ADVERTISEMENT

അഭിനയം ഒരു ജോലി മാത്രമല്ലെന്നും സാമൂഹിക സേവനത്തിനുള്ള ഉപാധി കൂടിയാണെന്നും വിശ്വസിക്കുന്ന അഭിനേതാക്കളില്‍ ഒരാളാണ് ബോളിവുഡ് ന‍ടി ഭൂമി പട്നേക്കര്‍. ലഭിക്കുന്ന എല്ലാ റോളുകളും സ്വീകരിക്കുകയല്ല താന്‍ ചെയ്യുന്നതെന്നും തനിക്കെന്താണ് ചെയ്യാനുള്ളതെന്നും സിനിമ എന്തു സന്ദേശമാണ് സമൂഹത്തിനു പകരുന്നതെന്നും നോക്കിയാണ് അഭിനയിക്കുന്നതെന്നുംകൂടി ഭൂമി വ്യക്തമാക്കുന്നു. 

അടുത്തയാഴ്ച റിലീസ് ആകാനിരിക്കുന്ന 'ബാല' എന്ന ചിത്രത്തില്‍ ഒരു കറുത്ത നിറക്കാരിയായാണ് നടി അഭിനയിക്കുന്നത്.സമൂഹത്തില്‍ നിലവിലിരിക്കുന്ന ചില ധാരണകള്‍ തിരുത്താനും നിറത്തിന്റെ പേരിലുള്ള വിവേചനം ഒഴിവാക്കി എല്ലാ നിറക്കാരെയും ഒരുപോലെ കാണാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചിത്രമെന്നും നടി വിശദീകരിക്കുന്നു. 

സമൂഹത്തില്‍ ഒരു വ്യക്തിയായി ജീവിക്കുക മാത്രമല്ല, കഴിയുന്നത്ര വ്യത്യാസം ഉണ്ടാക്കാന്‍ പരിശ്രമിക്കുക കൂടിയാണ് തന്റെ ലക്ഷ്യമെന്നും അസന്നിഗ്ധമായി വ്യക്തമാക്കുകയാണ് ഭൂമി എന്ന യുവനടി. 

‘ദം ലഗാ കെ ഹെയ്ഷാ’ എന്നതായിരുന്നു ഭൂമിയുടെ കന്നിച്ചിത്രം. അമിതവണ്ണമുള്ള ഒരു പെണ്‍കുട്ടിയുടെ വേഷത്തിലാണ് ചിത്രത്തില്‍ നടി അഭനിയിച്ചത്. അമിത വണ്ണമുണ്ടെങ്കിലും സമൂഹത്തില്‍ മറ്റുള്ളവരെപ്പോലെ ആത്മവിശ്വാസത്തോടെ ഇടപെടുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയുടെ വേഷം. വ്യത്യസ്തതകളുള്ളവരെ കൂടി ഉള്‍ക്കൊള്ളാന്‍ സമൂഹം തയാറാകണം എന്ന സന്ദേശം പകരുകയായിരുന്നു ചിത്രത്തിലൂടെ ഭൂമി. 

പലരെയും ഒറ്റപ്പെടുത്തുന്ന ഒരു സമീപനം ഇന്നു കൂടിവരികയാണ്. നിറത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും ജാതിയുടെയും മതത്തിന്റെയും പേരിലുമൊക്കെ വിവേചനമുണ്ട്. ഇവയെല്ലാം തെറ്റാണെന്നും എല്ലാ മനുഷ്യരും ഒന്നാണെന്നുമുള്ള സന്ദേശത്തിന് പ്രസക്തിയേറെയുണ്ടെന്നും 30 വയസ്സുകാരിയായ നടി വ്യക്തമാക്കുന്നു. 

'ഞാന്‍ ഒരു സാമൂഹിക പ്രവര്‍ത്തകയല്ല. എന്റെ ജോലി അഭിനയമാണ്. പക്ഷേ, സമൂഹത്തോട് എനിക്ക് പ്രതിബദ്ധതയുണ്ട്. പരിഗണനയുണ്ട്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ അറിയുന്നു. അവയോട് ഒരു നടിയെന്ന നിലയില്‍ പ്രതികരിക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'.- ഭൂമി വിശദീകരിക്കുന്നു. 

'ഏറ്റവും കൂടുതല്‍ സ്വാധീനശേഷിയുള്ള മാധ്യമങ്ങളിലൊന്നാണ് സിനിമ. ജനജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സിനിമയ്ക്കു കഴിയും. ഒരു നടി എന്ന നിലയില്‍ സിനിമ സന്ദേശങ്ങള്‍ പകരാനുള്ള മാധ്യമമായി ഞാന്‍ സ്വീകരിക്കുകയാണ്. സമൂഹത്തെ ഇത്തരത്തില്‍ സേവിക്കാനാണ് എനിക്കു താല്‍പര്യം. സാന്ദ് കി ആംഘിലും സാമൂഹിക പ്രതിബദ്ധയുള്ള വേഷമായിരുന്നു എന്റേത്. പക്ഷേ, 'ബാല' കുറച്ചുകൂടി വ്യത്യസ്തമാണ്. ഇതൊരു സ്ത്രീപക്ഷ സിനിമയാണ്. തുല്യതയെക്കുറിച്ചും തുല്യാവകാശങ്ങളെക്കുറിച്ചും തുല്യ അവസരങ്ങളെക്കുറിച്ചും പറയുന്ന സിനിമ'- ഭൂമി പറയുന്നു. 

'ബാല'യില്‍ ഭൂമിയുടെ സഹതാരങ്ങള്‍ ആയുഷ്മാന്‍ ഖുറാനയും യാമി ഗുപ്തയുമാണ്. സ്ത്രീപക്ഷ സിനിമകളുടെ സംവിധായകന്‍ അമര്‍ കൗഷിക്കാണ് സംവിധാനം. ദിനേഷ് വിജന്‍ നിര്‍മിക്കുന്ന ചിത്രം ഈ മാസം എട്ടിനു തിയറ്ററുകളില്‍ എത്തും. 

English Summary : Doing films like Bala is her ‘service to society’ says Bhumi Pednekar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com