sections
MORE

പരസ്യം അസ്വസ്ഥയാക്കി, മേഗൻ മാർക്കിൾ ചെയ്തത്; വിഡിയോ

megan-markle-02
SHARE

ഇന്ന് ബ്രിട്ടിഷ് രാജകുടുംബത്തിലെ അംഗമായ അമേരിക്കന്‍ താരം മേഗന്‍ മാര്‍ക്കിളിന് അന്ന് വെറും 11 വയസ്സ്. അക്കാലത്ത് വന്ന ഒരു പരസ്യം മേഗനെ വല്ലാതെ അസ്വസ്ഥയാക്കി. പെണ്‍കുട്ടികളെയും വനിതകളെയും അപമാനിക്കുന്നതാണ് പരസ്യം എന്നാണ് മേഗനു തോന്നിയത്. പരസ്യം നിശ്ശബ്ദമായി സഹിക്കാന്‍ അവര്‍ തയാറായില്ല. പകരം പ്രതികരിക്കാന്‍ തന്നെ തീരുമാനിച്ചു. ആ പ്രതികരണത്തിനു ഫലവുമുണ്ടായി. പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള രാജ്യാന്തര ദിനത്തില്‍ 11-ാം വയസ്സിലെ തന്റെ അനുഭവം ഓര്‍ത്തെടുത്തുകൊണ്ട് മേഗന്‍ ഓരോ പെണ്‍കുട്ടിയും ശക്തിയും വാഗ്ദാനവുമാണെന്നും അവര്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഓര്‍മിപ്പിക്കുന്നു. 

പ്രോക്റ്റര്‍ ആന്‍ഡ് ഗാംബ്ലിന്റേതായിരുന്നു പരസ്യം. കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പിന്റെ പരസ്യം. അമേരിക്കയിലെ സ്ത്രീകള്‍ വ്യാപകമായി തങ്ങളുടെ മുഖത്തെയും ശരീരത്തിലെയും കറുത്ത  പാടുകള്‍ മായ്ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു പരസ്യവാചകം. ഇതിലെ അമേരിക്കയിലെ സ്ത്രീകള്‍ എന്ന പ്രയോഗമാണ് കൊച്ചു മേഗനെ ചൊടിപ്പിച്ചത്. അവര്‍ ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നെങ്കിലും കമ്പനിക്ക് ഒരു കത്തെഴുതി. തെറ്റ് മനസ്സിലാക്കിയ സ്ഥാപനം ഒടുവില്‍ അവരുടെ വാചകം തിരുത്തി. അമേരിക്കയിലെ സ്ത്രീകള്‍ എന്നതിനു പകരം അമേരിക്കയിലെ എല്ലാവരും എന്ന മാറ്റമാണു വരുത്തിയത്. ഒരു പെണ്‍കുട്ടിക്ക് എന്തു ചെയ്യാനാവും എന്ന ചോദ്യത്തിന്റെ ഉത്തരം മേഗന്റെ ഈ അനുഭവത്തിലുണ്ട്. എന്തു ചെയ്യാനാവും എന്ന് സംശയിച്ചും ആശങ്കപ്പെട്ടും ദിവസങ്ങള്‍ തള്ളിനീക്കുന്നതിനുപകരം പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. 

ഒരോ പെണ്‍കുട്ടിക്കും ശക്തിയുണ്ട്. ഓരോ പെണ്‍കുട്ടിയും ഒരു വാഗ്ദാനമാണ്. അവര്‍ തന്നെയാണ് മനസ്സിലാക്കേണ്ടത്. പെണ്‍കുട്ടികളുടെ രാജ്യാന്തര ദിനത്തില്‍ തന്റെ ബാല്യകാലാനുഭവം ഓര്‍മിപ്പിച്ചുകൊണ്ട് മേഗന്‍ പറഞ്ഞു. ഇക്കാര്യം വിശദമാക്കി അവര്‍ ഒരു വിഡിയോയും പുറത്തുവിട്ടു. ഹാരി രാജകുമാരനൊപ്പം അടുത്തകാലത്ത് നടത്തിയ വിദേശ യാത്രകളും ബാല്യകാല ചിത്രങ്ങളുമുള്‍പ്പെടുത്തിയാണ് മേഗന്‍ വിഡിയോ ക്ലിപ് തയാറാക്കിയിരിക്കുന്നത്. സ്വന്തം കരുത്തും കഴിവും മനസ്സിലാക്കൂ. മുന്നോട്ടുള്ള ഒരോ നീക്കത്തിനും പിന്നില്‍ ശക്തിയായി ഞങ്ങളുമുണ്ട്. പ്രകാശിക്കൂ..., പ്രകാശിപ്പിക്കൂ... എന്ന സന്ദേശത്തോടുകൂടിയാണ് വിഡിയോ ദൃശ്യം അവസാനിക്കുന്നത്. 

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍വച്ച് മേഗന്‍ നടത്തിയ ഒരു പ്രഭാഷണത്തിലെ വരികള്‍ പ്രസംഗത്തിന്റെ തലവാചകമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉന്നതമായ നിലയില്‍തന്നെ സങ്കല്‍പിക്കൂ. അതായിത്തീരാന്‍ നിരന്തരമായി പരിശ്രമിക്കൂ. ... ഈ വാക്കുകള്‍ നിങ്ങള്‍ക്കുള്ളതാണ്. രാജ്യാന്തര പെണ്‍കുട്ടി ദിനത്തില്‍ ഇതു വായിക്കുന്ന ഓരോ പെണ്‍കുട്ടിക്കും. 

English Summary : Meghan Markle Has An Inspiring Message for Young Women

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA