ADVERTISEMENT

ഭാഗ്യമില്ലാത്ത നടിയെന്നു പറഞ്ഞ് പരിഹസിക്കുന്ന വിമർശകരോട് തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തിൽ താനെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചും വ്യക്തമാക്കുകയാണ് ബോളിവുഡ് താരം സൊനാക്ഷി സിൻഹ. കഴിഞ്ഞ

കുറച്ചു വർഷങ്ങളായി കരിയറിൽ തുടർച്ചയായ പരാജയങ്ങൾ നേരിടേണ്ടി വന്നപ്പോഴും തന്നെക്കുറിച്ച് പ്രചരിക്കുന്ന വിമർശനങ്ങളോട് പ്രതികരിക്കാതെ മൗനം പാലിച്ചിരുന്ന സൊനാക്ഷി, താൻ ഒടുവിൽ അഭിനയിച്ച മിഷൻ മംഗൽ എന്ന ചിത്രം വിജയം കൊയ്യുന്ന അവസരത്തിലാണ് വിമർശകർക്കുള്ള മറുപടിയുമായെത്തിയത്.

ആഗസ്റ്റ് 15 നു പുറത്തിറങ്ങിയ മിഷൻ മംഗൽ എന്ന ചിത്രം സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് സൊനാക്ഷി പറയുന്നതിങ്ങനെ :-

'' എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം നീണ്ട കാലത്തിനു ശേഷമുള്ള ഒരു വിജയമാണിത്. ഇത് വളരെ മനോഹരമായിരിക്കുന്നു. വളരെ പ്രത്യേകതയുള്ള ഒരു സിനിമയിൽ, അത്തരമൊരു ടീമിനൊപ്പം ജോലിചെയ്യാൻ കഴിഞ്ഞത് വളരെ നല്ലൊരു അനുഭവമായിരുന്നു. വളരെ പോസിറ്റീവായ ഒരു അനുഭവമായിരുന്നു അത്. ഒട്ടേറെ ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ച് അത്തരമൊരു സ്വപ്നം യാഥാർഥ്യമാക്കാൻ പരിശ്രമിക്കുന്ന ശാസ്ത്രഞ്ജർക്ക് എന്റെ അഭിനന്ദനങ്ങൾ. ഈ ചിത്രം വൻ വിജയമാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കാരണം അതിന്റെ പ്രമേയം രാജ്യത്തിന്റെ വലിയൊരു നേട്ടത്തെക്കുറിച്ചായിരുന്നു. എനിക്കു തോന്നുന്നത് ദേശഭക്തിയെക്കുറിച്ച് നല്ലൊരു വിഷയം പ്രമേയമാക്കി ഒരു ചിത്രമൊരുക്കിയാൽ അത് തീർച്ചയായും വിജയിക്കുമെന്നു തന്നെയാണ്''.

അക്ഷയ് കുമാർ വിദ്യാബാലൻ, സൊനാക്ഷി സിൻഹ, തപ്സി പന്നു, കിർതി കുൽഹരി, നിത്യ മേനോൻ, ശർമൻ ജോഷി എന്നിവർ അഭിനയിച്ച മിഷൻ മംഗൽ 2019 ലെ ഹിറ്റ് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.  സൊനാക്ഷി അഭിനയിച്ച തേവർ, അകിര, നൂർ, ഹാപ്പി ഫിർ ഭാഗ് ജായേഗി ക്രാഷ്ഡ് എന്നീ ചിത്രങ്ങൾ തുടർച്ചയായി പരാജയം നേരിട്ടതോടെ വിമർശകരുടെ സ്ഥിരം ഇരയായിരുന്നു സൊനാക്ഷി. സമൂഹമാധ്യമങ്ങളിൽ പരിഹാസമുയരുമ്പോഴും 32കാരിയായ താരം അന്നൊക്കെ ഇത്തരം പരിഹാസങ്ങളോട് മൗനം പാലിച്ച് തന്റെ ജോലിയിൽ ശ്രദ്ധചെലുത്തുകയായിരുന്നു.

നെഗറ്റീവ് കമന്റുകളെയും പരിഹാസങ്ങളെയും നേരിട്ടതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ :-

''താരങ്ങളുടെ മാത്രമല്ല എല്ലാവരുടെയും ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ടാകാറുണ്ട്. ഉദാഹരണത്തിന് റിക്ഷയോടിക്കുന്നയാളുടെ ജീവിതത്തിലും ഉയർ‌ച്ച താഴ്ചകളുണ്ട്. അതൊക്കെ ജീവിതത്തിൽ സംഭവിക്കുന്ന സാധാരണ കാര്യങ്ങളാണ്. ഇത്തരം പ്രതിസന്ധികളെ നേരിട്ടുകൊണ്ടാണ് ആളുകൾ വ്യക്തികളായി വളരുന്നത്.

എന്നെ വെറുക്കുന്നവരും വിമർശിക്കുന്നവരും എന്നെക്കുറിച്ച് എന്തൊക്കെയാണ് പറയുന്നതെന്ന് ഞാൻ ശ്രദ്ധിക്കാറേയില്ല. ഞാൻ എപ്പോഴും ഇവിടെത്തന്നെയുണ്ടാകും. അവർ അവിടെയും. എന്നെക്കുറിച്ച് പ്രചരിക്കുന്ന വിമർശനങ്ങളോട് പ്രതികരിക്കാതിരിക്കുന്നത് എന്റെ മേന്മയായി ഞാൻ കരുതുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നതാണ് പ്രധാനം. ഞാൻ അഭിനയിച്ച കുറച്ചു ചിത്രങ്ങൾ പരാജയപ്പെട്ടു എന്നതിന്റെ പേരിൽ ആരും എനിക്ക് ചിത്രങ്ങളിൽ അവസരങ്ങൾ തരാതിരുന്നിട്ടില്ല. ചിത്രങ്ങൾ പരാജയപ്പെട്ട വർഷങ്ങളും ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കുന്ന തിരക്കിലായിരുന്നു ഞാൻ. ഈ വർഷം തന്നെ ഞാൻ അഭിനയിച്ച  4 ചിത്രങ്ങൾ പുറത്തിറങ്ങി.

2010 ൽ സൽമാൻഖാനോടൊപ്പം ദബാങ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു സൊനാക്ഷി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴും ദബാങ് ഗേൾ എന്ന പേരിലാണ് സൊനാക്ഷി അറിയപ്പെടുന്നത്. 2012 ൽ പുറത്തിറങ്ങിയ ദബാങ് 2 വിലും സൊനാക്ഷി അഭിനയിച്ചിരുന്നു. ദബാങ് 3 ഡിസംബറിൽ പുറത്തിറങ്ങും.

ദബാങ് 3 യിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ :-

'' ആ അനുഭവം വാക്കുകൾ കൊണ്ട് വിവരിക്കാൻ എനിക്കാകുന്നില്ല. വീട്ടിലേക്ക് തിരികെയെത്തുന്നതു പോലെ ഒരു അനുഭവമാണത്. തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തിയതു പോലെയാണ് എനിക്ക് തോന്നുന്നത്. ഞാൻ ഇന്ന് ആരെങ്കിലുമായിട്ടുണ്ടെങ്കിൽ, എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ദബാങ് ആണ്. സൽമാൻ ഖാനും അർബാസ് ഖാനും ആ കുടുംബവുമാണ്. അവരാണ് എന്നെ ആ കഥാപാത്രമായി മാറ്റിയത്. അതിനു ശേഷം എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്റെ ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ഒരു ചിത്രമാണത്. ആ ഒരു ടീമിനൊപ്പം വീണ്ടും ജോലി ചെയ്യാൻ കഴിയുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ആ ടീമിലെ ഭൂരിഭാഗം അംഗങ്ങളും അതിന്റെ തുടക്കം മുതൽ തന്നെ ഒപ്പമുള്ളവരാണ്. ആദ്യ ചിത്രത്തിൽ ഒരിയ്ക്കൽക്കൂടി അഭിനയിക്കാൻ പോകുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്''.

പ്രഭുദേവയാണ് ദബാങ് 3 സംവിധാനം ചെയ്യുന്നത്. കന്നട സൂപ്പർ സ്റ്റാർ സുദീപ് പങ്കജ് ത്രിപതിയാണ് ചിത്രത്തിലെ പ്രതിനായക വേഷത്തിലെത്തുന്നത്. മൗനി റായ്, വാരിന ഹുസൈൻ എന്നിവരുടെ നൃത്തവും ചിത്രത്തിലുണ്ട്. പ്രഭുദേവ സംവിധാനം ചെയ്ത റൗഡി റത്തോർ എന്ന ചിത്രത്തിൽ സൊനാക്ഷി അഭിനയിച്ചിട്ടുണ്ട്.

'' നിറയെ ട്വിസ്റ്റുകളും വിസ്മയങ്ങളും ഉൾപ്പെടുത്തിയാണ് പ്രഭു സാർ സിനിമ ചിത്രീകരിക്കുന്നത്. ചിത്രങ്ങളിൽ പുതുമ കൊണ്ടുവരാനായി അദ്ദേഹം നന്നായിത്തന്നെ ശ്രമിക്കാറുണ്ട്''- . ദബാങ് 3 യ്ക്കു ശേഷം അജയ് ദേവ് ഗണിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാൻ കരാറായിട്ടുണ്ട്. ബയോപിക് ചിത്രത്തിൽ അഭിനയിക്കുമെന്ന സൂചനയും താരം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com