sections
MORE

ലോകത്തിന്റെ ഹൃദയത്തിൽ ഇടം നേടിയ പുഞ്ചിരി; ട്രോളുകളെ തകർത്ത പെൺകരുത്ത്

Taylor Dumpson
ടെയ്‍ലർ ഡംപ്സൺ. ചിത്രത്തിന് കടപ്പാട് യുട്യൂബ്, ഫെയ്സ്ബുക്ക്
SHARE

വെറുപ്പിന്റെ ആക്രമണം ആദ്യമുണ്ടായപ്പോൾ ടെയ്‍ലർ ഡംപ്സൻ എന്ന പെൺകുട്ടി ഒരു നിമിഷം നിശ്ചലയായി. പിന്നെ ചുരുണ്ടുകൂടി. ലോകത്തെ നേരിടാനാകാതെ കണ്ണുകളടച്ച്, തന്നിലേക്കുതന്നെ ഉൾവലിഞ്ഞു. കടുത്ത നിരാശയുടെ ഇരയായി. ജീവിതം വ്യർഥമെന്നുള്ള ചിന്ത പോലുമുണ്ടായി. സംസാരിക്കാനാവാതെ നിശ്ശബ്ദയായി. 

അതൊരു കാലഘട്ടം. അതു വേഗം കഴിഞ്ഞു. അതിനുശേഷം തിരിച്ചടിക്ക് ടെയ്‍ലർ തയാറായി. അതാകട്ടെ അമേരിക്കൻ ചരിത്രത്തിൽ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത രീതിയിലും. അജ്ഞാതമായ ട്രോളുകളെ നേരിടാനും ക്ഷമാപണം നേരിട്ടു കേൾക്കാനും വേണ്ടി ആരും പോകാത്ത വഴിയാണ് ടെയ്‍‌ലർ തേടിയത്. നിയമത്തിന്റെ വഴി. വൈകാതെ നീതി ലഭ്യമായപ്പോൾ ടെയ്‍ലർ ചിരിച്ചു. വെറുപ്പും വിദ്വേഷവുമില്ലാത്ത നിഷ്കളങ്കമായ ചിരി. ലോകത്തിന്റെ ഹൃദയത്തിൽ ഇടം നേടിയ പുഞ്ചിരി. 

രണ്ടുവർഷം മുമ്പ് 2017 മേയ് മാസത്തിലാണ് സംഭവങ്ങളുടെ തുടക്കം. വാഷിങ്ടണിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ വനിതാ വിദ്യാർഥി യൂണിയൻ പ്രസിഡന്റായി ടെയ്‍ലർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ വംശജയായ കറുത്ത നിറക്കാരിയായിരുന്നു ടെയ്‍ലർ. 

മികച്ച വിദ്യാർഥിയായിരുന്നു ടെയ്‍ലർ. മികച്ച റെക്കോർഡുകളുടെ ഉടമയും. വനിതാ യൂണിയൻ സാരഥ്യത്തിലെത്താൻ വേണ്ട എല്ലാ യോഗ്യതകളും തികഞ്ഞ വനിത. പക്ഷേ, അതൊന്നും വെള്ളക്കാരുടെ കണ്ണു തുറപ്പിക്കാൻ പര്യാപ്തമായില്ല. അവർ ഒരു പ്രചാരണത്തിനു തന്നെ തുടക്കമിട്ടു. അജ്ഞാതമായ ട്രോൾ മഴ. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ വെറുപ്പു പടർത്തുന്ന പ്രചാരണം. ടെയ്‍ലർ തളർന്നുപോകുകയായിരുന്നു. 

നവ നാസി പ്രസ്ഥാനത്തിന്റെ പ്രചാരകൻ ആൻഡ്ര്യൂ ആംഗ്ലിനാണ് വിദ്വേഷ പ്രചാരണത്തിനു തുടക്കമിട്ടതും മറ്റുള്ളവരെ വെറുപ്പു പടർത്താൻ പ്രേരിപ്പിച്ചതും. ടെയ്‍ലർ നിയമത്തിന്റെ വഴി തേടി. കോടതി നോട്ടിസ് അയച്ചിട്ടും പക്ഷേ ആംഗ്ലിൻ പ്രതികരിച്ചില്ല. ആംഗ്ലിന്റെ വെബ്സൈറ്റ് 7 ലക്ഷത്തിലേറെ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചിട്ടുപോലും ആംഗ്ലിൻ പ്രതികരിച്ചില്ല. വിധി അനുസരിക്കാനും തയാറായില്ല. പക്ഷേ, മൂന്നാമതൊരാൾ ടെയ്‍ലറിന്റെ കോടതിനടപടിയോടു പ്രതികരിച്ചു. ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അയാൾ മുന്നോട്ടുവന്നു. അജ്ഞാതനായി നിന്നുകൊണ്ട് ട്രോളുകളിലൂടെ ടെയ്‍ലറിനെ അപമാനിച്ച വെളുത്ത വർഗക്കാരനായ പുരുഷൻ. 

അപ്പോഴേക്കും ടെയ്‍ലർ രോഗക്കിടക്കിയിലായി. സ്ട്രെസ്സിനെത്തുടർന്നുള്ള വൈകാരിക തകർച്ച. രൂക്ഷമായ ഡിപ്രഷൻ. രോഗത്തിന് ഒരു മരുന്നേ ഉണ്ടായിരുന്നുള്ളൂ. കാരണക്കാരനായ വ്യക്തി നടത്തുന്ന ക്ഷമാപണം. ചെയ്തത് തെറ്റായിപ്പോയെന്ന കുറ്റസമ്മതം. 

ഒടുവിൽ മനസ്സുമാറ്റുന്ന കൂടിക്കാഴ്ച നടന്നു. ടെയ്‍ലറും ട്രോളുകളിലൂടെ അവളെ അപമാനിച്ച വ്യക്തിയും മുഖാമുഖം നിന്നു. തന്നെ അപമാനിച്ച വ്യക്തിയുടെ പേരുവിവരങ്ങൾ പരസ്യമാക്കില്ലെന്ന് ടെയ്‍ലർ വാക്കുകൊടുത്തിരുന്നു. പക്ഷേ, ആ കണ്ണുകളിലേക്ക് തറപ്പിച്ചുനോക്കാൻ മറന്നുമില്ല. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോടു കാണിക്കേണ്ട നീതി തനിക്ക് എന്തുകൊണ്ട് നിഷേധിച്ചു എന്ന ചോദ്യമായിരുന്നു ആ കണ്ണുകളിൽ നിഴലിച്ചത്. 

ബിരുദം പൂർത്തിയാക്കി ടെയ്‍ലർ വാഷിങ്ടൺ വിട്ടു. മറ്റൊരു നഗരത്തിലെ നിയമവിദ്യാലയത്തിൽ ചേരുകയും ചെയ്തു. ഏറ്റവും പ്രധാനം നിയമത്തിന്റെ വഴി തേടിയ ടെയ്‍ലർ വിജയിച്ചു എന്നതാണ്. സാധാരണഗതിയിൽ അപമാനിക്കപ്പെടുമ്പോൾ തിരിച്ച് അപമാനിക്കുന്നതാണ് രീതി. അതും വെറുപ്പിന്റെ മറ്റൊരു അധ്യായം. ടെയ്‍ലർ അതിനു തയാറായില്ല. പകരം നീതി ലഭിക്കാൻ ന്യായത്തിന്റെ മാർഗം സ്വീകരിച്ചു. അതു വിജയിക്കുകയും ചെയ്തു. രണ്ടു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ടെയ്‍‍ലർ ഒന്നും മറന്നിട്ടില്ല. 

ട്രോളിനു വിധേയരാകുന്നവരോട് ടെയ്‍ലറിന് ഒരു ഉപദേശം നൽകാനുണ്ട്. ആ നിമിഷങ്ങൾ ഭീകരമാണ്. പക്ഷേ, മനസമാധാനം തകരാതെ നോക്കുക. വിജയം സ്വന്തമാകുകതന്നെ ചെയ്യും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA