ADVERTISEMENT

സ്വന്തം കാലിൽ നിൽക്കുന്ന പെണ്ണുങ്ങളോട് എന്നും ചൊരുക്കുള്ള ചിലരുണ്ടാവും. അധ്വാനിച്ചു ജീവിച്ചാലും മോശമായി ജീവിക്കുന്നവളെന്ന പഴി പറഞ്ഞും വിദ്വേഷം പറഞ്ഞും പെണ്ണുങ്ങളുടെ സ്വൈര്യം കെടുത്താൻ തുനിഞ്ഞിറങ്ങുന്ന ചിലർ. അങ്ങനെയുള്ള ഒരാളുടെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിച്ച കഥ പറയുകയാണ് മുംബൈ സ്വദേശിനിയായ ഒരു പെൺകുട്ടി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് അവൾ തന്റെ അനുഭവം പങ്കുവയ്ക്കുന്നത്.

''കുട്ടിയായിരിക്കുമ്പോഴാണ് എനിക്കെന്റെ അമ്മയെ നഷ്ടപ്പെട്ടത്. അച്ഛനും ഇപ്പോൾ പ്രായമായി. എനിക്കും അച്ഛനും അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്താനാണ് ഞാൻ ചെറിയൊരു ജോലി ചെയ്യാൻ തുടങ്ങിയത്. മൽസരാധിഷ്ഠിതമായ ലോകത്ത് കഴിയാൻ ഏറെ ബുദ്ധിമുട്ടാണ്. അതിലും ബുദ്ധിമുട്ടാണ് ഒരു പെൺകുട്ടി എന്ന നിലയിൽ ഒറ്റയ്ക്കു ജോലി ചെയ്തു ജീവിക്കാൻ. പക്ഷേ ധീരയായി ജീവിച്ചാലേ ഇവിടെ പിടിച്ചു നിൽക്കാൻ സാധിക്കൂവെന്ന് അധികം വൈകാതെ എനിക്ക് മനസ്സിലായി.

ജോലിയെടുത്തു ജീവിക്കുന്ന ഒരു പെൺകുട്ടിയാണെന്ന പരിഗണന പോലും തരാതെയാണ് ഒരിക്കൽ ഒരു പുരുഷൻ എന്നെ അപമാനിക്കാൻ ശ്രമിച്ചത്. രാത്രികളിൽ ഞാൻ എവിടെയാണ് സമയം ചിലവഴിക്കുന്നത് അറിയില്ലെന്ന മട്ടിൽ അയാൾ എന്നെക്കുറിച്ച് അപവാദം പറഞ്ഞു പരത്തുവാൻ തുടങ്ങി. എന്റെ താമസ സ്ഥലത്തു വന്നാണ് അയാൾ ഈ മട്ടിൽ സംസാരിക്കാൻ തുടങ്ങിയത്.

അങ്ങനെയൊക്കെ സംസാരിച്ചാൽ  ജോലിയുപേക്ഷിച്ച് ഞാൻ വീടിനുള്ളിൽ അടച്ചു പൂട്ടിയിരിക്കുമെന്നായിരിക്കും അയാൾ വിചാരിച്ചത്. പക്ഷേ അയാളുടെ ഭീഷണിക്കു മുന്നിൽ വഴങ്ങാൻ ഞാൻ ഒരുക്കമല്ലായിരുന്നു. അയാൾ പറഞ്ഞു തീർന്നതും ഞാൻ ചാടിയെഴുന്നേറ്റ് അവന്റെ കരണം നോക്കി ഒന്നു പൊട്ടിച്ചു. എന്നോടെന്നല്ല, ഒരിക്കലും ഒരു പെൺകുട്ടിയോടും ഇങ്ങനെ മോശമായി പെരുമാറരുതെന്നു പറഞ്ഞുകൊണ്ടാണ് ഞാൻ അയാളെ തല്ലിയത്. ഇനിയും ഇതാവർത്തിച്ചാൽ കൊടുക്കേണ്ടി വരുന്നത് വലിയ വിലയായിരിക്കുമെന്ന മുന്നറിയിപ്പും അന്ന് ഞാൻ അയാൾക്ക് നൽകി. ആ ദൃശ്യത്തിന് സാക്ഷികളായി ഒരുപാടുപേർ അവിടെയുണ്ടായിരുന്നു.

അത്രയും ശക്തമായ രീതിയിൽ ‍ഞാനൊരിക്കലും പ്രതികരിക്കുമെന്ന് അയാൾ കരുതിയില്ല. അന്നത്തെ ദിവസത്തിനു ശേഷം അയാൾ ഒരു രീതിയിലും എന്നെ ശല്യം ചെയ്തിട്ടില്ല. വാക്കുകളേക്കാൾ ഇരട്ടി ശക്തിയുണ്ടായിരുന്നു എന്റെ ആ തല്ലിനെന്ന് എനിക്കു മനസ്സിലായി. അതിൽ പിന്നെ പുരുഷന്മാരാരും മോശം ഉദ്ദേശത്തോടെ എന്നെ സമീപിച്ചിട്ടില്ല. ഇനിയും ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ അവരോട് യുദ്ധം ചെയ്യാൻ ഞാൻ മടിക്കില്ല.''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com