോശമായി പെരുമാറുന്നത് തുടർന്നു. അദ്ദേഹവുമായി അടുത്ത ബന്ധത്തിന് ഞാൻ താൽപര്യം കാണിച്ചിട്ടേയില്ല''– മഡോണ പറയുന്നു. 

ഒട്ടേറെ സ്ത്രീകളോട് വെയ്‍ൻസ്റ്റൈൻ മോശമായി പെരുമാറിയിട്ടുണ്ടെന്ന് അക്കാലത്തേ അറിയാമായിരുന്നുവെന്നും മഡോണ വെളിപ്പെടുത്തുന്നു. പക്ഷേ, എതിർക്കാൻ ആർക്കും ധൈര്യമില്ലായിരുന്നു. അത്രമാത്രം ശക്തിയും സ്വാധീനവുമുണ്ടായിരുന്നു വെയ്‍ൻസ്റ്റൈനിന്. അയാൾ അന്ന് വിജയം മാത്രം കൊയ്യുന്ന അതികായനായിരുന്നു. അയാളുടെ സിനിമകളൊക്കെ വൻ വിജയവും. എല്ലാവരും അയാളെ സഹിച്ചു. വിജയം വേണമെങ്കിൽ അയാളുടെ ഇംഗിതത്തിന് വഴങ്ങണം എന്നതായിരുന്നു അന്നത്തെ അനൗദ്യോഗിക നിയമം. യുവതികളോട് അയാൾ അടുത്തുപെരുമാറുമ്പോൾ എന്താണു സംഭവിക്കാൻ പോകുന്നതെന്ന് മറ്റുള്ളവർ രഹസ്യം പറയുകയും ചെയ്തിരുന്നു – മഡോണ വെളിപ്പെടുത്തുന്നു. 

50 ൽ അധികം സ്ത്രീകളാണ് വെയ്ൻസ്റ്റൈനെതിരെ രംഗത്ത് വരുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തത്. പ്രശസ്തരായ നടികളും അറിയപ്പെടാത്തവരുമൊക്കെ പലവിധത്തിൽ തങ്ങൾ നേരിട്ട പീഡനങ്ങൾ തുറന്നുപറഞ്ഞിരുന്നു. ഈ ആരോപണങ്ങളാണ് സ്ത്രീകളുടെ ആത്മാഭിമാന പ്രസ്ഥാനമായ മീ ടൂ എന്ന പ്രചാരണത്തിന്റെ  ഉദയത്തിലേക്ക് നയിച്ചത്. ആരോപണങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി ഉയർന്നതോടെ വെയ്ൻസ്റ്റൈനിന് പല പദവികളും നഷ്ടപ്പെടുകയും ചെയ്തിരുന്നു. 

വെയ്ൻ സ്റ്റൈനെതിരെ ആരോപണങ്ങൾ ഉയർ‌ന്നപ്പോൾ എന്താണു തോന്നിയതെന്ന ചോദ്യത്തിന്, ‘അവസാനം അതു സംഭവിച്ചിരിക്കുന്നു’ എന്നായിരുന്നു മഡോണയുടെ പ്രതികരണം.  ആരുടെയും പതനത്തിൽ ആഹ്ളാദിക്കുന്ന വ്യക്തിയല്ല ഞാൻ. ഓരോരുത്തരും അവരുടെ കർമങ്ങളുടെ ഫലമാണ് അനുഭവിക്കുന്നതെന്നും വിശ്വസിക്കുന്നു. അതിനാൽ അമിതാഹ്ളാദമോ ആവേശമോ തനിക്കു തോന്നിയില്ലെന്നാണ് മഡോണ പറയുന്നത്. 

പീഡനക്കേസുകളിൽ ചിലതിൽ ലക്ഷങ്ങൾ നൽകി ഒത്തുതീർപ്പുണ്ടാക്കിയെങ്കിലും 2013–ൽ മൻഹാറ്റനിലെ ഹോട്ടലിൽ യുവതിയെ ബലം പ്രയോഗിച്ച് കീഴടക്കിയെന്ന കേസിൽ വിചാരണ നേരിടാനിരിക്കുകയാണ് വെയ്ൻസ്റ്റൈൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com