ADVERTISEMENT

മൂന്നു വര്‍ഷം മുൻപാണ് കാന്‍സര്‍ ഭേദമാക്കാന്‍ നടത്തുന്ന റേഡിയേഷന്‍ ചികിൽസയെക്കുറിച്ച് ഓസ്ട്രേലിയൻ സ്വദേശി മകിന്‍ലി ബട്സന്‍ കേള്‍ക്കുന്നത്. അന്ന് മകിന്‍ലിക്ക് 16 വയസ്സ്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അച്ഛനാണ് റേഡിയേഷന്‍ ചികിത്സയുടെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് വീട്ടില്‍ ഊണു കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ സംസാരിച്ചത്. അതിനും ഒരു വര്‍ഷം മുമ്പ് മകിന്‍ലി അച്ഛനെപ്പോലെ കാണുന്ന ഒരു അടുത്ത ബന്ധുവിന് കാന്‍സറിനെത്തുടര്‍ന്ന് റേഡിയേഷന്‍ ചികിത്സ നടത്തേണ്ടിവന്നിരുന്നു.

അന്നത്തെ അനുഭവം മനസ്സില്‍ കിടപ്പുണ്ടായിരുന്നു. അച്ഛന്‍ കൂടി റേഡിയേഷന്‍ ചികിത്സയുടെ ദോഷങ്ങളെക്കുറിച്ച് പറഞ്ഞതോടെ മകിന്‍ലി ഒരു കാര്യം ഉറപ്പിച്ചു- എന്തെങ്കിലും ചെയ്തേ പറ്റൂ. താന്‍ ഒരു കൗമാരക്കാരിയാണെന്നും തനിക്ക് മെഡിക്കല്‍ ബിരുദം ഇല്ല എന്നീ കാര്യങ്ങളൊന്നും മകിന്‍ലി ചിന്തിച്ചതേയില്ല. ആ കുട്ടിയുടെ മനസ്സു മുഴുവന്‍ വേദന തിന്നുന്ന ആയിരക്കണക്കിനു രോഗികളായിരുന്നു. അവര്‍ക്ക് ദോഷവശങ്ങ ളില്ലാതെ ചികിത്സ നടത്തേണ്ടതിനെക്കുറിച്ചാണ് ആലോചിച്ചത്. 

കാന്‍സര്‍ ചികിൽസയിലെ ഫലപ്രദമായ കണ്ടുപിടിത്തമാണെങ്കിലും റേഡിയഷന്‍ ചികിത്സ  രോഗം ബാധിച്ച കോശങ്ങള്‍ക്കൊപ്പം ആരോഗ്യമുള്ള കോശങ്ങളെയും നശിപ്പിക്കാറുണ്ട്. റേഡിയേഷന്റെ ഫലമായി ഛര്‍ദ്ദി, ക്ഷീണം, തലകറക്കം തുടങ്ങിയ അസ്വസ്ഥതകള്‍ രോഗികളെ ബാധിക്കാറുമുണ്ട്. മകിന്‍ലി തന്റെ പഠനം ആരംഭിച്ചു. മെഡിക്കല്‍ ജേണലുകള്‍ എങ്ങനെ വായിച്ചു മനസ്സിലാക്ക ണമെന്നാണ് ആദ്യം പഠിച്ചത്. യു ട്യൂബിന്റെയും മറ്റും സഹായത്തോടെയായിരുന്നു പഠനം. പുസ്തകങ്ങള്‍ പഠിച്ച് കൂടുതല്‍ മാർക്കു വാങ്ങുന്നതിൽ മകിന്‍ലി വലിയ മിടുക്കി ഒന്നുമായിരുന്നില്ല. പക്ഷേ, വിഡിയോകളുടെ സഹായത്തോ ടെയുള്ള പഠനം പെട്ടെന്നുതന്നെ ഫലം ചെയ്തു. പഠനം ഗവേഷണങ്ങളിലേക്കു വഴി മാറി. അധികം താമസിയാതെ മാറിടത്തില്‍ കാന്‍സര്‍ ബാധിക്കുന്ന രോഗികള്‍ക്ക്  റേഡിയേഷന്‍ ചികിത്സ നടത്തുമ്പോള്‍ ധരിക്കാവുന്ന പടച്ചട്ട പോലെയൊരു ഉപകരണം മകിന്‍ലി വികസിപ്പിച്ചെടുത്തു. 

ആശുപത്രിയിലെത്തി താന്‍ വികസിപ്പിച്ച ഉപകരണം രോഗികളില്‍ പരീക്ഷിക്കാനും മറ്റും പരിമിതമായ അവസരങ്ങളേ മകിന്‍ലിക്ക് ഉണ്ടായിരുന്നുള്ളൂ. ഡോക്ടറല്ലാത്ത, അനുഭവജ്ഞാനമില്ലാത്ത ഒരു കൗമാരക്കാരിക്കുള്ള അവസരങ്ങളും സാധ്യതകളും തീര്‍ച്ചയായും വളരെകുറവ്. ആശുപത്രികളിലെ സുരക്ഷാ മുറികളില്‍ സൂക്ഷിച്ചിരിക്കുന്ന അത്യാധുനിക യന്ത്രങ്ങളും മറ്റും പരിശോധിക്കാനുമുള്ള അവസരങ്ങളും മെഡിക്കല്‍ ഡിഗ്രിയില്ലാത്ത ഒരു കുട്ടിക്ക് എങ്ങനെ ലഭിക്കാന്‍. തോറ്റു പിന്‍മാറാന്‍ മകിന്‍ലി തയാറായില്ല. ലോഹങ്ങളില്‍ ചെമ്പാണ് റേഡിയേഷനെ പ്രതിരോധിക്കാന്‍ മികച്ച മാര്‍ഗമെന്നായിരുന്നു ഒടുവില്‍ കണ്ടെത്തല്‍. ഒട്ടേറെ പരീക്ഷണങ്ങള്‍ക്കുശേഷമാണ് ആ കണ്ടുപിടിത്തത്തില്‍ മകിന്‍ലി എത്തിയത്. ആത് ഡോക്ടര്‍മാരെപ്പോലും അദ്ഭുതപ്പെടുത്തുകയും ചെയ്തു. 

ഒരു ദിവസം ചരിത്രക്ലാസ്സില്‍ ഇരിക്കുമ്പോഴാണ് മകിന്‍ലിയുടെ മനസ്സില്‍ ആശയം മിന്നുന്നത്. പഴയകാലത്ത് യുദ്ധങ്ങളില്‍ സൈനികര്‍ ധരിക്കുന്ന പടച്ചട്ടകളെക്കുറിച്ച് അധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍ മകിന്‍ലി റേഡിയേഷനെ പ്രതിരോധിക്കുന്ന പടച്ചട്ടയുടെ നിര്‍മാണത്തെക്കുറിച്ചാണ് ചിന്തിച്ചത്. അങ്ങനെ സ്മാര്‍ട്ട് ആര്‍മര്‍ എന്ന ഉപകരണം മകിന്‍ലി വികസിപ്പെടുത്തു. സാധാരണ വസ്ത്രം ധരിക്കുന്നതുപോലെതന്നെ ബുദ്ധിമുട്ടില്ലാതെ ധരിക്കാന്‍ കഴിയുന്നതാണ് സ്മാര്‍ട്ട് ആര്‍മര്‍ എന്ന പടച്ചട്ട. ഈ കണ്ടുപിടിത്തത്തിലൂടെ ഇന്റല്‍ രാജ്യാന്തര ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനത്തില്‍ മികച്ച ശാസ്ത്രപ്രതിഭയ്ക്കുള്ള പുരസ്കാരവും മകിന്‍ലി നേടി. ഇക്കഴിഞ്ഞ വര്‍ഷം 18-ാം വയസ്സില്‍ ഓസ്ട്രേലിയയിലെ മികച്ച കൗമാര ശാസ്ത്രപ്രതിഭയ്ക്കുള്ള പുരസ്കാരവും നേടിയ പെണ്‍കുട്ടി  ഈ വര്‍ഷം അവസാനത്തോടെ വ്യാപാരാടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ആര്‍മര്‍ നിര്‍മിക്കാനുള്ള ഒരുക്കങ്ങളിലാണ്. 

വലിയൊരു നേട്ടം സൃഷ്ടിക്കുക എന്നതിനപ്പുറം രോഗത്തിന്റെ കാഠിന്യങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ലോകത്തെ കുറച്ചുകൂടി നല്ല സ്ഥലമാക്കി, സന്തോഷവും ആശ്വാസവും പ്രദാനം ചെയ്യുക. ആ ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ തീര്‍ച്ചയായും സന്തുഷ്ടയാണ്- മകിന്‍ലി ബട്സന്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com