ADVERTISEMENT

വെള്ളപ്പൊക്കക്കെടുതികളില്‍ അസം വീര്‍പ്പുമുട്ടുമ്പോള്‍ അങ്ങകലെയാണെങ്കിലും മനസ്സുകൊണ്ട് ജന്മനാടിനൊപ്പം നില്‍ക്കുകയാണ് കായികലോകത്തെ ഇന്ത്യയുടെ മികച്ച കൗമാരതാരം ഹിമാ ദാസ്. തന്റെ ശമ്പളത്തിന്റെ പകുതി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച ഹിമ അസമിൽ വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും പലായനം ചെയ്യുന്നവരെ സഹായിക്കാന്‍ സമാന മനസ്കരെയും ആഹ്വാനം ചെയ്യുന്നു. ട്വിറ്ററിലൂടെയാണ് ഹിമ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. 

പതിനൊന്നു ദിവസത്തിനിടെ അത്‍ലറ്റിക്സില്‍ മൂന്നാമത്തെ സ്വര്‍ണമെഡല്‍ നേടി ചരിത്ര നേട്ടത്തില്‍ എത്തിയതിനു തൊട്ടുപിന്നലെയാണ് തന്റെ നാടിനുവേണ്ടി ആഭ്യര്‍ഥനയുമായി ഹിമ രംഗത്തെത്തിയിരിക്കുന്നത്.  ശനിയാഴ്ച ചെക്ക് റിപ്പബ്ലിക്കില്‍ ക്ലാഡ്നോ മെമ്മോറിയല്‍ അത്‍ലറ്റിക്സ് മീറ്റില്‍ 200 മീറ്ററിലായിരുന്നു ഹിമയുടെ രണ്ടാഴ്ചയ്ക്കിടയുള്ള മൂന്നാമത്തെ സ്വര്‍ണനേട്ടം. ജൂലൈ രണ്ടിന് പോളണ്ടില്‍ രണ്ടു മീറ്റുകളിലും ഹിമ സ്വര്‍ണം നേടിയിരുന്നു. 

അപ്രതീക്ഷിതമായ മഴയും വെള്ളപ്പൊക്കവും മൂലം ഇതുവരെയില്ലാത്ത ദുരിതത്തിലാണ് അസം. നൂറുകണക്കിനു ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചുകഴിഞ്ഞു. ഒന്നരലക്ഷത്തോളം പേര്‍ ജീവനുംകൊണ്ട് പലായനം ചെയ്യുകയാണ്. കേന്ദ്ര സേനയെ വിന്യസിച്ചുകഴിഞ്ഞ സംസ്ഥാനത്ത് സൈനികര്‍ പ്രായമായ ഗ്രാമീണരെയും മറ്റും തോളുകളില്‍ ചുമന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. അസമിനൊപ്പം ബിഹാറും നിലവില്‍ പ്രളയത്തിന്റെ പിടിയിലാണ്. 

ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനെെത്തുടര്‍ന്ന് മോറിഗാവോണ്‍ ജില്ലയില്‍ മാത്രം 200 ഗ്രാമങ്ങള്‍ മഴക്കെടുതി അനുഭവിക്കുകയാണ്. ദേശീയപാതയും വെള്ളത്തിനടിയിലായതോടെ ഗതാഗതവും പുറംലോകവുമായുള്ള ബന്ധവും നിലച്ചു. ഇതും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്കരമാക്കുന്നു. 

പ്രസിദ്ധമായ കാസിരംഗ ദേശീയ പാര്‍ക്കിലും വെള്ളം കയറിയിട്ടുണ്ട്. മൃഗങ്ങളെയും മറ്റു ജീവജാലങ്ങളെയും ഉയര്‍ന്നപ്രദേശത്തേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. ഉമാനന്ദ ദേവോളി ക്ഷേത്രത്തില്‍ കുടുങ്ങിയ പുരോഹിതനേയും ഭക്തരെയും കഴിഞ്ഞദിവസം വള്ളങ്ങളിലാണ് രക്ഷപ്പെടുത്തിയത്. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ക്ഷേത്രം ഒറ്റപ്പെടുകയും വെള്ളത്താല്‍ ചുറ്റപ്പെടുകയുമായിരുന്നു. 

അസമിലെ അപ്രതീക്ഷിത വെള്ളപ്പൊക്കം കഴിഞ്ഞ ദിവസം പാര്‍ലമെന്റിലും ചര്‍ച്ചയായിരുന്നു. ഉടന്‍ കേന്ദ്രം സഹായം അനുവദിക്കണമെന്ന് ആസ്സാമില്‍നിന്നുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെടുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com