sections
MORE

പർപ്പിൾ പ്രതിഷേധവുമായി സ്ത്രീകൾ തെരുവിലിറങ്ങിയതിനു പിന്നിൽ

Swiss women walked out of their jobs to protest inequality
പ്രതീകാത്മക ചിത്രം
SHARE

ചരിത്രപ്രധാനമായിരുന്നു വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡിന്; രാജ്യചരിത്രത്തിനും. നൂറു കണക്കിനു സ്ത്രീകള്‍ ജോലിസ്ഥലവും വീടും മറ്റു പതിവു സങ്കേതങ്ങളും  ഉപേക്ഷിച്ച് തെരുവുകളിലിറങ്ങിയ ദിവസം. പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രം അണിഞ്ഞ്  ആയിരക്കണക്കിനു സ്ത്രീകള്‍ ഒരുമിച്ച്, ഒരേ സ്വരത്തില്‍ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു- തുല്യ അവകാശങ്ങള്‍ക്കുവേണ്ടി. തുല്യ വേതനത്തിനുവേണ്ടി. തുല്യ പരിഗണനയ്ക്കു വേണ്ടി. 

ഏതാണ്ട് മൂന്നു പതിറ്റാണ്ടു മുമ്പും രാജ്യത്ത് ഇങ്ങനെയൊരു സമരം നടന്നു; 28 വര്‍ഷത്തിനുശേഷം ഓര്‍മ പുതുക്കാനും അവകാശ സമരത്തില്‍ തങ്ങള്‍ പിന്നോട്ടില്ലെന്ന് ഉറപ്പിക്കാനും വേണ്ടിയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രക്ഷോഭം. പതിറ്റാണ്ടുകള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവില്‍ 1991-ലാണ് ഭരണഘടന ഭേദഗതി ചെയ്ത് സ്ത്രീകള്‍ക്ക് തുല്യപരിഗണന എന്ന അവകാശം രാജ്യം അംഗീകരിച്ചത്. 91 ലെ ചരിത്രപ്രധാന സമരത്തിനും അഞ്ചുവര്‍ഷത്തിനുശേഷം ‘ദ് ജെന്‍ഡര്‍ ഇക്വാളിറ്റി ആക്റ്റ് ’ നിലവില്‍ വന്നു- ജോലി സ്ഥലത്തും വീടുകളിലും സ്ത്രീകള്‍ക്ക് തുല്യപരിഗണനയും തുല്യ അവകാശങ്ങളും അനുവദിക്കുന്ന നിര്‍ണായകമായ നിയമം. 

കഴിഞ്ഞ വര്‍ഷം സ്വിസ് പാര്‍ലമെന്റും തുല്യാവകാശ നിയമം പാസ്സാക്കിയിരുന്നു. നൂറോ അതില്‍ക്കൂടുതലോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളും സ്ത്രീ-പുരുഷ ജീവനക്കാർക്ക് തുല്യമായാണ് വേതനം വിതരണം ചെയ്യുന്നത് എന്ന് ഉറപ്പിക്കാനായിരുന്നു നിയമം. ഒപ്പം ഒരുവിധത്തിലുള്ള വിവേചനവും സ്ത്രീകള്‍ ജോലി സ്ഥലത്ത് നേരിടുന്നില്ല എന്ന് ഉറപ്പിക്കാനും. പക്ഷേ, എല്ലാ  സ്ഥാപനങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കുന്ന കാര്യത്തിലും ഉദാസീനതയാണെന്നും അവര്‍ പറയുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപോര്‍ട്ടില്‍ 20-ാം സ്ഥാനമാണ് സ്വിറ്റ്സര്‍ലന്‍ഡിനുള്ളത്. നോര്‍വെ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നിലായി. 2016-ല്‍ നടത്തിയ ഒരു പഠനത്തില്‍ രാജ്യത്ത് സ്ത്രീകള്‍ക്കു ലഭിക്കുന്ന വേതനം പുരുഷന്‍മാര്‍ക്ക് ലഭിക്കുന്നതിന്റെ അഞ്ചിലൊന്നു മാത്രമായിരുന്നു. ഇപ്പോഴിതാ, വീണ്ടുമൊരിക്കല്‍ക്കൂടി രാജ്യത്തെ സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങി പ്രക്ഷോഭം നടത്തേണ്ടിവന്നിരിക്കുന്നു.

ഭരണഘടനയില്‍ സ്ത്രീ-പുരുഷ തുല്യത എന്നെഴുതിവയ്ക്കുന്നത് 38 വര്‍ഷം മുമ്പ്. ആ വാഗ്ദാനം ഇന്നും യാഥാര്‍ഥ്യമായിട്ടില്ലെന്നതാണ് സത്യം.  ക്രൂരമായ സത്യം. അടുത്ത വര്‍ഷങ്ങളിലായി സ്ത്രീകള്‍ക്ക് ശമ്പളം കുറയ്ക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ടത്രേ. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പര്‍പ്പിള്‍ പ്രക്ഷോഭം. 

ദിവസം മുഴുവന്‍ പ്രക്ഷോഭം നടത്താന്‍ കഴിയാതിരിക്കുന്നവര്‍ക്കുവേണ്ടി വെള്ളിയാഴ്ച വൈകിട്ട് 3.24 എന്ന സമയം നിശ്ചയിച്ചു നല്‍കിയിരുന്നു. കൃത്യം ആ സമയത്ത് ഓഫിസും വീടുകളും ഉപേക്ഷിച്ച് തെരുവിലിറങ്ങി അവകാശങ്ങള്‍ക്കുവേണ്ടി മുറവിളി ഉയര്‍ത്തുക. പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിക്കുക എന്നിങ്ങനെ. പ്രക്ഷോഭം അക്ഷരാര്‍ഥത്തില്‍ തുടങ്ങിയത് കഴിഞ്ഞ അര്‍ധരാത്രിയില്‍. 

ഫ്രഞ്ച് അതിര്‍ത്തിക്കു സമീപം ലോസന്‍ എന്ന സ്ഥലത്ത് ഒരു കാവല്‍ക്കാരന്‍ രാത്രി ഒരോ മണിക്കൂര്‍ കൂടുമ്പോഴും പള്ളിമണി അടിക്കുന്ന പതിവുണ്ടായിരുന്നു. കഴിഞ്ഞരാത്രി കാവല്‍ക്കാരനു പകരം നാലു സ്ത്രീകളാണ് മണിയടിച്ചത്. പ്രക്ഷോഭത്തെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍. മണിയടിച്ചതോടെ പള്ളി പര്‍പ്പിള്‍ നിറത്തില്‍ മുങ്ങിക്കുളിച്ചു. വര്‍ണാഭമായി. ഒപ്പം സ്ത്രീകള്‍ തെരുവുകളിലേക്കും ഇറങ്ങി. പിറ്റേന്ന് സ്വിസ് പാര്‍ലമെന്റ് 15 മിനിറ്റ് നിര്‍ത്തിവച്ച് പ്രക്ഷോഭകരുടെ ആവശ്യത്തില്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. മാധ്യമങ്ങളും പ്രത്യേക നിറം അച്ചടിച്ചും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചും സമരത്തിന്റെ കൂടെയുണ്ട്. 

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്സര്‍ലന്‍ഡ്. എന്നിട്ടും വേതനത്തിന്റെയും അവകാശങ്ങളുടെയും കാര്യത്തില്‍ സ്ത്രീകളോടു നിലനില്‍ക്കുന്നതു വിവേചനം. ഇനി അത് തുടരാന്‍ പാടില്ലെന്നു പറയുന്നു ഇപ്പോഴത്തെ സ്ത്രീ അവകാശ നിയമം. ചരിത്രത്തിലേക്കും  ഭാവിയിലേക്കും ഒരു വനിതാ കാല്‍വയ്പ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA